Wednesday, July 18, 2007

ക്ലാസ്സ് ടെസ്റ്റ്

ഞങ്ങളുടെ കോളേജിന്‍റെ പേര്, സി.ഇ.എ(കോളേജ് ഓഫ് എന്‍ജിനീയറിംഗ് അടൂര്‍) എന്നായിരുന്നെങ്കിലും, അടുരില്‍ നിന്നും 4കി.മി. അകലെ മണക്കാല എന്ന സ്ഥലത്തായിരുന്നു പ്രസ്തുത സംഭവം. അതുകൊണ്ട് തന്നെ രാവിലെ എന്നും പ്രൈവറ്റ് ബസുകാരുടെ തെറിയും, കണ്ടക്ടറുമായി കണ്‍സഷനു വേണ്ടിയുള്ള ഒരു ഉന്തും തള്ളുമൊക്കെ കഴിഞ്ഞാണ്‌ ക്ലാസ്സിലെത്തുക. ക്ലാസ്സ് സാധാരണ പോലെ 9.30ന് തുടങ്ങുമെങ്കിലും കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞ് ക്ലാസ്സിലെത്തുമ്പൊള്‍ പത്ത് മണിയാകാറാണ്‌ പതിവ്.

ഞങ്ങളുടെ ഹോസ്റ്റലിന്‍റെ പേരു ഒരു ഓളത്തിനു വേണ്ടി ഡ്രീംസ് എന്ന് പരിഷ്ക്കരിച്ചിരുന്നു. അവസാനം അറംപറ്റിയതുപോലെ, ഞങ്ങള്‍ പതിനൊന്നു പേരും ഓളവും ഡ്രീംസുമൊക്കെയായി എന്നുള്ളത് വേറൊരു കഥ - അതു ഞാന്‍ പിന്നീട് പറയാം.

സെമസ്റ്റര്‍ 3യില്‍ ഞങ്ങളെ ഇലക്ട്രോണിക്സിന്‍റെ ഒരു പേപ്പര്‍ പഠിപ്പിച്ചത് ജോസഫ് സാറായിരുന്നു. മറ്റെല്ലാ സാറുമാരെയും പോലെ പഠിച്ചാല്‍ നിനക്കൊക്കെ കൊള്ളാം എന്ന മനോഭാവത്തോടെയുള്ള ആളായിരുന്നു സാറും.

അങ്ങനെയിരിക്കെ ഒരു ചൊവ്വഴ്ചയാണ്‌ ഞങ്ങള്‍ക്കര്‍ക്കും അത്ര ഇഷ്ടപ്പെടാത്ത ഒരു കാര്യം പറഞ്ഞത്.

"മൊഡ്യൂള്‍ 1 ഇവിടെ തീര്‍ന്നു. നിങ്ങളില്‍ പലരും അറിഞ്ഞു കാണില്ല.. "

എങ്ങനെ അറിയും ക്ലാസ്സില്‍ കയറിയിട്ടു വേണ്ട. കയറിയാല്‍ തന്നെ കളംവെട്ടുകളി, ചിട്ടെഴുത്ത് എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ ബിസിയായിരുന്നു.

സാറിനെ തുറിച്ചു നോക്കിയിരുന്ന സുജിത്തിനെ നോക്കികൊണ്ട്, കാര്യം മനസ്സിലായ മട്ടില്‍ ഇങ്ങനെ പറഞ്ഞു.

"എന്നെ മനസ്സിലായിക്കാണില്ല അല്ലെ, ഞാനിവിടെ കഴിഞ്ഞ ഒരു മാസമായി ഇലക്ട്രോണിക്സ് എടുക്കുന്നു. എത്രയാ ചേട്ടന്‍റെ നമ്പര്‍?"

സുജിത്തൊന്നു പകച്ചു. " സാര്‍, നമ്പര്‍ അമ്പത്തൊന്ന്, അല്ല അമ്പത്തിര്ണ്ട്.. അമ്പത്തൊന്ന്.."

