Sunday, March 16, 2014

വിധേയന്‍

ദൈവമെ, ഇന്നും രക്ഷയുണ്ടെന്നു തോന്നുന്നില്ല. ഇന്നലത്തെ ക്ഷീണം ഇനിയും മാറിയിട്ടില്ല, ഇങ്ങനെ പോയാല്‍ ഈ ലോകത്ത് ആദ്യമായി ഇങ്ങനെ മരിക്കുന്നയാള്‍ ഞാനകുമെന്ന് തോന്നുന്നു. ഈ നരകത്തില്‍ നിന്നെന്നെ രക്ഷിക്കാന്‍ ഈശ്വരനു പോലും പറ്റുമെന്നു തോന്നുന്നില്ല.

ശരീരമാകെ ഒടിഞ്ഞു നുറുങ്ങുന്ന വേദന. നടുവനക്കാന്‍ വയ്യ.

"എടാ, ചന്ദ്രാ.....രാമുവിനെ ഇതുവരെ റെഡിയാക്കിയില്ലേ?"

ദാക്ഷായണിക്കുഞ്ഞമ്മയുടെ ശബ്ദം കേട്ടു രാമു ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നു. രാമുവിനു ഇറങ്ങി ഓടണമെന്നുണ്ട്, എണീറ്റ് നില്‍ക്കാന്‍ കൂടെ പറ്റുന്നില്ല.

"ഇപ്പോള്‍ റെഡിയാക്കാം കുഞ്ഞമ്മാ..." ചന്ദ്രന്‍ ചേട്ടനാണ്. ഈ വീട്ടില്‍ എന്നോടല്പമെങ്കിലും സ്നേഹമുള്ള ഒരേ ഒരാള്‍. ചന്ദ്രന്‍ ചേട്ടന്‍ ഇവിടെയുള്ളതുകൊണ്ട് മാത്രമാണ്‌ ജീവന്‍ നിലനിന്നു പോകുന്നത്. സമയത്ത് കുറച്ചെങ്കിലും ആഹാരം കിട്ടുന്നത് ഈ മനുഷ്യന്‍ ഉള്ളതുകൊണ്ട് മാത്രമാണ്.

പക്ഷെ ചന്ദ്രന്‍ ചേട്ടനിപ്പോള്‍ തീരെ വയ്യ. 50 വയസ്സ് കഴിഞ്ഞതേയുള്ളൂവെങ്കിലും 70 വയസ്സിനു മേലെ തോന്നിക്കും. ചന്ദ്രന്‍ ചേട്ടനു വല്ലതും പറ്റിക്കഴിഞ്ഞാല്‍ പട്ടിണികിടന്നാണൊ മരിക്കുക അല്ലെങ്കില്‍ ഈ നശിച്ച ജോലി ചെയ്താണോ മരിക്കുക എന്നറിഞ്ഞൂടാ.

ദാക്ഷായണിക്കുഞ്ഞമ്മയ്ക്ക് ഒരു ദയയുമില്ല. എത്രയും കസ്റ്റമേഴ്സിനെ കിട്ടുന്നതൊ അത്രയും സന്തോഷം. ചന്ദ്രന്‍ ചേട്ടനാണ്‌ നല്ല ആരോഗ്യമുണ്ടെങ്കിലെ കസ്റ്റമേഴ്സ് വരൂ, എങ്കിലെ കൂടുതല്‍ കാശുണ്ടാക്കാന്‍ പറ്റു എന്നൊക്കെ പറഞ്ഞു ദാക്ഷായണിക്കുഞ്ഞമെയെ വിശ്വസിപ്പിച്ച് എനിക്ക് വേണ്ട ആഹാരമെല്ലാം സമയത്ത് തരുന്നത്. രാമുവിന്‌ ചന്ദ്രന്‍ ചേട്ടനാണെല്ലാം.

