Thursday, May 10, 2007

സാറ്റ് കളി....

വേനലവധിക്കായി സ്കൂള്‍ അടച്ചു. പരീക്ഷ കഴിഞ്ഞു വീട്ടിലെക്കു ഞാന്‍ ഓടുകയായിരുന്നു. സ്റ്റഡി ലീവു പോലെയല്ല, അവധിക്കാലത്തെ ഒരു സമയം പോലും വെറുതെ കളയാനില്ല. അന്നത്തെ പരീക്ഷ അല്പം വിഷമമായിരുന്നെങ്കിലും അധിന്‍റെ വിഷമം അല്പം പോലും എന്‍റെ മനസ്സില്‍ വന്നില്ല, അവധിക്കാലം തുടങ്ങുകയാണല്ലോ.

വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടിക്കറിയപ്പോള്‍ പതിവു ചോദ്യവുമായി കുഞ്ഞമ്മ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞമ്മ ഞങ്ങളുടെ അയല്‍ക്കാരിയാണ്‌. കുഞ്ഞമ്മക്ക് എന്‍ടെ അമ്മുമ്മയുടെയത്ര പ്രായമുണ്ട്. വിരലില്‍ എണ്ണാന്‍ പാകത്തിന്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞമ്മ ഇപ്പോള്‍ ആ വലിയ വീട്ടില്‍ ഒറ്റക്കാണ്‌. ഭര്‍ത്താവു മരിച്ചെങ്കിലും കുഞ്ഞമ്മ പെണ്‍മക്കളെയെല്ലാം അന്തസ്സയിത്തന്നെ കെട്ടിച്ചയച്ചു. അവരെല്ലാം ഇപ്പോള്‍ കേരളത്തിന്‍റെ നാനാഭാഗത്ത് കുഞ്ഞു കുട്ടി പരാധീനങ്ങളുമായി കഴിയുന്നു. ആകെയുള്ള മകന്‍ ആണെങ്കില്‍ അങ്ങു ദൂരെ ഗള്‍ഫില്‍ ജോലി നൊക്കുന്നു. മക്കളൊന്നുമടുത്തില്ലാത്ത കുഞ്ഞമ്മക്ക് അടുത്ത വീട്ടിലെ ഞങ്ങളെ - എന്നെയുമ്, അനിയത്തിയെയും, അനിയനെയും - വലിയ ഇഷ്ടമാണ്‌. ആ ഇഷ്ടം പലഹാരങ്ങളുടെ രൂപത്തിലാണ്‌ ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. അതുകൊണ്ടൊക്കെ തന്നെയും കുഞ്ഞമ്മയെ ഞങ്ങള്‍ക്കും വലിയ ഇഷ്ടമായിരുന്നു.

" പരീക്ഷ എളുപ്പമായിരുന്നോ, അനു ? " , കുഞ്ഞമ്മ ചോദിച്ചു.

"എളുപ്പമായിരുന്നു കുഞ്ഞമ്മേ ".

"സ്കൂള്‍ അടച്ചോ ?"

"അടച്ചു" , ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അപ്പോള്‍ ഇനി കളിച്ചു നടക്കാം അല്ലേ ?" ,

ഞാന്‍ കുഞ്ഞമ്മക്കു ഒരു റ്റാറ്റ കൊടുത്തുകൊണ്ട് വീട്ടിലേക്ക് ഓടി.

" സുക്ഷിച്ചു പോടാ", കുഞ്ഞമ്മ വിളിച്ചു പറഞ്ഞു.

വീട്ടില്‍ ചെന്ന പാടെ പുസ്തകം മേശയിലേക്ക് വലിച്ചെറിഞ്ഞു. മുകളിലിരുന്ന ബുക്കിലൊന്ന് താഴേക്ക് വീണു.

"നാശം" ,

ബഹളം കേട്ട് അമ്മ മുറിയിലേക്ക് വന്നു.

" ആ, എത്തിയോ, പരീക്ഷ എളുപ്പമായിരുന്നോടാ ?" അമ്മ ചോദിച്ചു.

" കുഴപ്പമില്ലായിരുന്നു", ഞാന്‍ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു.