"ആ ആ.. മതി, മതി ... വിഷമിക്കേണ്ട. അടുത്ത ദിവസം പറഞ്ഞാല്‍ മതി. എടോ റെപ്പേ അവനയൊന്നു സഹായിച്ചേക്കണം"

"സാറേ, റെപ്പിന്നു വന്നട്ടില്ല, പനി".

"കൊള്ളാം, ം മ്... അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് മൊഡ്യൂള്‍ 1 തീര്‍ന്നു. അടുത്ത ബുധനാഴ്ച ക്ലാസ്സ് ടെസ്റ്റ് ഉണ്ടാകും. ഇതും ഇന്‍റേണല്‍സില്‍ വരുന്ന മാര്‍ക്കാണ്‌."

ഇത്രയും പറഞ്ഞ ഞങ്ങളുടെ ഒരു മറുപടിക്ക് പോലും കാത്തു നില്‍ക്കാതെ സാര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയി. ഞാനും അനൂപ് ആന്‍റണിയും ജിബിനും പരസ്പരം നോക്കി. ബുധനാഴ്ച ഫസ്റ്റ് അവറാണ്‌ ക്ലാസ്സ് ടെസ്റ്റ്.

ചൊവ്വാഴ്ച രാത്രി, ഒരു പത്തുമണിയായിക്കാണും.. ഞാനും അനൂപും സതീശ്ഷും പാണ്ടി റോബിനുമൊക്കെ പന്നിമലത്തുകായായിരുന്നു - അതെ ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ്‌ ജിബിന്‍ വന്നു പറയുന്നത് "എടാ നാളെ ഇലക്ട്രോണിക്സിന്‍റെ ക്ലാസ്സ് ടെസ്റ്റ്..."

"എന്‍റെമ്മോ..... എടാ മറന്നു പോയല്ലൊ... വല്ലതും അറിയാമൊ..? , ഏതാ മൊഡ്യൂള്‍..?"

"സെക്കന്‍ര്‍ മൊഡ്യൂള്‍ ആണൊ..?"

"സെക്കന്‍ര്‍ മൊഡ്യൂള്‍ കഴിഞ്ഞൊ.... ഫസ്റ്റാകും... വാ എന്തെങ്കിലും നോക്കണ്ടെ...?"

"അളിയാ ഞങ്ങള്‍ പോയി എന്തെങ്കിലും നോക്കട്ടെ... അല്ലെങ്കില്‍ കലിപ്പാ.."

"ഡാ, ഈ കളി തീര്‍ത്തിട്ടു പോടാ.."

"നീ പോടാ, ഇലക്ട്രോണിക്സ് എടുത്തത് നിന്‍റെയൊക്കെ ഭാഗ്യം. ദൈവമെ ഞങ്ങള്‍ കമ്പ്യൂട്ടേഴ്സിനെ ഈ ക്ലാസ്സ് ടെസ്റ്റുകള്‍ മുഴുവന്‍..."

"എന്തായാലും ഈ റൌണ്ട് കൂടി കളിക്കാമെടാ.."

അങ്ങനെ ആ കളി കൂടി കഴിഞ്ഞപ്പോള്‍ 12 മണിയായി.

"അളിയാ, 12 മണിയായല്ലൊ..." , ഞാന്‍ അനൂപിനോട് പറഞ്ഞു.

"നമ്മുക്കു വെളുപ്പിനെ 4 മണിക്ക് എഴുന്നേറ്റിരുന്നു പഠിക്കാമെടാ.."

"അത്രക്ക് രാവിലെ എഴുന്നേല്‍ക്കണോടാ..?"

"എന്നാല്‍ 4.30 ആയിക്കോട്ടെ.. "

"ഓക്കെ... അപ്പോള്‍ ഗുഡ്നൈറ്റ്..." "ഓ.."

രാവിലെ എഴുന്നേറ്റു. സമയം 7.50. "ദൈവമെ, കലിപ്പായൊ...?"

അപ്പോള്‍ അനൂപിന്‍റെ ശബ്ദം കേട്ടു.

