Saturday, July 30, 2011

അച്ചായന്‍

പാലായിലെ പുണ്യപുരാതനമായ കത്തോലിക്ക ഫാമിലിയില്‍ ആയിരുന്നു അച്ചായന്റെ ജനനം. അച്ചായന്റെ ഫാമിലിയുടെ സ്ഥലം കണ്ടുതീര്‍ക്കാന്‍ ഒരാഴ്ച എടുക്കുമെന്ന് അവിടെ പാലായില്‍ മുഴുവന്‍ ഒരു ജനസംസാരം ഉണ്ട്.പാലായിലെ അച്ചായന്റെ വീടിരിക്കുന്ന പറമ്പിന്റെ ഒരതിര് മൂന്നാര്‍ ആണെന്നും റബ്ബര്‍തോട്ടത്തിനു വളമിടാന്‍ മൂന്ന് ഹെലികോപ്ടറുകളുണ്ടെന്നുമൊക്കെയാണ് നാട്ടുകാര്‍ പറഞ്ഞു നടക്കുന്നത്. കാര്യം അത്രയ്കൊന്നും ഇല്ലെങ്കിലും പറമ്പ് നോക്കാത്തദൂരത്തോളം ഉണ്ടെന്നുള്ളതും ഒരു ഹെലികോപ്ടര്‍ ഉണ്ടെന്നുള്ളെതുമൊക്കെ സത്യംതന്നെയാണെന്ന് അച്ചായനും സമ്മതിക്കുന്ന കാര്യമാണ്.

സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അച്ചായന്‍ വളരെ സ്നേഹസമ്പന്നനായിരുന്നു. ഇത്രവലിയ ജന്മികുടുംബത്തിലാണ് ജനനമെങ്കിലും അതിന്റെ ജാഡയും അഹങ്കാരവുമൊന്നും അച്ചായനില്ലായിരുന്നു. അങ്ങനെ കൂട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയും ചില മുറിഅച്ചായന്‍ മക്കളുടെ കണ്ണിലെകരടായും അച്ചായന്‍ വളര്‍ന്നു വന്നു.

നോക്കത്താദൂരത്തോളം സ്വത്തുവകകളുണ്ടായിരുന്നതുകൊണ്ടുതന്നെ ഒരു ജോലിയെക്കുറിച്ചൊന്നും അച്ചായന്‍ ചിന്തിച്ചിരുന്നില്ല. പഠിക്കാന്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും സ്വത്തുക്കള്‍ ഒക്കെ നോക്കിനടത്താന്‍ ആളുവേണമെന്നുള്ളതുകൊണ്ട് അച്ചായന്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ പഠിത്തമങ്ങു നിര്‍ത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി. വരുന്ന ആലോചനകളിലെല്ലാം പെണ്‍കുട്ടിക്ക് മാസ്റ്റര്‍ ഡിഗ്രിയുള്ളതുകൊണ്ടുതന്നെ അച്ചായന്‍ ഒന്നിനും സമ്മതം മൂളിയിരുന്നില്ല. ഇങ്ങനെ പോയാല്‍ കല്യാണം നടക്കില്ലെന്നു മനസ്സിലായപ്പോളാണു അച്ചായനും മാസ്റ്റര്‍ഡിഗ്രി എടുക്കാന്‍ തീരുമാനിച്ചത്. ആ കാലത്തെ ട്രെന്റ് സെറ്ററായിരുന്നMCAക്കുതന്നെ അഡ്മിഷനും എടുത്തു. കോഴ്സ് കഴിഞ്ഞയുടനെ കോട്ടയത്തുകാരി ഒരു അച്ചായത്തിയുമായി കല്യാണവും ഉറപ്പിച്ചു.

അങ്ങനെ കല്യാണത്തിനുമുന്‍പുള്ള ഒരു റൊമാന്‍സ് കാലത്താണ് അച്ചായനെ വേദനിപ്പിക്കുന്ന ഒരു കാര്യം അച്ചായത്തി അറിയാതെ പറഞ്ഞുപോയത്.

"ഇച്ചായാ, കഴിഞ്ഞദിവസം താന്നിക്കുഴിപ്പിലെ സോഫി ഇച്ചായനെന്താ ജോലി എന്നു ചോദിച്ചു"

"എന്നിട്ടു നീ എന്നാ പറഞ്ഞെടീ?"

