Wednesday, May 16, 2007

നിരപരാധി

ഞങ്ങള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്, അട്ടപ്പാടി, തോമ, ആശു, ഗണപതി, ചരക്ക്, കൊഞ്ഞാണി മാണി, തടിയന്‍, ടിനു, രാഹുല്‍ എന്ന ഞങ്ങളുള്‍പ്പെടുന്ന ആ വര്‍ഷത്തെ ബാച്ച് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഫസ്റ്റ് ഇയര്‍ ക്ലാസ്സുകള്‍ തുടങ്ങിയതെ ഉള്ളു. ഫസ്റ്റ് ഗ്രൂപ്പില്‍ അഡ്മിഷണ്‍ കിട്ടിയതു കൊണ്ട് ഞങ്ങളെല്ലാം ഹാപ്പി ആയിരുന്നു.

പെണ്‍കുട്ടികളോട് മിണ്ടാന്‍ പാടില്ലാത്ത, ഒരു ക്ലാസ്സ് പോലും കട്ട് ചെയ്യാന്‍ പാടില്ലാത്ത, അഥവാ കട്ട് ചെയ്തു പോയാല്‍ ലീവ് ലെറ്റര്‍ കൊടുത്ത് ഇമ്പോസിഷനും എഴുതേണ്ട സ്കൂളില്‍ നിന്നും ആര്‍ട്സ് കോളേജില്‍ എത്തിയ ഞങ്ങളെല്ലാം ജയിലില്‍ നിന്നും വിടുതല്‍ കിട്ടിയവരെപ്പോലെ ആയിരുന്നു. യൂണിഫോമില്ലാതെ കളര്‍ ഡ്രസ്സില്‍ 'കളറു'കളെ കണ്ട് ഞങ്ങളെല്ലാം ആദ്യം, കോഴി പുന്നല്ലു കണ്ടതുപോലെ എവിടെ കൊത്തണം എവിടെ കൊത്തണം എന്ന അവസ്ഥയില്‍ ആയിരുന്നു.

ടൌണില്‍ നിന്നും വിട്ട്, ഒരു ചെറിയ കുന്നിന്‍റെ ചെരുവില്‍ വലിയ ഗ്രൌണ്ടും ലൈബ്രറിയും, ചായയും ഉഴുന്നുവടയും പരിപ്പുവടയും എപ്പോഴും കിട്ടുന്ന അപ്പാപ്പന്‍സും ക്ലാസ്സ് കട്ട് ചെയ്ത് ഇഷ്ടം പോലെ ചെന്നിരിക്കാന്‍ ഇടവുമുള്ള റബ്ബര്‍ തോട്ടവും സ്വന്തമായുള്ള കോളേജില്‍, പക്ഷിസങ്കേതത്തില്‍ വന്ന വേടന്മരെപ്പോലെ വലയും വിരിച്ച്, വേട്ടയും നടത്തി വരുമ്പോളാണ്‌ ഞങ്ങള്‍ - മേല്‍പ്പറഞ്ഞ അതേ ഞങ്ങള്‍ പരിചയപ്പെടുന്നത്.

ക്ലാസ്സിലെ കിളികളെ എല്ലാം കൂട്ടിലാക്കിയിട്ടു മതി പുറത്തെ വേട്ട എന്ന് ഞങ്ങള്‍ ഐക്യകണ്ഠേന തീരുമാനമെടുത്തു. ഞങ്ങളുടെ ആ കുഞ്ഞു ക്ലാസ്സില്‍ 91 പേരാണ്‌ ഉണ്ടായിരുന്നത്. ഫസ്റ്റ് ഗ്രൂപ്പായതു കൊണ്ട് അതില്‍ വെറും 37 പെണ്‍പ്രജകളെ ഉണ്ടായിരുന്നുള്ളു. സെക്കന്‍ര്‍ ഗ്രൂപ്പുകള്‍ 3 എണ്ണം ഉണ്ടായിരുന്നു. അതില്‍ ഓരോന്നിലും 90 പേരും. ഞങ്ങളെ അസൂയാലുക്കള്‍ ആക്കിയത് അതിലോരൊന്നിലും 12 ആണ്‍പ്രജകളും ബാക്കി മുഴുവനും പെണ്‍ പ്രജകളും ആയിരുന്നു എന്നുള്ളതാണ്‌. എങ്കിലും ഉള്ളതുകൊണ്ട് വീട്ടിലെ ഓണമുണ്ടിട്ട് അയല്‍വക്കത്തുപോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും അടുത്ത ദിവസം മുതല്‍ ഞങ്ങളുടെ ഗ്യാങ്ങ് പെണ്‍പ്രജകളെ പരിചയപ്പെടാന്‍ തീരുമാനിച്ചു.