"എടാ, എന്‍റെ പേസ്റ്റ് തീര്‍ന്നു. ... തെണ്ടികള്‍ എല്ലാരും പോയൊ.."

"ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേയുള്ളു.. ", ഞാന്‍ അനൂപിനോട് പറഞ്ഞു.

"ഡാ, എല്ലാവരും പോയി....ഞാനും നീയും ജിബിനുമേ ഉള്ളൂ..."

"അളിയാ, ടെസ്റ്റ് കുളമായല്ലോ... ഒന്നും പഠിച്ചില്ല.. "

"നീ വേഗം റെഡിയാക്.. അവിടെ 9.30ക്ക് എത്തണ്ടെ,..."

അങ്ങനെ രാവിലത്തെ കലാപരിപടികളെല്ലാം കഴിഞ്ഞു റെഡിയായപ്പോള്‍ സമയം 8.50.

"ഡാ, വേഗം വാ, 9.10ന്‍റെ രാജധാനിക്ക് പോകണം..."

ബസ്സ് സ്റ്റോപ്പിലേക്ക് കുറച്ച് നടക്കണം. അടുത്തവീട്ടില്‍ നിന്നും കുക്ക് കൊണ്ടുവച്ച ചപ്പാത്തി ഞാനും ജിബിനും കൂടെ ഒരു വിധത്തില്‍ വലിച്ചു രണ്ടായിക്കീറി.

"അളിയാ, എന്തുവാടാ, ചപ്പാത്തി തന്നെയാണൊ...", ഞാന്‍ ജിബിനോട് ചോദിച്ചു.

അപ്പോള്‍ അനൂപ് അകത്തു നിന്നു വിളിച്ചു പറഞ്ഞു.

"ഡാ, എന്‍റെ അമ്പതു പൈസ, ഈ മേശയുടെ മുകളില്‍ വച്ചിരുന്നത് കാണുന്നില്ല.. അങ്ങോട്ട് പോകാന്‍ കാശില്ല..നിങ്ങളു കണ്ടോ..."

"സോറി അളിയാ, അതു ഞാന്‍ ചായയുടെ കുടെ അങ്ങു തിന്നു.. നീ വരണുണ്ടോ.. വണ്ടി പോകും... കാശ് ജിബിനിടുത്തോളും.. അല്ലെ ജിബിനെ.. ", ഞാന്‍ പറഞ്ഞു.

"ഡാ, അതു രാവിലെ റോബിന്‍ ഒരു പിച്ചക്കാരന്‍ വന്നപ്പോള്‍ എടുത്തു കൊടുത്തു..", ജിബിന്‍ വിളിച്ചു പറഞ്ഞു.

"ആഹാ, വൈകുന്നേരത്തേക്കുള്ളതായി.. പാവം റോബിന്‍...." ഞങ്ങള്‍ ചിരിച്ചു.

"ഡാ, താക്കോലെവിടെ...ആ കിട്ടി.."

മുറിപൂട്ടി താക്കോല്‍ പടിക്കു മുകളില്‍ വച്ചിട്ട് ഞങ്ങള്‍ ബസ്സ് സ്റ്റോപ്പിലേക്കോടി.

സ്റ്റോപ്പിലെത്തിയപ്പോഴേക്കും രാജധാനി സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞിരുന്നു. റോഡ് ക്രോസ്സ് ചെയ്തപ്പോളേക്കും വണ്ടി എടുത്തു..

"ചേട്ടാ, വണ്ടി ഒന്നു നിര്‍ത്തു.. ", ഞങ്ങള്‍ ഡ്രൈവറോടു വിളിച്ചു പറഞ്ഞു.

"പിന്നെ, നിന്‍റെയൊക്കെ അപ്പന്‍റെ വകയാണല്ലൊ ബസ്സ്, എന്ന റോളില്‍ നോക്കികൊണ്ട് പുള്ളി വണ്ടിയൊടിച്ചു പോയി. അകത്തിരുന്നു ഇബിയിലെ പ്രീജയും സോണിയയും ഞങ്ങളെ നോക്കി ചിരിച്ചു. " ശവങ്ങള്‍..."

