Thursday, July 19, 2007

റാഗിംഗ് വീരന്‍

കോളേജില്‍ പഠിക്കുന്ന കാലത്ത് ഫസ്റ്റ് ഇയര്‍ ഓരോ ദിവസവും ആഷ്‌ലിയും ജയകുമാറും നവീനുമൊക്കെ റാഗിംഗിന് വിളിക്കുമ്പോഴും, അതു വൈകിട്ട് ഹോസ്റ്റലില്‍ വന്നു എല്ലാവരോടും പറയുമ്പോഴും മനസ്സിലുറപ്പിക്കുമായിരുന്നു - ഞാന്‍ സീനിയര്‍ ആയാല്‍ ഒരു ജൂനിയറിനെപ്പോലും റാഗ് ചെയ്യില്ല.. എല്ലാവരോടും നല്ല കമ്പനിയായിരിക്കും. ഹോസ്റ്റലിലെ ചര്‍ച്ചക്കിടയില്‍ പലപ്പോഴും ആന്‍റി റാഗിംഗ് സെല്‍ തുറക്കുന്ന കാര്യം വരെയും ഞങ്ങളെല്ലാവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെതന്നെയാണെന്നു തോന്നണു, ഞങ്ങളുടെ ബാച്ചിന്‍റെ ആദ്യത്തെ ജൂനിയേഴ്സ് വന്ന ആദ്യ ദിവസം തന്നെ ഞങ്ങള്‍ വളരെ നല്ല രീതിയില്‍ റാഗിംഗ് തുടങ്ങി. ജൂനിയേഴ്സിന്‌ ക്ലാസ്സ് തുടങ്ങിയ ആദ്യ ദിവസം തന്നെ ഞാനുള്‍പ്പെടുന്ന എന്‍റെ ബാച്ചിലെ കമ്പ്യൂട്ടേഴ്സ് ക്ലാസ്സ് മാസ്സ് കട്ട് ചെയ്ത്, ഇലക്ട്രോണിക്സിന്‍റെയും മെക്കാനിക്കലിന്‍റെയും മുന്നില്‍ ചെന്നു ഒരു ജാഡയൊക്കെ കാണിച്ചു നേരെ ജൂനിയേഴ്സിന്‍റെ ബില്‍ഡിംഗിലേക്ക് വച്ചു പിടിച്ചു.

ഞങ്ങള്‍ എല്ലാവരും ആദ്യം തന്നെ പല ബാച്ചുകളായി, ഓരോന്നും ഒരോ ക്ലാസ്സിലേക്ക് കയറി. ഞങ്ങള്‍ കയറിയതും ക്ലാസ്സാകെ സൈലന്‍റായി. ആകെപ്പാടെ ഒരു ശ്മശാനമൂകത എന്നൊക്കെ പറയാം, ഒരു പിന്നിട്ടാല്‍ അതു നിലത്തുവീഴുന്ന ശബ്ദം വരെ കേള്‍ക്കുന്ന അവസ്ഥ. ഞങ്ങളെല്ലാര്‍ക്കും ചിരി വന്നു - എന്നിട്ടു മനസ്സില്‍ ചിരിച്ചു - ബുഹഹാ ഹാ... ജൂനിയേഴ്സിന്‍റെ മുന്നില്‍ വച്ചു ഉറക്കെചിരിച്ച് ഗൌരവം കളയാന്‍ പറ്റില്ലല്ലൊ - ചേട്ടന്മാരല്ലെ.

അങ്ങനെ ക്ലാസ്സില്‍ അവിടുന്നും ഇവിടുന്നും ഓരോരുത്തരെ പൊക്കി, പാട്ടുപാടിക്കാനും മെക്ക് സല്യൂട്ട് അടിപ്പിക്കാനും തുടങ്ങി - ഇതൊരു പ്രത്യേക സല്യൂട്ടായിരുന്നു. പാരമ്പര്യമായി റാഗിംഗില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട കല. ക്ലാസ്സിനു മുന്നില്‍ ചെന്ന് എല്ലാവര്‍ക്കും അഭിമുഖമായിനിന്ന് ഇടതു കൈയ് കാലിനിടയില്‍ പിടിച്ച് ഉയര്‍ന്ന് ചാടി വലതു കൈകൊണ്ട് സല്യൂട്ട് ചെയ്യണം. തെറ്റിച്ചാല്‍ വീണ്ടും - അങ്ങനെ ശരിയാകുന്നതുവരെ. ഗേള്‍സിനെ സാധാരണയായി ഇങ്ങനെ ചെയ്യിക്കാറില്ല. ജൂനിയേഴ്സായിരുന്നപ്പോള്‍ ഞാനൊക്കെ എത്ര തവണ മെക്ക് സല്യൂട്ട് അടിച്ചിരിക്കുന്നു എന്നെനിക്ക് തന്നെ ഓര്‍മ്മയില്ല. ആ ഒരു ദേഷ്യത്തിന്‌ ഞാനും മൂന്നലെണ്ണത്തിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു. അങ്ങനെ ഓരൊരുത്തരെയും കൊണ്ട് സല്യൂട്ടടിപ്പിച്ചും പാട്ടുപാടിച്ചും ഞങ്ങള്‍ ചേട്ടായിമാര്‍ അങ്ങട് ആര്‍മ്മാദിച്ചു. ഇതിനിടയില്‍ ക്ലാസ്സിലെ ജൂനിയര്‍ സുന്ദരിമാരെ പരിചയപ്പെടാനും പഞ്ചാര അടിക്കാനും അവരുടെ ഡീറ്റെയില്‍സ് കളക്ട് ചെയ്യാനും ചിലരെയൊക്കെ 'ബുക്ക്' ചെയ്യാനും മറന്നില്ല. അങ്ങനെ ബുക്ക് ചെയ്യുന്നവരോട് " എന്തു പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി" എന്ന് വളരെ ഉത്തരവാദിത്തത്തോടെ പറയാനും 'ഓണേഴ്സ്' മറന്നില്ല.

