Wednesday, May 16, 2007

നിരപരാധി

ഞങ്ങള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്, അട്ടപ്പാടി, തോമ, ആശു, ഗണപതി, ചരക്ക്, കൊഞ്ഞാണി മാണി, തടിയന്‍, ടിനു, രാഹുല്‍ എന്ന ഞങ്ങളുള്‍പ്പെടുന്ന ആ വര്‍ഷത്തെ ബാച്ച് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഫസ്റ്റ് ഇയര്‍ ക്ലാസ്സുകള്‍ തുടങ്ങിയതെ ഉള്ളു. ഫസ്റ്റ് ഗ്രൂപ്പില്‍ അഡ്മിഷണ്‍ കിട്ടിയതു കൊണ്ട് ഞങ്ങളെല്ലാം ഹാപ്പി ആയിരുന്നു.

പെണ്‍കുട്ടികളോട് മിണ്ടാന്‍ പാടില്ലാത്ത, ഒരു ക്ലാസ്സ് പോലും കട്ട് ചെയ്യാന്‍ പാടില്ലാത്ത, അഥവാ കട്ട് ചെയ്തു പോയാല്‍ ലീവ് ലെറ്റര്‍ കൊടുത്ത് ഇമ്പോസിഷനും എഴുതേണ്ട സ്കൂളില്‍ നിന്നും ആര്‍ട്സ് കോളേജില്‍ എത്തിയ ഞങ്ങളെല്ലാം ജയിലില്‍ നിന്നും വിടുതല്‍ കിട്ടിയവരെപ്പോലെ ആയിരുന്നു. യൂണിഫോമില്ലാതെ കളര്‍ ഡ്രസ്സില്‍ 'കളറു'കളെ കണ്ട് ഞങ്ങളെല്ലാം ആദ്യം, കോഴി പുന്നല്ലു കണ്ടതുപോലെ എവിടെ കൊത്തണം എവിടെ കൊത്തണം എന്ന അവസ്ഥയില്‍ ആയിരുന്നു.

ടൌണില്‍ നിന്നും വിട്ട്, ഒരു ചെറിയ കുന്നിന്‍റെ ചെരുവില്‍ വലിയ ഗ്രൌണ്ടും ലൈബ്രറിയും, ചായയും ഉഴുന്നുവടയും പരിപ്പുവടയും എപ്പോഴും കിട്ടുന്ന അപ്പാപ്പന്‍സും ക്ലാസ്സ് കട്ട് ചെയ്ത് ഇഷ്ടം പോലെ ചെന്നിരിക്കാന്‍ ഇടവുമുള്ള റബ്ബര്‍ തോട്ടവും സ്വന്തമായുള്ള കോളേജില്‍, പക്ഷിസങ്കേതത്തില്‍ വന്ന വേടന്മരെപ്പോലെ വലയും വിരിച്ച്, വേട്ടയും നടത്തി വരുമ്പോളാണ്‌ ഞങ്ങള്‍ - മേല്‍പ്പറഞ്ഞ അതേ ഞങ്ങള്‍ പരിചയപ്പെടുന്നത്.

ക്ലാസ്സിലെ കിളികളെ എല്ലാം കൂട്ടിലാക്കിയിട്ടു മതി പുറത്തെ വേട്ട എന്ന് ഞങ്ങള്‍ ഐക്യകണ്ഠേന തീരുമാനമെടുത്തു. ഞങ്ങളുടെ ആ കുഞ്ഞു ക്ലാസ്സില്‍ 91 പേരാണ്‌ ഉണ്ടായിരുന്നത്. ഫസ്റ്റ് ഗ്രൂപ്പായതു കൊണ്ട് അതില്‍ വെറും 37 പെണ്‍പ്രജകളെ ഉണ്ടായിരുന്നുള്ളു. സെക്കന്‍ര്‍ ഗ്രൂപ്പുകള്‍ 3 എണ്ണം ഉണ്ടായിരുന്നു. അതില്‍ ഓരോന്നിലും 90 പേരും. ഞങ്ങളെ അസൂയാലുക്കള്‍ ആക്കിയത് അതിലോരൊന്നിലും 12 ആണ്‍പ്രജകളും ബാക്കി മുഴുവനും പെണ്‍ പ്രജകളും ആയിരുന്നു എന്നുള്ളതാണ്‌. എങ്കിലും ഉള്ളതുകൊണ്ട് വീട്ടിലെ ഓണമുണ്ടിട്ട് അയല്‍വക്കത്തുപോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും അടുത്ത ദിവസം മുതല്‍ ഞങ്ങളുടെ ഗ്യാങ്ങ് പെണ്‍പ്രജകളെ പരിചയപ്പെടാന്‍ തീരുമാനിച്ചു.

