Thursday, July 19, 2007

റാഗിംഗ് വീരന്‍

കോളേജില്‍ പഠിക്കുന്ന കാലത്ത് ഫസ്റ്റ് ഇയര്‍ ഓരോ ദിവസവും ആഷ്‌ലിയും ജയകുമാറും നവീനുമൊക്കെ റാഗിംഗിന് വിളിക്കുമ്പോഴും, അതു വൈകിട്ട് ഹോസ്റ്റലില്‍ വന്നു എല്ലാവരോടും പറയുമ്പോഴും മനസ്സിലുറപ്പിക്കുമായിരുന്നു - ഞാന്‍ സീനിയര്‍ ആയാല്‍ ഒരു ജൂനിയറിനെപ്പോലും റാഗ് ചെയ്യില്ല.. എല്ലാവരോടും നല്ല കമ്പനിയായിരിക്കും. ഹോസ്റ്റലിലെ ചര്‍ച്ചക്കിടയില്‍ പലപ്പോഴും ആന്‍റി റാഗിംഗ് സെല്‍ തുറക്കുന്ന കാര്യം വരെയും ഞങ്ങളെല്ലാവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെതന്നെയാണെന്നു തോന്നണു, ഞങ്ങളുടെ ബാച്ചിന്‍റെ ആദ്യത്തെ ജൂനിയേഴ്സ് വന്ന ആദ്യ ദിവസം തന്നെ ഞങ്ങള്‍ വളരെ നല്ല രീതിയില്‍ റാഗിംഗ് തുടങ്ങി. ജൂനിയേഴ്സിന്‌ ക്ലാസ്സ് തുടങ്ങിയ ആദ്യ ദിവസം തന്നെ ഞാനുള്‍പ്പെടുന്ന എന്‍റെ ബാച്ചിലെ കമ്പ്യൂട്ടേഴ്സ് ക്ലാസ്സ് മാസ്സ് കട്ട് ചെയ്ത്, ഇലക്ട്രോണിക്സിന്‍റെയും മെക്കാനിക്കലിന്‍റെയും മുന്നില്‍ ചെന്നു ഒരു ജാഡയൊക്കെ കാണിച്ചു നേരെ ജൂനിയേഴ്സിന്‍റെ ബില്‍ഡിംഗിലേക്ക് വച്ചു പിടിച്ചു.

ഞങ്ങള്‍ എല്ലാവരും ആദ്യം തന്നെ പല ബാച്ചുകളായി, ഓരോന്നും ഒരോ ക്ലാസ്സിലേക്ക് കയറി. ഞങ്ങള്‍ കയറിയതും ക്ലാസ്സാകെ സൈലന്‍റായി. ആകെപ്പാടെ ഒരു ശ്മശാനമൂകത എന്നൊക്കെ പറയാം, ഒരു പിന്നിട്ടാല്‍ അതു നിലത്തുവീഴുന്ന ശബ്ദം വരെ കേള്‍ക്കുന്ന അവസ്ഥ. ഞങ്ങളെല്ലാര്‍ക്കും ചിരി വന്നു - എന്നിട്ടു മനസ്സില്‍ ചിരിച്ചു - ബുഹഹാ ഹാ... ജൂനിയേഴ്സിന്‍റെ മുന്നില്‍ വച്ചു ഉറക്കെചിരിച്ച് ഗൌരവം കളയാന്‍ പറ്റില്ലല്ലൊ - ചേട്ടന്മാരല്ലെ.