ഞങ്ങളാകെപ്പാടെ ബിസിയായതുപോലെയായി. 'ഓണേഴ്സ്' എല്ലാവരും തങ്ങളുടെ 'കൊച്ചി'ന്‍റെ മുന്‍പില്‍ ആളാകാന്‍ വേണ്ടി ഷര്‍ട്ടും പാന്‍റ്സും അലക്കിതേക്കാനും, ആഴ്ചയിലൊന്നും മാത്രം കുളിച്ചിരുന്ന 'കിടുക്കള്‍' ദിവസവും രാവിലെ കുളിച്ച്, നമ്മളൊരു ദൈവവിശ്വാസിയും പാപിയും - സോറി, പാവവും ആണെന്നു കാണിക്കാന്‍ വേണ്ടി കുറിവരെ തൊടാന്‍ തുടങ്ങി. തങ്ങളുടെ 'കൊച്ച്' ഹിന്ദുവാണെങ്കില്‍ ഇനി ആള്‍ക്കൊരു വെറുപ്പുതോന്നേണ്ട എന്നു കരുതി ചില അച്ചായന്‍ ചേട്ടായിമാര്‍ കുറിതൊടുകയും, സംസാരം ഒരു നമ്പൂരി സ്റ്റൈലില്‍ "എന്ത്യേടാ", "നൊം പറയണത് കുട്ട്യങ്ങട് കേള്‍ക്കാ" എന്നൊക്കെയുള്ള ലെവലിലാക്കി. ഫസ്റ്റ് ഇയര്‍ ഒരു ക്ലാസ്സിലും കയറാതെ, പ്രോക്സിയുടെ ബലത്തില്‍ അറ്റന്‍ഡന്‍സ് കിട്ടി, ഇയര്‍ അവട്ടാകാതെ രക്ഷപെട്ട്, വീട്ടിലില്‍ പകലന്തിയോളം കഷ്ടപ്പെട്ട് പന്നിമലത്തിയിരുന്ന മച്ചാന്മാരും, സെമസ്റ്റര്‍ മാറിയതുപോലും അറിയാതെ ഫസ്റ്റ് ഇയറിലെ ഒരു ബുക്കുമായി ( ഒരു ബുക്കുപോലും ഇല്ലെങ്കില്‍ ബസ്സില്‍ കണ്‍സ്സഷന്‍ കിട്ടാന്‍ പാടാണത്ര) ജൂനിയേഴ്സ് വന്നതോടെ എന്നും ക്ലാസ്സില്‍ ഹാജരു വയ്ക്കാന്‍ തുടങ്ങി. ഞങ്ങളുടെ ബാച്ചിലെ ഉയര്‍ന്ന അറ്റന്‍ഡന്‍സ് കണ്ട് പ്രിന്‍സി, ഡെപ്.ഹെഡായിരുന്ന മഞ്ജുമിസ്സിനെ അഭിനന്ദിച്ച സ്ഥിതി വരെയായി.

വൈകുന്നേരം ജൂനിയേഴ്സിനെയെല്ലാം ഹോസ്റ്റലുകളില്‍ എത്തിച്ചുകഴിഞ്ഞ് സ്വന്തം മാളങ്ങളില്‍ എത്തുമ്പോഴേക്കും ഞങ്ങളെല്ലാം വല്ലാതെ 'ടയേര്‍ഡ്' ആകുമായിരുന്നു. ശ്ശൊ, എന്തൊരു കഷ്ടപ്പാടായിരുന്നെന്നൊ. പിന്നെ അര്‍ദ്ധരാത്രി വരെ ഞങ്ങളെല്ലാവരും ബിസി ആയിരിക്കും - നാളെ ഇറക്കേണ്ട വെറൈറ്റി റാഗിംഗ് നമ്പരുകളുടെ തീരുമാനമാകുമ്പോഴേക്കും അര്‍ദ്ധരാത്രിയാകും - ചീട്ടുകള്‍ക്കൊക്കെ വിശ്രമകാലമായി. അത്ര ബിസിയായതുകൊണ്ട് അസൈന്‍മെന്‍റ്സ് ഒക്കെ ജൂനിയേഴ്സിനെക്കൊണ്ട് എഴുതിക്കാനും ഞങ്ങള്‍ ഐക്യകണ്ഠേന തീരുമാനമെടുത്തു. ചില 'ഓണര്‍മാര്‍' ജൂനിയേഴിസുനും അസൈന്‍മെന്‍റ്സ് എഴുതിക്കൊടുക്കാറുണ്ടായിരുന്നു -

" ഡാ പാവം അവള്‍ക്കു നാളെ രണ്ട് ക്ലാസ്സ് ടെസ്റ്റുണ്ടെഡാ... പിന്നെ എനിക്ക് സപ്ലിക്ക് പഠിക്കാനും പറ്റുമല്ലോ.."

"ഉവ്വ, ഉവ്വേ"

"അതേടാ സത്യം, അല്ലാതെ അവളെ ലൈന്‍ അടിക്കാനൊന്നുമല്ല.. ഞങ്ങളു നല്ല ഫ്രണ്ട്സാ ..." അങ്ങനെ പോകും ന്യായീകരണങ്ങള്‍.

"റാഗിംഗ് ആക്ച്വലി വേണം അളിയാ, എന്നാലെ എല്ലാവര്‍ക്കും ഒരു മനധൈര്യം ഒക്കെ വരൂ"

"അതേഡാ, നീ പറഞ്ഞതു ശരിയാ...നമ്മളെ റാഗ് ചെയ്തതുകൊണ്ടാ നമ്മുക്ക് ഇത്ര ധൈര്യം ഉണ്ടായത്".............


ആന്‍റി റാഗിംഗ് സ്ക്വാഡ് ഉണ്ടാക്കാന്‍ മെഴുകുതിരി നാളത്തിനു മുകളില്‍ കൈപിടിച്ചു റാഗിംഗ് ചെയ്യില്ല എന്നു ഫസ്റ്റ് ഇയറില്‍ വച്ച് ഭീക്ഷ്മപ്രതിജ്ഞ എടുത്ത ഞങ്ങളുടെ എല്ലാം ഡയലോഗുകളെല്ലാം പെട്ടെന്ന് ഈ സ്റ്റൈലായി - വളരെ സിംപിളായി മാറി.