ഞങ്ങളെ ഒന്നിച്ചു കണ്ട് അവര്‍ പേടിക്കാതിരിക്കാന്‍ ഗ്രൂപ്പുകളായാണ്‌ അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അവരെപ്പരിചയപ്പെടാന്‍ ചെന്നത്. ഞാനും, ആശുവും, തോമയും, കൊഞ്ഞാണി മാണിയും, ടിനുവും ആയിരുന്നു അതിലൊരു ഗ്രൂപ്പ്.

ഞങ്ങളുടെ കൂട്ടത്തില്‍ തോമയുടെ കാര്യം അല്പം കഷ്ടത്തിലായിരുന്നു. അവന്‍റെ സ്വന്തം 'ഡാഡി' ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പല്‍ ആയി പിരിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്‌. അതുകൊണ്ടുതന്നെ പുതിയ പ്രിന്‍സിപ്പാളിനും കോളേജിലെ എല്ലാ ടിച്ചര്‍ക്കും തോമയെ അറിയാം എന്നു മാത്രമല്ല, അവന്‍ അവരുടെ എല്ലാം കണ്ണിലുണ്ണിയും ആയിരുന്നു. ആ പ്രത്യേക സ്നേഹത്തിന്‍റെ പുറത്താണ്‌ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറും തോമയുടെ വകയിലെ ഒരു ആന്‍റിയും ആയ ഏലിയാമ്മ മിസ്സ് അവനെ ഞങ്ങളുടെ ക്ലാസ്സ് റെപ് ആയി വഴിച്ചത്. അതൊന്നും പോരഞ്ഞതിന്‍ തോമയുടെ സ്വന്തം ചേച്ചി അവിടെ ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാം 'വേട്ടക്ക്' വരാന്‍ അവനു അല്പം പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടും വേട്ടയില്‍ നല്ല താത്പര്യം ഉണ്ടായിരുന്നതു കൊണ്ടും അവനും ഞങ്ങളുടെ ഒപ്പം കൂടാറുണ്ടായിരുന്നു.

അങ്ങനെ അമ്മു, അഞ്ചു, സജിത, ലിന്‍സി, ലിപ്സി, സൂര്യ തുടങ്ങിയ സുന്ദരിമാരെ പരിചയപ്പെട്ടു വരുമ്പോഴാണ്‌ ഞങ്ങള്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത് വളരെ ശാന്തമായി എന്തോ വായിച്ചു കൊണ്ടിരുന്ന താത്ത കുട്ടിയെക്കണ്ടത്. താത്തകുട്ടിയെ കണ്ട പാടെ ആശു വാലുപൊക്കാന്‍ തുടങ്ങി.

"അളിയാ, എന്തു ഭംഗിയാണല്ലെ."

പാവം ആശു, അവനെങ്ങനെ വാലുപൊക്കണ്ടിരിക്കും. അതുവരെ ഒരു കിളിയെപ്പോലും കാണാതെ ഡല്‍ഹിയിലെ ഒരു വലിയ ബോയ്സ് ഹൈ സ്കൂളില്‍ പഠിച്ച അവന്‍, ഒരു സൈഡിലൂടെ നോക്കുമ്പോള്‍ പ്രീതി സിന്‍റയുടെ കട്ടുള്ള താത്ത കുട്ടിയെ കണ്ടപ്പോള്‍ അറിയാതെ വാലുപൊക്കൊപ്പോയി. അങ്ങനെ ഞങ്ങള്‍ താത്ത കുട്ടിയെപ്പരിചയപ്പെട്ടു. അപ്പോഴേക്കും ഇന്‍റര്‍വെല്‍ രൂപത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ സമയം കഴിഞ്ഞു. ബെല്ലടിച്ച കുറുപ്പു ചേട്ടനെ തെറിപറഞ്ഞു കൊണ്ട് ആശു തിരിഞ്ഞു നടന്നപ്പോഴെ ഞങ്ങള്‍ക്കു മനസ്സിലായി പാവം താത്തകുട്ടിയില്‍ ആദ്യാനുരാഗ വിവശനായി എന്ന്. അവന്‍റെ ദയനീയമായ ഭൂതകാലം അറിയാവുന്നതു കൊണ്ട് , ഞങ്ങള്‍ - അവന്‍റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ - മസ്സിലു മത്തായിയുടെ ഇംഗ്ലീഷ് ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് തന്നെ താത്തകുട്ടിയെ ആശുവിന്‌ കരം തീര്‍ത്ത് പതിച്ചു കൊടുത്തു.