അങ്ങനെ ക്ലാസ്സില്‍ അവിടുന്നും ഇവിടുന്നും ഓരോരുത്തരെ പൊക്കി, പാട്ടുപാടിക്കാനും മെക്ക് സല്യൂട്ട് അടിപ്പിക്കാനും തുടങ്ങി - ഇതൊരു പ്രത്യേക സല്യൂട്ടായിരുന്നു. പാരമ്പര്യമായി റാഗിംഗില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട കല. ക്ലാസ്സിനു മുന്നില്‍ ചെന്ന് എല്ലാവര്‍ക്കും അഭിമുഖമായിനിന്ന് ഇടതു കൈയ് കാലിനിടയില്‍ പിടിച്ച് ഉയര്‍ന്ന് ചാടി വലതു കൈകൊണ്ട് സല്യൂട്ട് ചെയ്യണം. തെറ്റിച്ചാല്‍ വീണ്ടും - അങ്ങനെ ശരിയാകുന്നതുവരെ. ഗേള്‍സിനെ സാധാരണയായി ഇങ്ങനെ ചെയ്യിക്കാറില്ല. ജൂനിയേഴ്സായിരുന്നപ്പോള്‍ ഞാനൊക്കെ എത്ര തവണ മെക്ക് സല്യൂട്ട് അടിച്ചിരിക്കുന്നു എന്നെനിക്ക് തന്നെ ഓര്‍മ്മയില്ല. ആ ഒരു ദേഷ്യത്തിന്‌ ഞാനും മൂന്നലെണ്ണത്തിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു. അങ്ങനെ ഓരൊരുത്തരെയും കൊണ്ട് സല്യൂട്ടടിപ്പിച്ചും പാട്ടുപാടിച്ചും ഞങ്ങള്‍ ചേട്ടായിമാര്‍ അങ്ങട് ആര്‍മ്മാദിച്ചു. ഇതിനിടയില്‍ ക്ലാസ്സിലെ ജൂനിയര്‍ സുന്ദരിമാരെ പരിചയപ്പെടാനും പഞ്ചാര അടിക്കാനും അവരുടെ ഡീറ്റെയില്‍സ് കളക്ട് ചെയ്യാനും ചിലരെയൊക്കെ 'ബുക്ക്' ചെയ്യാനും മറന്നില്ല. അങ്ങനെ ബുക്ക് ചെയ്യുന്നവരോട് " എന്തു പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി" എന്ന് വളരെ ഉത്തരവാദിത്തത്തോടെ പറയാനും 'ഓണേഴ്സ്' മറന്നില്ല.

ഞങ്ങളാകെപ്പാടെ ബിസിയായതുപോലെയായി. 'ഓണേഴ്സ്' എല്ലാവരും തങ്ങളുടെ 'കൊച്ചി'ന്‍റെ മുന്‍പില്‍ ആളാകാന്‍ വേണ്ടി ഷര്‍ട്ടും പാന്‍റ്സും അലക്കിതേക്കാനും, ആഴ്ചയിലൊന്നും മാത്രം കുളിച്ചിരുന്ന 'കിടുക്കള്‍' ദിവസവും രാവിലെ കുളിച്ച്, നമ്മളൊരു ദൈവവിശ്വാസിയും പാപിയും - സോറി, പാവവും ആണെന്നു കാണിക്കാന്‍ വേണ്ടി കുറിവരെ തൊടാന്‍ തുടങ്ങി. തങ്ങളുടെ 'കൊച്ച്' ഹിന്ദുവാണെങ്കില്‍ ഇനി ആള്‍ക്കൊരു വെറുപ്പുതോന്നേണ്ട എന്നു കരുതി ചില അച്ചായന്‍ ചേട്ടായിമാര്‍ കുറിതൊടുകയും, സംസാരം ഒരു നമ്പൂരി സ്റ്റൈലില്‍ "എന്ത്യേടാ", "നൊം പറയണത് കുട്ട്യങ്ങട് കേള്‍ക്കാ" എന്നൊക്കെയുള്ള ലെവലിലാക്കി. ഫസ്റ്റ് ഇയര്‍ ഒരു ക്ലാസ്സിലും കയറാതെ, പ്രോക്സിയുടെ ബലത്തില്‍ അറ്റന്‍ഡന്‍സ് കിട്ടി, ഇയര്‍ അവട്ടാകാതെ രക്ഷപെട്ട്, വീട്ടിലില്‍ പകലന്തിയോളം കഷ്ടപ്പെട്ട് പന്നിമലത്തിയിരുന്ന മച്ചാന്മാരും, സെമസ്റ്റര്‍ മാറിയതുപോലും അറിയാതെ ഫസ്റ്റ് ഇയറിലെ ഒരു ബുക്കുമായി ( ഒരു ബുക്കുപോലും ഇല്ലെങ്കില്‍ ബസ്സില്‍ കണ്‍സ്സഷന്‍ കിട്ടാന്‍ പാടാണത്ര) ജൂനിയേഴ്സ് വന്നതോടെ എന്നും ക്ലാസ്സില്‍ ഹാജരു വയ്ക്കാന്‍ തുടങ്ങി. ഞങ്ങളുടെ ബാച്ചിലെ ഉയര്‍ന്ന അറ്റന്‍ഡന്‍സ് കണ്ട് പ്രിന്‍സി, ഡെപ്.ഹെഡായിരുന്ന മഞ്ജുമിസ്സിനെ അഭിനന്ദിച്ച സ്ഥിതി വരെയായി.