അങ്ങനെ യൂണിവേഴ്സിറ്റി എക്സാമിനു പോലും അലാര്‍മം വയ്ക്കാത്ത ഞങ്ങള്‍ രാവിലെ അലാര്‍മം വച്ച് എഴുന്നേറ്റ് ( രാവിലെ ഒത്തിരി പണിയുണ്ടെ, കുളിക്കണം, അയണ്‍ ചെയ്യണം, പിന്നെ എനിക്ക് എക്സ്ട്രാ പണിയായി ഹോസ്റ്റലിലെ അച്ചായന്മാര്‍ക്ക് കുറി തൊട്ടുകൊടുക്കണം), നാദത്തിലെയും, നയനത്തിലെയും, എം.കെ.ആര്‍ലെയും ( :) സ്മൈലിയുടെ അര്‍ത്ഥം മനസ്സിലായല്ലൊ അല്ലേ ) റിലീസിംഗ് പടങ്ങള്‍ കാണാന്‍ മാറ്റി വച്ചിരുന്ന കാശെടുത്ത് വാങ്ങിയ പെര്‍ഫ്യും അടിച്ച് കുട്ടപ്പന്മാരായി, എന്നും അല്പം പോലും ലേറ്റ് ആകാതെ, 9.10ന്‍റെ രാജധാനിക്ക് കയറി റാഗ് ചെയ്യാന്‍ - സോറി പഠിക്കാനായി കോളേജിലേക്ക് പോയിരുന്നു.

ജൂനിയേഴ്സിന്‍റെ ക്ലാസ്സുകള്‍ ക്യംപസിന്‍റെ വേറൊരു ഭാഗത്തെ ബില്‍ഡിംഗിലായിരുന്നു. ഞങ്ങള്‍ക്ക് റാഗ് ചെയ്യാന്‍ സൌകര്യത്തിനെന്നപോലെ, ലാബുകളെല്ലാം ആ ബില്‍ഡിംഗിലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ഞാനും എന്‍റെ ക്ലാസ്സിലെ ജോജിയും ലാബിലേക്ക് പോവുകയായിരുന്നു. കുറച്ചങ്ങു നടന്നതേയുള്ളു, ഒരു പറ്റം ജൂനിയര്‍ ഗേള്‍സ് നടന്നു വരുന്നു, ഇതില്‍പ്പരം സന്തോഷം വല്ലതുമുണ്ടോ. ഞങ്ങളവരുടെ മുന്നിലെത്തി.

"ആ തീവണ്ടി നില്‍ക്കട്ടെ..", അവരെ കൈകാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"നിന്‍റെ പേരെന്താടി....", കൂട്ടത്തില്‍ സുന്ദരിയോട് ഞാന്‍ കലിപ്പിച്ചു.

"വീണ..."

"വീനയോ..... നീ എന്താടി ഭൂമീന്ന് പൊട്ടിമുളച്ചതാണോ...? മുഴുവന്‍ പേരു പറയെടി.."

"വീണ മുരളി..."

"അളിയാ വാ നമുക്ക് പോകാം..", ജോജി പറഞ്ഞു.. ഞാനവനെ ഒന്നു നോക്കി. ഇവനെന്തുപറ്റി ചക്കരക്കുടം കിട്ടിയിട്ട്......വെറുതെ പോകാനൊ..

"ആ വീണയൊരു പാട്ടുപാടിക്കെ....." , ഞാന്‍ പിന്നേം...

"ഡാ , വാ പോകാം..", അവന്‍ പിന്നേം.. അത്ര ധൃതി ആണെങ്കില്‍ നീ പൊയ്ക്കൊ. അവന്‍ അതു കേള്‍ക്കേണ്ട താമസം അവിടെ നിന്നുപോയി....

"ഠപ്പ്, ഠപ്പ്,ഠപ്പ്..." ,

എന്‍റെ പുറകില്‍ നിന്ന് ഒരു ശബ്ദം. ഏതു തെണ്ടിയാടാ അത് എന്ന റോളില്‍ ഞാന്‍ തിരിഞ്ഞു നോക്കി. അയ്യൊ ആന്‍റി റാഗിംഗ് സ്ക്വാഡ് [വായിനോക്കി] ബിനുലാല്‍ സാറും എന്‍റെ എച്ച്.ഒ.ഡി. മഞ്ജുമിസ്സും എന്നെ ഞങ്ങളുടെ ബില്‍ഡിംഗില്‍ നിന്ന് കൈകാട്ടി വിളിക്കുന്നു.

"ദൈവമേ, പണികിട്ടി..", എന്‍റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി...അവളുമാരെല്ലാം ചിരിതുടങ്ങി.

"ചിരിക്കേണ്ടാ, ഞാന്‍ പിന്നെപ്പിടിച്ചോളാം", എന്ന് ഗൌരവം വിടാതെ അവരോട് പറഞ്ഞിട്ട് ഞാന്‍ സ്റ്റാഫ് റൂമിലേക്ക് നടന്നു.

ജോജി തിരക്കുപിടിച്ചതെന്തിനാണെന്ന് അപ്പോളാണ്‌ മനസ്സിലായത്. ജൂനിയേഴ്സിന്‍റെ മുന്പില്‍ വച്ച് സാറിന്‍റെ കാര്യം പറഞ്ഞാല്‍ ഇമേജ് പോകുമെന്ന കാരണം കൊണ്ട് അവര്‍ വിളിക്കുന്ന കാര്യം പറയാന്‍ അവനും പറ്റിയില്ല. അവന്‍ രക്ഷപെട്ടു. ഞാന്‍ സ്റ്റാഫ് റുമിന്‍റെ മുന്‍പിലെത്തി വിനയാന്വിതനായി നിന്നു...