സത്യത്തില്‍ പരീക്ഷ വിഷമം ആയിരുന്നു.

"എല്ലാം ആ കുട്ടപ്പായി കാരണമാണ്‌, ദുഷ്ടന്‍. അവന്‍ ഇന്നു കളിക്കാന്‍ ഇങ്ങു വരട്ടെ, കാണിച്ചു കൊടുക്കാം", ഞാന്‍ അമ്മ കേള്‍ക്കാതെ പതിയെ പറഞ്ഞു.

" അനു, കൈ കഴുകി വാ, ചോറു തരാം", അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

ആ ചുറ്റുവട്ടത്ത് പിള്ളേരു സെറ്റില്‍ ഞാനാണ്‌ മൂത്തത്. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഇനി പത്തിലേക്ക്. എന്‍റെ അനിയത്തി അഞ്ജിലും അനിയന്‍ മൂന്നിലും.
പിന്നെയുള്ളത് കുട്ടപ്പായി - മൂന്നാം ക്ലാസ്സ്, മല്ലന്‍ - രണ്ടാം ക്ലാസ്, മില്‍ഡ- മൂന്നാം ക്ലാസ്, ബെല്‍സണ്‍ - രണ്ടാം ക്ലാസ്, അരുണ്‍ പി വി - മൂന്നാം ക്ലാസ് , അഞ്ജു - ആറാം ക്ലാസ്. ബാക്കി ഈ പറഞ്ഞവര്‍ക്കെല്ലാം പരീക്ഷ രണ്ടു ദിവസം മുന്‍പേ തീര്‍ന്നിരുന്നു. ഇന്നലെ ഞാന്‍ ഇവിടെ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കുട്ടപ്പായി അവിടെ വന്ന് ബെല്‍സനെയും അനിയനെയും കുട്ടി കുട്ടിയും കോലും കളിച്ചതു ഞാന്‍ ജനാല വഴി നോക്കിയിരുന്നത് കൊണ്‌ടല്ലേ ഒന്നും പഠിക്കാന്‍ പറ്റാതിരുന്നത്.

" ഇന്നവന്‍ വരുമ്പോള്‍ കളിക്കാന്‍ കൂട്ടരുത്", ഉറക്കെ പറഞ്ഞു മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഞാന്‍ കഴിക്കാന്‍ പോയി.

"അമ്മേ, മോളും, അജിയും എവിടെ?"

"അവര്‍ അപ്പുറത്ത് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു"

ഞാന്‍ ധൃതിയില്‍ ചോറുണ്ണാന്‍ തുടങ്ങി.

"സാവധാനം കഴിക്കെടാ, അല്ലെങ്കില്‍ കളിക്കാന്‍ ഞാന്‍ വിടില്ല", അമ്മ പറഞ്ഞു.

ഞാന്‍ അമ്മയെ അല്പം ദേഷ്യത്തോടെ നോക്കി.

" നോക്കുകയൊന്നും വേണ്ട, മര്യാദയ്ക്ക് ഇരുന്നു ചോറുണ്ണ്" , അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. ആ തക്കം നോക്കി ചോറു വാരു വലിച്ചുണ്ടിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി. എനിക്കേറ്റവും ഇഷ്ടമുള്ള പയറു തോരനും മാങ്ങാച്ചമ്മന്തിയും ഉണ്ടായിരുന്നിട്ടു പോലും അന്നു കുറച്ചെ ചോറുണ്ടുള്ളു.
എന്നെ കണ്ടതും എല്ലാവരും " ചേട്ടായി വന്നേ, ചേട്ടയി വന്നേ " എന്നു വിളിച്ചു പറഞ്ഞു.തെല്ലൊരു ജാഡയോടെ ഞാന്‍ ചോദിച്ചു " എല്ലാവരും വന്നോ?"

"അഞ്ജും കുട്ടപ്പയിയും വന്നില്ല." മോളു പറഞ്ഞു.

" ഇന്നെന്താ കളിക്കേണ്ടെ ചേട്ടായി? " അരുണ്‍ പി വി ക്കു സംശയമായി.