ഞങ്ങളെ ഒന്നിച്ചു കണ്ട് അവര്‍ പേടിക്കാതിരിക്കാന്‍ ഗ്രൂപ്പുകളായാണ്‌ അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അവരെപ്പരിചയപ്പെടാന്‍ ചെന്നത്. ഞാനും, ആശുവും, തോമയും, കൊഞ്ഞാണി മാണിയും, ടിനുവും ആയിരുന്നു അതിലൊരു ഗ്രൂപ്പ്.

ഞങ്ങളുടെ കൂട്ടത്തില്‍ തോമയുടെ കാര്യം അല്പം കഷ്ടത്തിലായിരുന്നു. അവന്‍റെ സ്വന്തം 'ഡാഡി' ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പല്‍ ആയി പിരിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്‌. അതുകൊണ്ടുതന്നെ പുതിയ പ്രിന്‍സിപ്പാളിനും കോളേജിലെ എല്ലാ ടിച്ചര്‍ക്കും തോമയെ അറിയാം എന്നു മാത്രമല്ല, അവന്‍ അവരുടെ എല്ലാം കണ്ണിലുണ്ണിയും ആയിരുന്നു. ആ പ്രത്യേക സ്നേഹത്തിന്‍റെ പുറത്താണ്‌ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറും തോമയുടെ വകയിലെ ഒരു ആന്‍റിയും ആയ ഏലിയാമ്മ മിസ്സ് അവനെ ഞങ്ങളുടെ ക്ലാസ്സ് റെപ് ആയി വഴിച്ചത്. അതൊന്നും പോരഞ്ഞതിന്‍ തോമയുടെ സ്വന്തം ചേച്ചി അവിടെ ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാം 'വേട്ടക്ക്' വരാന്‍ അവനു അല്പം പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടും വേട്ടയില്‍ നല്ല താത്പര്യം ഉണ്ടായിരുന്നതു കൊണ്ടും അവനും ഞങ്ങളുടെ ഒപ്പം കൂടാറുണ്ടായിരുന്നു.

അങ്ങനെ അമ്മു, അഞ്ചു, സജിത, ലിന്‍സി, ലിപ്സി, സൂര്യ തുടങ്ങിയ സുന്ദരിമാരെ പരിചയപ്പെട്ടു വരുമ്പോഴാണ്‌ ഞങ്ങള്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത് വളരെ ശാന്തമായി എന്തോ വായിച്ചു കൊണ്ടിരുന്ന താത്ത കുട്ടിയെക്കണ്ടത്. താത്തകുട്ടിയെ കണ്ട പാടെ ആശു വാലുപൊക്കാന്‍ തുടങ്ങി.

"അളിയാ, എന്തു ഭംഗിയാണല്ലെ."

പാവം ആശു, അവനെങ്ങനെ വാലുപൊക്കണ്ടിരിക്കും. അതുവരെ ഒരു കിളിയെപ്പോലും കാണാതെ ഡല്‍ഹിയിലെ ഒരു വലിയ ബോയ്സ് ഹൈ സ്കൂളില്‍ പഠിച്ച അവന്‍, ഒരു സൈഡിലൂടെ നോക്കുമ്പോള്‍ പ്രീതി സിന്‍റയുടെ കട്ടുള്ള താത്ത കുട്ടിയെ കണ്ടപ്പോള്‍ അറിയാതെ വാലുപൊക്കൊപ്പോയി. അങ്ങനെ ഞങ്ങള്‍ താത്ത കുട്ടിയെപ്പരിചയപ്പെട്ടു. അപ്പോഴേക്കും ഇന്‍റര്‍വെല്‍ രൂപത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ സമയം കഴിഞ്ഞു. ബെല്ലടിച്ച കുറുപ്പു ചേട്ടനെ തെറിപറഞ്ഞു കൊണ്ട് ആശു തിരിഞ്ഞു നടന്നപ്പോഴെ ഞങ്ങള്‍ക്കു മനസ്സിലായി പാവം താത്തകുട്ടിയില്‍ ആദ്യാനുരാഗ വിവശനായി എന്ന്. അവന്‍റെ ദയനീയമായ ഭൂതകാലം അറിയാവുന്നതു കൊണ്ട് , ഞങ്ങള്‍ - അവന്‍റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ - മസ്സിലു മത്തായിയുടെ ഇംഗ്ലീഷ് ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് തന്നെ താത്തകുട്ടിയെ ആശുവിന്‌ കരം തീര്‍ത്ത് പതിച്ചു കൊടുത്തു.