വൈകുന്നേരം ജൂനിയേഴ്സിനെയെല്ലാം ഹോസ്റ്റലുകളില്‍ എത്തിച്ചുകഴിഞ്ഞ് സ്വന്തം മാളങ്ങളില്‍ എത്തുമ്പോഴേക്കും ഞങ്ങളെല്ലാം വല്ലാതെ 'ടയേര്‍ഡ്' ആകുമായിരുന്നു. ശ്ശൊ, എന്തൊരു കഷ്ടപ്പാടായിരുന്നെന്നൊ. പിന്നെ അര്‍ദ്ധരാത്രി വരെ ഞങ്ങളെല്ലാവരും ബിസി ആയിരിക്കും - നാളെ ഇറക്കേണ്ട വെറൈറ്റി റാഗിംഗ് നമ്പരുകളുടെ തീരുമാനമാകുമ്പോഴേക്കും അര്‍ദ്ധരാത്രിയാകും - ചീട്ടുകള്‍ക്കൊക്കെ വിശ്രമകാലമായി. അത്ര ബിസിയായതുകൊണ്ട് അസൈന്‍മെന്‍റ്സ് ഒക്കെ ജൂനിയേഴ്സിനെക്കൊണ്ട് എഴുതിക്കാനും ഞങ്ങള്‍ ഐക്യകണ്ഠേന തീരുമാനമെടുത്തു. ചില 'ഓണര്‍മാര്‍' ജൂനിയേഴിസുനും അസൈന്‍മെന്‍റ്സ് എഴുതിക്കൊടുക്കാറുണ്ടായിരുന്നു -

" ഡാ പാവം അവള്‍ക്കു നാളെ രണ്ട് ക്ലാസ്സ് ടെസ്റ്റുണ്ടെഡാ... പിന്നെ എനിക്ക് സപ്ലിക്ക് പഠിക്കാനും പറ്റുമല്ലോ.."

"ഉവ്വ, ഉവ്വേ"

"അതേടാ സത്യം, അല്ലാതെ അവളെ ലൈന്‍ അടിക്കാനൊന്നുമല്ല.. ഞങ്ങളു നല്ല ഫ്രണ്ട്സാ ..." അങ്ങനെ പോകും ന്യായീകരണങ്ങള്‍.

"റാഗിംഗ് ആക്ച്വലി വേണം അളിയാ, എന്നാലെ എല്ലാവര്‍ക്കും ഒരു മനധൈര്യം ഒക്കെ വരൂ"

"അതേഡാ, നീ പറഞ്ഞതു ശരിയാ...നമ്മളെ റാഗ് ചെയ്തതുകൊണ്ടാ നമ്മുക്ക് ഇത്ര ധൈര്യം ഉണ്ടായത്".............


ആന്‍റി റാഗിംഗ് സ്ക്വാഡ് ഉണ്ടാക്കാന്‍ മെഴുകുതിരി നാളത്തിനു മുകളില്‍ കൈപിടിച്ചു റാഗിംഗ് ചെയ്യില്ല എന്നു ഫസ്റ്റ് ഇയറില്‍ വച്ച് ഭീക്ഷ്മപ്രതിജ്ഞ എടുത്ത ഞങ്ങളുടെ എല്ലാം ഡയലോഗുകളെല്ലാം പെട്ടെന്ന് ഈ സ്റ്റൈലായി - വളരെ സിംപിളായി മാറി.