പക്ഷെ ആശുവിന്‌ തീരെ ക്ഷമ ഉണ്ടായിരുന്നില്ല. അവന്‌ തന്‍റെ ഇഷ്ടം താത്തയെ എങ്ങനെയെങ്കിലും അറിയിച്ചെ പറ്റൂ. വേറെ ആരെങ്കിലും അടിച്ചെടുത്തൊണ്ടുപോയാല്‍ മാനസ്സ മൈന പാടി നടക്കാന്‍ ഞങ്ങളുടെ ഉഴവൂര്‍ ഒരു കടപ്പുറമില്ലാത്തതാണെന്നാണ്‌ ആദ്യം ഞങ്ങള്‍ കരുതിയത്‌. പിന്നെയല്ലെ മനസ്സിലായത് ആശുവിന്‌ താത്തക്കുട്ടിയോട് തീവ്രാനുരാഗം തന്നെയാണ്‌ എന്നു മനസ്സിലായത്. ഞങ്ങള്‍ അവനോട് പറഞ്ഞു,

" അളിയാ നീ വെയ്റ്റ് ചെയ്യ്, നമ്മുക്കു വഴിയുണ്ടാക്കാം".

പക്ഷെ വിശന്നിരിക്കുന്നവനെ വിശപ്പിന്‍റെ വിളി വിശക്കുന്നവനെ അറിയൂ, എന്നതുപോലെ ബോയ്സ് സ്കൂളില്‍ പഠിച്ച ആശുവിന്‍റെ 'വിശപ്പ്' അടുത്ത ദിവസം മാത്രമാണ്‌ ഞങ്ങളറിഞ്ഞത്.

ഉച്ചയൂണികഴിഞ്ഞ് ലൈബ്രറിയിലൂടെ ക്ലാസ്സിലേക്കു പോകുമ്പോഴാണ്‌ ഞങ്ങള്‍ക്കു ഒരു കാര്യം ബോധ്യമായത്, ആശു ഈസ് മിസ്സിംഗ്!!! ഞങ്ങള്‍ക്കു പേടിയായി,

"ദൈവമെ ഇനി ഞങ്ങള്‍ സഹായിക്കാത്തതിന്‍റെ പേരില്‍ അവന്‍ വല്ല കടുംകൈയും?"

ഞങ്ങള്‍ക്കു കുറ്റബോധമായി. സ്വപ്നക്കൂട് സിനിമയില്‍ കഷ്ടമൂര്‍ത്തി ദീപുവിനെ അന്വേഷിച്ചു നടന്നതുപോലെ ഞങ്ങളും ആശുമോനെയും വിളിച്ചു ആ ക്യാംപസ് മുഴുവനും അലഞ്ഞു. അവസാനം ആശുവിനെ ടെറസ്സില്‍ പുളിക്കന്‍റെ ഒപ്പം ഞങ്ങള്‍ കണ്ടുപിടിച്ചു. ഞങ്ങളെ കണ്ടപ്പോള്‍ അവരൊന്നു പരുങ്ങി.

സ്വന്തം കാര്യം നടക്കാന്‍ വേണ്ടി എന്തു തെണ്ടിത്തരവും കാണിക്കാന്‍ മടിയില്ലാത്ത പുളിക്കന്‍റെ കൂടെ ആശു നില്‍ക്കുന്നതുകണ്ടപ്പോഴെ ഞങ്ങള്‍ക്കു എന്തൊ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി. നോക്കിയപ്പോള്‍ ആശുവിന്‍റെ കൈയില്‍ ഒരു കടലാസ്സ്.

"എന്തുവാടാ ഇത്?"

"എടാ താത്തകുട്ടിക്ക് കൊടുക്കാന്‍.............."

പാവം താത്തകുട്ടിയെ തന്‍റെ മനസ്സറിയിക്കാന്‍ ആശു പുളിക്കനെകൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചതായിരുന്നു. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന അവനു മലയാളം സംസാരിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളു. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്തതുകൊണ്ടും, ഞങ്ങള്‍ എന്തു പറയും എന്നു പേടിച്ചുമാണ്‌ അവന്‍ പുളിക്കനെയും കൂട്ടി ആ സാഹസം നടത്തിയത്. ഞാന്‍ ആ പ്രേമലേഖനം വാങ്ങി വായിച്ചു നോക്കി.