പക്ഷെ ആശുവിന്‌ തീരെ ക്ഷമ ഉണ്ടായിരുന്നില്ല. അവന്‌ തന്‍റെ ഇഷ്ടം താത്തയെ എങ്ങനെയെങ്കിലും അറിയിച്ചെ പറ്റൂ. വേറെ ആരെങ്കിലും അടിച്ചെടുത്തൊണ്ടുപോയാല്‍ മാനസ്സ മൈന പാടി നടക്കാന്‍ ഞങ്ങളുടെ ഉഴവൂര്‍ ഒരു കടപ്പുറമില്ലാത്തതാണെന്നാണ്‌ ആദ്യം ഞങ്ങള്‍ കരുതിയത്‌. പിന്നെയല്ലെ മനസ്സിലായത് ആശുവിന്‌ താത്തക്കുട്ടിയോട് തീവ്രാനുരാഗം തന്നെയാണ്‌ എന്നു മനസ്സിലായത്. ഞങ്ങള്‍ അവനോട് പറഞ്ഞു,

" അളിയാ നീ വെയ്റ്റ് ചെയ്യ്, നമ്മുക്കു വഴിയുണ്ടാക്കാം".

പക്ഷെ വിശന്നിരിക്കുന്നവനെ വിശപ്പിന്‍റെ വിളി വിശക്കുന്നവനെ അറിയൂ, എന്നതുപോലെ ബോയ്സ് സ്കൂളില്‍ പഠിച്ച ആശുവിന്‍റെ 'വിശപ്പ്' അടുത്ത ദിവസം മാത്രമാണ്‌ ഞങ്ങളറിഞ്ഞത്.

ഉച്ചയൂണികഴിഞ്ഞ് ലൈബ്രറിയിലൂടെ ക്ലാസ്സിലേക്കു പോകുമ്പോഴാണ്‌ ഞങ്ങള്‍ക്കു ഒരു കാര്യം ബോധ്യമായത്, ആശു ഈസ് മിസ്സിംഗ്!!! ഞങ്ങള്‍ക്കു പേടിയായി,

"ദൈവമെ ഇനി ഞങ്ങള്‍ സഹായിക്കാത്തതിന്‍റെ പേരില്‍ അവന്‍ വല്ല കടുംകൈയും?"

ഞങ്ങള്‍ക്കു കുറ്റബോധമായി. സ്വപ്നക്കൂട് സിനിമയില്‍ കഷ്ടമൂര്‍ത്തി ദീപുവിനെ അന്വേഷിച്ചു നടന്നതുപോലെ ഞങ്ങളും ആശുമോനെയും വിളിച്ചു ആ ക്യാംപസ് മുഴുവനും അലഞ്ഞു. അവസാനം ആശുവിനെ ടെറസ്സില്‍ പുളിക്കന്‍റെ ഒപ്പം ഞങ്ങള്‍ കണ്ടുപിടിച്ചു. ഞങ്ങളെ കണ്ടപ്പോള്‍ അവരൊന്നു പരുങ്ങി.

സ്വന്തം കാര്യം നടക്കാന്‍ വേണ്ടി എന്തു തെണ്ടിത്തരവും കാണിക്കാന്‍ മടിയില്ലാത്ത പുളിക്കന്‍റെ കൂടെ ആശു നില്‍ക്കുന്നതുകണ്ടപ്പോഴെ ഞങ്ങള്‍ക്കു എന്തൊ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി. നോക്കിയപ്പോള്‍ ആശുവിന്‍റെ കൈയില്‍ ഒരു കടലാസ്സ്.

"എന്തുവാടാ ഇത്?"

"എടാ താത്തകുട്ടിക്ക് കൊടുക്കാന്‍.............."

പാവം താത്തകുട്ടിയെ തന്‍റെ മനസ്സറിയിക്കാന്‍ ആശു പുളിക്കനെകൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചതായിരുന്നു. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന അവനു മലയാളം സംസാരിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളു. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്തതുകൊണ്ടും, ഞങ്ങള്‍ എന്തു പറയും എന്നു പേടിച്ചുമാണ്‌ അവന്‍ പുളിക്കനെയും കൂട്ടി ആ സാഹസം നടത്തിയത്. ഞാന്‍ ആ പ്രേമലേഖനം വാങ്ങി വായിച്ചു നോക്കി.

"പ്രായപ്പട്ട താത്തെ,
നിന്നെ ഞാന്‍ ഒത്തിരി സ്നാഹിക്കുന്നു. നിന്നെ എനിക്ക് കല്യണം കഴിക്കണം . നീ ഇല്ലാത്ത ജീവിതം വാല്‍ടൂബ് ഇല്ലാത്ത സെക്കിള്‍ പോലെയാണ്. എന്‍റെ സ്നേഹം നീ സ്വികരിക്കൂ താത്തെ.....
ഐ ലവ് യു.
എന്ന് സ്വന്തം അശു. "

"എടാ എന്തുവാ ഇത്, ഇതില്‍ മുഴുവന്‍ അക്ഷരതെറ്റാണല്ലൊ? പുളിക്കാ, അളിയാ നിനക്ക് മലയാളം പോലും എഴുതാന്‍ അറിയില്ലേടാ? "

"എടാ, ആശു, ഇതില്‍ മുഴുവന്‍ അക്ഷര തെറ്റാണെടാ, നിന്‍റെ പേരു പോലും, നിനക്കിങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളോട് പറഞ്ഞല്‍പ്പോരെ. അതിന്‌ ഈ മണ്ടനെ വിളിക്കണമായിരുന്നോ. ഈ കത്തെങ്ങാനും താത്തക്കു കൊടുത്തിരുന്നെങ്കില്‍ അപ്പൊഴെ അവള്‍ നിന്നെ ഡൈവോഴ്സ് ചെയ്തേനെ."

"നിന്‍റെ പേരു പോലും ഇവന്‍ അശു എന്നാണ്‌ എഴുതി വച്ചിരിക്കുന്നത്".

ആശു പുളിക്കനെ അടുത്തേക്ക് വിളിച്ചു. അവനെ കുനിച്ചു നിര്‍ത്തി, എന്നിട്ട് പുറത്തിനിട്ട് 3-4 ഇടി കൊടുത്തു.

"അയ്യോ, അമ്മേ..........." , പുളിക്കന്‍ കരഞ്ഞു.

"അളിയാ, നീ ക്ലാസ്സിലേക്ക് പൊയ്ക്കൊ, ബാക്കി വൈകുന്നേരം തരാം", ആശു അവനോട് പറഞ്ഞു.

യോദ്ധായില്‍ വടംവലി മത്സരത്തില്‍ തോറ്റ ജഗതി പോകുന്നതുപോലെയുള്ള പുളിക്കന്‍റെ പോക്കു കണ്ടു ഞങ്ങളെല്ലാവരും ചിരിച്ചു. പിന്നെ ഞങ്ങളുടെ ആശുവിനെ സഹായിക്കാന്‍, അവനുവേണ്ടി, ആശുവിന്‍റെ സ്വന്തം താത്തകുട്ടിക്ക്, എന്‍റെ ആദ്യത്തെ പ്രേമലേഖനം ഞാനെഴുതി.

പ്രിയപ്പെട്ട താത്തകുട്ടിക്ക്,

എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്‌. നിന്നെ കണ്ട അന്നു മുതല്‍ നിന്‍റെ മുഖം മാത്രമെ എന്‍റെ മനസ്സില്‍ ഉള്ളു. എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പഠിക്കുമ്പൊഴും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം എന്‍റെ മനസ്സു നിറയെ നീയാണ്‌. നീ ഇല്ലാതെ ജീവിക്കുന്ന കാര്യം എനിക്കിപ്പോള്‍ ചിന്തിക്കാനെ പറ്റുന്നില്ല. നേരില്‍ കണ്ട് പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടും, നിന്നെ ഒറ്റക്കു കിട്ടാത്തതും കൊണ്ടാണ്‌ ഞാന്‍ ഈ കത്തിലൂടെ എന്‍റെ ഹൃദയം തുറക്കുന്നത്. നീ ഇതു വെറും പ്രായത്തിന്‍റെ ചാപല്യം ആയിക്കാണരുത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ ഒത്തിരി പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അവരോടൊന്നും തോന്നാത്ത ഒരിഷ്ടം എനിക്ക് നിന്നോടു തോന്നി. എന്‍റെ ജീവിതം നിന്‍റെയൊപ്പം ചെലവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മറുപടി തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നാളെ നീ ആ മഞ്ഞ ചുരിദാര്‍ ഇട്ടു വന്നാല്‍ മതി. അതില്‍ നീ വളരെ സുന്ദരിയാണ്‌.

നാളെ നീ മഞ്ഞ ചുരിദാറില്‍ വരും എന്ന പ്രതീക്ഷയുമായി സ്വന്തം ആശു.

അങ്ങനെ സംഗതി റെഡിയായി. പക്ഷെ ആശുവിന്‌ കൊണ്ടുകൊടുക്കാന്‍ വയ്യ. പേടി, ചമ്മല്‍ അങ്ങനെ എന്തൊക്കയൊ. അവസാനം കൊഞ്ഞാണി മാണി കൊണ്ടുകൊടുക്കാമെന്നേറ്റു.

"വേഗം വാടാ, ഇന്‍റര്‍വെല്‍ കഴിയാറായി", ഞങ്ങള്‍ ക്ലാസ്സിലേക്ക് ഓടി. ക്ലാസ്സില്‍ എല്ലാവരും വന്നു തുടങ്ങി. താത്ത അവിടെ ഇരിപ്പുണ്ട്. അപ്പോള്‍ കൊഞ്ഞാണി മാണിക്കും ഒരു ശങ്ക. പിന്നെ അവനെ ഞങ്ങള്‍ നിര്‍ബന്ധിച്ചു പറഞ്ഞയച്ചു. കൂടെ ആശു അപ്പാപ്പന്‍സില്‍ നിന്നും അവനൊരു പൊറട്ടയും ബീഫും ഓഫര്‍ ചെയ്തു. അങ്ങനെ സകല ധൈര്യങ്ങളും സംഭരിച്ചു കൊഞ്ഞാണി മാണി താത്തയുടെ മുന്നില്‍ ചെന്നു കത്തു നീട്ടിക്കൊണ്ടു പറഞ്ഞു,

"താത്തെ, ഇതു നിനക്കൊരാള്‍ തന്നതാ... മറുപടി കൊടുക്കണം"

അപ്പോള്‍ ബെല്ലടിച്ചു. താത്ത കത്തു വാങ്ങിയതുമില്ല, കൊഞ്ഞാണി മാണിയോടു ദേഷ്യപ്പെട്ടു കൊണ്ടു ഉച്ചത്തില്‍ പറഞ്ഞു.

"എനിക്കിതൊന്നും ഇഷ്ടമല്ല. ഞാനിവിടെ വന്നിരിക്കുന്നത് പഠിക്കനാണ്‌. മേലില്‍ ഇത്തരം പരിപാടിയുമായി എന്‍റെ അടുത്തു വന്നേക്കരുത്."

ക്ലാസ്സ് പെട്ടെന്നു നിശ്ചലമായി. എല്ലാവരും കൊഞ്ഞാണി മാണിയെ നോക്കി. അവനാണെങ്കില്‍ കത്തും നീട്ടിപ്പിടിച്ചു താത്തയുടെ നില്‍ക്കുകായാണ്‌. ഞാനും ആശുവും ഞങ്ങളീ ക്ലാസ്സിലെ പുതിയതാ എന്ന റോളില്‍ സീറ്റിലിരുന്നു. കൊഞ്ഞാണിമാണി ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ചു നടന്നു ക്ലാസ്സിന്‍റെ മുന്‍പില്‍ നിന്നിരുന്ന തോമയുടെ പോക്കറ്റില്‍ കത്തു കൊണ്ടുവന്നിട്ടിട്ട് സ്വന്തം സീറ്റില്‍ പോയിരുന്നു. എല്ലാവരും തോമയെ നോക്കാന്‍ തുടങ്ങി, താത്തയും.

പാവം തോമ.

ക്ലാസ് റെപ്പായിരുന്ന, ടീച്ചറുമ്മാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന പാവം തോമ!!!!.

Monday, May 14, 2007

ഹോസ്റ്റലിലെ യക്ഷി..

യക്ഷി, മറുത, ആനമറുത, കുട്ടിച്ചാത്തന്‍. രക്ഷസ്സ്, ഗന്ധര്‍വ്വന്‍ ആദിയായ സാധനങ്ങളിലൊന്നും വിശ്വാസം തീരെയില്ലാതെ, ആ വക കാര്യങ്ങള്‍ പറയുമ്പൊള്‍ അമ്മ, അമ്മൂമ്മ, അമ്മായി എന്നിവരോടൊക്കെ ആളും തരവും നോക്കാതെ തട്ടിക്കയറി, അങ്ങനെ ഒരു സംഭവമേ ഇല്ലന്നും അതൊക്കെ വെറുതെ നാട്ടുകാരും മന്ത്രവാദികളെന്നു പറയുന്ന തട്ടിപ്പുകാരും പറഞ്ഞുണ്ടാക്കണതാണെന്നു വാദിച്ചിരുന്ന കാലത്താണ്‌ ആ യക്ഷി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്.

എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്ന കാലം. ഞങ്ങളെല്ലാം ഒരുമിച്ചു ഇന്ദിരാമ്മയും ശശിച്ചേട്ടനും നടത്തിയിരുന്ന 'ഹോസ്റ്റലില്‍' ആയിരുന്നു താമസം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സതീഷ്‌, റോബിന്‍ അഥവാ പാണ്ടി, രാജേഷ് അഥവാ പൊടിമോന്‍, രഞ്ജിത്ത് അഥവാ ശുപ്പു, സിജിന്‍, ജസി, കര്‍ത്ത, ചിറയ്ക്കല്‍ മണവാളന്‍ അനൂപ് അന്‍റണി, ജിബിന്‍, രജീഷ് ആദിയായവര്‍. അക്കാലത്ത് ഞങ്ങളുടെ കോളേജിന്‍ ഹോസ്റ്റല്‍ സൌകര്യം ഇല്ലായിരുന്നതിനാല്‍ ഞങ്ങള്‍ - ഭാവി എന്‍ജിനീയേഴ്സ് - എല്ലാവരും പ്രൈവറ്റ് ഹോസ്റ്റലുകളിലാണ്‌ താമസിച്ച് - 'കഷ്ടപ്പെട്ട് ബുദ്ധിമുട്ടി' പഠിച്ചിരുന്നത്. അതിലൊന്നായിരുന്നു ഇന്ദിരാമ്മയും ശശിച്ചേട്ടനും കാലാകാലങ്ങളായി നടത്തി വന്നിരുന്ന ഞങ്ങളുടെ 'ശ്രീവിലാസം'.

അടൂരെന്ന ആ പട്ടണത്തില്‍ താമസിച്ചു തുടങ്ങിയതിനു ശേഷമാണ്‌, 5 വര്‍ഷം മുന്‍പ് ഞങ്ങളുടെ സ്വന്തം എന്‍ജിനീയറിംഗ് കോളേജ് വരുന്നതിന്‍ മുന്‍പ് , മാവേലിത്തമ്പുരാന്‍ പോലും വിസിറ്റ് ചെയ്യത്ത ഒരു 'ഓണം കേറാമൂല' ആയിരുന്നു അതെന്ന് ഞങ്ങള്‍ ഫ്രഷേഴ്സിനു മനസ്സിലായത്. അടൂര്‍ നിവാസികളെല്ലാം തന്നെ ഞങ്ങളെ എന്തോ അന്യഗ്രഹ ജീവികളൊ, വിദേശിയരോ ആയിട്ടാണ്‌ കണ്ടിരുന്നത്. അതോണ്ടു തന്നെ ഉത്സവം, വിവാഹം, മരണം, ജനനം , ഘോഷയാത്ര, ഇലക്ഷന്‍ എന്നിങ്ങനെ നാട്ടിലുള്ള സകലമാന പരിപാടികള്ക്കും ഞങ്ങളുടെ അടുത്തു നിന്നും 'ലോക്കല്‍ ചേട്ടന്മാര്' പിരിവു ചോദിച്ചിരുന്നു - അല്ല പിരിച്ചെടുത്തിരുന്നു.

ഇന്ദിരാമ്മ ചേച്ചിയുടെയും ശശിച്ചേട്ടന്‍റെയും ലോക്കല്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നതു കൊണ്ട് വീട്ടില്‍ വച്ചു ഞങ്ങള്‍ക്ക് അങ്ങനെ അധികം പിരിവ് കൊടുക്കണ്ടി വന്നിരുന്നില്ല. അങ്ങനെ ശ്രീവിലാസമെന്ന, ഓടിട്ട മച്ചുള്ള ഒരു യക്ഷിക്കു താമസിക്കാന്‍ എല്ലാ സൌകര്യവുമുള്ള വീട്ടില്‍ ഞങ്ങള്‍ ആര്‍മ്മാദിച്ചു താമസിച്ചിരുന്ന കാലം.
വൈകുന്നേരങ്ങളില്‍ കോളേജില്‍ നിന്നു വന്നാല്‍, ഇന്ദിരാമ്മ ഉണ്ടാക്കി തരുന്ന ചായ് കുടിയും, ബോണ്ട ഉപയോഗിച്ചുള്ള 'വണ്‍ ടച്ച്' ക്രിക്കറ്റു കളിയും കഴിഞ്ഞാല്‍ ഞങ്ങളുടെ പ്രധാന പരിപാടി 'വിശേഷങ്ങള്‍' പങ്കുവെയ്ക്കല്‍ ആയിരുന്നു.വിശേഷങ്ങളില്‍ കുടുതലും റാഗിംഗും പിന്നെ എല്ലാ ക്ലാസ്സിലെയും സുന്ദരികളെക്കുറിച്ചുള്ള വിവരങ്ങളും ആയിരുന്നു. മാത, സെന്‍റ മേരീസ്, എയ്ഞ്ചല്‍സ് എന്നീ ലേഡീസ് ഹോസ്റ്റലുകളിലെ വിവരങ്ങള്‍ അല്പം പോലും തെറ്റതെ പഠിച്ചു കഴിയുമ്പോഴെക്കും പാതി രാത്രി ആയിരിക്കും - യക്ഷികള്‍ വിഹാരത്തിനിറങ്ങുന്ന സമയം.

ആ ഇടക്ക് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ധൈര്യശാലി റോബിന്‍ ആയിരുന്നു. കാര്യമുണ്ട്, ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ട് വീട്ടിലെത്തിയ ഞങ്ങളെല്ലാം റോബിനെ വെയ്റ്റ് ചെയ്തിരിക്കുകയാണ്‌. റോബിനെ അവിടെ റാഗിംഗ് ടീം പൊക്കിയെന്ന് ശുപ്പു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ റോബിനെ വെയ്റ്റ് ചെയ്തു കൊണ്ടു ശ്രീവിലാസത്തിന്‍റെ ഉമ്മറപ്പടിയില്‍ ഇരിക്കുമ്പോളാണ്‌ നടുക്കുന്ന ആ കാഴ്ച കണ്ടത്. റോബിനതാ, ഞങ്ങള്‍ ജൂനിയേഴ്സിന്‍റെ ഒക്കെ പേടിസ്വപ്നമായ റാഗിംഗ് വീരന്‍ ആഷ്‌ലിയുടെ ഒപ്പം അങ്ങേരുടെ ബുള്ളറ്റില്‍ ശ്രീവിലാസത്തിന്‌ മുന്‍പിലുള്ള റോഡില്‍ വന്നിറങ്ങുന്നു.

സാറുമ്മാരുടെയും ഞങ്ങളുടെയും കണ്ണിലെക്കരടായ ആഷ്‌ലി അവിടെ 5-6 കൊല്ലമായിപ്പടിക്കുന്നു. 4 വര്‍ഷം കൊണ്ട് എന്‍ജിനീയറിംഗ് തറമായി പടിക്കാന്‍ പറ്റില്ല എന്നു തോന്നിയതു കൊണ്ടാകാം ഒരോ സെമസ്റ്ററിലും ' ഇയര്‍ അവുട്ട്' വാങ്ങിക്കൊണ്ട് ഒന്നും രണ്ടും തവണ പടിച്ചിരുന്നത്. ഈ ആഷ്‌ലി തന്നെയാണ്‌ കഴിഞ്ഞ ദിവസം ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിരുന്ന എന്‍റെ മീശ വടിപ്പിച്ചത്. ഞാന്‍ ഒരു പാവത്തനെപ്പോലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു വരികയായിരുന്നു. അപ്പോഴാണ്‌ ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരികളെ 'റാഗ്' ചെയ്തിരുന്ന ആഷ്‌ലി എന്നെ അങ്ങൊട്ടു വിളിച്ചത്.

"ദൈവമെ, പണിയായി" , എന്നു മനസ്സില്‍ കരുതി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു - പരമാവധി വിനയാന്വിതനായി.

പേരും നാടും ചോദിച്ച ശേഷം ആ 'ദ്രോഹി' എന്നോട് കൂകാന്‍ പറഞ്ഞു.

ഞാന്‍ കൂകി, "കൂ.."

"നീയരെടാ കുരുവിയൊ, മര്യാദയ്ക്ക് ഒച്ചത്തില്‍ കൂവെടാ " എന്നും അതിന്‍റെ കൂടെ ഞാനതുവരെ മലയാളത്തില്‍ കേട്ടട്ടില്ലാത്ത കുറെ പദങ്ങളും.

ഞാന്‍ വീണ്ടും കൂകി, "കൂഊഊ.........."

"മ്‌ മ്.. ഇനി പൊയ്ക്കോ, "

ഞാന്‍ പോകാനായിത്തിരിഞ്ഞപ്പോഴാണ്‌ മീശമാധവനോട് ഈപ്പന്‍ പാപ്പച്ചി പറഞ്ഞതു പോലെ എന്നോട് , "വടിച്ചിട്ടു വരണം" എന്നു ഉത്തരവായത്. അങ്ങനെ എന്‍റെ മീശ വടിപ്പിച്ച അതേ ആഷ്‌ലിയുടെ കൂടെയാണ്‌ റോബിന്‍ വന്നിരിക്കുന്നത്.

അദ്ദേഹത്തെ ദൂരെ നിന്നു കണ്ടപ്പോളെ ഞങ്ങള്‍ എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റ് നിന്നു. ഭാഗ്യം കാലമാടന്‍ റോഡില്‍ തന്നെ നിന്നു.

"എന്താടാ കാര്യം?" , ഞങ്ങള്‍ റോബിനോടു ചോദിച്ചു.

" കാശു വാങ്ങാനാടാ", എന്ന് റോബിന്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ശശിച്ചേട്ടന്‍ ആഷ്‌ലിയുമായി എന്തോ സംസാരിച്ചു പ്രശ്നം സോള്‍വാക്കി. അതിന്‍റെ പേരില്‍ റോബിന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ഹീറോ ആയിത്തീരുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ജാഡ കണ്ട് ഞങ്ങള്‍ സഹികെടുകയും ചെയ്തു - യക്ഷിയും.

കേരളത്തിന്‍റെ നാനാഭാഗത്തും, ബാംഗ്ലൂരും, ചെന്നൈയിലും, ദുബായിലും ജോയ് ആലുക്കാസിനെക്കാളും ബ്രാഞ്ചുകള്‍ ഉള്ള പൌള്‍ട്രി ഫാമിന്‍റെ ഉടമസ്ഥരുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റോബിന്‍ രാവിലെയും ഉച്ചക്കും അത്താഴത്തിനും എന്തിനേറെ ചായക്ക് വരെ കോഴി ഫ്രൈ ധാരാളമായി കഴിച്ചു വന്നതു കൊണ്ട് ആ സുന്ദരമേനിയില്‍ യക്ഷിയല്ല ആരായാലും മോഹിച്ചു പോകും.