അങ്ങനെ യൂണിവേഴ്സിറ്റി എക്സാമിനു പോലും അലാര്‍മം വയ്ക്കാത്ത ഞങ്ങള്‍ രാവിലെ അലാര്‍മം വച്ച് എഴുന്നേറ്റ് ( രാവിലെ ഒത്തിരി പണിയുണ്ടെ, കുളിക്കണം, അയണ്‍ ചെയ്യണം, പിന്നെ എനിക്ക് എക്സ്ട്രാ പണിയായി ഹോസ്റ്റലിലെ അച്ചായന്മാര്‍ക്ക് കുറി തൊട്ടുകൊടുക്കണം), നാദത്തിലെയും, നയനത്തിലെയും, എം.കെ.ആര്‍ലെയും ( :) സ്മൈലിയുടെ അര്‍ത്ഥം മനസ്സിലായല്ലൊ അല്ലേ ) റിലീസിംഗ് പടങ്ങള്‍ കാണാന്‍ മാറ്റി വച്ചിരുന്ന കാശെടുത്ത് വാങ്ങിയ പെര്‍ഫ്യും അടിച്ച് കുട്ടപ്പന്മാരായി, എന്നും അല്പം പോലും ലേറ്റ് ആകാതെ, 9.10ന്‍റെ രാജധാനിക്ക് കയറി റാഗ് ചെയ്യാന്‍ - സോറി പഠിക്കാനായി കോളേജിലേക്ക് പോയിരുന്നു.

ജൂനിയേഴ്സിന്‍റെ ക്ലാസ്സുകള്‍ ക്യംപസിന്‍റെ വേറൊരു ഭാഗത്തെ ബില്‍ഡിംഗിലായിരുന്നു. ഞങ്ങള്‍ക്ക് റാഗ് ചെയ്യാന്‍ സൌകര്യത്തിനെന്നപോലെ, ലാബുകളെല്ലാം ആ ബില്‍ഡിംഗിലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ഞാനും എന്‍റെ ക്ലാസ്സിലെ ജോജിയും ലാബിലേക്ക് പോവുകയായിരുന്നു. കുറച്ചങ്ങു നടന്നതേയുള്ളു, ഒരു പറ്റം ജൂനിയര്‍ ഗേള്‍സ് നടന്നു വരുന്നു, ഇതില്‍പ്പരം സന്തോഷം വല്ലതുമുണ്ടോ. ഞങ്ങളവരുടെ മുന്നിലെത്തി.

"ആ തീവണ്ടി നില്‍ക്കട്ടെ..", അവരെ കൈകാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"നിന്‍റെ പേരെന്താടി....", കൂട്ടത്തില്‍ സുന്ദരിയോട് ഞാന്‍ കലിപ്പിച്ചു.

"വീണ..."

"വീനയോ..... നീ എന്താടി ഭൂമീന്ന് പൊട്ടിമുളച്ചതാണോ...? മുഴുവന്‍ പേരു പറയെടി.."

"വീണ മുരളി..."

"അളിയാ വാ നമുക്ക് പോകാം..", ജോജി പറഞ്ഞു.. ഞാനവനെ ഒന്നു നോക്കി. ഇവനെന്തുപറ്റി ചക്കരക്കുടം കിട്ടിയിട്ട്......വെറുതെ പോകാനൊ..

"ആ വീണയൊരു പാട്ടുപാടിക്കെ....." , ഞാന്‍ പിന്നേം...

"ഡാ , വാ പോകാം..", അവന്‍ പിന്നേം.. അത്ര ധൃതി ആണെങ്കില്‍ നീ പൊയ്ക്കൊ. അവന്‍ അതു കേള്‍ക്കേണ്ട താമസം അവിടെ നിന്നുപോയി....