"പ്രായപ്പട്ട താത്തെ,
നിന്നെ ഞാന്‍ ഒത്തിരി സ്നാഹിക്കുന്നു. നിന്നെ എനിക്ക് കല്യണം കഴിക്കണം . നീ ഇല്ലാത്ത ജീവിതം വാല്‍ടൂബ് ഇല്ലാത്ത സെക്കിള്‍ പോലെയാണ്. എന്‍റെ സ്നേഹം നീ സ്വികരിക്കൂ താത്തെ.....
ഐ ലവ് യു.
എന്ന് സ്വന്തം അശു. "

"എടാ എന്തുവാ ഇത്, ഇതില്‍ മുഴുവന്‍ അക്ഷരതെറ്റാണല്ലൊ? പുളിക്കാ, അളിയാ നിനക്ക് മലയാളം പോലും എഴുതാന്‍ അറിയില്ലേടാ? "

"എടാ, ആശു, ഇതില്‍ മുഴുവന്‍ അക്ഷര തെറ്റാണെടാ, നിന്‍റെ പേരു പോലും, നിനക്കിങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളോട് പറഞ്ഞല്‍പ്പോരെ. അതിന്‌ ഈ മണ്ടനെ വിളിക്കണമായിരുന്നോ. ഈ കത്തെങ്ങാനും താത്തക്കു കൊടുത്തിരുന്നെങ്കില്‍ അപ്പൊഴെ അവള്‍ നിന്നെ ഡൈവോഴ്സ് ചെയ്തേനെ."

"നിന്‍റെ പേരു പോലും ഇവന്‍ അശു എന്നാണ്‌ എഴുതി വച്ചിരിക്കുന്നത്".

ആശു പുളിക്കനെ അടുത്തേക്ക് വിളിച്ചു. അവനെ കുനിച്ചു നിര്‍ത്തി, എന്നിട്ട് പുറത്തിനിട്ട് 3-4 ഇടി കൊടുത്തു.

"അയ്യോ, അമ്മേ..........." , പുളിക്കന്‍ കരഞ്ഞു.

"അളിയാ, നീ ക്ലാസ്സിലേക്ക് പൊയ്ക്കൊ, ബാക്കി വൈകുന്നേരം തരാം", ആശു അവനോട് പറഞ്ഞു.

യോദ്ധായില്‍ വടംവലി മത്സരത്തില്‍ തോറ്റ ജഗതി പോകുന്നതുപോലെയുള്ള പുളിക്കന്‍റെ പോക്കു കണ്ടു ഞങ്ങളെല്ലാവരും ചിരിച്ചു. പിന്നെ ഞങ്ങളുടെ ആശുവിനെ സഹായിക്കാന്‍, അവനുവേണ്ടി, ആശുവിന്‍റെ സ്വന്തം താത്തകുട്ടിക്ക്, എന്‍റെ ആദ്യത്തെ പ്രേമലേഖനം ഞാനെഴുതി.

പ്രിയപ്പെട്ട താത്തകുട്ടിക്ക്,

എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്‌. നിന്നെ കണ്ട അന്നു മുതല്‍ നിന്‍റെ മുഖം മാത്രമെ എന്‍റെ മനസ്സില്‍ ഉള്ളു. എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പഠിക്കുമ്പൊഴും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം എന്‍റെ മനസ്സു നിറയെ നീയാണ്‌. നീ ഇല്ലാതെ ജീവിക്കുന്ന കാര്യം എനിക്കിപ്പോള്‍ ചിന്തിക്കാനെ പറ്റുന്നില്ല. നേരില്‍ കണ്ട് പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടും, നിന്നെ ഒറ്റക്കു കിട്ടാത്തതും കൊണ്ടാണ്‌ ഞാന്‍ ഈ കത്തിലൂടെ എന്‍റെ ഹൃദയം തുറക്കുന്നത്. നീ ഇതു വെറും പ്രായത്തിന്‍റെ ചാപല്യം ആയിക്കാണരുത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ ഒത്തിരി പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അവരോടൊന്നും തോന്നാത്ത ഒരിഷ്ടം എനിക്ക് നിന്നോടു തോന്നി. എന്‍റെ ജീവിതം നിന്‍റെയൊപ്പം ചെലവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മറുപടി തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നാളെ നീ ആ മഞ്ഞ ചുരിദാര്‍ ഇട്ടു വന്നാല്‍ മതി. അതില്‍ നീ വളരെ സുന്ദരിയാണ്‌.

നാളെ നീ മഞ്ഞ ചുരിദാറില്‍ വരും എന്ന പ്രതീക്ഷയുമായി സ്വന്തം ആശു.