"ഓ, എന്റെ ഇച്ചായനു ജോലിയുടെ ആവശ്യമൊന്നുമില്ലെന്നും ഇച്ചായന്റെ സ്വന്തം തോട്ടങ്ങള്‍തന്നെ നോക്കിനടത്താന്‍ ആളില്ലെന്നും ഞാനങ്ങു പറഞ്ഞെന്നെ.."

സംഗതി അവിടംകൊണ്ടങ്ങുനിന്നെങ്കിലും അതച്ചായന്റെ മനസ്സില്‍കൊണ്ടു. ആ വാശിപ്പുറത്താണ് ദുബായിലെ ഏറ്റവും പ്രസിദ്ധമായ കമ്പനിയുടെ ടെക്നിക്കല്‍ ഡിവിഷിനില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി വാങ്ങിയത്. അപ്പച്ചന്റെയും അമ്മച്ചിയുടെയും എതിര്‍പ്പുകളുണ്ടായിരുന്നിട്ടും കുറച്ചുകാലം ദുബായില്‍പോയി ജോലി ചെയ്യാന്‍ അച്ചായന്‍ തീരുമാനിച്ചു. കല്യാണംകഴിഞ്ഞു പിറ്റേമാസം ദുബായിലെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പ്രിയതമയുമായി യാത്രതിരിച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്ത് രണ്ടാഴ്ചത്തെ ട്രെയ്നിംഗ് കഴിഞ്ഞാണ്‌ അച്ചായന്‍ പ്രോജക്ടില്‍ ജോയിന്‍ ചെയ്തത്. പ്രോജക്ടില്‍ കൂടുതലും മലയാളികള്‍തന്നെയായിരുന്നു. തന്റെ തനതുസ്റ്റൈലില്‍ അച്ചായന്‍ ആദ്യദിവസം തന്നെ എല്ലാവരെയും പരിച്ചയപ്പെട്ടു.

തുടക്കത്തില്‍ സെറ്റപ്പുകളൊക്കെ ഇഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ദുബായിലെ ചൂടും സോഫ്റ്റ്വെയര്‍ കമ്പനിയിലെ പൊളിക്ടിക്സും ഒക്കെ അറിഞ്ഞുതുടങ്ങിയതോടെ ആദ്യമുണ്ടായിരുന്ന താല്പര്യം ഒക്കെ ചെറുതായിക്കുറഞ്ഞുതുടങ്ങി അച്ചായന്‌. അതുകൊണ്ടുതന്നെ ആറുമാസം കഴിഞ്ഞപ്പോളേക്കും നാട്ടില്‍ ഒരാഴ്ചത്തെ അവധിക്കുപോയി വരാന്‍ അച്ചായന്‍ തീരുമാനിച്ചു. അന്നു വൈകുന്നേരംതന്നെ അപ്പച്ചനെ വിളിച്ചു.

"അപ്പച്ചൊ, ഞാന്‍ രണ്ടാഴ്ചകഴിഞ്ഞു ഒരാഴ്ചത്തെ അവധിക്കു വരുന്നുണ്ട്"

"അതെന്നാടാ കൊച്ചെ നീ ഒരു വര്‍ഷം കഴിഞ്ഞെ വരുന്നുള്ളൂ എന്നു പറഞ്ഞിട്ടെന്നാ പറ്റി?"

"ഓ, നിങ്ങളെയൊന്നും കാണാതിരുന്നിട്ട് ഒരു സുഖവുമില്ലെന്നെ. ഒന്നു വന്നേച്ചു പോയേക്കാമെന്നു വച്ചു."

"എന്നാപ്പിന്നെ നീ ഇങ്ങു പോരെടാ കൊച്ചെ. അമ്മച്ചിക്കും വലിയ സന്തോഷവുമാവുമല്ലൊ"

"ശരി അപ്പച്ചാ, പെങ്ങമ്മാരോടും അളിയമാരോടും ഒക്കെ പറഞ്ഞേക്ക്..."

അങ്ങനെ അച്ചായനും അച്ചായത്തിയും കൂടെ നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. ഈന്തപ്പഴവും പിസ്തായും ടാങ്കും ചോക്ക്ളേറ്റ്സുമൊക്കെ കിലൊകണക്കിനാണു വാങ്ങിയതു. പിന്നെ ബെക്കാഡി, ജോണിവാക്കര്‍, ടക്കീല എന്നിങ്ങനെ നിരവധി സാധനങള്‍ അളിയന്മാര്‍ക്കും കൂട്ടുകാര്‍ക്കും അമ്മാവന്‍മാര്‍ക്കും വാങ്ങാനും മറന്നില്ല.