ദാക്ഷായണിക്കുഞ്ഞമ്മ വളരെ ചെറുപ്പത്തിലെ രാമുവിനെവളര്‍ത്താനെന്നു പറഞ്ഞു കൊണ്ടുവന്നതാണ്. മുറുക്കി ചുവപ്പിച്ചു വലിയ മൂക്കുത്തിയൊക്കെയിട്ടു അന്നെന്നെ വാങ്ങാന്‍ വന്നത് ഇപ്പോളും ഓര്‍ക്കുന്നു. കിങ്ങിണിയേയും ചക്കരയേയും ദാമുവിനെയും ഒക്കെ വിട്ടു പോരാന്‍ ശരിക്കു വിഷമമായിരുന്നു. പക്ഷെ എന്നെങ്കിലും ആരെങ്കിലുമൊക്കെ വന്നു ഞങ്ങളെ ഓരോരുത്തരെയും കൊണ്ടുപോകുമെന്നറിഞ്ഞാണ്‌ ഞങ്ങളെല്ലാവരും വളര്‍ന്നത്. കുഞ്ഞമ്മയുടെ അന്നത്തെ സ്നേഹപ്രകടങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും നല്ലൊരു ജീവിതം ആഗ്രഹിച്ചുപോയി. ചന്ദ്രന്‍ ചേട്ടനും അന്നു വന്നിരുന്നു.

ആദ്യമൊക്കെ ആഗ്രഹിച്ചതിലും കൂടുതല്‍ സ്നേഹവും കരുതലും എല്ലാരുടെയടുത്തുനിന്നും കിട്ടി. കുഞ്ഞമ്മയ്ക്കായിരുന്നു ഏറ്റവും സ്നേഹം.എനിക്കു മാത്രമായൊരു മുറി, നല്ല ഭക്ഷണം അങ്ങനെ ആഗ്രഹിച്ചത് എല്ലാം എല്ലാം.

എനിക്ക് പ്രായപൂര്‍ത്തിയായതോടെ കുഞ്ഞമ്മയുടെ വിധം മാറി. ആദ്യമൊക്കെ സ്നേഹപൂര്‍വമാണ്‌ എന്നെ ഈ ജോലിക്ക് നിര്‍ബന്ധിച്ചത്. എന്നെ വളര്‍ത്തി വലുതാക്കിയതുകൊണ്ട് ഇഷ്ടമല്ലാതിരുന്നിട്ടും എന്‍റെ കടമെയെന്നുകരുതിയാണ്‌ ഞാനിതിന്‌ വഴങ്ങിയിരുന്നത്. നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന എനിക്കിത് ചിന്തിക്കാനെ പറ്റാത്ത ജോലിയായിരുന്നു. ജോലി എന്നാണൊ ഇതിനു പറയുക?

ആദ്യമൊക്കെ എനിക്കിഷ്ടപ്പെടുന്ന കസ്റ്റമേഴ്സിനെ എനിക്കു തിരഞ്ഞെടുക്കാമായിരുന്നു. കാശു നന്നായി വരാന്‍ തുടങ്ങിയതോടെ കുഞ്ഞമ്മയുടെ വിധം മാറി. എതിര്‍ത്തപ്പോള്‍ അടിച്ച് ഇഞ്ചപ്പരുവമാക്കി.
ചന്ദ്രന്‍ ചേട്ടനാണ്‌ എപ്പോളും രക്ഷയ്ക്കെത്തുക. ശരീരം പോയാല്‍ ഈ ജോലിക്കു കൊള്ളില്ലല്ലൊ. അതു പറയുമ്പോളാണ്‌ കുഞ്ഞമ്മയൊന്നടങ്ങുക. കുഞ്ഞമ്മയെ എതിര്‍ക്കാന്‍ ഒട്ടും വയ്യ, രണ്ടാണീന്‍റെ ശക്തിയാണവര്‍ക്ക്. അന്നു തുടങ്ങിയതാണ്‌ ചന്ദ്രന്‍ ചേട്ടനോടുള്ള അടുപ്പം.

ഒരിക്കല്‍ ഈ നരകത്തില്‍ നിന്നും രക്ഷപെടാനൊരു ശ്രമം നടത്തിയതാണ്. കുഞ്ഞമ്മയുടെ മല്ലന്മാരുടെ കൈകളിലെത്തി. അന്ന് കണക്കിനു കിട്ടിയതാണ്‌, ചന്ദ്രന്‍ ചേട്ടനുപോലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീടെപ്പോളും മല്ലന്മാരുടെ കാവലുണ്ടാകും.