"ഠപ്പ്, ഠപ്പ്,ഠപ്പ്..." ,

എന്‍റെ പുറകില്‍ നിന്ന് ഒരു ശബ്ദം. ഏതു തെണ്ടിയാടാ അത് എന്ന റോളില്‍ ഞാന്‍ തിരിഞ്ഞു നോക്കി. അയ്യൊ ആന്‍റി റാഗിംഗ് സ്ക്വാഡ് [വായിനോക്കി] ബിനുലാല്‍ സാറും എന്‍റെ എച്ച്.ഒ.ഡി. മഞ്ജുമിസ്സും എന്നെ ഞങ്ങളുടെ ബില്‍ഡിംഗില്‍ നിന്ന് കൈകാട്ടി വിളിക്കുന്നു.

"ദൈവമേ, പണികിട്ടി..", എന്‍റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി...അവളുമാരെല്ലാം ചിരിതുടങ്ങി.

"ചിരിക്കേണ്ടാ, ഞാന്‍ പിന്നെപ്പിടിച്ചോളാം", എന്ന് ഗൌരവം വിടാതെ അവരോട് പറഞ്ഞിട്ട് ഞാന്‍ സ്റ്റാഫ് റൂമിലേക്ക് നടന്നു.

ജോജി തിരക്കുപിടിച്ചതെന്തിനാണെന്ന് അപ്പോളാണ്‌ മനസ്സിലായത്. ജൂനിയേഴ്സിന്‍റെ മുന്പില്‍ വച്ച് സാറിന്‍റെ കാര്യം പറഞ്ഞാല്‍ ഇമേജ് പോകുമെന്ന കാരണം കൊണ്ട് അവര്‍ വിളിക്കുന്ന കാര്യം പറയാന്‍ അവനും പറ്റിയില്ല. അവന്‍ രക്ഷപെട്ടു. ഞാന്‍ സ്റ്റാഫ് റുമിന്‍റെ മുന്‍പിലെത്തി വിനയാന്വിതനായി നിന്നു...

"ഇങ്ങോട്ടു വാടാ, ഹൊ.. അവന്‍റെയൊരു വിനയം കണ്ടില്ലേ.....", മന്ദം മന്ദം കയറിച്ചെന്ന എന്നെ നോക്കി ബിനുലാല്‍ പറഞ്ഞു. മഞ്ജുമിസ്സിനു ചിരി വന്നു.

"തെണ്ടി.." , ഞാന്‍ മനസ്സില്‍ പറഞ്ഞു..


"നീ ഏതാടാ ക്ലാസ്സ്...എന്താ പേര്? ", ബിനുലാല്‍ കലിപ്പിക്കാന്‍ തുടങ്ങി.

"കമ്പ്യൂട്ടറിലല്ലെ... ", മഞ്ജുമിസ്സ് ചോദിച്ചു. ഞാന്‍ തലയാട്ടി.

മഞ്ജുമിസ്സ് തന്നെ എന്‍റെ പേരും പറഞ്ഞുകൊടുത്തു.

ദൈവമെ, എന്‍റെ പേരും മിസ്സിനറിയാമായിരുന്നൊ...

"നീ എന്തു ചെയ്യുകയായിരുന്നെടാ അവിടെ..?", ബിനുലാല്‍ കുരച്ചു.

"ഒന്നുമില്ല സാര്‍, അവര്‍ സാറിനെക്കാണാന്‍ വരികയായിരുന്നു, ഗ്രാഫിക്സിന്‍റെ സംശയം ചോദിക്കാന്‍.. പിന്നെ സൈനും മേടിക്കണമെന്നു പറഞ്ഞു.."

"അപ്പോള്‍ ഞാന്‍ ഇങ്ങോട്ടുള്ള വഴിപറഞ്ഞു കൊടുക്കുകയായിരുന്നു.." , ഞാന്‍ ഒരുഗ്രന്‍ നുണ തട്ടിവിട്ടു, ബിനുലാലിനെ ഒന്നു പൊക്കി. ഇയ്യാള്‍ തന്നെയായിരുന്നു, ഫസ്റ്റ് ഇയര്‍ ഗ്രാഫിക്സ് ലാബില്‍ ഞങ്ങള്‍ക്കും. ഗേള്‍സിനെല്ലാം നല്ലമര്‍ക്കു കൊടുക്കുകയും, ഞങ്ങള്‍ക്ക് കുറച്ചുമാര്‍ക്ക് തരികയും ചെയ്തിരുന്ന ദ്രോഹി.