"ഇങ്ങോട്ടു വാടാ, ഹൊ.. അവന്‍റെയൊരു വിനയം കണ്ടില്ലേ.....", മന്ദം മന്ദം കയറിച്ചെന്ന എന്നെ നോക്കി ബിനുലാല്‍ പറഞ്ഞു. മഞ്ജുമിസ്സിനു ചിരി വന്നു.

"തെണ്ടി.." , ഞാന്‍ മനസ്സില്‍ പറഞ്ഞു..


"നീ ഏതാടാ ക്ലാസ്സ്...എന്താ പേര്? ", ബിനുലാല്‍ കലിപ്പിക്കാന്‍ തുടങ്ങി.

"കമ്പ്യൂട്ടറിലല്ലെ... ", മഞ്ജുമിസ്സ് ചോദിച്ചു. ഞാന്‍ തലയാട്ടി.

മഞ്ജുമിസ്സ് തന്നെ എന്‍റെ പേരും പറഞ്ഞുകൊടുത്തു.

ദൈവമെ, എന്‍റെ പേരും മിസ്സിനറിയാമായിരുന്നൊ...

"നീ എന്തു ചെയ്യുകയായിരുന്നെടാ അവിടെ..?", ബിനുലാല്‍ കുരച്ചു.

"ഒന്നുമില്ല സാര്‍, അവര്‍ സാറിനെക്കാണാന്‍ വരികയായിരുന്നു, ഗ്രാഫിക്സിന്‍റെ സംശയം ചോദിക്കാന്‍.. പിന്നെ സൈനും മേടിക്കണമെന്നു പറഞ്ഞു.."

"അപ്പോള്‍ ഞാന്‍ ഇങ്ങോട്ടുള്ള വഴിപറഞ്ഞു കൊടുക്കുകയായിരുന്നു.." , ഞാന്‍ ഒരുഗ്രന്‍ നുണ തട്ടിവിട്ടു, ബിനുലാലിനെ ഒന്നു പൊക്കി. ഇയ്യാള്‍ തന്നെയായിരുന്നു, ഫസ്റ്റ് ഇയര്‍ ഗ്രാഫിക്സ് ലാബില്‍ ഞങ്ങള്‍ക്കും. ഗേള്‍സിനെല്ലാം നല്ലമര്‍ക്കു കൊടുക്കുകയും, ഞങ്ങള്‍ക്ക് കുറച്ചുമാര്‍ക്ക് തരികയും ചെയ്തിരുന്ന ദ്രോഹി.

"നേരാണോടാ നീ പറയുന്നത്, നീ അവരെ റാഗ് ചെയ്തില്ലെ...."

"അയ്യൊ ഇല്ല സാര്‍, പേരൊക്കെ ചൊദിച്ചതേ ഉള്ളൂ.."

"പേരു ചോദിച്ചു പരിചയപ്പെടാന്‍ നീ ആരെടാ, അതിനു ഞങ്ങളൊക്കെ ഇവിടെ ഉണ്ട്."

അതെനിക്കറിയാമെടാ....എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് മുഖം കുനിച്ചു നിന്നു.

"എടോ, തന്‍റെ ഐഡി ഇങ്ങു തന്നേക്ക്..", മഞ്ജുമിസ്സ് പറഞ്ഞു.

"അയ്യോ, മിസ്സ് ഞാനവരെ റാഗ് ചെയ്തില്ല...",

"ഞങ്ങളൊന്നന്വേഷിക്കട്ടെ...", ഞാന്‍ ഐഡി കൊടുത്തു. മിസ്സെന്നോടു പൊയ്ക്കൊളാന്‍ പറഞ്ഞു. ബിനുലാല്‍ എന്നെനോക്കി ക്രൂരമായി ചിരിച്ചു.

മരവിച്ച മനസ്സുമായി, കിട്ടാന്‍ പോകുന്നത് സസ്പന്‍ഷനാണൊ, റ്റിസിയാണൊ അത് ഇനി വല്ല ജയിലിലെ ഗോതമ്പുണ്ടായാണോ എന്നൊക്കെയ് ചിന്തിച്ച് ഒരു റോബോര്‍ട്ടിനെപ്പോലെ റാഗിംഗ് വീരന്‍ ക്ലാസ്സിലേക്ക് നടന്നു.






വാല്‍ക്കഷണം: മഞ്ജുമിസ്സ് പാവമായിരുന്നു. വൈകുന്നേരം എന്നെ വിളിച്ചു, ഇനി റിപ്പിറ്റ് ചെയ്യരുതെന്ന് വാണിംഗ് തന്നിട്ട് ഐഡി കാര്‍ഡ് തിരിച്ചു തന്നു.

Wednesday, July 18, 2007

അനു, MA (ഇംഗ്ലീഷ്)

ടെക്നോപാര്‍ക്കിലെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ ഒരു പ്രോജക്ടിന്‍റെ ക്ലൈന്‍റ്സൈഡ് ഇംപ്ലിമെന്‍റേഷനായാണ്‌ ഞാന്‍ അംഗോളയില്‍ എത്തുന്നത്. അംഗോളയിലെ ഈ കമ്പനി ഒരു അമേരിക്കന്‍ കമ്പനിയും, ഞാന്‍ ചെയ്യുന്ന പ്രോജക്ട് മാനേജ് ചെയ്യുന്നത് രണ്ട് അമേരിക്കക്കാരുമായിരുന്നു. - ബോബും മാറ്റും. എനിക്ക് കിട്ടുന്ന ആദ്യത്തെ ഫോറിന്‍ വര്‍ക്ക് ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ ഫോറിനേഴ്സിനോട് ഇടപെഴുകാന്‍ കിട്ടിയ ആദ്യത്തെ അവസരവും. പ്രൊനൌണ്‍സിയേഷനിലുള്ള വ്യത്യാസം കൊണ്ട് ഞാന്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും ആദ്യമൊന്നും മനസ്സിലായിരുന്നില്ല.