"അച്ചായാ, എപ്പോളാ ഫ്ളൈറ്റ്?"

"നാളെ ഉച്ചകഴിഞ്ഞാണെന്നെ...."

"അപ്പോള്‍ രാവിലെ ഓഫീസില്‍ വരുന്നുണ്ടൊ?"

"ഇല്ല, നാളെ ഒരു പത്തുമണിയാകുമ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പോയേക്കാമെന്നു വച്ചു."

"ശരി അച്ചായാ, അപ്പോള്‍ ഹാപ്പി ഹോളിഡേയ്സ്. പലഹാരങ്ങള്‍ ഒക്കെ കൊണ്ടുപോരെ"

"ഓ, അതുപിന്നെ പറയാനുണ്ടൊ?"

ഇങ്ങനെ കൊളീഗ്സിനോടെല്ലാം യാത്രപറഞ്ഞ് അച്ചായന്‍ ഓഫീസില്‍ നിന്നിറങ്ങി. പിറ്റേദിവസം പത്തുമണിക്കുതന്നെ എയര്‍പോര്‍ട്ടിലെത്തി. ഒരുമണിക്കാണ്, ഫ്ളൈറ്റെങ്കിലും മൂന്നുമണിക്കൂര്‍ മുന്‍പെ എയര്‍പോര്‍ട്ടിലെത്തണമെന്ന് ടിക്കറ്റിലുണ്ട്. ദുബായില്‍ വരാന്‍വേണ്ടിയാണ്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയത്. രണ്ടാമതു വീണ്ടും വിമാനത്തില്‍ കയറാന്‍പോകുന്നതെന്നുമുള്ള എക്സൈറ്റുമെന്റും അച്ചായനുണ്ട്. പ്രത്യേക പരിചരണം കിട്ടുമെന്നുള്ളതുകൊണ്ടും കുറച്ചൊന്ന് ലാവിഷാകാനും വേണ്ടി വിലകൂടിയ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റാണ്‌ അച്ചായന്‍ എടുത്തിരിക്കുന്നത്.സെക്യൂരിറ്റി പാസ്സ്പോര്‍ട്ട് പരിശോധിച്ചശേഷം അകത്തേക്ക് കടത്തിവിട്ടു.

ബിസിനിസ്സ് ക്ലാസ്സിന്‌ സ്പെഷ്യല്‍ കൌണ്ടര്‍ കണ്ടപ്പോളെ അച്ചായന്‌ ഹാപ്പിയായി.എക്കണോമിക്ക് ടിക്കറ്റിന്റെ ക്യൂവില്‍ നില്‍ക്കുന്ന ആള്‍ക്കാരെനോക്കി അച്ചായന്‍ അച്ചായത്തിയോട് അവര്‍ ചെറുതായികേള്‍ക്കെ പറഞ്ഞു.

"ഇത് എക്ക്ണൊമിക്ക് ടിക്കറ്റിന്റെ ക്യൂവാണെടി. നമ്മള്‍ ബിസിനസ്സ് ക്ലാസ്സായതുകൊണ്ട് പ്രത്യേക കൌണ്ടര്‍ ഉണ്ടല്ലൊ."

കൌണ്ടറിലിരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി അച്ചായനോട് ടിക്കറ്റ് തരാന്‍പറഞ്ഞപ്പോള്‍ പുതുതായിമേടിച്ച അമേരിക്കന്‍ ടൂറിസത്തിന്റെ ബാഗില്‍ നിന്നും ടിക്കറ്റെടുത്തപ്പോള്‍ അതുവരെയില്ലാതിരുന്ന ഒരു ജാഡ അച്ചായനുണ്ടായിരുന്നെന്നു അച്ചായത്തിക്കും തോന്നി.

ടിക്കറ്റ് പരിശോധിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യമൊരു ചെറിയചിരിവന്നത് അച്ചായന്റെ ശ്രദ്ധയില്‍പെട്ടതുകണ്ടപ്പോള്‍ അവളതുപെട്ടെന്നു മാറ്റി, എന്നിട്ടു അച്ചായനോട് പറഞ്ഞു.

"സോറി സാര്‍, ഈ ഫ്ളൈറ്റ് പോയല്ലൊ..."

"ഫ്ളൈറ്റ് പോയെന്നൊ? ഒരുമണിക്കു പോകേണ്ട ഫ്ലൈറ്റ് എങ്ങനെയാണ്‌ പതിനൊന്നുമണിയാകുന്നതിനു മുന്‍പെ പോകുന്നത്?" അച്ചായനു ശരിക്കും ദേഷ്യം വന്നു.