സാറ്റ് കളി, കുട്ടിയും കോലും, തലപ്പന്തു കളി, കട കളി ഇവയൊക്കെയാണ്‌ ഞങ്ങളുടെ പ്രധാന കളികള്‍. ഇതില്‍ കട കളി മറ്റൊരിടത്തും ഇല്ലായിരുന്നു. കാരണം അതു ഞങ്ങള്‍ തല പുണ്ണാക്കി ഇരുന്ന് ഗവേഷണം നടത്തിയ കളിയാണ്. കട എന്നാല്‍ പലചരക്കു കട. അരിയും സാമാനങ്ങളും എല്ലാം കല്ലും മണലു്‌ ഒക്കെ. കാശു കമ്മ്യൂണസ്റ്റ് പച്ചയുടെ ഇല. ഒരു കോലിന്‍റെ രണ്ടറ്റത്തും ചിരട്ടകള്‍ കെട്ടിത്തൂക്കി ത്രാസ്സും ഉണ്ടാക്കും. കടക്കാരന്‍ എപ്പോഴും ഞാന്‍ തന്നെയായിരിക്കും.

ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു, " നമ്മുക്ക് ഇന്ന് കുട്ടിയും കോലും കളിക്കാം ".

ഇന്നലെ കളിക്കാന്‍ പറ്റത്തതിന്‍റെ കൊതി കിടക്കുന്നുണ്ടെ. അപ്പോളേക്കും അഞ്ജുവും ഓടി എത്തി.

"ഞാനും അജിയും ബെല്‍സണും മല്ലനും ഒരു ടീം, അഞ്ജുവും മോളും അരുണ്‍ പി വിയും കുട്ടനും മില്‍ഡയും അടുത്ത ടീം" , ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ കളി തുടങ്ങി. അപ്പോള്‍ കുട്ടപ്പായി ദൂരെ നിന്നും ഓടി വന്നു.

"ഞാനും ഉണ്ട്, ഞാനും ഉണ്ട്", അവന്‍ പറഞ്ഞു.

"കളി തുടങ്ങി, ഇനി പറ്റില്ല", ഞാന്‍ പറഞ്ഞു. എന്‍റെ മനസ്സില്‍ ഇന്നലത്തെ ദേഷ്യമാണല്ലൊ.

"ചേട്ടായി, പ്ലീസ്",അവന്‍ കെഞ്ജി.

" നീ അങ്ങോട്ടു മാറി നില്‍ക്ക്, അടുത്ത കളിക്ക് കൂട്ടാം." , ഞാന്‍ പറഞ്ഞു.ഞാന്‍ പറഞ്ഞാല്‍ പിന്നെ അവിടെ ഒരു മറുചോദ്യമില്ല. ശരിക്കും ഏകാദിപത്യം തന്നെ.

ഞങ്ങള്‍ മൂന്നു തവണ കളിച്ചു. ഒരു തവണ ഞങ്ങള്‍ തോറ്റു. കുട്ടപ്പായി വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു പാവം തോന്നി. എന്‍റെ മനസ്സിലെ പ്രതികാരം അലിഞ്ഞു പോയി.

"ഇനി നമ്മുക്ക് സാറ്റ് കളിക്കാം, കുട്ടപ്പായി നീയും വാടാ", അവന്‍ സന്തോഷത്തോടെ ഓടി വന്നു.

സാറ്റ് കളി എന്നു പറഞ്ഞാല്‍ ഒരാള്‍ അമ്പതോ നൂറോ വരെ സാറ്റ് മരത്തില്‍ ചേര്‍ന്ന് നിന്ന് കണ്ണു പൊത്തിക്കൊണ്ട് എണ്ണും. ബാക്കി എല്ലാവരും ഓടിയൊളിക്കും. എണ്ണിക്കഴിഞ്ഞാല്‍ ഒരോരുത്തരെ കണ്ടു പിടിച്ചു സാറ്റ് മരത്തില്‍ പോയിത്തൊട്ട് സാറ്റ് വയ്ക്കണം. ഇതിനിടയില്‍ ഒളിച്ചിരുന്ന ആരെങ്കിലും സാറ്റ് മരത്തില്‍ പോയി തൊട്ട് സാറ്റ് പറഞ്ഞാല്‍ എണ്ണീയ ആള്‍ വീണ്ടും 25 വരെ എണ്ണണം. രണ്ടുപേര്‍ സാറ്റടിച്ചാല്‍ അമ്പതു വരെ.
അങ്ങനെ ആദ്യം എണ്ണേണ്ട ആളെ കണ്ടു പിടിക്കാന്‍ വേണ്ടി ഞങ്ങളെല്ലാവരും വട്ടത്തുല്‍ നിന്നു.