"നേരാണോടാ നീ പറയുന്നത്, നീ അവരെ റാഗ് ചെയ്തില്ലെ...."

"അയ്യൊ ഇല്ല സാര്‍, പേരൊക്കെ ചൊദിച്ചതേ ഉള്ളൂ.."

"പേരു ചോദിച്ചു പരിചയപ്പെടാന്‍ നീ ആരെടാ, അതിനു ഞങ്ങളൊക്കെ ഇവിടെ ഉണ്ട്."

അതെനിക്കറിയാമെടാ....എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് മുഖം കുനിച്ചു നിന്നു.

"എടോ, തന്‍റെ ഐഡി ഇങ്ങു തന്നേക്ക്..", മഞ്ജുമിസ്സ് പറഞ്ഞു.

"അയ്യോ, മിസ്സ് ഞാനവരെ റാഗ് ചെയ്തില്ല...",

"ഞങ്ങളൊന്നന്വേഷിക്കട്ടെ...", ഞാന്‍ ഐഡി കൊടുത്തു. മിസ്സെന്നോടു പൊയ്ക്കൊളാന്‍ പറഞ്ഞു. ബിനുലാല്‍ എന്നെനോക്കി ക്രൂരമായി ചിരിച്ചു.

മരവിച്ച മനസ്സുമായി, കിട്ടാന്‍ പോകുന്നത് സസ്പന്‍ഷനാണൊ, റ്റിസിയാണൊ അത് ഇനി വല്ല ജയിലിലെ ഗോതമ്പുണ്ടായാണോ എന്നൊക്കെയ് ചിന്തിച്ച് ഒരു റോബോര്‍ട്ടിനെപ്പോലെ റാഗിംഗ് വീരന്‍ ക്ലാസ്സിലേക്ക് നടന്നു.






വാല്‍ക്കഷണം: മഞ്ജുമിസ്സ് പാവമായിരുന്നു. വൈകുന്നേരം എന്നെ വിളിച്ചു, ഇനി റിപ്പിറ്റ് ചെയ്യരുതെന്ന് വാണിംഗ് തന്നിട്ട് ഐഡി കാര്‍ഡ് തിരിച്ചു തന്നു.

14 comments:

അനു said...

കോളേജ് കഥകളുമായി എന്‍റെ പുതിയ പോസ്റ്റ്.............
റാഗിംഗ് വീരന്‍,......

ഡെഡിക്കേറ്റഡ് റ്റു കലിപ്സ്..... പിന്നെ ആള്‍ എക്സ് കോളേജിയന്‍സ്..

A Cunning Linguist said...

കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്ത് ഞാന്‍ 'റ' എന്ന് പറഞ്ഞപ്പോഴേക്കും എന്നെ കടിച്ചു കീറി തിന്നു!!!!......... ഇവിടെയെന്താ ആളനക്കം ഒന്നുമില്ലാത്തേ??... ശ്ശേ!.... ഈ ഇഞ്ചി ഒക്കെ എവിടെ???.....
മാഷെ കൊള്ളാം കേട്ടോ....... എന്ജിനീയറിങ്ങിനു പഠിക്കുവാണേല്‍, റാഗ്ഗിങ്ങ് വാങ്ങിക്കണം കൊടുക്കണം......

എവിടെയാ പഠിച്ചത്?

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

ചുള്ളാ, കൊള്ളാം ട്ടോ.....