അങ്ങനെ സംഗതി റെഡിയായി. പക്ഷെ ആശുവിന്‌ കൊണ്ടുകൊടുക്കാന്‍ വയ്യ. പേടി, ചമ്മല്‍ അങ്ങനെ എന്തൊക്കയൊ. അവസാനം കൊഞ്ഞാണി മാണി കൊണ്ടുകൊടുക്കാമെന്നേറ്റു.

"വേഗം വാടാ, ഇന്‍റര്‍വെല്‍ കഴിയാറായി", ഞങ്ങള്‍ ക്ലാസ്സിലേക്ക് ഓടി. ക്ലാസ്സില്‍ എല്ലാവരും വന്നു തുടങ്ങി. താത്ത അവിടെ ഇരിപ്പുണ്ട്. അപ്പോള്‍ കൊഞ്ഞാണി മാണിക്കും ഒരു ശങ്ക. പിന്നെ അവനെ ഞങ്ങള്‍ നിര്‍ബന്ധിച്ചു പറഞ്ഞയച്ചു. കൂടെ ആശു അപ്പാപ്പന്‍സില്‍ നിന്നും അവനൊരു പൊറട്ടയും ബീഫും ഓഫര്‍ ചെയ്തു. അങ്ങനെ സകല ധൈര്യങ്ങളും സംഭരിച്ചു കൊഞ്ഞാണി മാണി താത്തയുടെ മുന്നില്‍ ചെന്നു കത്തു നീട്ടിക്കൊണ്ടു പറഞ്ഞു,

"താത്തെ, ഇതു നിനക്കൊരാള്‍ തന്നതാ... മറുപടി കൊടുക്കണം"

അപ്പോള്‍ ബെല്ലടിച്ചു. താത്ത കത്തു വാങ്ങിയതുമില്ല, കൊഞ്ഞാണി മാണിയോടു ദേഷ്യപ്പെട്ടു കൊണ്ടു ഉച്ചത്തില്‍ പറഞ്ഞു.

"എനിക്കിതൊന്നും ഇഷ്ടമല്ല. ഞാനിവിടെ വന്നിരിക്കുന്നത് പഠിക്കനാണ്‌. മേലില്‍ ഇത്തരം പരിപാടിയുമായി എന്‍റെ അടുത്തു വന്നേക്കരുത്."

ക്ലാസ്സ് പെട്ടെന്നു നിശ്ചലമായി. എല്ലാവരും കൊഞ്ഞാണി മാണിയെ നോക്കി. അവനാണെങ്കില്‍ കത്തും നീട്ടിപ്പിടിച്ചു താത്തയുടെ നില്‍ക്കുകായാണ്‌. ഞാനും ആശുവും ഞങ്ങളീ ക്ലാസ്സിലെ പുതിയതാ എന്ന റോളില്‍ സീറ്റിലിരുന്നു. കൊഞ്ഞാണിമാണി ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ചു നടന്നു ക്ലാസ്സിന്‍റെ മുന്‍പില്‍ നിന്നിരുന്ന തോമയുടെ പോക്കറ്റില്‍ കത്തു കൊണ്ടുവന്നിട്ടിട്ട് സ്വന്തം സീറ്റില്‍ പോയിരുന്നു. എല്ലാവരും തോമയെ നോക്കാന്‍ തുടങ്ങി, താത്തയും.

പാവം തോമ.

ക്ലാസ് റെപ്പായിരുന്ന, ടീച്ചറുമ്മാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന പാവം തോമ!!!!.

27 comments:

SUNISH THOMAS said...

പാവം തോമ!!!
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അനുക്കുട്ടാ കിടിലം... എന്നാലും സ്വന്തം ഗ്രൂപ്പിലെ ഒരുത്തനു കൊഞ്ഞാണി പാരവച്ചതെന്തിനാ? ആ പുളിക്കനിട്ടു കൊടുക്കായിരുന്നില്ലേ?

ആഷ | Asha said...

പാവം തോമ
ആ പാവം നിരപരാധിക്കിട്ടു തന്നെ വേണായിരുന്നോ?

നന്നായിരിക്കുന്നു എഴുത്ത്

മാവേലികേരളം(Maveli Keralam) said...

ഞാന്‍ വിചാരിച്ചത് ഇപ്പോഴത്തെ ആണ്‍-പിള്ളാര്‍ക്കെങ്കിലും അല്പം ആണത്വമുണ്ടാകുമെന്നായിരുന്നു.

ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ മുന്നില്‍, ചെന്നു നിന്ന്, “ഹലൊ, എന്തു പറയുന്നു. ഞാന്‍ ആശു“
എന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി ഒരു സംസാരത്തിനു തുടങ്ങാന്‍ കഴിയാത്ത അശുക്കളോട് ഇപ്പോഴത്തെ പെണ്‍-പിള്ളാരങ്ങനൊക്കെ പറയും. അതു നന്നായി.

Mr. K# said...

എന്നിട്ട് താത്തയും തോമയും ലവ്വായോ?

ദുര്‍ബലന്‍ said...

നന്നായിട്ടുണ്ട് കേട്ടോ!

:)

sandoz said...

കൊള്ളാം...ഇഷ്ടപ്പെട്ടു.

മാവേലി ചേച്ചീ......
അത്‌ വേണ്ട...അത്‌ വേണ്ട..
ചുണക്കുട്ടന്മാരുടെ കഥകള്‍ അക്കമിട്ടെഴുതണോ.....
അവസാനം ഫെമിനിസ്റ്റുകള്‍ ഇറങ്ങുമോ.....

Siju | സിജു said...

ഇച്ചിരി നീണ്ടു പോയെങ്കിലും സംഗതി കൊള്ളാം.. ആ ഒരു പ്രീഡിഗ്രി ടച്ചുണ്ട്..

ഈ ദുര്‍ബലന്‍ ഇതിനിടയ്ക്ക് എവിടന്നു വന്നു..

അനു said...

ഇന്നു രാവിലെ എന്‍റെ സ്വന്തം ബ്ലോഗ് എടുത്തു നോക്കിയ ഞാന്‍ ഞെട്ടി.. 7 കമന്‍റ്സ്... അതും ബൂലോഗത്തിലെ കിടിലങ്ങളുടെ.. ബ്ലോഗ് അടുത്തയിടെയാണ്‌ ഞാന്‍ കാണുന്നത്.. വളരെ നേരം ഒന്നും വേണ്ടി വന്നില്ല അഡിക്റ്റ് ആകാന്‍. 'പൊന്നപ്പന്‍ - the Alien' ആണ്‌ ബ്ലോഗ് എനിക്കു പരിചയപ്പെടുത്തി തന്നത്. അപ്പോഴെ എനിക്ക് വാണിംഗ് തന്നതാ, അഡിക്റ്റ് ആയെക്കരുതെന്ന്... പക്ഷെ ബൂലോഗത്തിലെ കുറച്ചു കിടുക്കളെ(വിശാലേട്ടന്, അരവിന്ദന്‍, ഇട്ടിമാളൂ, സതീശ് മാക്കൊത്ത്....കുട്ടിച്ചാത്തന്‍..) കണ്ടപ്പോളെ ഞാന്‍ അഡിക്റ്റ് ആയി, ഇപ്പോള്‍ ഊണു കിട്ടിയില്ലെങ്കിലും വേണ്ടിയില്ല, ഇവരുടെ ആരുടെയെങ്കിലും പോസ്റ്റ് മതിയെന്നായി..

അങ്ങനെ ഞാനും എന്തൊക്കെയൊ വാരി വലിച്ചെഴുതി. കുട്ടിച്ചാത്തനെപ്പോലെ കൂട്ടുകാരെയും നാട്ടുകാരെയും ഒക്കെ വിളിച്ചു ബ്ലോഗ് വായിപ്പിച്ചു. പാവങ്ങള്‍, എന്നെ വിഷമിപ്പിക്കാണ്ടിരിക്കാന്‍ എന്തെല്ലാമൊ പറഞ്ഞു... പിന്നെ എന്നും കമന്‍റ്സ് നോക്കാന്‍ ലോഗ്ഗിന്‍ ചെയ്തു. കൌണ്ടര്‍ ഇട്ടു നോക്കി. എബടെ.....

പക്ഷെ ഇന്നു ഞാന്‍ ശരിക്കും ഞെട്ടി.

കുട്ടിച്ചാത്താ , പുളിക്കനെ പിന്നെയും ആശു കണ്ടു. :) കൊഞ്ഞാണി , പാവം അവനെന്തു ചെയ്യണമെന്ന് അറിയാതെ പോയി എന്നൊക്കെയാണ്‌ അവന്‍ പറഞ്ഞത്.. പിന്നെ തോമയെപ്പറഞ്ഞ് ഞങ്ങള്‍ ഒതുക്കി. താത്തക്കുട്ടി പിന്നെ അതിനെച്ചൊല്ലി പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.