"സര്‍ ഈ ഫ്ലൈറ്റ് രാത്രി ഒരുമണിക്കായിരുന്നു" കറന്റടിച്ചുതുപോലെതോന്നി അച്ചായന്. അച്ചായന്റെ ആദ്യത്തെ ദേഷ്യത്തില്‍ അല്പം ശബ്ദം ഉയര്‍ന്നതുകൊണ്ടുതന്നെയും മുന്‍പത്തെ ജാഡകളും കണ്ടതുകൊണ്ടും എക്കണൊമിക്ക് ക്യൂവില്‍ നിന്ന ഒരുവിധം ആളുകളെല്ലാം അച്ചായനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന പെണ്‍കുട്ടിയുടെ മറുപടിയിലെ ഷോക്കില്‍ നിന്നും മാറാത്തതുകൊണ്ട് ആ ക്യൂവില്‍നിന്നും ആരൊക്കെയാണ്‌ ചിരിക്കുന്നതെന്ന് നോക്കാന്‍ അച്ചായന്‌ പറ്റിയതുമില്ല. ഫ്ലൈറ്റ് ടിക്കറ്റില്‍ 24ഹവര്‍ ടൈം രീതിയിലാണ്‌ സമയം എഴുതുന്നതെന്ന് രണ്ടാമത്തെ ഫ്ലൈറ്റ് യാത്ര നടത്തുന്ന അച്ചായന്‌ അറിയത്തും ഇല്ലായിരുന്നു.

സര്‍ സര്‍ എന്ന് വിളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം തിരിഞ്ഞുനടക്കുമ്പോള്‍ അച്ചായന്‍ കേള്‍ക്കുന്നെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലൂടെ താന്‍ തുണിയില്ലാതെ നടക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു അപ്പോളച്ചായന്.





വാല്‍ക്കഷണം: ആ സംഭവത്തിനുശേഷം അച്ചായന്‍ നാട്ടില്‍ പോകുന്നതെല്ലാം ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തായിരുന്നുവെന്നുള്ള അപവാദം പാലായില്‍ പ്രചരിച്ചുതുടങ്ങി.

7 comments:

അനു said...

അച്ചായന്‍ ഫ്രം പാല.
ദുബായ് - കൊച്ചിന്‍-പാല. :) അഭിപ്രായമറിയിക്കുമല്ലൊ?

AKG said...

Sathyam para ... ithu nintey swantham anubhava kadha alley ...

ജിജോ വളഞ്ഞവട്ടം said...

അച്ചായന്‍ കൊള്ളം...കുറച്ചുകൂടി പാലാ സംഭാഷണങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ...

ദൃശ്യ- INTIMATE STRANGER said...

പാലാക്കാരോട് കളിച്ചാല്‍ ഇങ്ങനാ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു പൊയ്ക്കളയും..

Anonymous said...

ഇതാര് മറ്റൊരു കണ്നൂരാനോ? ഹഹ.അച്ചായന്‍ കൊള്ളാലോ.

രാമദാസ്‌.പാലക്കാട്.

Marykkutty said...

അതേ, ഞങ്ങള് പാലാക്കാരെ ഡീ-ഗ്രേഡ് ചെയ്യല്ലേ... :-) നല്ല എഴുത്ത് ! അഭിനന്തനങ്ങള്‍...!

അനു said...

Anish : ഞാനച്ചായനൊന്നുമല്ലെ. :)
ജിജോ : നന്ദി. പോസ്റ്റിന്റെ നീളം കൂടാതിരിക്കാനാണ്‌ സംഭാഷണങ്ങള്‍ അല്പം കുറച്ചത്. ഇനി ശ്രദ്ധിക്കാം. :)
INTIMATE STRANGER : പിന്നല്ലാതെ.. :) പാലായില്‍ എവിടായിട്ടാ? :)
രാമദാസ്: നന്ദി :) ഇങ്ങനെയൊന്നും താരതമ്യം ചെയ്തേക്കല്ലെ. ബൂലോഗത്ത് മാനനഷ്ടക്കേസ് വരും. :)
Marykkutty : നന്ദി. പാലാക്കാര്, കിടിലമാണെന്നല്ലയൊ എഴുതിയേക്കുന്നെ :) ഒരു പറ്റ് ഏതു പോലീസുകാര്‍ക്കാ പറ്റാത്തെ. :)