"അളിയാ, എക്സാം.. ഇനി 9.40ന്‌ യൂണിയനെ ഉള്ളു.. അവിടെ എത്തുമ്പോള്‍ 10 മണിയാകും. ലേറ്റ് ആയതിന്‌ എന്തു പറയും?.."

"കറന്‍റില്ലായിരുന്നു.. വെള്ളമില്ലായിരുന്നു. എന്നൊക്കെ പറയാം... സാര്‍ കുഴപ്പമില്ലെടാ.."

അങ്ങനെ യൂണിയനില്‍ കയറി, ഒരു വിധത്തില്‍ 9.55 ആയപ്പോള്‍ ഞങ്ങള്‍ മുന്നും കൂടി ക്ലാസ്സിന്‍റ ഫ്രണ്ടിലെത്തി.

എല്ലാവരും ഇരുന്നു എക്സാം എഴുതുന്നു. സാറും ക്ലാസ്സിലുണ്ട്.

"എക്സ്ക്യൂസ്മി സാര്‍...", ഞങ്ങള്‍ വിളിച്ചു.

സാര്‍ വാച്ചില്‍ നോക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് മറ്റാരും കേള്‍ക്കാതെ ഞങ്ങളോടായി പതുക്കെ ചോദിച്ചു.

"എന്തുപറ്റി...?"

"സാര്‍, കറന്റില്ലായിരുന്നു.. കോര്‍പ്പറേഷന്‍ വാട്ടറുമില്ലായിരുന്നു.. പിന്നെ കറന്‍ര്‍ വന്ന് മോട്ടര്‍ അടിച്ചു കുളിച്ചപ്പോഴേക്കും ലേറ്റ് ആയിപ്പോയി.."

"അയ്യൊ, കഷ്ടമായിപ്പോയല്ലൊ, മൂന്നു പേരും ഒരേ ഹോസ്റ്റലിലാ...?"

"അതെ സാര്‍..."

"അപ്പൊള്‍ കുളിക്കാറൊക്കെയുണ്ടല്ലെ..." ഞങ്ങള്‍ പരസ്പരം നോക്കി.

"അല്ലെങ്കിലും ഈ അടുരില്‍ ഇങ്ങനെയാ... കറന്‍റും വെള്ളവും ഒന്നും ഉണ്ടാകാറില്ല... ഞാനും ഇടയ്ക്കനുഭവിച്ചിട്ടുണ്ട്,.,." സാര്‍ തുടര്‍ന്നു.

സംഗതി ഏറ്റ മട്ടില്‍ ഞങ്ങള്‍ പരസ്പരം നോക്കി.

"നിങ്ങളൊരു കാര്യം ചെയ്യ്.. ഓടി മടുത്തതെല്ലെ.. ലൈബ്രറിയിലൊ മറ്റൊ പോയിരുന്നു വിശ്രമിച്ചോളൂ... പൊയ്ക്കൊ..."

"സാരമില്ല സാര്‍ , ഞങ്ങള്‍ എക്സാം എഴുതിക്കോളാം...."

"ഓ, അതൊക്കെ ഒര്‍മ്മയുണ്ടോ.... സാരമില്ല.. എക്സാം അവരെഴുതുന്നുണ്ട്... നിങ്ങളു പൊയ്ക്കോളൂ..ആ ഐഡികാര്‍ഡ് ഇങ്ങു തന്നേക്കു.. ഇത് പ്രിന്‍സിപ്പാളിന്‍റെ കൈയില്‍ നിന്നും വാങ്ങിക്കോളൂ.."

"സാര്‍....!!!!"