കയ്യിലിരിപ്പ് കൊണ്ട് ഐഡി കാര്‍ഡ് ഇടയ്ക്ക് ഇടെ പണയം വയ്ക്കണ്ടി വരാറുണ്ടാല്ലെ..... സുനിലിനോട് പറഞ്ഞാല്‍ അഞ്ച്-ആറ് ഡ്യൂപ്ലികേറ്റ് കാര്‍ഡ് ഉണ്ടാക്കി തരുമായിരുന്നല്ലൊ.പിന്നെ ബിനുലാലും, ജോസഫ് സാറും ഒക്കെ പൊക്കുമ്പൊ "സര്‍, ഐഡി കാര്‍ഡ് വേണോ?" ന്ന് അങ്ങോട്ട് ചോദിക്കാമായിരുന്നു.

അനു said...

ശരിയാ.. ഞാനെ.. റാഗിംഗ് വേണ്ടതു തന്നെ.. :) :(

പിന്നെ ഇതിനു മുന്‍പുള്ള എന്‍റെ പോസ്റ്റ്കൂടെ വായിച്ചാല്‍ ഏതാണ്‌ കോളേജെന്നു മനസ്സിലാകും :)

അനു said...

കുട്ടപ്പാ, നമ്മുടെ സുനിലോ.. അവനങ്ങനെയും ഒരു കച്ചവടം ഉണ്ടായിരുന്നോ? കാശുകുറെ ഉണ്ടാക്കിക്കാണുമല്ലൊ...തെണ്ടി... :)

സജീ........:-) said...

എന്തുവാടെ പണിയൊന്നും ഇല്ലെ.....................?,

മുസാഫിര്‍ said...

ഒന്നും സംഭവിച്ചില്ല അല്ലെ ? കല്ലിയങ്കാട്ട് നീലി തുണച്ചു.

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

ബിസിനസൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മെയിന്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെ കൂടെ സബ്മിറ്റ് ചെയ്ത ഡ്യൂപ്ലികറ്റ് സൈന്‍, സീല്‍ ഒക്കെ വളരെ സിമ്പിള്‍ ആയി ഗഡി ശരി ആക്കിയിരുന്നു. അതൊക്കെ വച്ച് നോക്കുമ്പൊ ഐഡി കാര്‍ഡൊക്കെ നിസ്സാര കാര്യം....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഇതോ റാഗിങ്!! (കട് : ഇതോ അങ്കം ---ചന്തു സ്റ്റൈല്‍)

ഇതു വെറും വായ് നോട്ടം ആന്റ് പഞ്ചാരയടി എന്നു പറയാം റാഗിങാവുമ്പോള്‍ മിനിമം ഒരു തല്ലുകേസ് വേണ്ടേ?

തല്ലിയില്ലെങ്കിലും തല്ലാന്‍ മനസ്സില്‍ തോന്നിപ്പിക്കുന്ന ഒന്ന്..

മറ്റേ പട്ടം “റാഗിങ് വീരന്‍“ വേണമെങ്കില്‍ കുറച്ചൂടി ഭീകര കഥ പറയൂ.

അനു said...

ചാത്താ നാറ്റിക്കല്ലേ........ പുകയിലയും മുറുക്കാനും തരാം... ചാത്തന്മാര്‍ക്ക് മുറുക്കാനിഷ്ടമാണെന്നു കേട്ടിട്ടുണ്ട്.. ചാത്തന്‌ ഏതു പുകയിലയ വേണ്ടത്..? തെക്കനൊ, വടക്കനൊ.. :)

ജയകൃഷ്ണന്‍ said...

നന്നായിട്ടുണ്ട് ജീവിതത്ത്തിന്റ കുറച്ചുകാലം പിറകൊട്ടു ഓര്‍മ്മകളെ കൊണ്ടുപൊയതിനു നന്ദി...

Sharu (Ansha Muneer) said...

ആദ്യമായിട്ടാണ് ഇവിടെ.... കോളേജുകാലം ഒര്‍മ്മ വന്നു.... രസകരമായി എഴുതിയിട്ടുണ്ട്.

ദിയ കണ്ണന്‍ said...

നന്നായിട്ടുണ്ട് :)

അനു said...

ഷാരു, ദിയ : നന്ദി.
പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ട്, വായിച്ച് അഭിപ്രായം അറിയിക്കുമല്ലൊ? :)