"അക്ക ഇക്ക വെക്കം പൊയ്ക്കോ അത്തിപ്പഴം തിന്നാന്‍ പൊയ്ക്കൊ തത്ത മൈന പ്രാവ്",

ഞാന്‍ ഇങ്ങനെ എണ്ണി. പ്രാവ് എന്ന് വന്നുനിന്നത് കുട്ടപ്പയുടെ നേര്‍ക്ക്. അവന്‍ രക്ഷപെട്ടു.
ഞാന്‍ വീണ്ടും എണ്ണിത്തുടങ്ങി..

"അക്ക ഇക്ക വെക്കം പൊയ്ക്കോ അത്തിപ്പഴം തിന്നാന്‍ പൊയ്ക്കൊ തത്ത മൈന പ്രാവ്",
ഇത്തവണ പ്രാവ് വന്ന് നിന്നതു അഞ്ജുവിന്‍റെ നേര്‍ക്ക്. അവളും രക്ഷപെട്ടു.
അങ്ങനെ അവസാനം മില്‍ഡ എണ്ണേണ്ടി വന്നു.

ആദ്യത്തെ റൌണ്ട് കഴിഞ്ഞ് മില്‍ഡയ്ക്ക് വീണ്ടും എണ്ണേണ്ടി വന്നു. അമ്പതുവരെ. ഞാനും അരുണ്‍ പിവിയും അവള്‍ക്കു മുന്നേ സാറ്റ് പിടിച്ചു. മില്‍ഡ വീണ്ടും എണ്ണിത്തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഒളിച്ചു.

"എണ്ണിക്കഴിഞ്ഞേ, ഒളിച്ചാലും ഒളിച്ചില്ലെങ്കിലും. സാറ്റ് മരത്തിന്‍റെ ചോട്ടില്‍ ഒളിക്കാന്‍ പാടില്ല", മില്‍ഡ എണ്ണിക്കഴിഞ്ഞു വിളിച്ചു പറഞ്ഞു.

എന്നെയും മോളുവിനെയും മല്ലനെയും കണ്ടുപിടിക്കുന്നതിന്‍ മുന്‍പേ അമ്മ വിളിച്ചു.

"അനു, അച്ഛനു ചായ കൊടുത്തിട്ട് വാ, നിങ്ങളും ചായ കുടിച്ചോ".

ഞാന്‍ പുറത്തക്ക് വന്നു വിളിച്ചു പറഞ്ഞു, " ഇന്നത്തെ കളി കഴിഞ്ഞു, നാളെ മാഞ്ചോട്ടില്‍ കാണാം"

എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. അച്ഛനു ഠൌണില്‍ ഒരു കടയുണ്ട്. ഞാന്‍ വേഗം ചായ കുടിച്ചു ചായയുമായി കടയിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ അമ്മയും അജിയും കുഞ്ഞമ്മയും വീടിന്‍റെ മുറ്റത്തു നില്‍ക്കുന്നു. അമ്മയുടെ കൈയില്‍ ഒരു വടിയും ഉണ്ട്. അജി കരയുന്നതും ഇല്ല.

"ദൈവമെ, അടി എനിക്കിട്ടാണോ..പക്ഷെ കുരുത്തക്കേടൊന്നും കാണിച്ചില്ലല്ലോ",

പേടിച്ചു പേടിച്ചു ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

"ചേട്ടായി, മോളെ കാണുന്നില്ല", അജി പറഞ്ഞു. ഞാന്‍ ഒരു ദീര്‍ഘനിശ്വസം വിട്ടു.

"അവളെവിടെപ്പോയി?" ഞാന്‍ ചോദിച്ചു.