ആഷെ, പ്രൊത്സാഹനത്തിന്‍ ഡാങ്ക്സ്.... :)

എന്‍റെ പൊന്നു മാവേലീ,, ആശു പാവം ബോയ്സ് സ്കൂളിലാ പഠിച്ചത്..
(പക്ഷെ ഇപ്പോള്‍ ഞങ്ങളാണൊ എന്നു തോന്നിപ്പോകും...) ..പിന്നെ ഇതു നടന്നിട്ട് ഒരു 8 കൊല്ലമായി. അന്നു ആശു ഒരു പാവമായിരുന്നു. ക്ഷമിക്കന്നെ... :)

ഇല്ല കുതിരവട്ടം.. അവന്‍ പിന്നെയും പരജയം വിജയത്തിന്‍റെ മുന്നോടി എന്നൊക്കെപ്പറഞ്ഞു ഒരു പത്ത് നൂറ്റമ്പത് തവണകൂടി ട്രൈ ചെയ്തു. എബടെ.....

ദുര്‍ബലമനും sanodz num എന്‍റെ താങ്ക്സ്.. sandoze നമുക്ക് പിന്നെ ശരിയാക്കാം..

അനു said...

സിജു , ഞാനിപ്പോളാ കണ്ടത്... ഒത്തിരി ഡാങ്ക്സ്........... :)

സു | Su said...

ആശുവിന്റെ ആത്മാര്‍ത്ഥപ്രണയത്തിന്റെ കഴുത്ത് ഞെരിച്ചു. കണ്ണിലുണ്ണിത്തോമയെ, കണ്ണിലെ കരടാക്കി. താത്തയെ വില്ലത്തിയാക്കി. ടീച്ചര്‍ വന്ന്, കത്ത് വാങ്ങാതിരുന്നത്, ഭാഗ്യം.

കള്ളിയങ്കാട്ട് നീലി. ഈ ബ്ലോഗിന്റെ ഐശ്വര്യം. അതെനിക്കിഷ്ടപ്പെട്ടു. ഹിഹിഹി.

കുട്ടിച്ചാത്തന്‍ said...

അനുക്കുട്ടാ.. ചെലവു വേണം പരസ്യം കൊടുത്തതിനു...:) കിടുക്കളുടെ കൂടെ കുട്ടിച്ചാത്തന്റെ പേരും...!!! സുഖിച്ചു:)
ദുര്‍ബലന്‍ ആരാന്ന് അറിഞ്ഞാ ചിലപ്പോ അനുക്കുട്ടന്റ്റെ ബോധം പോവും അതോണ്ട് പറയുന്നില്ലാ ;)

qw_er_ty

ഇടിവാള്‍ said...

കൊള്ളാം, അവസാനം രസിച്ചു..പാവം തോമ..

ചാത്താ.. ദുര്‍ബലന്‍ ആരാ? ഒന്നു പറയാമോ?
ഹഹ!

asdfasdf asfdasdf said...

കൊള്ളാം രസിച്ചു. പാവം തോമ..

അനു said...

എന്‍റെ പൊന്നു ചാത്താ.... ഈ കമന്‍റുകളെ കണ്ടപ്പൊളെ എന്‍റെ ബോധം പോയി.. അപ്പോള്‍ ഇനി ബാക്കി കിടുക്കളെക്കുടി പരിചയപ്പെട്ടാലെന്തായിരിക്കും സ്ഥിതി... പിന്നെ ചാത്താ സുഖിപ്പിച്ചതൊന്നും അല്ല ട്ടൊ.. ശരിക്കും കിടു തന്നെയാണെ...

സു... ഇടിവാള്‍.. കുട്ടന്‍ മേനൊന്. ഞാന്‍ ധന്യനായി... മുട്ടന്‍ കിടുക്കളുടെ കമന്‍റ്സ്... ദൈവമെ പരീക്ഷകാലത്തെപ്പോലെ ഉറക്കം കളയേണ്ടി വരുമെന്നാ തോന്നണെ...

ഇന്നെനിക്കു ഫുഡ് കിട്ടിയില്ലെങ്കിലും വേണ്ടില്ലെ........

ഉണ്ണിക്കുട്ടന്‍ said...

ഇവിടെ ഒരു കമറ്റിട്ടാല്‍ എന്നേം കിടൂന്ന് വിളിക്ക്വോ.? (ശ്‌....അമ്പതു പൈസ തരാം ).

പോസ്റ്റിഷ്ടായീട്ടോ..

ഇടിവാള്‍ said...

അനുവേ.. പ്ലീ‍ീസ്സ്.. നാറ്റിക്കല്ലേ...
ഞാന്‍ കിടുവൊന്നുമല്ലിഷ്ടാ ;) ജീവിച്ച് പോട്ടേ..