സാറൊന്നും മിണ്ടാതെ ഐഡികാര്‍ഡുകളുമായി അകത്തേക്കു പോയി.. ഞങ്ങളവിടെ തരിച്ചു നിന്നു.തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സില്‍ നിന്നും ചിരി കേള്‍ക്കാമായിരുന്നു.
അതിനുശേഷം ഞങ്ങള്‍ എക്സാമുകള്‍ ഒന്നും മുടങ്ങാതെ നോക്കിയിരുന്നു. പ്രിന്‍സിപ്പളിനെ പേടിയായതു കൊണ്ടൊന്നുമല്ല, പഠിക്കാനുള്ള ആഗ്രഹം കൊണ്ടുമാത്രമായിരുന്നു, സത്യം.

7 comments:

അനു said...

കുറച്ചു നാളത്തെ ഇടവേളക്കു ശേഷമുള്ള എന്‍റെ പോസ്റ്റ്... ക്ലാസ്സ് ടെസ്റ്റ്...
ജില്ലം ..ജില്ലം..ജില്ലം... (പേടിക്കേണ്ടാ, ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിട്ടതാ..)
ഡെഡിക്കേറ്റട് റ്റു ആള്‍ കലിപ്സിയന്‍സ്..( ഞങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പാ...) :)

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

ആ ക്ലാസ്സ് ടെസ്റ്റ് ഏഴുത്യാലും ഇല്ല്യേലും കണക്കായിരുന്നു. അകത്തിരുന്ന്, കമ്പ്യൂട്ടര്‍ സയന്‍സിന്റെ സിലബസില്‍ ഇലക്ട്രൊണിക്സ് പേപ്പര്‍ കൊണ്ടിട്ടവന്റെ ബന്ധുക്കളുടെ സുഖവിവരം അന്വേഷിക്കയിരുന്നു ബാക്കി കൊറെ എണ്ണം. എന്തായലും ലൈബ്രറിയില്‍ പോയി നിന്റെ GK(യേത്..) കൂട്ടാന്‍ പറ്റീലോ....

അഞ്ചല്‍ക്കാരന്‍ said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അനൂ എന്താ ആ നാട്ടിലു ഓട്ടോ ഒന്നും കണ്ടു പിടിച്ചിട്ടില്ലേ? എത്ര ദൂരെ ആയിരുന്നു താമസം?
പോസ്റ്റ് കൊള്ളാം..

ഉണ്ണിക്കുട്ടന്‍ said...

ഓട്ടോ ഉണ്ടായിരുന്നിരിക്കണം പക്ഷേ 50 പൈസ കൊടുക്കാമെന്നു പറഞ്ഞാല്‍ അവരു വരുവോന്നാ..അല്ലേ..അനു.
[പഠിക്കുന്ന സമയത്ത് എന്റെ കയ്യില്‍ മിക്കപ്പോഴും അതുപോലുമില്ലായിരുന്നു.]

അനു said...

കുട്ടപ്പാ... തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞങ്ങളും അതിനെക്കുറിച്ചു സംസാരിച്ചായിരുന്നു :) പിന്നെ ജികെയും കൂടി കേട്ടൊ... ഏത്...?

കുട്ടിച്ചാത്താ ഉണ്ണിക്കുട്ടന്‍ പറഞ്ഞതുപോലെ അക്കാലത്ത് അമ്പതുപൈസ പോലും പഠിക്കുന്ന കാര്യത്തിനു ചെലവാക്കാനില്ലായിരുന്നു. പിന്നെ സിനിമക്ക് ഒക്കെ പോകാന്‍ കാശു വേണ്ടെ... അതെടുത്ത് ഒരു ക്ലാസ്സ് ടെസ്റ്റിന്‌ പോകാന്‍ പറ്റുമോ? പക്ഷെ പോയേക്കാമായിരുന്നു എന്ന് പിന്നീട് തോന്നി.. :)

അഞ്ചല്‍ക്കാരാ, ഇതു ബെര്‍ളിത്തരങ്ങളല്ലേ............. :)

ഉണ്ണിക്കുട്ടാ :)

Sharu (Ansha Muneer) said...

അതെന്താ അനു പെട്ടെന്നു പഠിക്കാന്‍ ആഗ്രഹം വന്നത്... ???