"രണ്ടാമത് ഒളിക്കാന്‍ പോയിട്ട് അവള്‍ വന്നില്ല" അജി പറഞ്ഞു. അമ്മ ദേഷ്യപ്പെട്ട നിക്കുകയാണ്. "

ഇന്നവളിങ്ങു വരട്ടെ, ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ കാണും . അനു നീ പോയി അവളെ വിളിച്ചോണ്ട് വാ".

ഞാന്‍ അഞ്ജുവിന്‍റെ വീട്ടിലേക്ക് ഓടി.

"അവള്‍ അവിടെക്കാണും, പാവത്തിനു ഇന്നു നന്നായിക്കിട്ടും" , ഞാനോര്‍ത്തു.

അഞ്ജുവിന്‍റെ വീട്ടില്‍ അവളില്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ മില്‍ഡയുടെ വീട്ടിലേക്ക് ഓടി. അവിടെയും അവള്‍ ഇല്ലായിരുന്നു. എനിക്കു പേടിയായി.

"ഇവളിതെവിടെപ്പോയി".

ഞാന്‍ വീട്ടില്‍ ചെന്നു അമ്മയോട് അവളെ കണ്ടില്ല എന്നു പറഞ്ഞു.
അതുവരെ ദേഷ്യപ്പെട്ടിരുന്ന അമ്മ പെട്ടെന്ന് എഴുന്നേറ്റു.

അമ്മ അവളെ വിളിച്ചു നോക്കി. മറുപടിയൊന്നും വന്നില്ല. പിന്നെ ഞങ്ങള്‍ മൂന്നു പേരും കുഞ്ഞമ്മയുടെ വീട്ടിലേക്ക് പൊയി നോക്കി. അവിടെയും ഇല്ല. കുഞമ്മയേയും കുട്ടി ഞങ്ങള്‍ നീഴുക്കുന്നേലും ആനിത്തോട്ടത്തിലും കോലത്തും ഇല്ലിക്കലും അങ്ങനെ അടുത്തുള്ള എല്ലാ വീടുകളിലും പോയി നോക്കി. സന്ധ്യ ആയിത്തുടങ്ങി. അമ്മ പതുക്കെ കരയാന്‍ തുടങ്ങി. അപ്പോഴേക്കും ലൂക്കാച്ചന്‍ ചേട്ടനും ജോയിച്ചേട്ടനും പാപ്പച്ചന്‍ ചേട്ടനും മേരി ചേച്ചിയും കോലത്തെ സിബിയും പാപ്പനും എല്ലാവരും വീട്ടിലെത്തി.
അമ്മ കരയാന്‍ തുടങ്ങി. അതു കണ്ട് അജിയും കരയാന്‍ തുടങ്ങി. കുഞ്ഞമ്മ അമ്മയെ ആശ്വസിപ്പിച്ചു.

"അമ്മിണി, കരയാതെ.. അവളിവിടെക്കണും . അനു നീ പോയി അച്ഛനോട് വേഗം ഇങ്ങോട്ട് വരാന്‍ പറ"

ഞാന്‍ കടയിലേക്ക് ഓടി. കാര്യം അറിഞ്ഞ ഉടനെ അച്ഛന്‍ കടയടച്ച് എന്‍റെ കൂടെ വന്നു.
തിരിച്ചു വന്നപ്പോഴെക്കും വീട്ടില്‍ നിറയെ ആളായിരുന്നു. അമ്മയുടെ കരച്ചില്‍ കേള്‍ക്കാം. ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ കട്ടിലില്‍ കിടന്നു കരയുകയാണ്‌.

സാറ്റ് കളിക്കുമ്പോള്‍ ഞങ്ങള്‍ സാധാരണ ഒളിക്കാറുള്ള സ്ഥലങ്ങളിലെല്ലാം ഞാന്‍ പോയി നോക്കി. തൊഴുത്തിനു പുറകില്‍, വൈക്കോല്‍ തുറുവിനടുത്ത്, മാഞ്ചോട്ടില്‍, കട്ടിലനടിയില്‍, അങ്ങനെ എല്ലായിടത്തും. അപ്പോഴേക്കും എന്നെ സഹായിക്കാന്‍ കുട്ടപ്പയും മല്ലനും എത്തി.
"ചേട്ടയീ, ഇനി താഴെ തോടിന്‍റെ വക്കിലെങ്ങാനും....?" , കുട്ടപ്പായി എന്നോട് ചോദിച്ചു."ഏയ്, അവിടെ ഒളിക്കാന്‍ പാടില്ല എന്നു നിയമം ഉള്ളതല്ലേ..", ഞാന്‍ പറഞ്ഞു.
പണ്ടൊരിക്കല്‍ സാറ്റ് കളിച്ചപ്പോള്‍ തോടിന്‍റെ കരയില്‍ ഒളിച്ച അജി കാലു തെന്നി തോട്ടില്‍ വീണു. കൈ കുത്തിയാണ്‌ അവന്‍ വീണത്. കൈ ഒടിഞ്ഞു അവന്‍ കുറെ നാളിരുന്നു. അന്നു ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തുമാത്രം വഴക്കാണ്‌ കേട്ടത്. തോടിന്‍റെ കരയില്‍ കളിക്കാന്‍ പോകുന്നതിനെ അതോടെ വിലക്കിയിരുന്നു. അങ്ങനെ അവിടെ ഒളിക്കാന്‍ പാടില്ല എന്നൊരു നിയമം ഞങ്ങള്‍ പാസ്സാക്കിയിരുന്നു.
"എന്നാലും ഒന്നു പോയി നോക്കാം, വാടാ"
അവിടെ മുഴുവന്‍ ഞങ്ങള്‍ നോക്കി. മോളവിടെയും ഇല്ല. മുട്ടിനു താഴെ മാത്രമെ വെള്ളം ഉണ്ടായിരുന്നെങ്കിലും മോള്‍ ഒഴുകിപ്പോയൊ എന്ന് ഞങ്ങള്‍ക്ക് ഒരു സംശയം. ഇല്ല മോളെ അവിടെയെങ്ങും കാണാനില്ല. എനിക്കും കരച്ചില്‍ വന്നു തുടങ്ങി. പക്ഷെ ഞാന്‍ പിടിച്ചു നിന്നു, മോശമല്ലെ കുട്ടപ്പായിയുടെ മുന്നില്‍ നിന്നു കരഞ്ഞാല്‍.

അപ്പോഴാണ്‌ മേരി ചേച്ചി കുഞ്ഞമ്മയുടെ കിണറിനടുത്ത് നിന്ന് വിളിച്ചു പറഞ്ഞത്.

" എല്ലാവരും ഓടിവായോ, കിണറ്റില്‍ എന്തോ കിടക്കുന്നേ..."

എല്ലാവരും അങ്ങോട്ടേക്ക് ഓടി. ഞാന്‍ ഓടിച്ചെന്നു കിണറ്റിലേക്ക് നോക്കി. അതെ അവിടെ എന്തൊ ഒന്നു കിടക്കുന്നുണ്ട്. രാത്രി ആയതുകൊണ്ട് കിണറിനുള്ളില്‍ ശരിക്കും കാണാന്‍ പാടില്ല.ജോയി ചേട്ടന്‍ എന്നെ വലിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു,

" മാറിനില്‍ക്കെടാ, അങ്ങൊട്ട്..."

"ഇതെന്തു കഷ്ടമാണ്‌, എന്‍റെ അനിയത്തിയല്ലേ...", ഞാന്‍ കുട്ടപ്പയിയോട് ജോയി ചേട്ടന്‍ കേള്‍ക്കാതെ പറഞ്ഞു.

അമ്മ അങ്ങൊട്ടു മോളെ എന്നു വിളിച്ചുകൊണ്ട് ഓടി വന്നു. കിണറിലേക്ക് വീഴുന്നതിന്‍ മുന്‍പ് അച്ഛന്‍ അമ്മയെ പിടിച്ചു. അമ്മയെ കുഞ്ഞമ്മയുടെ അടുത്ത് നിര്‍ത്തി, അച്ഛന്‍ കിണറിനടുത്തേക്ക് പോയി. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. അജിയും അവിടെ നിന്നു കരയുന്നുണ്ടായിരുന്നു. ലൂക്കച്ചന്‍ ചേട്ടന്‍ ഒരു വലിയ കയര്‍ എടുത്തുകൊണ്ടു വന്നു. അതൊരു മരത്തില്‍ കെട്ടി കോലത്തെ സിബിചേട്ടന്‍ കിണറ്റിലേക്ക് ഇറങ്ങി.