ലോകം ഇങ്ങനെ മാറിമറിയുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പണ്ടൊക്കെ ആണുങ്ങളായിരുന്നു എല്ലായിടത്തും മുന്‍പില്‍. ആണുങ്ങളാണ്‌ എപ്പോളും സ്ത്രീകളെ കീഴ്പ്പെടുത്തിയിരുന്നത്. കസ്റ്റമേഴ്സായി പോയിരുന്നത് ആണുങ്ങളായിരുന്നു. ഇപ്പോളെല്ലാം തലകീഴായി മറിഞ്ഞു.

വംശം നിലനിര്‍ത്താനാണെന്ന വ്യാജേനയാണ്‌ ഓരൊ അവളുമാരുമിവിടെ വരുന്നത്. ചില അവളുമാരൊന്നും കുളിക്കുക പോലും ചെയ്യാതെയാണ്‌ വരുന്നത്. ശ്വാസം മുട്ടും, ആ ഒരു മണമടിക്കുമ്പോള്‍. ശവങ്ങള്‍ക്കൊന്നു കുളിച്ചിട്ടു വന്നുകൂടെ എന്നു തോന്നും. ചിലതുങ്ങള്‍ക്ക് എത്ര ചെയ്താലും ശരിയാകില്ല, വലിയ കറുത്ത തടിച്ചികള്‍. അറപ്പുതോന്നും കണ്ടാല്‍ തന്നെ.

എത്ര നാള്‍ ഇങ്ങനെ ജീവിക്കുമെന്നറിയില്ല. വെറുത്തുപോയി ഈ ജീവിതം. ഒരു കാലത്ത് ആണുങ്ങള്‍ ആഗ്രഹിച്ചു നടന്നിട്ടുള്ള കാര്യമാണിവിടെ എന്നെ വെറുപ്പിക്കുന്നതെന്ന് ചിന്തിക്കുമ്പോള്‍ തന്നെ സങ്കടം വരുന്നു. കുഞ്ഞമ്മയ്ക്ക് കാശിനോടുള്ള ആര്‍ത്തി മരിച്ചാലും അടങ്ങില്ല എന്നു തോന്നു.

ഇവിടെ അടുത്ത പ്രദേശങ്ങളിലൊന്നും എന്നെപ്പോലെ ലക്ഷണമൊത്ത ആരുമില്ലെന്നു പറയുന്നു. നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ എല്ലാ ലക്ഷണവും തികഞ്ഞയാളാണെന്ന് പറയുന്നു ചന്ദ്രന്‍ ചേട്ടന്‍ പോലും. സൌന്ദര്യമൊരു ശാപമായി മാറുമെന്നത് എന്‍റെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായി.

"എടാ ചന്ദ്രാ, ഇതുവരെ റെഡിയായില്ലെ?" കുഞ്ഞമ്മ അലറി.

രാമു ഞെട്ടിപ്പിടഞ്ഞെണീറ്റു. ജനാലയ്ക്കിടയിലൂടെ വെളിയിലേക്ക് നോക്കി. കസ്റ്റമേഴ്സ് എന്നു പറയുന്ന ശവങ്ങളുടെ തിരക്കിനൊരു കുറവുമില്ല.

ചന്ദ്രന്‍ ചേട്ടന്‍ ആഹാരവുമായി വന്നു. വെള്ളപ്പാത്രം രാമുവിന്‍റെ മുന്‍പിലേക്ക് നീക്കി വച്ചു.

"ഡാ കുട്ടാ, വേഗം കുടിച്ച് റെഡിയാകു, ഇന്നു കുറച്ചു പേരെ ഉള്ളൂ"

കള്ളം പറയാന്‍ ചന്ദ്രന്‍ ചേട്ടന്‍ ഇനിയും പഠിച്ചിട്ടില്ല, ശബ്ദത്തിലെ ഇടര്‍ച്ച നന്നായി അറിയാം. രാമു ചന്ദ്രന്‍ ചേട്ടനെ നോക്കി വിളിച്ചു,

"മ്‌മേ.....മ്‌മേ...."

ചന്ദ്രന്‍ ചേട്ടന്‍ വായില്‍വച്ചു തന്ന രണ്ട് പ്ലാവില ചവച്ചിറക്കുമ്പോള്‍ രാമു അന്നത്തേയ്ക്ക് വേണ്ടി മാനസ്സുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു.