Friday, August 2, 2013

തപസ്സ്

"സുലൂ..."

അലക്കിയ തുണി മുഴുവന്‍ ടെറസ്സില്‍ വിരിക്കുകയായിരുന്നു സുലോചന, അയല്‍ക്കാരിയും ഉറ്റ ചങ്ങാതിയുമായ ശാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

"എന്താടി, എന്തിനാ നീ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്?"

"എടി സുലൂ, സംഗതി സത്യമാണെടി. 11 A യിലെ മായ ടീച്ചറും സുരേഷ് സാറും തിരിച്ചെത്തി. സുരേഷ് സാറിന്‍റെ ക്യാന്‍സര്‍ ഒക്കെ ഭേദമായി എന്നാ കേള്‍ക്കുന്നത്."

"സത്യമാണൊ ശാന്തി നീ ഈ പറയുന്നത്? RCCയില്‍ നിന്നു വരെ രക്ഷിക്കാന്‍ പറ്റില്ല എന്നു പറഞ്ഞു തിരിച്ചയച്ചതാണല്ലൊ, എങ്ങനെ ഭേദമായി ഇപ്പോള്‍"

"ഏറ്റുമാനൂര്‍ തേവരുടെ അനുഗ്രഹമാണെന്നാ പറയുന്നത്. മായ ടീച്ചര്‍ എപ്പോളും അവിടെയായിരുന്നല്ലൊ"

"പിന്നെ, ഡോക്ടര്‍മാര്‍ ഒട്ടും രക്ഷിക്കാന്‍ പറ്റില്ലെന്നല്ലെ പറഞ്ഞത്"

"സുലു, മായ ടീച്ചര്‍ ഒരു ദിവസം തൊഴാന്‍ ചെന്നപ്പോള്‍ സന്യാസിയെപ്പോലെ ഒരാളെ അവിടെ വച്ചു കണ്ടെന്നും അദ്ദേഹം തപസ്സ് ചെയ്യാന്‍ ഉപദേശിച്ചുമത്രെ. അങ്ങിനെ മായ ടീച്ചര്‍ തപസ്സു ചെയ്തെന്നും മൂന്നുമാസ്സം കഴിഞ്ഞപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടനുഗ്രഹിച്ചെന്നും അങ്ങനെ അസുഖം മാറിയെന്നും പറയുന്നത്"

"തപസ്സൊ, ഹ ഹ ഹ..നിനക്ക് വട്ടായൊ? അതൊക്കെ പുരാണങ്ങളില്‍ ഉള്ള കാര്യമല്ലെ? അതിലാണെങ്കില്‍ തന്നെ വര്‍ഷങ്ങളോളം തപസ്സ് ചെയ്യുമ്പോളാണ്‌ ദൈവം പ്രത്യക്ഷപ്പെടുന്നത് തന്നെ. ഇതിപ്പോള്‍ മൂന്നു മാസ്സം കൊണ്ട് ദൈവം പ്രത്യക്ഷപ്പെട്ടൊ? നിനക്കു വട്ടാ ഇതൊക്കെ വിശ്വസിക്കാന്‍"

"സുലു, എന്നോട് 7Dയിലെ രത്നമ്മ ചേച്ചിയാണ്‌ ഇതെല്ലാം പറഞ്ഞത്. സത്യമാണൊ എന്തോ, പക്ഷെ സുരേഷ് സാറിനെ ഞാനിപ്പോള്‍ കണ്ടിരുന്നു. അസുഖത്തിന്‍റെ യാതൊരു ലക്ഷണവുമില്ല. മുടിയൊക്കെ നന്നായി വളര്‍ന്നിട്ടും ഉണ്ട്"

"എന്‍റെ ശാന്തി, നീ ഒരു പൊട്ടിപ്പെണ്ണ്‌ തന്നെ. വേറെ ജോലിയൊന്നും ഇല്ലേ"

സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു ശാന്തി താഴേക്കു നോക്കി.

"എടി, രഘുവേട്ടന്‍ വന്നു. ഞാന്‍ പോകട്ടെ. വൈകുന്നേരം സുരേഷ് സാറിന്‌ സെക്രട്ടറിയുടെ ഒക്കെ വക സ്വീകരണമുണ്ട്. അവിടെ വച്ചു കാണാം"

സുലോചനൊക്കൊന്നും മനസ്സിലായില്ല. ആകെ മൊത്തം കണ്‍ഫ്യൂഷന്‍.ഇന്നത്തെക്കാലത്ത് ആരെങ്കിലുമൊക്കെ തപസ്സു ചെയ്യുമൊ? അതും ഭക്ഷണമൊന്നും കഴിക്കാതെ എങ്ങനെ? ച്ഛെ ഞാനൊന്തൊക്കെയാണ്‌ ഈ ചിന്തിച്ചു കൂട്ടുന്നത്. ഒന്നുകില്‍ അയാള്‍ക്ക് ഇത്ര നാള്‍ ക്യാന്‍സര്‍ ഉണ്ടെന്നൊക്കെ പറഞ്ഞതു വെറും കള്ളത്തരമായിരിക്കും. അല്ലെങ്കില്‍ മരുന്നിലൂടെ തന്നെ മാറിക്കാണും. ആ മണ്ടുപ്പെണ്ണീനെ രത്നമ്മ പറ്റിച്ചതു തന്നെ. സുലോചനക്ക് ചിരി വന്നു. എന്തായാലും വൈകുന്നേരം പാര്‍ട്ടിക്കു പോകാം.

വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു റെഡിയായി സുലോചന എത്തിയപ്പോളെക്കും സ്വീകരണചടങ്ങു തുടങ്ങിയിരുന്നു. ശാന്തി അടുത്തു തന്നെ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. സെക്രട്ടറി സുരേഷ് സാറിന്‌ ദീര്ഘായുസ്സ് ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തി.

തിരിച്ച് റൂമിലെത്തിയപ്പോള്‍ സുലോചന ആകെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. മായ ടീച്ചറും സുരേഷ് സാറും തപസ്സിനെപ്പറ്റി ഒന്നും പറഞ്ഞില്ല. എല്ലാം ഏറ്റുമാനൂരപ്പന്‍റെ അനുഗ്രഹം എന്നു രണ്ടുപേരും പറഞ്ഞു. മായ ടീച്ചറിന്‍റെ ശബ്ദത്തിലെ ദൃഡത, ഒന്നും മനസ്സിലാകുന്നില്ലലൊ ഭഗവാനെ. സുരേഷ് സാര്‍ പണ്ടത്തേതിനേക്കാളും ആരോഗ്യവാനും സുന്ദരനുമായിട്ടുണ്ട്. 29 വയസ്സായ എന്‍റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. നശിച്ച ചൊവ്വാദോഷാം.

അത്താഴം ഒരുവിധം കഴിച്ചെന്നു വരുത്തി സുലോചന ഉറങ്ങാന്‍ കിടന്നു. എന്‍റെ മുന്‍പിലും ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് വരം തന്നിരുന്നെങ്കില്‍. ഈ ബോറിംഗ് ജീവിതം മാറ്റി നല്ലൊരു ജീവിതം ചോദിക്കാമായിരുന്നു. ഒത്തിരി കാശും വിലകൂടിയ കാറുകളും എല്ലാ സുഖങ്ങളുമുള്ള ഒരു ജീവിതം ചോദിക്കാമായിരുന്നു. ശാന്തി പറഞ്ഞതനുസ്സരിച്ച് തപസ്സില്‍ മുഴുകി കഴിഞ്ഞാല്‍ വിശപ്പൊന്നും പിന്നെ അറിയില്ലത്രെ. മൂന്നു മാസ്സം കഷ്ടപ്പെട്ടാല്‍ പോരെ, ഒന്നു ശ്രമിച്ചു നോക്കിയാലൊ. എല്ലാം തീരുമാനിച്ചുറച്ചാണ്‌ സുലോചന ഉറങ്ങിയത്.

രാവിലെ തന്നെ സുലോചന ശാന്തിയെ വിളിച്ച് അച്ഛനു സുഖമില്ലാത്തതു കൊണ്ട് നാട്ടില്‍ പോവുകയാണെന്നു പറഞ്ഞു. ഓഫീസിലും വിളിച്ചു പറഞ്ഞൊരു ലോംഗ് ലീവെടുത്തു. വീട്ടില്‍ നിന്നാരും വിളിക്കാന്‍ പോകുന്നില്ല. അമ്മയുടെ മരണശ്ശേഷം രണ്ടാനമ്മ വന്നതോടെ അച്ഛന്‍ വിളിക്കാറേ ഇല്ല. ഒരു സഹോദരനുള്ളത് ബോംബെയിലെവിടെയൊ ആണ്‌.

കുളിച്ചു പുതിയ ഡ്രസ്സൊക്കെ ഉടുത്തു സുലോചന റെഡിയായി. ശിവന്‍ പ്രത്യക്ഷപ്പെട്ടാല്‍ ചോദിക്കേണ്ട് കാര്യങ്ങളൊക്കെ ഒന്നുകൂടെ ഓര്‍ത്തെടുത്തു. മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ കൈകള്‍ കൂപ്പി കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിക്കാനാരംഭിച്ചു.

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പുറത്തു നടക്കുന്നതൊന്നും അറിയാതെ വേറൊന്നും ചിന്തിക്കാതെ സുലോചന തപസ്സ് തുടര്‍ന്നു. വിശപ്പും ദാഹവും സുലോചന അറിഞ്ഞതേ ഇല്ല. മുറിയില്‍ മുഴുവന്‍ മാറാല പിടിച്ചു. എലികളും പല്ലികളും പാറ്റകളും മുറിയിലാകെ നിറഞ്ഞു. മുടി ജഡ പിടിക്കാന്‍ തുടങ്ങിരുന്നു. ചുണ്ടുകള്‍ വരഞ്ഞു കീറി. പഴുതാരകള്‍ സുലോചയുടെ ദേഹത്ത് മുഴുവന്‍ ഇഴഞ്ഞു നടന്നു. അതിനൊന്നും ആ തപസ്സിളക്കാന്‍ കഴിഞ്ഞില്ല.

മൂന്നു മാസങ്ങള്‍ കഴിഞ്ഞു.

ആ ഘോര വേനല്‍ക്കാലത്തും ഒരു മഴക്കാറുപോലും ഇല്ലാതെ ഇടിയും മിന്നലുമുണ്ടായി. ഒരിക്കലും കരണ്ടു പോകാത്ത ആ സിറ്റിയില്‍ കരണ്ടും പോയി. നായ്കള്‍ ഉറക്കെ ഓരിയിട്ടു. പക്ഷികള്‍ കൂട്ടത്തോടെ ചിലച്ചുകൊണ്ട് ദൂരേക്ക് പറന്നു പോയി. ഇടിമുഴക്കം വീണ്ടുമുണ്ടായപ്പോള്‍ എല്ലാവരും പേടിച്ചു വീടുകളില്‍ കയറി കതകടച്ചു.

സുലോചനയുടെ മുറിയിലാകെ പ്രകാശം പരന്നു. എല്ലായിടത്തും ഭസ്മത്തിന്‍റെ ഗന്ധം നിറഞ്ഞു. കൈയില്‍ തൃശൂലവുമായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.


"മകളെ സുലോചനെ, കണ്ണുകള്‍ തുറക്കു. നിന്‍റെ വിശ്വാസത്തിലും തപസ്സിലും ഞാന്‍ സന്തുഷ്ടനായിരിക്കുന്നു"

സുലോചന കണ്ണുകള്‍ പതിയെ തുറന്നു. പ്രകാശത്തിനു നടുവില്‍ നില്‍ക്കുന്ന മഹാദേവനെ കണ്ടു. സുലോചയ്ക്ക് കണ്ണുകളെ വിശ്വസിക്കാനയില്ല.

"പറയൂ നിനക്കെന്താഗ്രഹമാണുള്ളത്?"

"ഭഗവാനെ അങ്ങ് പ്രത്യക്ഷപ്പെട്ടൊ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല.  എനിക്കിനി മരിച്ചാലും വേണ്ടില്ല"

"തദാസ്തു"


Monday, July 29, 2013

ഫ്രൈഡെ

ബസ്സ് മോനിപ്പള്ളി എത്താറായി. എല്ലാവരും നല്ല ഉറക്കമാണ്. സമയം ഒന്നരയാകുന്നു. ഞാനൊഴിച്ച് ഒരുവിധം എല്ലാവരും തന്നെ മൂകാംബികയ്ക്ക് തന്നെയാണെന്ന് തോന്നുന്നു. ഞാന്‍ പതിയെ ബാഗൊക്കെ എടുത്തു റെഡിയായി. കണ്ടക്ടറും നല്ല ഉറക്കമാണല്ലൊ.

"സാര്‍ സാര്‍"

ഞാന്‍ കുലുക്കി വിളിച്ച് ഉറക്കം കളഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എന്നു പുള്ളിക്കാരന്‍റെ മുഖം കണ്ടാലറിയാം. സ്റ്റോപ്പെത്താറായപ്പോള്‍ ബെല്ലടിച്ചു. അത്ര ഇഷ്ടത്തോടെയല്ലാതെയാണ്‌ ഡ്രൈവറും വണ്ടി നിര്‍ത്തിയത്.

ജംഗ്ഷനില്‍ തന്നെയുള്ള വലിയ സോഡിയം ലൈറ്റ് മങ്ങി കത്തുന്നുണ്ട്. എങ്കിലും മൊത്തത്തില്‍ ഒരു മഞ്ഞ പ്രകാശം എല്ലായിടത്തും. ഓട്ടൊ സ്റ്റാന്‍ഡില്‍ വണ്ടിയൊന്നുമില്ല. അല്ലെങ്കില്‍ സാധാരണ രണ്ട് മൂന്ന് ഓട്ടോകള്‍ ഉണ്ടാകേണ്ടതാണല്ലൊ. നന്നായി വിശക്കുന്നുമുണ്ട്. കോട്ടയത്തു നിന്നെന്തെങ്കിലും കഴിക്കാമായിരുന്നു.

കന്നിതുലാം മാസമായതുകൊണ്ട് അമ്മ പറഞ്ഞതാണ്‌ രാവിലെ പോന്നാല്‍ മതിയെന്നു. അപ്പോളതു കേട്ടില്ല. അല്ലെങ്കില്‍തന്നെ വെള്ളിയാഴ്ചകളില്‍ യാത്ര ചെയ്യുന്നത് വീട്ടിലത്ര ഇഷ്ടമുള്ള കാര്യമല്ല. ശനിയാഴ്ച രാവിലെ എണീറ്റ് വരുന്നത് വലിയ ബുദ്ധിമുട്ടാ. വെള്ളിയാഴ്ച കുറച്ച് കഷ്ടപ്പെട്ടാലെന്താ സുഖമായി രണ്ട് ദിവസം വീട്ടില്‍ നില്‍ക്കാം. അതുകൊണ്ടുതന്നെ അമ്മയുടെ ഇഷ്ടക്കേട് അത്ര കാര്യമാക്കാറില്ലായിരുന്നു. ഇന്നത് ശരിക്കും പണികിട്ടി. ഇന്നെന്തൊ കറുകരി കറുത്ത വെള്ളിയാഴ്ചയാണെന്നൊ മറ്റൊ രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലെ രാത്രിക്കും ഒരേ ഇരുട്ടു തന്നെ. ചില കാര്യങ്ങളിലൊന്നും കാര്‍ന്നോന്മാരോട് തര്‍ക്കിക്കാന്‍ പോകാതിരിക്കുന്നതാ നല്ലത്.

ഇന്നെന്തായാലും നല്ല വഴക്കു കേള്‍ക്കും. സാധാരണ ഒന്‍പതര ഒക്കെ ആകുമ്പോള്‍ വീടെത്താറുള്ളതാ. ഇന്ന് നശിക്കാന്‍ പാളത്തില്‍ എന്തോ മരം വീണു കിടന്നിരുന്നതുകൊണ്ട് ട്രൈയിന്‍ കുറേനേരം പിടിച്ചിട്ടു. എങ്കിലും ഇത്ര ലേറ്റ് ആകുമെന്ന് കരുതിയില്ല. അമ്മ പറയുംപോലെ കറുകരി കറുത്ത വെള്ളിയാഴ്ച ആയതുകൊണ്ടാണൊ, ആകെ മൊത്തം ഒരു ദുസൂചനകള്‍. സാധാരണയുള്ളതിലും വളരെ കുറവുമായിരുന്നു ഇന്ന് യാത്രക്കാരും. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ ഒരു തോന്നല്‍.

മൊബൈലാണെങ്കില്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫായിപ്പോയി. ഓഫാകുന്നതിനുമുന്‍പ് വീട്ടില്‍ വിളിച്ച് വിവരമറിയിച്ചത് നന്നായി. അല്ലെങ്കില്‍ വീട്ടിലെല്ലാവരും ആകെ പേടിച്ചേനെ.

പതിനഞ്ച് മിനിട്ടുകള്‍ കഴിഞ്ഞു. ഓട്ടോയൊന്നും വരുന്നില്ലല്ലൊ. ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് വീട്ടിലേക്ക്. വേണ്ടായിരുന്നു.

തണുത്തൊരു കോടക്കാറ്റ് വീശിയടിച്ചു. മഴ പെയ്യാനൊരുങ്ങുകയാണ്. മുകളിലേക്ക് നോക്കുമ്പോള്‍ ഒന്നും കാണാനില്ല. ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. ആകെപ്പാടെ ഒരു സുഖമില്ലാത്ത അന്തരീക്ഷം.

"പ്ടേ"

ജോണ്‍സ് ബേക്കറിയുടെ ബോര്‍ഡിളകി എന്‍റെ തൊട്ടുപുറകില്‍ വന്നു വീണു. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയതുപോലെ. ഒരു കാരണവുമില്ലാതെ മനസ്സിലാകെയൊരു ഭീതി നിറയുന്നു. ഒരു കൊതുകിനെപ്പോലും കാണാനില്ല. ബസ്റ്റാന്‍ഡില്‍ ഒരു ഭ്രാന്തന്‍ സാധാരണ കിടന്നുറങ്ങാറുള്ളതാണ്. ഇന്നയാളെയും കാണുന്നില്ല. റോഡിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട് വീണ്ടും കാറ്റടിച്ചു. ഇനിയും ഓട്ടോ നോക്കി നിന്നിട്ട് കാര്യമില്ല. വേഗം നടന്ന് വീടെത്താന്‍ നോക്കാം.

ഓട്ടോ സ്റ്റാന്‍ഡ് നടന്നു കഴിയാന്‍ തന്നെ സമയമെടുത്തതുപോലെ എനിക്കു തോന്നി. ഇനിയൊരു വളവുകഴിഞ്ഞാല്‍ പിന്നെ കടകളെല്ലാം കഴിഞ്ഞു. പിന്നെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം മാത്രമെയുള്ളു. അതും എല്ലാ പോസ്റ്റിലെയും കത്തുന്നില്ലെന്നു തോന്നുന്നു.

പിന്നില്‍ നിന്നാരോ വരുന്നുണ്ടെന്നു തോന്നി. പെട്ടെന്ന് അതിഭീകര ശബ്ദത്തിലൊരു ഇടിയും മിന്നലും ഒരുമിച്ചു വന്നു. ഭൂമിയാകെ കിടുങ്ങി വിറച്ചതുപോലെ. കുറച്ചു മുന്‍പിലായുണ്ടായിരുന്ന ട്രാന്‍സ്ഫോമറില്‍ നിന്നും തീ ചിതറി നാലുപാടും. എന്‍റെ മുന്‍പിലെ സ്ട്രീറ്റ് ലൈറ്റ് പൊട്ടി താഴെ വീണ്‌ ചിന്നിച്ചിതറി. കൂടെ വീശിയടിച്ച കാറ്റ് കരണ്ടും വാശിയോടെ വലിച്ചു പറിച്ചു കൊണ്ടുപോയതുപോലെ തൊന്നി. എല്ലാം ഒരു നിമിഷാര്‍ദ്ധം കൊണ്ടു കഴിഞ്ഞു.

കുറ്റാകൂരിരിട്ട്. എന്‍റെ ഷര്‍ട്ട് പോലും കാണാന്‍ പറ്റാത്തത്ര ഇരുട്ട്. മനസ്സിലെ വിറയില്‍ പതിയെ കാലുകളിലേക്ക് പടര്‍ന്നതുപോലെ.

കുറെ പട്ടികള്‍ അവിടുന്നുമിവിടുന്നുമൊക്കെ കുറുക്കന്‍ ഓരിയിടുന്നതു പോലെ കൂവുന്നു. കാലന്‍ വരുമ്പോളാണ്‌ പട്ടികള്‍ ഓരിയിടുന്നതെന്ന് മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു. അല്ലെങ്കിലും ആവശ്യമില്ലാത്ത സമയത്ത് വേണ്ടാത്ത കാര്യങ്ങളെല്ലാം ഓര്‍മ്മ വരും. പുറകില്‍ നിന്നും ഒരു കാറ്റ് ചൂളമടിച്ചുകൊണ്ട് വീശി വരുന്നു. കൂടെ ആരോ ഓടി വരുന്നതുപോലെ തോന്നും. തൊണ്ടയാകെ വറ്റി വരളുന്നതുപോലെ, തണുത്ത കാറ്റു വീശുന്നുണ്ടെങ്കിലും ഞാനാകെ വിയര്‍ക്കുന്നതുപോലെ തോന്നി. കാറ്റ് പെട്ടെന്നു നിന്നു. പരിപൂര്‍ണ്ണ നിശബ്ദത. എനിക്കെന്‍റെ ശ്വാസോച്ഛാസം ശരിക്കുമിപ്പോള്‍ കേള്‍ക്കാം. പിന്നെയും നിമിഷങ്ങെളെടുത്തു ഇടിയും മിന്നലുമൊന്നിച്ചുണ്ടാക്കിയ ഞെട്ടലില്‍ നിന്നുമുണരാന്‍.

ഒന്നും കാണത്തില്ലെങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ മുന്നോട്ടു നടന്നു തുടങ്ങി. ശരിക്കും അന്ധനായതുപോലെ, ഒന്നും കാണാന്‍ പറ്റുന്നില്ല. അനാവശ്യമായൊരു പേടി കൂടിക്കൂടി വന്നു.

എന്തിനാ ഞാനിങ്ങനെ പേടിക്കുന്നത്? ഇതെന്‍റെ സ്വന്തം മോനിപ്പള്ളിയല്ലെ, ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം. വെറുതെ ഓരൊ ഹൊറര്‍ സിനിമള്‍ ഒക്കെ കണ്ടിട്ടാ വേണ്ടാത്ത കാര്യങ്ങളൊക്കെ മനസ്സില്‍ വരുന്നത്. ഞാന്‍ മനസ്സില്‍ നിറയെ ധൈര്യം നിറച്ചു. വേഗത്തില്‍ കാലൂന്നി നടന്നു തുടങ്ങി, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട്.

ആരോ പിന്‍തുടരുന്നതുപോലെ, ഹേയ് വെറുതെ തോന്നുന്നതാ. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഇതൊക്കെ സാധാരണയ. ആശ്വസിക്കാന്‍ ഞാന്‍ ഓരോന്നു ആലോചിച്ചെങ്കിലും ഉള്ളിലെ ഭയം എന്നെ വീണ്ടും വിയര്‍പ്പിക്കാന്‍ തുടങ്ങി. പാല്‍ സൊസൈറ്റി കഴിഞ്ഞുള്ള വളവു തിരിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിറങ്ങലിച്ചുപോയി. ശ്വാസം നിന്നു പോയതുപോലെ. ജോസഫേട്ടന്‍റെ വീട്.

രണ്ടാഴ്ച മുന്‍പാണ്‌ ജോസഫേട്ടന്‍ മരിച്ചത്. ആത്മഹത്യ ആയിരുന്നു. കടക്കെണിയാണെന്നും അന്നചേച്ചിയുടെ അവിഹിതമായിരുന്നു എന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ട്.

ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. കുടിച്ച ഉടനെ രക്ഷിക്കണെ എന്നുറക്കെ കരഞ്ഞു. ഓടി ചെന്ന ബേബിചേട്ടനോട് രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞെന്ന് ബേബിചേട്ടന്‍ എന്നോടും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ് മരിച്ചിരുന്നു. അന്നനാളവും ആമാശയവുമൊക്കെ കരിഞ്ഞു പോയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്പാദത്തില്‍ നിന്നൊരു വിറയല്‍ ശരീരത്തിലാകെ പടര്‍ന്നു.

ദുര്‍മ്മരണം നടന്നവരുടെ ആത്മാക്കള്‍ മോക്ഷം കിട്ടാതെ അലയുമെന്ന് എല്ലാ മതത്തിലും പറയുന്നെണ്ടെന്ന് തോന്നുന്നു. എല്ലാവരും പറയണമെങ്കില്‍???

ഒറ്റയോട്ടത്തിന്‌ ജോസഫേട്ടന്‍റെ വീടിരിക്കുന്ന ഭാഗം കഴിച്ചാലൊ എന്നു തോന്നി. വേണ്ട, മഴക്കാലമായതുകൊണ്ട് വഴിലെന്തെങ്കിലും ഉണ്ടെങ്കില്‍ വീണാല്‍ നല്ല പരിക്കു പറ്റും. പിന്നെ ശബ്ദവുമുണ്ടാകും. പതുക്കെ ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു തുടങ്ങി.

മുടികത്തുന്നതിന്‍റെയും മാംസം കരിയുന്നതിന്‍റെയും മണം വരുന്നതുപോലെ. അല്ല എന്‍റെ വെറും തോന്നലാകും. ജോസഫേട്ടന്‍റെ വീടിനു മുന്‍പിലെത്തിയപ്പോള്‍ നെഞ്ചു പടപടാ ഇടിക്കാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടാന്‍ തുടങ്ങി. തണുത്തകാറ്റ് വീണ്ടുമൊരു ശീല്‍ക്കാരത്തോടെ അടിക്കുന്നു. ജോസഫേട്ടന്‍റെ വീടിനു മുറ്റത്തൊരു ആള്‍രൂപം നില്‍ക്കുന്നതുപോലെ തോന്നി. ഹൃദയമിടിപ്പു നിന്നതുപോലെ.

"കാവിലമ്മെ"

ഞാന്‍ ശബ്ദമുണ്ടാക്കാതെ മനസ്സിലുറച്ചു വിളിച്ചു. മനസ്സിലെ ധൈര്യം മുഴുവന്‍ കാലിലേക്ക് പകര്‍ന്ന് ഞാന്‍ എല്ലാ ശക്തിയുമെടുത്തോടി. കൈയിലിരുന്ന കുട വഴുതി വീണു, പോകട്ടെ നാശം. ആരോ പിന്‍തുടര്‍ന്നോടി വരുന്നതുപോലെ. ഞാന്‍ വീണ്ടും ശക്തിയായി ഓടി. പെട്ടെന്നെന്തിലൊ കാല്‍ തട്ടി കമിഴ്ന്നടിച്ചു വീണു. ബാഗ് തോളില്‍ നിന്നും തെറിച്ചു പോയി എവിടെയൊ വീണു. ഇരുട്ടതിന്‍റെ ഉച്ചസ്ഥായിലെത്തുയതു പോലെ.

കൈമുട്ടുകള്‍ റോഡിലുരഞ്ഞു കീറി. എണീക്കാന്‍ വയ്യാതെ ഞാനവിടെ കിടന്നു. അസ്ഥികളെല്ലാം നുറുങ്ങുന്ന വേദന. ഞാന്‍ കണ്ട മനുഷ്യരൂപം ജോസേഫേട്ടന്‍റെ ആയിരുന്നൊ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പുറകിലേക്ക് പതിയെ നോക്കി. ഇല്ല ആരുമില്ല, എല്ലാമെന്‍റെ തോന്നലുകള്‍ മാത്രം. കൈമുട്ടുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങി. മഴയും ചെറുതായി ചാറിത്തുടങ്ങി. മുറിഞ്ഞ ഭാഗത്ത് മഴത്തുള്ളികള്‍ വീണ്‌ ചെറുതായി നീറി. നന്നായി തൊലിപോയിട്ടുണ്ടെന്നു തോന്നുന്നു. ഞാന്‍ പതിയെ എണീറ്റിരുന്നു. കിതപ്പു മാറിയിട്ടുണ്ടായിരുന്നില്ല.

കുറച്ചു സമയം ഞാനങ്ങനെ ഇരുന്നു. മഴ പതിയെ ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഞാന്‍ കൈകള്‍ കൊണ്ട് ചുറ്റുമൊന്നു പരതി. ഇല്ല ബാഗ് അടുത്തെങ്ങുമില്ല. രാവിലെ വന്ന് എടുക്കാം, ഈ രാത്രിയില്‍ അതാരും എടുക്കാന്‍ പോകുന്നില്ല. എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി. ഞാന്‍ പതിയെ എഴുന്നേറ്റു. ഇരുട്ടിന്‍റെ കൂടെ മഴയും കൂടെ ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. കാലും പൊട്ടിയിട്ടുണ്ടെന്നു തോന്നുന്നു. മഴയുടെ ശബ്ദത്തിനുമുകളിലൂടെയും പട്ടികളുടെ കാലന്‍ കൂവല്‍ കേള്‍ക്കാമായിരുന്നു.

കപ്പ പുഴുങ്ങിയ മണം വരുന്നു. പാമ്പ് വാ പൊളിക്കുന്നതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ മഴയത്ത് പാമ്പുകള്‍ പുറത്തിറങ്ങുമൊ? ആരോടു ചോദിക്കാന്‍. ഞാന്‍ ആവുന്നത്ര ശക്തിയെടുത്തു നടന്നു.

കുറച്ചു കഴിഞ്ഞാല്‍ മോനിപ്പള്ളിക്കാവാണ്. ഭദ്രകാളി ക്ഷേത്രം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞു ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുകൂടെ നടക്കരുതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ദേവി വിഹാരത്തിനിറങ്ങുന്ന സമയമാണത്രെ. അപ്പോളെങ്ങാന്‍ മുന്‍പില്‍ പെട്ടാല്‍ മരണം നിശ്ചയം. വെട്ടു കിട്ടുക എന്നാണത്രെ പറയുക.

മനസ്സില്‍ വീണ്ടും പേടി നിറഞ്ഞു. കൈ മുറിഞ്ഞു ചോര വരുന്നതുപോലും അറിയുന്നില്ല. കാലിലൂടെ പെട്ടെന്നെന്തോ ഇഴഞ്ഞു പോയതുപോലെ. ഞാന്‍ ഷോക്കേറ്റതുപോലെ നിന്നു. വഴുവഴുത്ത എന്തോ ഒന്നു കാലില്‍ തൊട്ടതുപോലെ. തോന്നലല്ല, പാമ്പു തന്നെ. കടിച്ചൊ ഇല്ലയൊ എന്നറിയാന്‍ പറ്റുന്നില്ല. അനങ്ങാന്‍ പറ്റാതെ ഞാന്‍ നിന്നു. വെളിച്ചത്തിന്‍റെ ഒരു തരി എവിടുന്നെങ്കിലും വരാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു.

അഞ്ചുമിനിട്ടോളം ഞാനവിടെ നിന്നു. ഇല്ല കടിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ഇതിനകം എന്തെങ്കിലും സംഭവിച്ചേനെ. മനസ്സില്‍ ചെറിയൊരു ആശ്വാസം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. ഞാന്‍ അമ്പലത്തിന്‍റെ കാണിക്ക മണ്ഡപത്തിനു മുന്‍പിലെത്തി. പോക്കറ്റില്‍ പരതി. ഭാഗ്യം, ഒരു നാണയം കിടക്കുന്നുണ്ട്. നാണയമെടുത്തു ഞാന്‍ കാണിക്കമണ്ഡപം കൈ കൊണ്ട് തപ്പിപ്പിടിച്ചതിലിട്ടു. എന്നിട്ടൊരു നിമിഷം കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിച്ചു.

"കാവിലമ്മെ, ഒരാപത്തുമില്ലാതെ വീട്ടിലെത്തിക്കണെ"

ഇനി വീട്ടിലേക്ക് കുറച്ചുകൂടിയെ ഉള്ളു. ടാറിട്ട വഴി കഴിയാറായി. ഇനിയൊരു മണ്‍വഴിയാണ്‌. ചുറ്റിനും റബ്ബര്‍ തോട്ടവും. കാറ്റു വീണ്ടും വീശിയടിച്ചു. റബ്ബര്‍ മരങ്ങള്‍ ആടിയുലയാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടുന്നു. മനസ്സിലേക്ക് ഭയം വീണ്ടുമെത്തി. വീട്ടിലേക്ക് കഴിയുന്നത്ര ശക്തിയില്‍ ഞാന്‍ ആഞ്ഞു നടന്നു.

പെട്ടെന്നു കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. എന്തോ ഒന്ന് അതിഭയങ്കരമായ വേഗത്തില്‍ എന്‍റെയടുത്തേക്ക് ഓടി വരുന്നു. ഞാന്‍ അനങ്ങാതെ നിന്നു ചെവി വട്ടം പിടിച്ചു. അല്ല, വെറുതെ തോന്നുന്നതല്ല. ഒന്നു അനങ്ങുന്നതിനു മുന്‍പേ ഒരു വലിയ പട്ടി എന്‍റെ മുന്‍പിലെത്തി നിന്നു. ശ്വാസമെടുക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. കുറ്റാകൂരിരുട്ടിലും ആ ജന്തുവിന്‍റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. നാവുകള്‍ വെളിയിലേക്ക് നീട്ടിയിട്ടുണ്ട്. വെള്ളമാണൊ ചോരയാണൊ നാവിലൂടെ ഇറ്റിറ്റ് വീഴുന്നതെന്നെനിക്കു മനസ്സിലായില്ല. ഒരു പശുവിന്‍റെ അത്ര വലിപ്പമുണ്ടതിന്. അത്ര വലിയൊരുപട്ടിയെ ഞാന്‍ എന്‍റെ ജീവിതത്തിലാദ്യമായാണു കാണുന്നത്. ആ ജന്തു പതിയെ മുരളാന്‍ തുടങ്ങി. മുന്‍കാലിലൊന്നുയര്‍ത്തി നിലത്തു മാന്തി. എന്‍റെ ദേഹത്തേക്ക് ചാടാനൊരുങ്ങുകയാണെന്നെനിക്ക് മനസ്സിലായി. ഞാന്‍ കൈയില്‍ ആഞ്ഞു നുള്ളി. അല്ല സ്വപ്നമല്ല, വേദനിക്കുന്നുണ്ട്. ഞാന്‍ പതിയെ ഇടതു കാല്‍ ഒരു സ്റ്റെപ്പ് പുറകോട്ട് വച്ചു. പട്ടി കൂടുതല്‍ ഉച്ചത്തില്‍ മുരണ്ടു.

പെട്ടെന്നെല്ലാം നിശ്ചലമായി. മഴയും കാറ്റും പിടിച്ചു കെട്ടിയതുപോലെ നിന്നു, മഴയൊ കാറ്റൊ തൊട്ടു മുന്‍പു വരെ ഉണ്ടായിരുന്നെന്ന് ഒരു തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധം. എനിക്കുറക്കെ കരയണമെന്നു തോന്നി. തൊണ്ടയില്‍ ആരൊ കുത്തിപ്പിടിച്ച പോലെ, ശബ്ദം പുറത്തേക്ക് ഒട്ടും വരുന്നില്ല. ഞാന്‍ ചുറ്റും നോക്കി. റബ്ബര്‍ തോട്ടങ്ങളില്‍ മുഴുവന്‍ കുറെ രൂപങ്ങള്‍. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും ഒഴുകി നടക്കുന്നതുപോലെ. മാംസം കരിയുന്ന ഗന്ധം. ആത്മാക്കളാണൊ? മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് അതറിയാന്‍ പറ്റുമെന്നു കേട്ടിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ പോവുകയാണൊ? നായ് മുരണ്ടു കൊണ്ട് എന്‍റെയടുത്തേക്ക് പതിയെ നടന്നടുക്കാന്‍ തുടങ്ങി.

പെട്ടെന്നെന്തൊ പാഞ്ഞുവന്ന് എന്‍റെ കഴുത്തില്‍ കുത്തിയിറങ്ങി. വേദനകൊണ്ടു ഞാന്‍ പുളഞ്ഞു. കരയാനൊ ഒന്നനങ്ങാനൊ എനിക്കു പറ്റുന്നില്ല. ഞാന്‍ നിലത്തിരുന്നു പോയി. കാലും കൈകളും കടുകടെ കഴച്ചു. തൊണ്ടയാകെ വറ്റി വരണ്ടു. പതുക്കെ കണ്ണുകളടഞ്ഞപ്പോള്‍ എന്‍റെ തലയുടെ നേരെ മുകളില്‍ ആ വലിയ നായുടെ പല്ലുകളെനിക്കു കാണാമയിരുന്നു.

------------------------------------------------------------------------------------

ശക്തിയായി വെളിച്ചമടിച്ചപ്പോളാണ്‌ ഞാന്‍ വീണ്ടും കണ്ണു തുറന്നത്‌. നേരം വെളുത്തൊ. ഞാന്‍ ചുറ്റും നോക്കി. ഇല്ല, എന്‍റെ മുന്‍പിലൊഴിച്ചു ബാക്കി എല്ലായിടത്തും കുറ്റാകൂരിരുട്ടാണ്. ഞാന്‍ കൈതണ്ടയില്‍ നുള്ളി നോക്കി. ഇല്ല വേദനിക്കുന്നില്ല. സ്വപ്നമാണ്. അതെ സ്വപ്നം തന്നെ, ദേഹത്തൊന്നും മുറിവികളില്ല ഇപ്പോള്‍. സ്വപ്നം മുറിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണുകളടച്ചു തുറന്നു. ഇല്ല വീണ്ടും പഴയതുപോലെ തന്നെ. മുന്‍പിലെ ശക്തിയായ പ്രകാശം കൊണ്ടെനിക്ക് മുന്‍പോട്ടു നോക്കാന്‍ പറ്റുന്നില്ല. ഞാന്‍ പതിയെ എണീറ്റു. കണ്ണുകള്‍ പാതിയടച്ച് മുന്നോട്ടു നോക്കിയപ്പോള്‍ പ്രകാശത്തിനു നടുവിലൊരു രൂപമുള്ളതുപോലെ എനിക്കു തോന്നി. മനുഷ്യനല്ല, എന്നാലൊരു മൃഗത്തിന്‍റെ രൂപവുമല്ല. സിനിമയിലൊക്കെ കണ്ടിട്ടുള്ള അന്യഗൃഹ ജീവിയെപ്പോലെ, രണ്ടാള്‍ പൊക്കമുണ്ടെന്നു തോന്നുന്നു.

ഞാന്‍ കൈതണ്ടയില്‍ വീണ്ടും ശക്തിയായി നുള്ളി. ഇല്ല വേദനിക്കുന്നില്ല.

"സ്വപ്നമല്ല, യാദാര്‍ഥ്യം തന്നെ. നീ മരിച്ചുകഴിഞ്ഞു"

മുന്‍പിലുള്ള രൂപം സ്ത്രീ ശബ്ദത്തില്‍ പറഞ്ഞു. ഞാനാകെ ഞെട്ടിത്തരിച്ചു പോയി.

"അല്ല സ്വപ്നമാണ്. ഞാനുറക്കെ പറഞ്ഞു. എനിക്കു വേദനിക്കുന്നില്ലല്ലൊ"

"മരണശേഷം വേദനകളൊന്നും ഉണ്ടാവുകയില്ല"

ഞാനാകെ തരിച്ചു നിന്നു. ഒന്നും മനസ്സിലാകുന്നില്ല.

"പറ്റില്ല, എനിക്കിപ്പോള്‍ മരിക്കേണ്ട."

"എന്താ നിനക്കിപ്പോള്‍ എന്തെങ്കിലും ചെയ്തു തീര്‍ക്കാനുണ്ടായിരുന്നൊ?"

"ഉണ്ട് ഉണ്ട്, എന്‍റെ വീട്ടുകാര്‍ക്ക് ഒരു നല്ല വീടു വയ്ക്കണം, അനിയത്തിയുടെ കല്യാണം ഭംഗിയായി നടത്തണം"

"ശരി നിനക്കു ഞാനതിനു കൂടെ സമയം തരാം, സ്വാര്‍ത്ഥതയല്ലാത്തതുകൊണ്ടു മാത്രം"

"ഹ ഹ" ഞാനുറക്കെ ചിരിച്ചു.

"നീ എന്തിനാണ്‌ ചിരിക്കുന്നത്?"

"ഇപ്പോളെനിക്കു മനസ്സിലായി, എന്നെ ആരൊ പറ്റിക്കുകയാണ്‌. മരിച്ചു കഴിഞ്ഞാല്‍ ഇതൊന്നും ചെയ്യാന്‍ പറ്റില്ല"

"ഹ ഹ. അതൊക്കെ നിങ്ങള്‍ മനുഷ്യര്‍ കരുതിയിരിക്കുന്ന ഓരൊ കാര്യങ്ങളല്ലെ. മരിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്കൊക്കെ ചെയ്ത് തീര്‍ക്കാന്‍ സമയം ഞങ്ങള്‍ കൊടുക്കാറുണ്ട്. നിന്‍റെ കൂടെയുള്ള മൂന്നുപേര്‍ ശരിക്ക് മരിച്ചവരാണ്‌. പക്ഷെ നിങ്ങള്‍ക്കതറിയാന്‍ കഴിയില്ല. പക്ഷെ നിനക്കിനി അതു മനസ്സിലാകും."

ഞാന്‍ സ്തബ്ദനായി നിന്നപ്പോള്‍ ആ രൂപം തുടര്‍ന്നു.

"നിനക്കും ഞാന്‍ കുറച്ചു സമയം തരാം, എല്ലാം ചെയ്തു തീര്‍ക്കാന്‍?"

"ആരാണ്, നിങ്ങള്‍ ആരാണ്?" എന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 

"ഭൂരിഭാഗം മനുഷ്യരും എന്നെ ദൈവമെന്നു വിളിക്കുന്നു. ഈ അടുത്ത കാലത്ത് ചിലര്‍ ഞാന്‍ ഏലിയന്സ് ആണെന്നും പറയുന്നുണ്ട്. പക്ഷെ നിനക്കു കുറച്ചു സമയമെ ഉണ്ടാകു, വളരെ കുറച്ചു സമയം"

"എന്താ ഞാനിപ്പോള്‍ മരിക്കാന്‍ കാരണം? എന്‍റെ ആയുസ്സെത്തിയൊ?"

"ഹേയ്, അങ്ങനെ ആര്‍ക്കും പ്രത്യേകിച്ചു ആയുസ്സൊന്നുമില്ല. ഇതുപോലെ കറുകറുത്ത വെള്ളിയാഴ്ചകളില്‍ ഈ സമയത്ത് നടക്കുന്നവര്‍ക്ക് മരിക്കാനുള്ള സാധ്യത കൂടുതലാണ്‌"

ഞാന്‍ അമ്മ പറഞ്ഞതോര്‍ത്തു. കാര്‍ന്നോന്മാര്‍ പറയാറുള്ളതോര്‍ത്തു. ധിക്കരിക്കാതെ ഇരുന്നിരുന്നെങ്കില്‍. എനിക്കു ഉറക്കെ ഉറക്കെ കരയണമെന്നു തോന്നി.

"കാവിലമ്മയാണൊ"

"ഹ ഹ, നിനക്കങ്ങനെ വേണമെങ്കില്‍ കരുതാം. എന്താ നിനക്കങ്ങിനെ കുറച്ചു സമയം കൂടി വേണമൊ, വേഗം പറയൂ. എന്‍റെ നായ വേറെ ഒരാളെക്കൂടി കണ്ടെത്തിക്കഴിഞ്ഞു. എനിക്കുടനെ അവിടെ എത്തണം"

ഞാന്‍ ആലോചിച്ചു. 

"ടെക്നൊപാര്‍ക്കിലെ ജോലിയുടെ ശബളം കൊണ്ടാണെങ്കില്‍ സമയമെടുക്കും. എങ്കില്‍ എനിക്ക് ദുബായിലെ ആ ജോലി ശരിയാക്കി തരാമൊ"

"ശരി, നാളെ ആ കമ്പനിയില്‍ നിന്നും സെലക്ട് ചെയ്തതായി നിനക്ക് മെയില്‍ വരും"

"ഉം..."

"ഓര്‍ത്തോളു, വളരെക്കുറച്ചു സമയം എല്ലാത്തിനും. നീ മരിച്ചതാണെന്ന് ആര്‍ക്കും അതുവരെ മനസ്സിലാകില്ല. എല്ലാം കഴിയുമ്പോള്‍ ഒരോര്‍മ്മ പോലും ബാക്കി വയ്ക്കാതെ നീ ഭൂമിയില്‍ നിന്നു മാഞ്ഞു പോകും"

"ഇനി വേറെ ജന്മമുണ്ടൊ?"

"ഹ ഹ, ഇല്ല. അതൊക്കെ നിങ്ങളുടെ വെറും ചിന്തകള്‍ മാത്രം. ശരി, നീ തുടങ്ങിക്കോളൂ, തീര്‍ക്കാന്‍ വച്ചിരുന്നതെല്ലാം"

പ്രകാശം മറഞ്ഞു. നഷ്ടപ്പെട്ട എന്‍റെ ബാഗും കുടയും അവിടെ ഇരിക്കുന്നു. ഞാനതു കൈയിലെടുത്തു. മഴ വീണ്ടും പെയ്തു തുടങ്ങി. ഞാന്‍ വീട്ടിലേക്ക് നടന്നു.

-----------------------------------------------------------------------------------

ബെല്ലടിച്ചപ്പോളെ അകത്തനക്കം കേട്ടു. അമ്മയും അച്ഛനും ഉറങ്ങിക്കാണില്ല. അമ്മ വന്നു വാതില്‍ തുറന്നു.

"നിന്നോടു ഈ രാത്രിയില്‍ വരേണ്ട എന്നു പറഞ്ഞതല്ലെ, ഇപ്പോള്‍ കണ്ടില്ലെ, എത്ര സമയമായെന്ന്"

"സാരമില്ലമ്മെ, ഞാന്‍ വന്നില്ലെ"

"മഴ നനഞ്ഞൊ നീ?"

"ഇല്ല. ഒരു മുണ്ടെടുക്കമ്മെ" ഞാന്‍ ബാഗ് മേശയില്‍ വച്ചിട്ട് കുട നിവര്‍ത്തി വച്ചു.

"നിങ്ങളുറങ്ങിയില്ലായിരുന്നൊ അച്ഛാ?"

"നീ വരാതെ എങ്ങനെ ഉറക്കം വരാനാ"

എനിക്കു ശരിക്കും വിഷമം വന്നു. 

ഡ്രെസ്സ് മാറി, കാലും മുഖവും കഴുകി ഞാന്‍ വന്നു.

"ഇന്‍റെര്‍വ്യൂ റിസല്‍റ്റ് വന്നൊ?"

"ഏത്?"

"ദുബായിലെ കമ്പനിയുടെ"

"ഇല്ല". നാളെവരുമെന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. "ശരി ഞാന്‍ പോയി കിടക്കട്ടെ, നാളെ ഉച്ചയാകുമ്പോള്‍ വിളിച്ചാല്‍ മതി.

"ഉം ശരി ശരി"

ഞാന്‍ റൂമിലേക്ക് പോയി. ബെഡ്ഡൊക്കെ നല്ല വൃത്തിയായി വിരിച്ചിരിക്കുന്നു. എനിക്കു പിന്നെയും വിഷമമായി. ഞാന്‍ നിവര്‍ന്നു കിടന്നു. നാളെ ഓഫര്‍ വരും. തിങ്കളാഴ്ച പേപ്പര്‍ ഇടണം, റിസൈന്‍ ചെയ്യാന്‍.

എല്ലാം മനസ്സിലുറപ്പിച്ചു ഞാന്‍ കണ്ണുകളടച്ചു. ഉറക്കമെന്‍റെ കണ്‍പോളകളെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ആ കറുത്ത വെള്ളിയാഴ്ചയുടെ രാത്രി അവസാനിക്കാന്‍ തുടങ്ങിയിരുന്നു. പുറത്തു മഴ കനത്തുകൊണ്ടിരുന്നു.

Sunday, June 30, 2013

ബോഡിബില്‍ഡര്‍

"അളിയാ സലീഷേ...നീ ഏതു ജിമ്മിലാടാ പോകുന്നത്?"

"ഇതു ചോദിച്ചതിന്‌ നീ  എന്തിനാ ഇങ്ങനെ തുറിച്ചുനോക്കുന്നത്? ഈ പ്രാവശ്യം ഞാന്‍ കട്ട സീരിയസ്സാണെടാ..."

"എടാ, എന്തിനാ വെറുതെ നമ്പറടിക്കുന്നത്..നീ എങ്ങും വരില്ല...ഇനി അഥവ വന്നാല്‍ തന്നെ ഒരാഴ്ച മാക്സിമം...നീ നിര്‍ത്തുന്നത് പ്രശ്നമല്ല..ബട്ട് കൂടെ വരുന്നവരെക്കൂടി മടിപിടിപ്പിക്കില്ലെ...? ഞാനെങ്കിലും മര്യാദയ്ക്ക് പൊയ്ക്കോട്ടെ.."

"സലീഷെ നീ അങ്ങനെ പറയല്ലെ...വീട്ടില്‍ ചെറുതായി കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞുതുടങ്ങി..അപ്പോള്‍ അതിനുമുന്‍പൊന്നു ബോഡിബില്‍ഡ് ചെയ്തേക്കാം..
ഓള്‍റെഡി സ്മാര്‍ട്ട് ആന്‍ഡ് ഹാന്റ്സം ആയ ഞാനിനി സിക്സ് പാക്ക് കൂടെ ആയാല്‍ കിടു ആകില്ലെ അളിയാ..."

"ഡാ ഡാ..നിര്‍ത്ത്...നിന്നെ ഞാന്‍ കൊണ്ടുപോകാം...ഇതിലുംഭേദം അതാണ്. ഞാന്‍ കാര്യവട്ടത്തുള്ള LNCPയില്‍ ആണു പോകുന്നത്. അവിടുത്തെ ഇന്‍സ്ട്രക്ടര്‍ കിടിലമാണ്. അങ്ങേരു നന്നായി പറഞ്ഞു തരും. അല്പം സ്ട്രിക്ട് ആണെന്നെ ഉള്ളൂ"

"ഉം...അതാടാ നല്ലത്..എങ്കിലെ നന്നായി ഡെവലപ് ആകൂ.."

"ഉവ്വ..ഉവ്വ...അവസാനം അങ്ങേരവിടുന്നു റിസൈന്‍ ചെയ്ത് പോകാതിരുന്നാല്‍ കൊള്ളാം..."

"പോടാ....."

"എന്താടാ രണ്ടും കൂടെ ഇവിടെ നിന്നൊരു രഹസ്യം"

"ഒന്നുമില്ലെടാ രഞ്ജിത്തെ, ഇവന്‍ ജിമ്മില്‍ വരുന്ന കാര്യം പറയുകയായിരുന്നു."

"ആരു ഇവനൊ, ഹ ഹ ഹ...."

"എന്തിനാടാ തെണ്ടി ചിരിക്കുന്നത്?"

"ഒന്നുമില്ലളിയാ, ഞാന്‍ ഡമ്പല്‍സിന്‍റെ കാര്യമോര്‍ത്ത് ചിരിച്ചതാ"

"എന്നാല്‍ പിന്നെ ബഞ്ച് പ്രസ്സിന്‍റെയും ട്രെഡ് മില്ലിന്‍റെയും കാര്യമോര്‍ത്തുകൂടെ ചിരിക്കെടാ.."

"ശരി ശരി, വൈകുന്നേരം ജോലി കഴിഞ്ഞ് ഒരു അഞ്ചരയാകുമ്പോള്‍ നമുക്കിറങ്ങാം..ഇന്നു തന്നെ പോയി ജോയിന്‍ ചെയ്യാം..."

"ഓകെ അളിയാ...അപ്പോള്‍ അഞ്ചരയ്ക്ക് കാണാം. കുറച്ച് പണി കൂടെ തീരാനുണ്ട്...."

ഇന്നലെ കണ്ണാടിക്കു മുന്‍പില്‍ ഷര്‍ട്ടില്ലാതെ നിന്നപ്പോളാണ്‌ ആകെ ഡെസ്പായത്. അമീറും സല്‍മാനും എന്തിനു തെണ്ടി രാജപ്പന്‍ വരെ ഇപ്പോള്‍ സിക്സ് പാക്കല്ലെ. ഇപ്പോളത്തെ പെണ്‍പില്ലേരാണെല്‍ എല്ലാം ഇവന്മാരുടെ പുറകെ അല്ലേ. ഇപ്പോളത്തെ 55 കിലോയില്‍ നിന്നും
ഒരു 68 കിലോ എങ്കിലും എത്തിക്കണം. അല്ലെങ്കില്‍ കല്യാണ മാര്‍ക്കറ്റില്‍ തീരെ വിലയുണ്ടാകില്ല. അഞ്ചരയ്ക്ക് തന്നെ ഇറങ്ങാന്‍ വേഗം പണിതീര്‍ത്തേക്കാം.

ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കുമ്പോള്‍ ഇതു മൂന്നാമത്തെ തവണയാണ്‌ ഞാന്‍ ജിമ്മില്‍ പോകാന്‍ തീരുമാനിക്കുന്നത്. ഇതിനു മുന്‍പ് രണ്ട്തവണ പോയി. രണ്ട്തവണയും തിരുവനന്തപുരത്തെ ഫേമസ് ജിമ്മില്‍ പോയി ഒരുമാസത്തെ കാശും ഡെപ്പോസിറ്റും ഒക്കെ കൊടുത്ത് ജോയിന്‍ ചെയ്തതാണ്. ആദ്യത്തെ ദിവസമൊക്കെയ് വന്‍ഡെമോയും ആവേശവുമൊക്കെയായിരുന്നു. രാവിലെപോയി ജിമ്മൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരം പതിയെ വേദന തുടങ്ങിയതോടെ കളി മാറി. അടുത്ത ദിവസം ജിബിനും സുനിലും ഷൈംസുമൊക്കെ വന്ന് ജിമ്മില്‍ പോകാന്‍ വിളിച്ചപ്പോള്‍ രാവിലെ ഓഫീസില്‍ നേരത്തെപോകണം, ഞാന്‍ ചെല്ലാതെ പ്രൊഡക്ഷന്‍ റിലീസ് പോകില്ല എന്നൊക്കെ പറഞ്ഞു അവന്മാരെ വിശ്വസിപ്പിച്ചു.

പിന്നെയും ഒന്നുരണ്ട് ദിവസം അവന്മാരെല്ലാംകൂടെ വന്ന് പൊക്കിക്കൊണ്ട്പോയി. ദോഷം പറയരുതല്ലൊ ഒരാഴ്ചകൊണ്ട് മര്യാദയ്ക്ക് ജിമ്മില്‍ പൊയ്ക്കോണ്ടിരുന്ന അവന്മാരുടെ ജിമ്മില്‍ പോക്കും കൂടെ ഞാന്‍ നിര്‍ത്തി. ആ കഥ അറിയാവുന്നതുകൊണ്ടാവും സലീഷ് രാവിലെ കലിപ്പിച്ചത്. എന്തായാലും ഈ തവണ കട്ട സീരിയസ്സാകാന്‍ മനസ്സിലുറപ്പിച്ച് കൊണ്ട് ഊണ്‌ കഴിഞ്ഞു പതിവായുള്ള കത്തിയടി മാറ്റിവച്ച് ഞാന്‍ പണിതുടങ്ങി. വൈകുന്നേരം കറക്ട് അഞ്ചരയ്ക്ക് തന്നെ ഇറങ്ങി.

ഇവനെതെവിടെ അഞ്ചരയ്ക്കിറങ്ങാമെന്നു പറഞ്ഞതാണല്ലൊ. ഒന്നു വിളിച്ചു നോക്കാം.

"ഹലൊ അളിയാ, ഇറങ്ങിയില്ലെ"

"എന്താടാ ഇന്നു വര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചാര അടിക്കാനൊന്നും ഇരുന്നില്ലെ"

"പോടാ പോടാ, ഞാന്‍ അതിനു ചൊറിയനല്ല. പറഞ്ഞാല്‍ കറക്ട് സമയത്ത് വരും. നീ വേഗമിറങ്ങ്, എനിക്കെന്‍റെ ഗുരുനാഥനെ കാണാന്‍ തിടുക്കമായി"

"ഗുരുനാഥനൊ? അങ്ങേരു നിന്നെ ഡമ്പല്‍സിനെറിഞ്ഞു കൊല്ലും ഈ കണക്കിനു പോയാല്‍. ശരി ഞാനിപ്പോള്‍ ഇറങ്ങാം നീ അവിടെ വെയ്റ്റ് ചെയ്യ്"

"ഓകെ ഓകെ, വേഗം ഇറങ്ങ്"

പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും സലീഷെത്തി.

"എന്തുവാടാ ഇത്, പത്ത് മിനിട്ടായി"

"ഈ ആവേശമൊക്കെ ഡമ്പല്‍സ് എടുക്കുമ്പോളും കണ്ടാല്‍ മതി"

"നീ കണ്ടോ മോനെ..."

"ശരി ശരി, നീ ബൈക്കെടുത്ത് എന്നെ ഫോളൊ ചെയ്യ്"

"ഫോളൊ ചെയ്യാന്‍ നീ ആര്, ശ്രീബുദ്ധനൊ"

"ചളു അടിക്കാതെ വാടാ"

പത്ത് മിനിട്ട് ഡ്രൈവ് ചെയ്ത് ഞങ്ങള്‍ കാര്യട്ടത്തുള്ള LNCPയുടെ ക്യാമ്പസില്‍ എത്തി. ഗേയ്റ്റില്‍ രജിസ്റ്ററില്‍ പേരെഴുതി നേരെ ജിമ്മിലേക്ക് പോയി. പല പ്രായത്തിലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഷട്ടിലും ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അതാത് കോര്‍ട്ടുകളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഫുട്ബോള്‍ ഗ്രൌണ്ടിനു സൈഡിലൂടെ ബൈക്കൊടിച്ച് ഞങ്ങളിരുവരും ജിമ്മിന്‍റെ മുന്‍പിലെത്തി അവിടെ പാര്‍ക്ക് ചെയ്തു.

"അളിയാ മുട്ടന്‍ ഗ്രൌണ്ടാണല്ലൊ"

"ആ ഇവിടെ സന്തോഷ് ട്രോഫി ഒക്കെ കളിച്ചിട്ടുണ്ടെന്നാ പറയുന്നത്"

"വള്ളം കളിയൊ, പോടാ"

"എടാ അതു നെഹ്രു ട്രോഫി, ഇത് ഫുട്ബോള്‍. നല്ല GK ആണല്ലോടാ"

"സോറി അളിയാ, പെട്ടെന്ന് മാറിപ്പോയി. ആരോടും പറയല്ലെ"

"ഉം ഇല്ലളിയാ, ആരോടും പറയില്ല"

"സാറെവിടെ ചേട്ടാ" സലീഷ് വാച്മാന്‍ ചേട്ടനോട് ചോദിച്ചു.

"ഗ്രൌണ്ടിലാ, ഇപ്പോള്‍ വരും"

"ഓകെ"

"വാടാ,ഞാന്‍ നിന്നെ ജിം കാണിക്കാം"

"സാറിനെ കണ്ടിട്ട് കയറിയാല്‍ മതിയോടാ"

"കുഴപ്പമില്ല, നീ വാ"

ജിമ്മിനകം കയറി കണ്ടപ്പോള്‍ ഞാന്‍ അത്ര അങ്ങു ഹാപ്പിയായില്ല.

"അളിയാ, സാധനജംഗമ വസ്തുക്കളെല്ലാം കുറവാണെല്ലൊ"

"സാര്‍ കൂടുതല്‍ ഗ്രൌണ്ട് എക്സെര്‍സൈസ് ചെയ്യിക്കുന്നെടാ. പിന്നെ ഇവിടെ എല്ലാമുണ്ടല്ലൊ. എന്താ ഇല്ലാത്തത്?"

"അല്ലാ, എനിക്ക് ചെയ്യാന്‍ ഡമ്പല്‍സ് തികയാതെ വരുമൊ എന്നൊരു ഡൌട്ട്"

"തികയാതെ വന്നാല്‍ ഞാന്‍ നിനക്കു മേടിച്ചു തന്നോളാം. എന്‍റെ ദൈവമെ ഇതൊക്കെ എന്നുവരെ എന്നു കണ്ടാല്‍ മതി. ആ ദേ സാര്‍ വരുന്നുണ്ട്"

ഒരു ജിമ്മന്‍. കിടിലം, ഇങ്ങേരു വിചാരിച്ചാല്‍ എന്നെ സിക്സ് പാക്ക് ആക്കാന്‍ പറ്റും. സാറിനെ കണ്ടതും എനിക്ക് നല്ല മതിപ്പായി.

"ഗുഡ് ഈവനിംഗ് സാര്‍"

"ഗുഡ് ഈവനിംഗ്  സലീഷ്, എന്താ പതിവില്ലാതെ ഈ നേരത്ത്"

"സാര്‍ ഇതെന്‍റെ ഫ്രണ്ടാണ്. ഇവനും ജിമ്മില്‍ ചേരണമെന്ന്. സോ ജോയ്‌ന്‍ ചെയ്യാന്‍ വന്നതാ"

"ഗുഡ് ഗുഡ്, വരു മുകളിലെ ഓഫിസീലേക്ക് ഇരിക്കാം"

ഓഫിസില്‍ കയറിയ ഞങ്ങളോട് ഇരിക്കാന്‍ സാര്‍ പറഞ്ഞു. എന്നിട്ട് ജോയിനിംഗ് ഫോം എടുത്തു തന്നു.

"500 രൂപയാണ്‌ ഡെപ്പോസിറ്റ്, 300 മാസവരി"

"ശരി സാര്‍"

"എന്താ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്" സാര്‍ എന്നോടു ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല സാര്‍, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലൊ"

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നല്ലെ?"

ക്‌ര്‍ര്‍ര്‍, ഞാനാകെ കീറി. സലീഷാണെങ്കില്‍ ചിരി അമര്‍ത്താന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു, അവന്‍റെ കാലിനിട്ട് ഒന്നു ചവിട്ടി.

"അല്ല സാര്‍ ആക്ച്വലി, വീട്ടില്‍ കല്യാണാലോചന ഒക്കെ തുടങ്ങി. സൊ, ജിമ്മില്‍ വന്ന് കുറച്ചു ഫിറ്റായി കുറച്ചൂടെ വണ്ണം വയ്ക്കാമെന്ന് കരുതി"

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ" സാര്‍ ചിരി തുടങ്ങി.

ഈ അലവലാതി എന്തിനാ ചിരിക്കുന്നത്. ഉടനെ സലീഷും ചിരി തുടങ്ങി. എടാ തെണ്ടി, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ ദുഷ്ടാ. എന്‍റെ നോട്ടം കണ്ട്പ്പോള്‍ അവന്‍ ചിരി നിര്‍ത്തി. സാറപ്പോളും ചിരിച്ചോണ്ടിരിക്കുകയാണ്.

ഇയാള്‍ ഇന്നെന്‍റെ കൈ കൊണ്ട് മരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു.

"അതിനു കല്യാണം കഴിക്കുന്നതിനു ഈ വണ്ണമൊക്കെ മതിയെടൊ, അല്ലെങ്കിലും വണ്ണം വെക്കാന്‍ ജിമ്മില്‍ ചേരണമെന്നില്ല, നന്നായി ഫുഡ് കഴിച്ചാല്‍ മതി"

"അല്ല സാര്‍, ബോഡി ഒക്കെ ഫിറ്റായി സിക്സ് പാക്കൊക്കെ വച്ച്..."

"ഹ ഹ ഹ ഹ ഹ ഹ ഹ" രണ്ടുപേരും വീണ്ടും ചിരി തുടങ്ങി. ഈ തെണ്ടികളെക്കൊണ്ട് തോറ്റല്ലൊ. ഡാ സലീഷെ നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ.

"ശരി നാളെ രാവിലെ മുതല്‍ പോരെ"

"ശരി സാര്‍"

ഞങ്ങളവിടുന്നു ഇറങ്ങി.

"ഡാ നീ ബാക്കിയുള്ളവനെക്കൂടെ നാറ്റിച്ചല്ലൊ, സാറിന്‍റെ അടുത്തു എനിക്കു നല്ലൊരു ഇമേജ് ഉണ്ടായിരുന്നതാ. അതും കളഞ്ഞു."

"അതു ഫുള്‍ പോകാതെ ഇരിക്കാനാകുമല്ലേടാ തെണ്ടി നീ ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒപ്പമിരുന്നു ചിരിച്ചത്"

"അതു പിന്നെ തമാശ കേട്ടാല്‍ ആരാ അളിയ ചിരിക്കാത്തത്?"

"ഉം ശരി ശരി, അപ്പോള്‍ നാളെ എപ്പോളാ?"

"നാളെ രാവിലെ 6 മണിക്ക് ഇവിടെ എത്തണം"

"6 മണിക്കൊ, 7 മുതല്‍ 8 വരെ പോരെ അളിയാ"

"ഓഹൊ, അപ്പോള്‍ ആരംഭശൂരത്വം ഒക്കെ കഴിഞ്ഞൊ"

"ഇല്ലളിയാ, നാളെ രാവിലെ ആറു മണിക്കു കാണാം"

"ശരി ശരി"

അന്നു വൈകുന്നേരം നെറ്റില്‍ യൂടുബെടുത്ത് കുറെ എക്സെര്‍സൈസ് ഒക്കെ നോക്കി. പിന്നെ ഫുഡ് കഴിച്ചു അലാറം സെറ്റ് ചെയ്തു വരാന്‍ പോകുന്ന സിക്സ് പാക്കും ജിമ്മിലെ ഡമ്പല്‍സ്സും സ്വപ്നം കണ്ട് ഞാനുറങ്ങി. രാവിലെ നിര്‍ത്താതെയുള്ള മൊബൈല്‍ റിംഗ് കേട്ടാണ്‌ ഉണര്‍ന്നത്. സമയം 5.55. ങ്ഹെ അലാറം അടിച്ചില്ലെ?

"ഹലൊ..."

"ഡാ നീ എണീറ്റില്ലെ ഇതുവരെ"

"എണീറ്റു അളിയാ, ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുവായിരുന്നു.."

"ഉവ്വ ഉവ്വ, വേഗമെണീറ്റ് വാടാ"

"ദാ വരുന്നു"

വേഗം റെഡിയായി, ജിമ്മിലിടാന്‍ വേണ്ടി മേടിച്ച ഡ്രസ്സും ഷൂസ്സുമൊക്കെ ഇട്ടു ഞാന്‍ പെട്ടെന്നിറങ്ങി.

ഞങ്ങള്‍ ജിമ്മിലെത്തിയപ്പോളേക്കും സാറവിടെ ഉണ്ടായിരുന്നു. കുറെ ജിമ്മമാര്‍ പലതരം എക്സെര്‍സൈസ് ചെയ്തു ഡെമൊ കാണിക്കുന്നു. പാവങ്ങള്‍ 2-3 മാസം കഴിയുമ്പോള്‍ ഇവന്‍മാരൊക്കെ എന്തു ഡെമൊ കാണിക്കുമൊ. എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. ഡമ്പല്‍സ് എടുക്കാനെനിക്ക് ധൃതിയായി.

"ഗ്രൌണ്ടിനു മൂന്നു വട്ടം ഓടിയിട്ട് വാ"

"സാര്‍, ഓടുവൊക്കെ വേണൊ? നമുക്ക് നേരിട്ട് ഡമ്പല്‍സ് എടുത്താലൊ?"

"വാംഅപ് മസ്റ്റാണ്. എന്നാലെ പ്രയോജനമുണ്ടാകു"

"ഓകെ സാര്‍. മൂന്നു റൌണ്ട് മതിയൊ?"

"ആ തത്കാലം അത്ര മതി"

ഇങ്ങേര്‍ക്കിതെന്താ, ശ്ശെ ഒരു പത്തു റൌണ്ടെങ്കിലും ഓടാമായിരുന്നു.

"അളിയാ അപ്പോള്‍ തുടങ്ങാം. നിനക്കു ചിലപ്പോള്‍ എന്‍റെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നീ വിഷമിക്കരുതു കേട്ടൊടാ"

"എടാ ഇതതിന്‌ ഓട്ട മത്സരമല്ല, ജോഗ്ഗിംഗ് ആണ്."

"നീ എത്ര റൌണ്ട് ജോഗാറുണ്ടളിയാ?"

"മൂന്നു റൌണ്ടൊക്കെ കഷ്ടി"

"അയ്യെ"

"എന്തോന്ന് അയ്യെ, നീ ഒന്നു ഓടി കാണിക്ക്"

ഞങ്ങള്‍ പതുക്കെ ജോഗിംഗ് തുടങ്ങി. ഒരു കാല്‍ഭാഗമായപ്പോളേക്കും എനിക്ക് കാലിനടിയില്‍ നിന്ന് പുക വരുന്നതുപോലെ തോന്നി.

"കാവിലമ്മെ"

"എന്താടാ?"

"ഒന്നുമില്ലളിയാ, രാവിലത്തെ പ്രാര്‍ത്ഥനയാ"

പകുതി ദൂരമായപ്പോളേക്കും എന്‍റെ അടപ്പൂരി. ദൈവമെ ഞാനെങ്ങനെ മൂന്നു റൌണ്ടോടും. നടന്നും ഇരുന്നും നിരങ്ങിയുമൊക്കെ രണ്ട് റൌണ്ട് ഞാനോടി. അപ്പോളേക്ക് സലീഷ് മൂന്നു റൌണ്ടോടിക്കഴിഞ്ഞിരുന്നു. ഞാന്‍ ജിമ്മിനു മുന്‍പിലുള്ള ഒരു തെങ്ങില്‍ ചാരി നിന്നു.

"എന്താടാ മടുത്തൊ"

"ചെറുതായി അളിയാ"

"മൂന്നാമത്തെ ഓടുന്നില്ലെ"

"മൂന്നു ഒരു മോശം നമ്പറല്ലെ അളിയാ, ഇന്നു തുടക്കമല്ലെ രണ്ടു മതി"

"ശരി ശരി, വാ സാറവിടെ ഉണ്ട്."

"മൂന്നു റൌണ്ടും ഓടിയോടൊ?"

"ഓടി സാര്‍"

"എങ്കില്‍ വാ"

അകത്തു വേറൊരു മുറിയില്‍ കൊണ്ടുപോയി സാര്‍ കുറച്ച് സ്ട്രെക്ചിംഗ് എക്സെര്‍സൈസ് ഒക്കെ ചെയ്യിപ്പിച്ചു. അതു കൂടെ കഴിഞ്ഞപ്പോള്‍ എനിക്ക് മുറിയുടെ നാലു ഭിത്തികളും ഒരുമിച്ചു കാണാന്‍ തുടങ്ങി. ചെറുതായി തലകറങ്ങുന്നപോലെ.

"ആ ഇനി ഒരു അമ്പത് പുഷ്‌അപ്സ് കൂടെ എടുത്തിട്ട് അപ്പുറത്തെ റൂമിലേക്ക് വാ"

"അമ്പതോ??"

"ആ, ഒന്നിച്ചെടുക്കേണ്ട. പത്തെണ്ണം വീതമെടുത്താല്‍ മതി"

സലീഷുടനെ പുഷ്‌അപ്സ് തുടങ്ങി. കര്‍ത്താവെ സിക്സ് പാക്കാകാന്‍ വന്നിട്ട് ഇന്നു തന്നെ സിംഗിള്‍ പാക്കായി വീട്ടിലേക്ക് പാക്കാകുന്ന ലക്ഷണമാണല്ലൊ. കഷ്ടിച്ച് ഒരു വിധം ആദ്യത്തെ പത്തെണ്ണം ഞാനെടുത്തു. പിന്നെ ഒരു പത്തു മിനിട്ട് കഴിഞ്ഞു പത്തെണ്ണം കൂടെ. അപ്പോളേക്കും സലീഷ് അമ്പതെണ്ണം ഫിനീഷ് ചെയ്ത് അപ്പുറത്തേക്ക് പോയി.

"ഡാ അങ്ങു വന്നേക്കു"

"ശരി ഡാ"

ജീവനുണ്ടെങ്കില്‍ വരാമെടാ. ഒരു പതിനഞ്ച് മിനിട്ടുകൂടെ കഴിഞ്ഞ് വീണ്ടും ബാക്കിയുള്ള പുഷ് അപ്സ് എടുക്കാന്‍ ഞാന്‍ തുടങ്ങി. ഉടനെ നേരിയ മഞ്ഞിറങ്ങി വന്നതുപോലെ. ആകാശത്തെ നക്ഷത്രങ്ങള്‍ താഴേക്ക് ഇറങ്ങി വന്നതുപോലെ എനിക്ക് തോന്നി. എന്‍റെ തലയ്ക്ക് ചുറ്റും നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

"ഹായ് നക്ഷത്രങ്ങള്‍"

പിന്നെയെനിക്ക് ഓര്‍മ്മ വരുമ്പോള്‍ സലീഷും സാറും മറ്റു ജിമ്മന്മാരും കൂടെ എന്‍റെ ചുറ്റും നിന്നെന്നെ വിളിച്ചെണീപ്പിക്കുമ്പോളായിരുന്നു.

"എന്താടൊ, കുറച്ച് പുഷ് അപ്സ് എടുത്തപ്പോളെ ബോധം കെട്ടു വീണൊ"

"ഹേയ് ഇല്ല സാര്‍, ഞാനിങ്ങനെ രാവിലെ എണീക്കുന്ന പതിവില്ലാത്തതു കൊണ്ട് ഉറങ്ങിപ്പോയതാ"

"ഉവ്വ ഉവ്വ"

പിന്നവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. തെണ്ടികള്‍ സത്യം പറഞ്ഞാലും വിശ്വസിക്കില്ല. സത്യത്തിനു തീരെ വില കൊടുക്കാത്തതുകൊണ്ട് പിന്നെ ഞാന്‍ ഒരിക്കലും അവിടേക്ക് പോയിട്ടില്ല. സത്യം വിട്ടൊരു പരിപാടിക്കും നമ്മളില്ലെ, അല്ലാതെ ഛെ ഛെ.

Tuesday, June 25, 2013

ബസ്സ് യാത്ര

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ. തൃശൂര്‍ ഭാഗത്തേക്ക് മാത്രമേ ബസ്സുള്ളൊ,  തിരുവനന്തപുരത്തേക്ക് ബസ്സൊന്നുമില്ലേ? ഗതാഗതവകുപ്പ് മന്ത്രിയുടെ മോളുടെ കല്യാണമൊ മറ്റൊ ആണൊ തൃശൂര്‍? ഇപ്പോത്തന്നെ ഒരു വണ്ടിക്കു കയറാനുള്ള ജനം ഈ സ്റ്റോപ്പില്‍ തന്നെ ഉണ്ട്. ഇനി വരുന്ന വണ്ടിക്ക് കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. സീറ്റെങ്ങാനും കിട്ടിയാല്‍ ഉറപ്പായിട്ടും ഇന്നുതന്നെ ലോട്ടറി എടുക്കണം. ആ ഒരു സൂപ്പര്‍ വരുന്നുണ്ട്. ഭാഗ്യം. സൂപ്പറായതുകൊണ്ട് അതികം ആളുകള്‍ ഇവിടുന്ന്കയറുന്നുണ്ടാവില്ല.

ഓ എല്ലാവന്മാരും കയറാന്‍ റെഡിയാകുന്നുണ്ടല്ലൊ. എല്ലാത്തിന്റെ കൈയിലും നല്ലകാശാണെന്ന തൊന്നുന്നെ. ആഞ്ഞു കൈ നീട്ടിയേക്കാം. ഡ്രൈവര്‍ ഇനി കാണാതെ പോകേണ്ട.

നല്ല തിരക്കാണല്ലൊ, കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. വരുന്ന വരവു കണ്ടിട്ട് നിര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലൊ ദൈവമെ.
തെണ്ടി നിര്‍ത്താതെ പോയി. നാശം നമ്പര്‍ നോട്ട് ചെയ്യാനും പറ്റിയില്ല, അല്ലെങ്കില്‍ ഇപ്പോള്‍തന്നെ വിളിച്ച് പരാതി കൊടുത്തേക്കാമായിരുന്നു. ഇവന്‍റെയൊക്കെ വിചാരമെന്താണ്, ഓടിക്കുന്ന ബസ്സ് അവന്‍റെ തറവാട്ടു സ്വത്താണെന്നാണൊ?

..........................................................................

ങ്ഹാ,അടുത്ത സൂപ്പര്‍ ഫാസ്റ്റ് വരുന്നുണ്ട്. ദൈവമേ ഇതെങ്കിലും നിര്‍ത്തിയാല്‍ മതിയായിരുന്നു. ഡോര്‍ എന്‍റെ കൃത്യം മുന്‍പില്‍തന്നെ വന്നു നിര്‍ത്തണെ.

നാശം,ഡോറിന്‍റെ ഏഴയലത്തുപോലുമില്ല. കയറാന്‍ പറ്റുമെന്നു തോന്നണില്ല. തള്ളിക്കയറിയില്ലെങ്കില്‍ പോക്കു നടക്കുമെന്നു തോന്നണില്ല.

"എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്, നിങ്ങള്‍ക്ക് മാത്രം കയറിയാല്‍ മതിയൊ? ഇത്ര തിരക്കുള്ളപ്പോള്‍ കുറച്ചു തള്ളൊക്കെ ഉണ്ടാകും.അല്ല പിന്നെ".

ങ്ഹെ, കണ്ടക്ടര്‍ തെണ്ടി ബെല്ലടിച്ചല്ലൊ. ബാക്കിയുള്ളവര്‍ അടുത്ത വണ്ടിക്കുവരാന്‍ പറയാന്‍ ഇവനാരെടാ. ഇതു പരാതി കൊടുത്തിട്ടെ ഉള്ളു. ഇനി എത്ര നേരം നിന്നാലാ അടുത്ത ബസ്സ് വരിക ആവോ?

................................................................................

ഓ, പിന്നെയും പതിനഞ്ച് മിനിട്ട് കഴിഞ്ഞു. ഇനി എപ്പോള്‍ തിരുവനന്തപുരത്തെത്തുമോ ആവോ. ആ വരുന്നുണ്ട് അടുത്ത സൂപ്പര്‍ ഫാസ്റ്റ്. ഇതിലെങ്കിലും പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു. ഭാഗ്യം, ഡോറിന്‍റെ അടുത്തുതന്നെ നിര്‍ത്തി. ഹൊ, പുറകില്‍ നിന്നും നല്ല തള്ളാണല്ലൊ. ഇതാരെടാ.

"എന്‍റെ പൊന്നു ചേട്ടാ ഇങ്ങനെ കിടന്നു തള്ളാതെ". ഇവനൊക്കെ എവിടുന്നു വരുന്നെടാ.

തെണ്ടി, അവന്‍റെയൊരു നോട്ടം.

"ആളിറങ്ങിയിട്ട് കയറൂ.."

പിന്നെ ആളൊക്കെ ഇറങ്ങിക്കോളും. സീറ്റെങ്ങാനും ആരെങ്കിലും കാണാതെ കിടക്കുന്നുണ്ടെങ്കില്‍ ചാടിക്കയറി ഇരിക്കാനുള്ളതാ.

"തന്നോടല്ലേടൊ ആളിറങ്ങിയിട്ട് കയറാന്‍ പറഞ്ഞത്"

"ഏതായാലും കയറിപ്പോയില്ലെ കണ്ടക്ടര്‍ ചേട്ടാ..."

ഹൊ അങ്ങനെ അകത്തു കയറിപ്പറ്റി. ഇനിയും കുറേ പേര്‍ കയറാനുണ്ടല്ലൊ. കണ്ടക്ടറെ കണ്ടിരുന്നെങ്കില്‍ ഡബിള്‍ അടിച്ചു വിടാന്‍ പറയാമായിരുന്നു. കുറച്ചുപേര്‍ക്ക് അടുത്ത ബസ്സില്‍ പോയാലെന്താ. നാശങ്ങള്‍, ഇങ്ങനെയുണ്ടൊ ഒരു തള്ളല്‍, ച്ഛെ ഛെ. കണ്ടക്ടര്‍ വരുന്നുണ്ട്.

"ടിക്കറ്റ്...ടിക്കറ്റ്"

"ഒരു തിരുവനന്തപുരം"

"109"

"ഇതാ"

"ബാക്കി ഒരു രൂപ പിന്നെത്തരാം"

ഉം, അടിച്ചു മാറ്റാനുള്ള പരിപാടിയാണ്. ഞാന്‍ മറക്കില്ല ചേട്ടാ.

ഇതു തിരുവനന്തപുരം വരെ നില്‍ക്കേണ്ടി വരുമെന്നാ തൊന്നുന്നത്. എന്തൊരു തിരക്കാണ്. പിടിക്കാന്‍ പോലും സ്ഥലം കിട്ടുന്നില്ലല്ലൊ.

................................................................................

"എന്‍റമ്മൊ......"

എന്തൊരു ബ്രേക്ക് പിടിക്കലാ ഇത്. മുന്‍പില്‍ ഇങ്ങേരു നിന്നതു കൊണ്ടു ഭാഗ്യം, അല്ലെങ്കിലിപ്പോള്‍ കമിഴ്ന്നടിച്ചു കിടന്നേനെ. ഇങ്ങേരെന്താ നോക്കി പേടിപ്പിക്കുന്നത്.

"എന്‍റെ പൊന്നു ചേട്ടാ, നല്ല തിരക്കല്ലെ. കൈ പിടിക്കാന്‍ സ്ഥലമൊന്നും കിട്ടിയില്ല. അതിന്‍റെയിടക്ക് ഇതുപോലെ ബ്രേക്ക് പിടിച്ചപ്പോള്‍ ദേഹത്തൊന്നു പിടിച്ചു പോയതാണ്. അത്ര ബുദ്ധിമുട്ടാണെങ്കില്‍ ചേട്ടനിറങ്ങി ഒരു ടാക്സി വിളിച്ചു പോകാന്‍ പാടില്ലായിരുന്നൊ?"

ഇവനൊക്കെ എവിടുന്നു വരുന്നെടാ. തിരക്കുള്ള ബസ്സില്‍ അവന്‍റെ ദേഹത്തു പിടിച്ചത്ര, ഹും.