അവര്‍ രണ്ടുപേരും പെട്ടെന്നു തന്നെ അഡ്ജ്സ്റ്റായി, ഞാന്‍ പിന്നെയും കുറെ മസ്സിലുപിടിക്കേണ്ടി വന്നു.
അതുകൊണ്ടു തന്നെ ആദ്യമൊക്കെ അവരാരെങ്കിലും തമാശ പറഞ്ഞാലും, മറ്റേയാള്‍ ചിരിച്ചു തുടങ്ങിയാലാണ്‌ ഞാനും സാധാരണ ചിരിക്കാറ്.. അതെന്നെ കളിയാക്കുന്നതാണെങ്കില്‍ക്കൂടി. ഇതിന്‍റെ പേരില്‍ ഉണ്ടായിട്ടുള്ള മണ്ടത്തരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇതൊരു പരമ്പരയാക്കനുള്ള വകുപ്പുണ്ട്. അതിലേക്കായി ആദ്യത്തെ മണ്ടത്തരം.


എന്നെക്കൂടാതെ കമ്പനിയില്‍ നിന്നും സതീഷ് എന്ന ഒരു ബിസിനസ്സ് അനലിസ്റ്റും ഇവിടെ ഉണ്ടായിരുന്നു. സതീഷ്, ബോബിന്‍റെയും മാറ്റിന്‍റെയും കൂടെ ഒരു ഓഫീസിലും ഞാന്‍ മറ്റൊരു ഓഫീസിലുമായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നും ബോബ് ഞങ്ങളുടെ ഓഫിസിലേക്ക് ഞങ്ങളേക്കുറിച്ചയക്കുന്ന റിപ്പോര്‍ട്ട് ഞങ്ങളുടെ പെര്‍ഫോമന്‍സില്‍ കൌണ്ട് ചെയ്യുമെന്നതിനാല്‍, ബോബിന്‍റെയും മാറ്റിന്‍റെയും മുന്നില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും, ഇംപ്രഷന്‍ കിട്ടാന്‍ പറ്റുന്നത്ര വേലത്തരങ്ങള്‍ ഒപ്പിക്കുകയും പതിവായിരുന്നു.


ഞങ്ങളുടെ വര്‍ക്കിന്‍റെ ഭാഗമായി ഈ കമ്പനിയുടെ താമസസൌകര്യം ഉപയോഗിക്കുന്നവരുടെ ഡീറ്റൈയില്‍സ് എടുക്കണമായിരുന്നു. അതിനുവേണ്ടി ഞങ്ങളെല്ലാവരും കൂടി ഒരു ഫോം ഉണ്ടാക്കുകയും ആ പേപ്പര്‍ എല്ലാ റൂമിലും ക്ലീനേഴ്സ് വഴി ഇടാനും തീരുമാനിച്ചു. അങ്ങനെ അന്നു വൈകുന്നേരം ഞാന്‍ റൂമിലെത്തിയപ്പോള്‍ അതേ ഫോം എന്‍റെ റൂമിലും കിടക്കുന്നു. അതു കണ്ടപ്പോള്‍ എനിക്ക് പ്രോജക്ട് സക്സസ് ആകുന്ന സന്തോഷവും, ബോബിനെ വിളിച്ചൊന്നു ഇംപ്രസ്സ് ചെയ്തേക്കാമെന്ന ചിന്തയും കഷ്ടകാലത്തിനു വന്നു.


ഞാനുടനെ ഫോണെടുത്ത് ബോബിനെ വിളിച്ചു.


ഞാന്‍ : ഹെയ് ബോബ്, ഇറ്റ്സ് മി അനു.


ബോബ്: ഹെയ് മാന്‍, ഹൌ ആര്‍ യു.


ഞാന്‍:ആം ഫൈന്‍ ബോബ്, താങ്ക്യു. ഹൌ ആര്‍ യു.


ബോബ്: ഗുഡ് മാന്‍. വേര്‍ ആര്‍ യു.


ഞാന്‍: ബോബ്, ആം കോളിംഗ് ഫ്രം റൂമ്.. ഹിയര്‍ ഇ ഗോട്ട് ദ ഷീറ്റ്(sheet) ദാറ്റ് വി ഡിസ്ട്രിബ്യൂട്ടട്..ഓണ്‍ മൈ ബെഡ്.


ബോബ്: വാട്ട്.... ???????????????
പാവം, എന്‍റെ ഇംഗ്ലീഷ് പ്രൊനൌണ്‍സിയേഷന്‍ സ്കില്‍ കൊണ്ട് ബോബ് കേട്ടത് ഷീറ്റ്(sheet) എന്നല്ല, മറിച്ച് ഷിറ്റ്(shit) എന്നാണ്. എന്‍റെ ബെഡിന്‍റ മുകളില്‍ ഒരു പീസ് ഷിറ്റ്(shit) കിട്ടിയെന്നാണ്‌ ബോബിനു മനസ്സിലായത്.
ബോബ്: വാട്ട് യു ഗോട്ട്...?


ഞാന്‍:യെസ് ബോബ്, ദ സേം പേപ്പര്‍ ഷീറ്റ് ദാറ്റ് വി പ്ലാനഡ് ടു ഗിവ് ഇന്‍ ഈച്ച് റൂം...


ബോബ്: ഓകെ. വാട്ട് യു ഡിഡ്..


ഞാന്‍: ഐ റ്റുക് ഇറ്റ് അന്‍ഡ് ആം ഗോയിങ്ങ് ടു ഫില്‍ മൈ ഡീറ്റൈയില്‍സ്...


ബോബ്:?????????? ( പാവം എനിക്ക് വട്ടായെന്നു കരുതിക്കാണും).


ഞാന്‍:ബോബ്,ഐ വില്‍ ഫില്‍ ആള്‍ മൈ ഡീടെയല്‍സ് ഇന്‍ ദിസ് ഫോം.


അപ്പോളാണ്‌ ബോബിന്‌ കാര്യം മനസ്സിലായത്, എന്‍റെ ഇംഗ്ലീഷ് ഗ്രാഹ്യവും.


ബോബ്:(ചിരിച്ചു കൊണ്ട്).. ഓ ഗ്രയ്റ്റ് മാന്‍.. യു ഗോട്ട് ദ ഫോം...


ബോബ് ഇംപ്രസ്സായി ചിരിക്കുന്നതാണെന്നാണ്‌ ഞാന്‍ കരുതിയത്, പിന്നെ ബൈയും ഗുഡ്നൈറ്റുമൊക്കെ പറഞ്ഞു ഞാന്‍ വച്ചു. സതീഷ് വൈകുന്നേരം റുമില്‍ വരുന്നതുവരെ ഞാന്‍ ബോബിനെ ഇംപ്രസ്സ് ചെയ്യാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു.


സതീഷ് വന്നപ്പോളാണ്‌ ബോബ് അത് ഷിറ്റ് എന്നാണ്‌ കേട്ടതെന്നും, അവസാനമാണ്‌ കാര്യം മനസ്സിലായതെന്നും, കുറെ നേരം ബോബും മാറ്റും സതിഷും അതുപറഞ്ഞു ചിരിച്ചെന്നും അറിഞ്ഞത്. ഹൃദയത്തിന്‍റ ഭാഗത്ത് ഒരു കിലോ ഐസ് എടുത്തു വച്ചതുപോലെ എനിക്ക് തോന്നി. ഹൃദയമിടിക്കാതെ ഒരു മിനിട്ടോളം ഞാന്‍ ജീവിച്ചു. പിന്നെ തരിച്ചു നിന്നു, ഇരുന്നു, പിന്നെ കിടന്നു.


അതിനുശേഷം രണ്ടു ദിവസത്തേക്ക് ബോബിന്‍റെ ഓഫീസിലേക്ക് ഞാന്‍ പോയില്ല. പണിയൊത്തിരി ഉണ്ടായിരുന്നെ. ഏത്..? സതീഷണെങ്കില്‍ ഒരു മാസത്തേക്ക് ചിരി തന്നെയായിരുന്നു.. തെണ്ടി...

ക്ലാസ്സ് ടെസ്റ്റ്

ഞങ്ങളുടെ കോളേജിന്‍റെ പേര്, സി.ഇ.എ(കോളേജ് ഓഫ് എന്‍ജിനീയറിംഗ് അടൂര്‍) എന്നായിരുന്നെങ്കിലും, അടുരില്‍ നിന്നും 4കി.മി. അകലെ മണക്കാല എന്ന സ്ഥലത്തായിരുന്നു പ്രസ്തുത സംഭവം. അതുകൊണ്ട് തന്നെ രാവിലെ എന്നും പ്രൈവറ്റ് ബസുകാരുടെ തെറിയും, കണ്ടക്ടറുമായി കണ്‍സഷനു വേണ്ടിയുള്ള ഒരു ഉന്തും തള്ളുമൊക്കെ കഴിഞ്ഞാണ്‌ ക്ലാസ്സിലെത്തുക. ക്ലാസ്സ് സാധാരണ പോലെ 9.30ന് തുടങ്ങുമെങ്കിലും കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞ് ക്ലാസ്സിലെത്തുമ്പൊള്‍ പത്ത് മണിയാകാറാണ്‌ പതിവ്.

ഞങ്ങളുടെ ഹോസ്റ്റലിന്‍റെ പേരു ഒരു ഓളത്തിനു വേണ്ടി ഡ്രീംസ് എന്ന് പരിഷ്ക്കരിച്ചിരുന്നു. അവസാനം അറംപറ്റിയതുപോലെ, ഞങ്ങള്‍ പതിനൊന്നു പേരും ഓളവും ഡ്രീംസുമൊക്കെയായി എന്നുള്ളത് വേറൊരു കഥ - അതു ഞാന്‍ പിന്നീട് പറയാം.

സെമസ്റ്റര്‍ 3യില്‍ ഞങ്ങളെ ഇലക്ട്രോണിക്സിന്‍റെ ഒരു പേപ്പര്‍ പഠിപ്പിച്ചത് ജോസഫ് സാറായിരുന്നു. മറ്റെല്ലാ സാറുമാരെയും പോലെ പഠിച്ചാല്‍ നിനക്കൊക്കെ കൊള്ളാം എന്ന മനോഭാവത്തോടെയുള്ള ആളായിരുന്നു സാറും.

അങ്ങനെയിരിക്കെ ഒരു ചൊവ്വഴ്ചയാണ്‌ ഞങ്ങള്‍ക്കര്‍ക്കും അത്ര ഇഷ്ടപ്പെടാത്ത ഒരു കാര്യം പറഞ്ഞത്.

"മൊഡ്യൂള്‍ 1 ഇവിടെ തീര്‍ന്നു. നിങ്ങളില്‍ പലരും അറിഞ്ഞു കാണില്ല.. "

എങ്ങനെ അറിയും ക്ലാസ്സില്‍ കയറിയിട്ടു വേണ്ട. കയറിയാല്‍ തന്നെ കളംവെട്ടുകളി, ചിട്ടെഴുത്ത് എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ ബിസിയായിരുന്നു.

സാറിനെ തുറിച്ചു നോക്കിയിരുന്ന സുജിത്തിനെ നോക്കികൊണ്ട്, കാര്യം മനസ്സിലായ മട്ടില്‍ ഇങ്ങനെ പറഞ്ഞു.

"എന്നെ മനസ്സിലായിക്കാണില്ല അല്ലെ, ഞാനിവിടെ കഴിഞ്ഞ ഒരു മാസമായി ഇലക്ട്രോണിക്സ് എടുക്കുന്നു. എത്രയാ ചേട്ടന്‍റെ നമ്പര്‍?"

സുജിത്തൊന്നു പകച്ചു. " സാര്‍, നമ്പര്‍ അമ്പത്തൊന്ന്, അല്ല അമ്പത്തിര്ണ്ട്.. അമ്പത്തൊന്ന്.."

"ആ ആ.. മതി, മതി ... വിഷമിക്കേണ്ട. അടുത്ത ദിവസം പറഞ്ഞാല്‍ മതി. എടോ റെപ്പേ അവനയൊന്നു സഹായിച്ചേക്കണം"

"സാറേ, റെപ്പിന്നു വന്നട്ടില്ല, പനി".

"കൊള്ളാം, ം മ്... അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് മൊഡ്യൂള്‍ 1 തീര്‍ന്നു. അടുത്ത ബുധനാഴ്ച ക്ലാസ്സ് ടെസ്റ്റ് ഉണ്ടാകും. ഇതും ഇന്‍റേണല്‍സില്‍ വരുന്ന മാര്‍ക്കാണ്‌."

ഇത്രയും പറഞ്ഞ ഞങ്ങളുടെ ഒരു മറുപടിക്ക് പോലും കാത്തു നില്‍ക്കാതെ സാര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയി. ഞാനും അനൂപ് ആന്‍റണിയും ജിബിനും പരസ്പരം നോക്കി. ബുധനാഴ്ച ഫസ്റ്റ് അവറാണ്‌ ക്ലാസ്സ് ടെസ്റ്റ്.

ചൊവ്വാഴ്ച രാത്രി, ഒരു പത്തുമണിയായിക്കാണും.. ഞാനും അനൂപും സതീശ്ഷും പാണ്ടി റോബിനുമൊക്കെ പന്നിമലത്തുകായായിരുന്നു - അതെ ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ്‌ ജിബിന്‍ വന്നു പറയുന്നത് "എടാ നാളെ ഇലക്ട്രോണിക്സിന്‍റെ ക്ലാസ്സ് ടെസ്റ്റ്..."

"എന്‍റെമ്മോ..... എടാ മറന്നു പോയല്ലൊ... വല്ലതും അറിയാമൊ..? , ഏതാ മൊഡ്യൂള്‍..?"

"സെക്കന്‍ര്‍ മൊഡ്യൂള്‍ ആണൊ..?"

"സെക്കന്‍ര്‍ മൊഡ്യൂള്‍ കഴിഞ്ഞൊ.... ഫസ്റ്റാകും... വാ എന്തെങ്കിലും നോക്കണ്ടെ...?"

"അളിയാ ഞങ്ങള്‍ പോയി എന്തെങ്കിലും നോക്കട്ടെ... അല്ലെങ്കില്‍ കലിപ്പാ.."

"ഡാ, ഈ കളി തീര്‍ത്തിട്ടു പോടാ.."

"നീ പോടാ, ഇലക്ട്രോണിക്സ് എടുത്തത് നിന്‍റെയൊക്കെ ഭാഗ്യം. ദൈവമെ ഞങ്ങള്‍ കമ്പ്യൂട്ടേഴ്സിനെ ഈ ക്ലാസ്സ് ടെസ്റ്റുകള്‍ മുഴുവന്‍..."

"എന്തായാലും ഈ റൌണ്ട് കൂടി കളിക്കാമെടാ.."

അങ്ങനെ ആ കളി കൂടി കഴിഞ്ഞപ്പോള്‍ 12 മണിയായി.

"അളിയാ, 12 മണിയായല്ലൊ..." , ഞാന്‍ അനൂപിനോട് പറഞ്ഞു.

"നമ്മുക്കു വെളുപ്പിനെ 4 മണിക്ക് എഴുന്നേറ്റിരുന്നു പഠിക്കാമെടാ.."

"അത്രക്ക് രാവിലെ എഴുന്നേല്‍ക്കണോടാ..?"

"എന്നാല്‍ 4.30 ആയിക്കോട്ടെ.. "

"ഓക്കെ... അപ്പോള്‍ ഗുഡ്നൈറ്റ്..." "ഓ.."

രാവിലെ എഴുന്നേറ്റു. സമയം 7.50. "ദൈവമെ, കലിപ്പായൊ...?"

അപ്പോള്‍ അനൂപിന്‍റെ ശബ്ദം കേട്ടു.

"എടാ, എന്‍റെ പേസ്റ്റ് തീര്‍ന്നു. ... തെണ്ടികള്‍ എല്ലാരും പോയൊ.."

"ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേയുള്ളു.. ", ഞാന്‍ അനൂപിനോട് പറഞ്ഞു.

"ഡാ, എല്ലാവരും പോയി....ഞാനും നീയും ജിബിനുമേ ഉള്ളൂ..."

"അളിയാ, ടെസ്റ്റ് കുളമായല്ലോ... ഒന്നും പഠിച്ചില്ല.. "

"നീ വേഗം റെഡിയാക്.. അവിടെ 9.30ക്ക് എത്തണ്ടെ,..."

അങ്ങനെ രാവിലത്തെ കലാപരിപടികളെല്ലാം കഴിഞ്ഞു റെഡിയായപ്പോള്‍ സമയം 8.50.

"ഡാ, വേഗം വാ, 9.10ന്‍റെ രാജധാനിക്ക് പോകണം..."

ബസ്സ് സ്റ്റോപ്പിലേക്ക് കുറച്ച് നടക്കണം. അടുത്തവീട്ടില്‍ നിന്നും കുക്ക് കൊണ്ടുവച്ച ചപ്പാത്തി ഞാനും ജിബിനും കൂടെ ഒരു വിധത്തില്‍ വലിച്ചു രണ്ടായിക്കീറി.

"അളിയാ, എന്തുവാടാ, ചപ്പാത്തി തന്നെയാണൊ...", ഞാന്‍ ജിബിനോട് ചോദിച്ചു.

അപ്പോള്‍ അനൂപ് അകത്തു നിന്നു വിളിച്ചു പറഞ്ഞു.

"ഡാ, എന്‍റെ അമ്പതു പൈസ, ഈ മേശയുടെ മുകളില്‍ വച്ചിരുന്നത് കാണുന്നില്ല.. അങ്ങോട്ട് പോകാന്‍ കാശില്ല..നിങ്ങളു കണ്ടോ..."

"സോറി അളിയാ, അതു ഞാന്‍ ചായയുടെ കുടെ അങ്ങു തിന്നു.. നീ വരണുണ്ടോ.. വണ്ടി പോകും... കാശ് ജിബിനിടുത്തോളും.. അല്ലെ ജിബിനെ.. ", ഞാന്‍ പറഞ്ഞു.

"ഡാ, അതു രാവിലെ റോബിന്‍ ഒരു പിച്ചക്കാരന്‍ വന്നപ്പോള്‍ എടുത്തു കൊടുത്തു..", ജിബിന്‍ വിളിച്ചു പറഞ്ഞു.

"ആഹാ, വൈകുന്നേരത്തേക്കുള്ളതായി.. പാവം റോബിന്‍...." ഞങ്ങള്‍ ചിരിച്ചു.

"ഡാ, താക്കോലെവിടെ...ആ കിട്ടി.."

മുറിപൂട്ടി താക്കോല്‍ പടിക്കു മുകളില്‍ വച്ചിട്ട് ഞങ്ങള്‍ ബസ്സ് സ്റ്റോപ്പിലേക്കോടി.

സ്റ്റോപ്പിലെത്തിയപ്പോഴേക്കും രാജധാനി സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞിരുന്നു. റോഡ് ക്രോസ്സ് ചെയ്തപ്പോളേക്കും വണ്ടി എടുത്തു..

"ചേട്ടാ, വണ്ടി ഒന്നു നിര്‍ത്തു.. ", ഞങ്ങള്‍ ഡ്രൈവറോടു വിളിച്ചു പറഞ്ഞു.

"പിന്നെ, നിന്‍റെയൊക്കെ അപ്പന്‍റെ വകയാണല്ലൊ ബസ്സ്, എന്ന റോളില്‍ നോക്കികൊണ്ട് പുള്ളി വണ്ടിയൊടിച്ചു പോയി. അകത്തിരുന്നു ഇബിയിലെ പ്രീജയും സോണിയയും ഞങ്ങളെ നോക്കി ചിരിച്ചു. " ശവങ്ങള്‍..."

"അളിയാ, എക്സാം.. ഇനി 9.40ന്‌ യൂണിയനെ ഉള്ളു.. അവിടെ എത്തുമ്പോള്‍ 10 മണിയാകും. ലേറ്റ് ആയതിന്‌ എന്തു പറയും?.."

"കറന്‍റില്ലായിരുന്നു.. വെള്ളമില്ലായിരുന്നു. എന്നൊക്കെ പറയാം... സാര്‍ കുഴപ്പമില്ലെടാ.."

അങ്ങനെ യൂണിയനില്‍ കയറി, ഒരു വിധത്തില്‍ 9.55 ആയപ്പോള്‍ ഞങ്ങള്‍ മുന്നും കൂടി ക്ലാസ്സിന്‍റ ഫ്രണ്ടിലെത്തി.

എല്ലാവരും ഇരുന്നു എക്സാം എഴുതുന്നു. സാറും ക്ലാസ്സിലുണ്ട്.

"എക്സ്ക്യൂസ്മി സാര്‍...", ഞങ്ങള്‍ വിളിച്ചു.

സാര്‍ വാച്ചില്‍ നോക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് മറ്റാരും കേള്‍ക്കാതെ ഞങ്ങളോടായി പതുക്കെ ചോദിച്ചു.

"എന്തുപറ്റി...?"

"സാര്‍, കറന്റില്ലായിരുന്നു.. കോര്‍പ്പറേഷന്‍ വാട്ടറുമില്ലായിരുന്നു.. പിന്നെ കറന്‍ര്‍ വന്ന് മോട്ടര്‍ അടിച്ചു കുളിച്ചപ്പോഴേക്കും ലേറ്റ് ആയിപ്പോയി.."

"അയ്യൊ, കഷ്ടമായിപ്പോയല്ലൊ, മൂന്നു പേരും ഒരേ ഹോസ്റ്റലിലാ...?"

"അതെ സാര്‍..."

"അപ്പൊള്‍ കുളിക്കാറൊക്കെയുണ്ടല്ലെ..." ഞങ്ങള്‍ പരസ്പരം നോക്കി.

"അല്ലെങ്കിലും ഈ അടുരില്‍ ഇങ്ങനെയാ... കറന്‍റും വെള്ളവും ഒന്നും ഉണ്ടാകാറില്ല... ഞാനും ഇടയ്ക്കനുഭവിച്ചിട്ടുണ്ട്,.,." സാര്‍ തുടര്‍ന്നു.

സംഗതി ഏറ്റ മട്ടില്‍ ഞങ്ങള്‍ പരസ്പരം നോക്കി.

"നിങ്ങളൊരു കാര്യം ചെയ്യ്.. ഓടി മടുത്തതെല്ലെ.. ലൈബ്രറിയിലൊ മറ്റൊ പോയിരുന്നു വിശ്രമിച്ചോളൂ... പൊയ്ക്കൊ..."

"സാരമില്ല സാര്‍ , ഞങ്ങള്‍ എക്സാം എഴുതിക്കോളാം...."

"ഓ, അതൊക്കെ ഒര്‍മ്മയുണ്ടോ.... സാരമില്ല.. എക്സാം അവരെഴുതുന്നുണ്ട്... നിങ്ങളു പൊയ്ക്കോളൂ..ആ ഐഡികാര്‍ഡ് ഇങ്ങു തന്നേക്കു.. ഇത് പ്രിന്‍സിപ്പാളിന്‍റെ കൈയില്‍ നിന്നും വാങ്ങിക്കോളൂ.."

"സാര്‍....!!!!"

സാറൊന്നും മിണ്ടാതെ ഐഡികാര്‍ഡുകളുമായി അകത്തേക്കു പോയി.. ഞങ്ങളവിടെ തരിച്ചു നിന്നു.തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സില്‍ നിന്നും ചിരി കേള്‍ക്കാമായിരുന്നു.
അതിനുശേഷം ഞങ്ങള്‍ എക്സാമുകള്‍ ഒന്നും മുടങ്ങാതെ നോക്കിയിരുന്നു. പ്രിന്‍സിപ്പളിനെ പേടിയായതു കൊണ്ടൊന്നുമല്ല, പഠിക്കാനുള്ള ആഗ്രഹം കൊണ്ടുമാത്രമായിരുന്നു, സത്യം.