" ഈ കിണറിന്‍റെ വക്ക് ഇതു വരെ കെട്ടിയില്ലേ, കുഞ്ഞമ്മേ..?", മേരി ചേച്ചി ചോദിച്ചു.

കഴിഞ്ഞമാസം ഞങ്ങളുടെ മണിക്കുട്ടിയാടിന്‍റെ കുഞ്ഞാട് മാളു ഈ കിണറ്റില്‍ വീണു മരിച്ചതാണ്‌. അന്നു എല്ലാരും കുഞ്ഞമ്മയോട് പറഞ്ഞതാണ്‌ കിണറിന്‍റെ മതിലു കെട്ടാന്‍. എനിക്കു കുഞ്ഞമ്മയൊട് അല്പം ദേഷ്യം തോന്നി. മാളുവിനെ വിളിച്ച് അന്നു മോളു ഒത്തിരി കരഞ്ഞു. കുഞ്ഞമ്മ അന്നു മോളുവിന്‌ കുറെ പലഹാരം കൊടുത്തു. അങ്ങനെയാണ്‌ അവള്‍ കരച്ചില്‍ നിര്‍ത്തിയത്.

കിണറ്റില്‍ നിന്നും സിബി ചേട്ടന്‍ വിളിച്ചു പറഞ്ഞു. " ഇതൊരു തുണിയാ..."

ഞാന്‍ അമ്മയോട് പറഞ്ഞു.."അമ്മേ, അതു ഒരു തുണിയാ.."

അമ്മ വീണ്ടും മോളെ വിളിച്ചു കരഞ്ഞു.

"കാവിലമ്മെ, എന്‍റെ മോളെ തിരിച്ചു തരണെ.. ഞാന്‍ ഒരു വിളക്കു വച്ചോളാമെ.."

ഞാനും ഒരു നേര്‍ച്ച നേര്‍ന്നു. " കാവിലമ്മെ, ചന്ദനത്തിരി കത്തിക്കാമെ, മോളെ കാണിച്ചു തരണെ."

വീണ്ടും എല്ലാവരും പലവഴിക്ക് അന്വേഷണം തുടങ്ങി.

ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അടുത്തു നിന്ന മേരി ചേച്ചി അപ്പോള്‍ പറഞ്ഞു

" ഇനി പിള്ളേരെ പിടുത്തക്കരു വല്ലതും...............? ".

അമ്മ അപ്പോള്‍ പേടിച്ചു കരയാന്‍ തുടങ്ങി. എനിക്ക് ദേഷ്യം വന്നു. മേരി ചേചിക്കിട്ട് ഒരു ചവിട്ടു വച്ചു കൊടുക്കാന്‍ തോന്നി.

പാപ്പച്ചന്‍ ചേട്ടന്‍ അച്ചനോട് പറഞ്ഞു "നമ്മുക്ക് പോലീസിലറിയിച്ചാലൊ?"