................................................................................

കുറവിലങ്ങാട് എത്താറായി. ബസ്സ് സ്റ്റോപ്പില്‍ ഒരു പൂരത്തിനുള്ള ആളുണ്ടല്ലൊ. നിര്‍ത്താന്‍ പോകുവാണൊ ഇവിടെയും. ഈ ഡ്രൈവറിനെന്താ ഭ്രാന്താണൊ. ഇനി ഇതിനകത്തു എവിടെ ആളു കയറാനാണ്. ഓ നാശം നിര്‍ത്തി. ഇവനൊന്നു നിര്‍ത്താതെ പോകാമായിരുന്നില്ലെ.

ഹാവൂ സീറ്റിന്‍റെ അടുത്തേക്ക് നില്‍ക്കാന്‍ പറ്റിയപ്പോള്‍ കുറച്ചാശ്വാസമായി. ദേ അങ്ങേരു പിന്നെയും ബ്രേക്ക് പിടിക്കുന്നു. ഇങ്ങേര്‍ക്കൊന്നു പതുക്കെ പോയാലെന്താ. ഇത്രയും ആള്‍ക്കാരു നില്‍ക്കുന്നത് ഇങ്ങേര്‍ക്കറിഞ്ഞൂടെ. സൂപ്പര്‍ ഫാസ്റ്റായാല്‍ ജനങ്ങളുടെ ജീവന്‍ നോക്കേണ്ട എന്നാണൊ? ഇവനൊക്കെ ആരെടാ ലൈസന്‍സ് കൊടുത്തത്? ങ്ഹെ, ഇതാരെടാ എന്‍റെ ദേഹത്തേക്ക് വന്ന് കയറുന്നത്.

"ചേട്ടാ എവിടെയെങ്കിലും പിടിച്ചു നില്‍ക്ക്. ഇങ്ങനെ ദേഹത്തേക്ക് വന്ന് കയറാതെ. ഇതു പബ്ലിക് പ്രോപ്പര്‍ട്ടി അല്ല"

ഒരിടത്തും പിടിക്കാതെ വായിനോക്കി നിന്നോളും ഇവനൊക്കെ. എന്നിട്ട് ചെറുതായൊന്നു ബ്രേക്ക് പിടിക്കുമ്പോളെ നേരെ ബാക്കിയുള്ളവന്‍റെ നെഞ്ചത്തേക്കാണ്‌ വന്നു കയറുന്നത്. കള്‍ച്ചര്‍ലസ്സ് കണ്‍ട്രി ഫെല്ലോസ്സ്. അയ്യോ, ഞാന്‍ മുന്‍പെ ദേഹത്തു ചെന്നു കയറിയിട്ട് കലിപ്പിച്ചവന്‍ നോക്കി ചിരിക്കുന്നുണ്ടല്ലൊ. ശ്ശെ, വെറുതെ കീറി.

ഈ സീറ്റിന്‍റെ പിടിയില്‍ പതുക്കെ ഇരിക്കാം. ഇവനെന്തായാലും കൂടുതല്‍ കാശു കൊടുക്കുന്നൊന്നും ഇല്ലല്ലൊ. അപ്പോള്‍ പിന്നെ പിടിയില്‍ എനിക്കിരിക്കാം. ഇവനെന്താ തള്ളുന്നത്, എന്നെ ഇവിടെ ഇരുത്തില്ലെ?

"നല്ല തിരക്കല്ലെ മാഷെ, കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യന്നെ"

ശ്ശെടാ, ഫുള്‍ സീറ്റിലിരിക്കുന്നവന്‍ നമ്മള്‍ ഈ അറ്റത്തൊന്നു ഇരുന്നതിനാണിത്ര സൂക്കേട്. ഇവനൊക്കെ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വല്ല കാറും വിളിച്ചു പൊയ്ക്കൂടെ.

................................................................................

ഏറ്റുമാനൂര്‍ എത്താറായി. സീറ്റ് വല്ലതും ഫ്രീ ആകുമായിരുന്നെങ്കില്‍. ഫ്രണ്ടിലെ സീറ്റില്‍ ഒരുത്തന്‍ എണീക്കുന്നുണ്ടെല്ലൊ.

ഓ,മിസ്സായി. ആ തെണ്ടി കയറി ഇരുന്നു. ഇനി ഇപ്പോള്‍ കോട്ടയമെത്തുമ്പോള്‍ കിട്ടിയെങ്കിലായി.

................................................................................

അവന്‍ ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങാനാണെന്ന് തോന്നുന്നു. ഇടിച്ചു കയറി ഇരിക്കാം, അല്ലെങ്കില്‍ മിക്കവാറും തിരുവനന്തപുരം വരെ നിക്കേണ്ടി വരും. ആ സീറ്റിനടുത്തു ഒരുത്തന്‍ നില്‍ക്കുന്നുണ്ടല്ലൊ, അവനെങ്ങാനും കലിപ്പിക്കുമൊ ആവൊ.

ഹാവൂ, അങ്ങനെ ഇരിക്കാന്‍ പറ്റി. ഭാഗ്യം. ഓ അവന്‍ ഇരിക്കാന്‍ പറ്റാത്തതിന്‍റെ ദേഷ്യത്തില്‍ കലിപ്പിചു നോക്കുന്നുണ്ട്. പിന്നെ, എന്‍റെയടുത്താ.

കോട്ടയം ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും നല്ല ആളു കയറിയല്ലൊ. സീറ്റ് കിട്ടിയത് ഭാഗ്യം, അല്ലെങ്കില്‍ നിന്നു ഒരു വഴിയായേനെ.

ങ്ഹെ, ഒരുത്തന്‍ കൈപിടിയില്‍ കയറി ഇരുന്നല്ലൊ, ഇതെവിടുത്തെ ഏര്‍പ്പാടാ, ഇനി ഞാന്‍ എവിടെ കൈ വയ്ക്കും.

"ചേട്ടാ, ഒന്നെഴുന്നേറ്റെ.ഇതു സീറ്റിലിരിക്കുന്ന ആള്‍ക്ക് കൈ വയ്ക്കാനുള്ള സ്ഥലമാ, അല്ലാതെ ഇരിക്കാനുള്ളതല്ല. എനിക്ക് ശ്വാസം മുട്ടുന്നു,"

"തിരക്കായതു കൊണ്ടാ. എന്‍റെ കാലും വയ്യ"

"എങ്കില്‍ ചേട്ടനു തിരക്കു കുറഞ്ഞ ബസ്സ് വരുമ്പോള്‍ കയറിയാല്‍ പോരായിരുന്നൊ? നിങ്ങളിവിടെ ഇരുന്നിട്ട്, എഴുന്നേറ്റെ, അല്ലെങ്കില്‍ ഞാന്‍ കണ്ടക്ടറെ വിളിക്കും അല്ലെങ്കില്‍"

മര്യാദയ്ക്കൊന്നു യാത്ര ചെയ്യാന്‍ പറ്റില്ലെന്നു വച്ചാല്‍. എന്‍റെയടുത്താ കളി.തിരുവല്ല എത്തി. ഇനിയും 3-4 മണിക്കൂര്‍ ഇരിക്കണമല്ലൊ. ഈ ഡ്രൈവറിനൊന്നു പറപ്പിച്ചു വിട്ടാലെന്താ. സൂപ്പര്‍ ഫാസ്റ്റ് അല്ലെ.

ങ്ഹെ, ഇങ്ങേരെന്താ എന്‍റെ ദേഹത്തേക്ക് ചായുന്നത്. ഓഹോ മച്ചാന്‍ നല്ല ഉറക്കമാണല്ലെ. ഇവനൊക്കെ വീട്ടില്‍ കിടന്നുറങ്ങിക്കൂടെ.

"ഹലൊ ചേട്ടാ, ഒന്നെണീറ്റെ. ചേട്ടനുറങ്ങണമെങ്കില്‍ വീട്ടില്‍ എങ്ങാനും പോയിക്കിടന്നുറങ്ങു. അല്ലാതെ എന്‍റെ ദേഹത്തല്ല"

"സോറി, വല്ലാത്ത ക്ഷീണമായിരുന്നു"

"ചേട്ടന്‍റെ ക്ഷീണം മാറ്റുന്നത് എന്നെ ക്ഷീണിപ്പിച്ചിട്ടല്ല"

"സോറി"

"ഓകെ ഓകെ"

................................................................................

ങ്ഹേ, ഇതേതാ സ്ഥലം? ഏനാത്തൊ? ഇവിടെയൊക്കെ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുമൊ? വെറുതെ ടൈം കളയാനായി. ഇതെന്താ വണ്ടി വിടാത്തത്. ഓ ഒരുത്തനവിടെ ബാലന്‍സ് വാങ്ങാന്‍ വെയ്റ്റ് ചെയ്യുന്നുണ്ടല്ലൊ.

ഹൊ 2 രൂപ ബാലന്‍സ് വാങ്ങാനാണൊ ഈ തെണ്ടി ഇത്രയും ആള്‍ക്കാരുടെ ടൈം കളഞ്ഞത്? എച്ചി.

ഇനിയും 2 മണിക്കൂര്‍ എടുക്കും. ചെറുതായൊന്നു മയങ്ങിയേക്കാം.

................................................................................

"ഡൊ, ഡൊ..."

"എന്താ ചേട്ടാ.. പ്രശ്നം?

"പ്രശ്നമൊന്നുമില്ല, നേരെ കിടന്നുറങ്ങ്"

"ഓ എന്താ ചേട്ടാ, ഇതൊക്കെ ഇത്ര പ്രശ്നമാക്കണൊ..? നമ്മളൊക്കെ മനുഷ്യരല്ലെ?"

"ഓകെ ..ഓകെ. എന്തായാലും നേരെ കിടന്നുറങ്ങു"

ശ്ശെടാ, ഇവനൊക്കെ എവിടുന്നു വരുന്നു. മനുഷ്യനെ കണ്ടിട്ടില്ലെ. ജസ്റ്റ് അവന്‍റെ തോളത്ത് എന്‍റെ തലയൊന്നു മുട്ടിയതിനാണ്‌ ഈ കോലാഹലം.ഏതായാലും നന്നായി ഉറങ്ങി. വട്ടപ്പാറ കഴിഞ്ഞു. കേശവദാസപുരത്തിറങ്ങാം. ഇനി എന്തായാലും ഉറങ്ങേണ്ട. ഇങ്ങേരു വിളിച്ചത് ഏതായാലും കറക്ട് സമയത്താണ്.

ഹൊ, അങ്ങനെ കേശവദാസപുരം എത്തി. ഓ ഇറങ്ങാന്‍ സമ്മതിക്കില്ലേ?

"എന്‍റെ പൊന്നു ചേട്ടാ, ഒന്നിറങ്ങിക്കോട്ടെ. എനിക്കിറങ്ങാന്‍ ഈ വണ്ടിയല്ലേ ഉള്ളു. ചേട്ടനു പുറകെ വരുന്നതിലും കയറാമല്ലൊ"

അയ്യൊ, ബാലന്‍സ് ഒരു രൂപ മേടിച്ചില്ലല്ലൊ. അങ്ങേരെ അങ്ങനെ വിടണ്ട.

"കണ്ടക്ടര്‍ കണ്ടക്ടര്‍...ബാലന്‍സ് കിട്ടിയില്ല"

"എത്രയാ"

"ഒരു രൂപ"

"ഒരു രൂപയൊ?....ഒരു രൂപയ്ക്കാണൊ ഇയാള്‍ സൂപ്പര്‍ ഫാസ്റ്റ് പിടിച്ചു നിര്‍ത്തിയത്... ആ ഇന്നാ"

പിന്നെ എന്‍റെ ഒരു രൂപ ഇയാള്‍ക്ക് ഞാന്‍ വെറുതെ തരാമെടൊ.

ഇനി കഴക്കൂട്ടത്തേക്ക് എപ്പോഴാണൊ ബസ്സ് കിട്ടുക?

................................................................................

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ...................................