ബെര്‍ലി പറഞ്ഞപോലായി... കമന്റിനൊക്കെ ഇപ്പോ ഒരു വെലയില്ലാത്തായി !
http://berlythomas.blogspot.com/2007/05/1.html

അനു said...

അയ്യൊ, ഇടിവാളെ.... സത്യമായും.. ബൂലോകത്തിലെ കിടുക്കളെ ഒക്കെ ഞാന്‍ അറിഞ്ഞു വരുന്നതെ ഉള്ളൂ........

ഉണ്ണിക്കുട്ടാ.... കമന്‍റിലും തമാശ.... ഇതിനെയാണല്ലൊ നമ്മള്‍ ബൂലോഗര്‍ കിടുത്തരം എന്നു പറയുന്നത്...

ഞാനിപ്പോള്‍ ഒരു ബ്ലോഗര്‍ അല്ല എന്നു പറയുന്നതാണ്‌ ശരി.. ഇപ്പോള്‍ ബൂലോഗത്തിലെ കിടുക്കളുടെ പോസ്റ്റ് വായിച്ച് ചിരിക്കാനും ചിന്തിക്കാനും വാ പൊളിച്ചിരിക്കാനുമെ നേരമുള്ളു...

സാജന്‍| SAJAN said...

അനു നന്നായി എഴുതിയിരിക്കുന്നു കിടിലന്‍ ഇനിയും പോരട്ടെ ഇത്തരം വെടിക്കെട്ട് കഥകള്‍:)

Dinkan-ഡിങ്കന്‍ said...

കള്ളിയങ്കാട്ട് നീലി ഒകെക് ഒള്‍ഡ് ഫാഷനാ ഇപ്പോല്‍ വയസായി കാലം കുറേ ആയില്ലേ ഇപ്പോള്‍ “റബ്ബറ് കാട് അമ്മിണിയാ“ ഹിറ്റ്. ബാക്കി ഡീറ്റയിത്സ് സാന്‍ഡോസ് തരും ഞാന്‍ മൈക്ക് സാന്‍ഡോസിനു കൈമാറുന്നു

sandoz said...

റബ്ബര്‍കാട്‌ അമ്മിണി.....
തോട്ടത്തിലെ ഷീല......
കച്ചേരിപ്പടി ജാനകി..
ഇവരൊക്കെയാ ഇപ്പോഴത്തെ മുട്ടന്‍ യക്ഷികള്‍......
ഡിങ്കന്‍ തന്ന മൈക്ക്‌ പച്ചാളത്തിനു കൈമാറുന്നു.

നിമിഷ::Nimisha said...

ഞാന്‍ വിചാരിച്ചത് താത്തയുടെ മുന്നില്‍ കത്തും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന കൊഞ്ഞാണി മാണിയെ റ്റീച്ചര്‍ കാണുന്നതായിരിയ്ക്കും ക്ലൈമാക്സെന്നാ, പക്ഷേ അതിനിടയ്ക്ക് തോമായിക്കിട്ട് പാര വെച്ചല്ലേ? പാവം തോമാ :)

മാവേലികേരളം(Maveli Keralam) said...

ശെ ഇതെന്തോന്നാ സാന്റോസേ അസ്ഥാനത്തൊക്കെ ഫെമിനിസ്റ്റിന്റെ കാര്യ്ം പറഞ്ഞോണ്ടു വരുന്നത്.

ഫെമിനിസ്റ്റുകള്‍ സാന്റോസിന്റെ ഒരു weakness ആയതു പോലെ.

sandoz said...

ഹ.ഹ.ഹ..ചേച്ചിയേ...
എന്നെ തല്ല് കൊള്ളിച്ചിട്ടേ അടങ്ങുകയുള്ളൂ അല്ലേ....

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

സംഭവം കൊള്ളാം..... വെര്‍തെ ഒരുത്തന്‌ പണി കൊടുത്തൂലേ..... ഒരു പ്രകോപനോം ഇല്ലാതെ തോമേടെ മെക്കട്ട് കേറീതിന്റെ ഗുട്ടന്‍സ് എത്ര അലോചിച്ചിട്ടും പിടി കിട്ടുന്നില്ല.....

Sharu (Ansha Muneer) said...

അനൂ‍..... ഇതിനെന്താ കമ്മന്റ് ഇടുക.... വളരെ നന്നാകുന്നുണ്ട്...നല്ല ശൈലി ആണ്..

Surya said...

wah wah....kadhakal thudaranam...