അച്ചനും വിഷമിച്ചു. എനിക്കും നല്ല കരച്ചില്‍ വന്നു.മോളുവിനെ - എന്‍റെ അനിയത്തിയെക്കാണാനില്ല. ഞാന്‍ മോളു ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കി. എനിക്കു നല്ല വിഷമം വന്നു. എത്ര തവണയാ മോളു അവളുടെ പലഹാരം എനിക്കു തന്നിട്ടുള്ളത്. അക്കാലത്ത് പിള്ളേരെ തട്ടിക്കൊണ്ടുപൊകല്‍ കൂടുതലയിരുന്നു. ഇന്നാളു തുരുത്തിലെ കുഞ്ഞോളെ തട്ടിക്കൊണ്ടു പോയിട്ട് മൂന്നമത്തെ ദിവസമാണ്‌ കിട്ടിയതു. ആ അമ്മ എന്തൊരു കരച്ചില്‍ ആയിരുന്നു. കുഞ്ഞൊള്‌ ഒളിച്ചോടിയതാണെന്ന് കുട്ടപ്പായി പറഞ്ഞത്. പിള്ളേരെ പിടുത്തക്കാര്‍ തട്ടിക്കൊണ്ടുപോയാല്‍ കണ്ണു കുത്തിപൊട്ടിക്കും, എന്നിട്ട് പിച്ചയെടുക്കാന്‍ വിടും. എനിക്കു ആകെ പേടിയായി. മോളിപ്പോള്‍ പേടിച്ചു കരയുവായിരിക്കും. എനിക്ക് വല്ലാതെ കരച്ചില്‍ വന്നു, മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ കരയാറില്ലായിരുന്നു. ഞാന്‍ പതുക്കെ എന്‍റെ മുറിയിലേക്കു നടന്നു. ശരീരത്തിനു വല്ലാത്ത വേദന. ഞാന്‍ കട്ടിലിനടിയില്‍ നോക്കി, ഇല്ല മോളില്ല.

പായ നിവര്‍ത്താതെ ഞാന്‍ കട്ടിലിലേക്ക് കിടന്നു. തലയിണയും പായും കട്ടിലിന്‍റെ ഒരറ്റത്തു ചുരുട്ടി വച്ചിട്ടുണ്ട്. മോള്‍ക്കൊന്നും വരല്ലെ എന്ന് പ്രാര്‍ത്ഥിച്ചു ചുരുട്ടിയ പായില്‍ തലവച്ചു കിടന്നു. അമ്മേ തലയിടിച്ചു. ഈ തലയിണ എന്താ കല്ലായൊ, ഞാന്‍ ഓര്‍ത്തു. ഞാന്‍ പായയില്‍ പിടിച്ചു നോക്കി. എന്തോ തടയുന്നു. ഞാന്‍ പായ നിവര്‍ത്തി നോക്കി. മോളതാ സുഖമായിക്കിടന്നുറങ്ങുന്നു. സാറ്റ് കളിച്ചപ്പോള്‍ കയറി ഒളിച്ചതാണ്‌. എനിക്ക് കരയണൊ അതൊ ചിരിക്കണൊ എന്ന് മനസ്സിലായില്ല. ഒരു നിമിഷം ഞാനങ്ങനെ നിന്നു. പിന്നെ ഉറക്കെ പറഞ്ഞു..

"അമ്മേ... ഓടിവാ, ദേ ഇവിടെ മോളുണ്ട്..."

അമ്മയും എല്ലാവരും അങ്ങൊട്ട് ഓടി വന്നു. അമ്മ മോള്‍ക്കിട്ട് രണ്ടു നല്ല അടി കൊടുത്തു. മോള്‍ ചാടി എഴുന്നേറ്റു. അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു,. അപ്പോള്‍ മോളും കരഞ്ഞു. അടിയുടെ വേദന കൊണ്ടാണൊ അതൊ അമ്മ കരയുന്നതു കണ്ടിട്ടാണൊ മോളു കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
നാട്ടുകാരെല്ലാം ചിരിച്ചു കൊണ്ട് അവരവരുടെ വീട്ടിലേക്ക് പോയി. ഏതായാലും ആ വേനലവധിക്ക് പിന്നീട് ഒരിക്കലും ഞങ്ങള്‍ സാറ്റ് കളിച്ചില്ല.

3 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

സാറ്റ് കളിക്കിടെ ഇത് സാധാരണയാണെങ്കിലും നല്ല വിവരണം പ്രത്യേകിച്ച് ആ കിണറ്റിന്‍ കരയിലെ കാര്യം..

അനു said...

ഈശ്വരാ, ഇതില്‍പ്പരം സന്തോഷം ഇനി എന്തു വേണം.... കുട്ടിച്ചാത്തന്‍റെ കമന്‍റ്...

Sharu (Ansha Muneer) said...

എന്തോ രസകരമായതാണെന്നു തോന്നിയെങ്കിലും കുറച്ചുനേരം ഒരു പേടി തോന്നി.... :)