അങ്ങനെ പതിവു പോലെ, ആ വെള്ളിയാഴ്ചയും വൈകുന്നേരം കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയപ്പോള്‍ ഏകദേശം 12 മണി കഴിഞ്ഞു.

റോബിനും, പൊടിമോനും, ശുപ്പുവും ഒരു മുറിയിലാണ്‌ കിടക്കുന്നത്. ആ മുറി വീടിന്‍റെ പുറത്തേക്ക് അല്പം തള്ളിയാണ്‌ നില്‍ക്കുന്നത്. എല്ലാവരും കിടന്നു. ശ്രീവിലാസം ഇരുട്ടിലായി. ഒരു അരമണിക്കുര്‍ കഴിഞ്ഞു കാണും റോബിനും സംഘവും ഓടി ഞങ്ങളുടെ മുറിയിലേക്ക് വന്നു. ഞങ്ങളെല്ലാവരും എഴുന്നേറ്റു. റോബിനും ശുപ്പുവും പൊടിമോനും അല്പം പേടിച്ചിരിക്കുന്നതു പോലെ ഞങ്ങള്‍ക്കു തോന്നി.

" എന്താടാ ?"

"എടാ , യക്ഷി.. ഞങ്ങളുടെ മുറിക്കു പുറത്ത്" , റോബിന്‍ പറഞ്ഞു.

"യക്ഷിയോ, ഒന്നു പോടാ അവിടുന്ന്", സതിഷ് പറഞ്ഞു.

"അല്ലെടാ സത്യം, ചിലങ്കയുടെ ഒച്ച ഞങ്ങള്‍ കേട്ടതല്ലെ", റോബിന്‍ പറഞ്ഞു.

എന്നാല്‍ അതൊന്നു അറിയണമെല്ലൊ എന്നു കരുതി ഞങ്ങള്‍ എല്ലാവരും റോബിന്‍റെ മുറിയിലേക്ക് പോയി.

അങ്ങനെ ഞങ്ങളെല്ലാം റോബിന്‍റെ മുറിയിലേക്ക് പോയി.

"അളിയാ, ഡോക്ടര്‍ സണ്ണിയെ വിളിക്കേണ്ടി വരുമോ ?" , ഞാന്‍ ചോദിച്ചു.

"അതിനു ഡോക്ടറിപ്പോള്‍ അമേരിക്കയില്‍ അല്ലെ ".

"നമുക്ക് നകുലനെക്കൊണ്ടു വിളിപ്പിക്കാം"

"നകുലനാരാ നിന്‍റെ അളിയനൊ"

എന്നിങ്ങനെ കുറെ ഡയലോഗുകള്‍ ഒക്കെ ആടിച്ചു കുറെ സമയം ഞങ്ങള്‍ അവിടെ നിന്നെങ്കിലും ചിലങ്കയുടെ ശബ്ദം ഒന്നും കേട്ടില്ല. റോബിനെയും മറ്റും കുറെ കളിയാക്കി എല്ലാവരും വീണ്ടും കിടക്കാന്‍ പോയി. കുറച്ചു കഴിഞ്ഞതെയുള്ളു, റോബിന്‍ വീണ്ടും വന്നു വിളിച്ചു. എന്നാല്‍ യക്ഷിയെപ്പിടിച്ചിട്ടെയുള്ളു എന്നു പറഞ്ഞു ഞങ്ങള്‍ എല്ലാം റോബിന്‍റെ മുറിയിലേക്ക് പോയി. ഞങ്ങള്‍ ചെവിയോര്‍ത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോബിന്‍ പറഞ്ഞതുപോലെ ചിലങ്കയുടെ ശബ്ദം. ഞങ്ങള്‍ക്ക് അല്പം പേടി തോന്നി. റോബിന്‍ തന്നാലാവും വിധം കുറെ തെറികള്‍ യക്ഷിയെ പറഞ്ഞു.

"നീ പോടി, നാറി,, പട്ടീ, ആണാണെങ്കില്‍ നീ മുന്നില്‍ വാടി....
നിന്‍റെ ചിലങ്ക പൊട്ടിച്ചു കോഴിക്ക് ഇട്ടു കൊടുക്കും...."

പക്ഷെ യക്ഷി വന്നില്ല. ഞങ്ങളുടെ ഈ ബഹളങ്ങള്‍ എല്ലാം കേട്ടു ഇന്ദിരാമ്മയും ശശിച്ചേട്ടനും ഓടി വന്നു. ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ ചേച്ചിയും ചേട്ടനും അല്പം പേടിച്ചതു പൊലെ തോന്നി.

"മക്കളെ നമ്മുടെ വീടിനു മുന്‍പിലുള്ള റബ്ബര്‍ തോട്ടത്തില്‍ ഒരു കൊല്ലം മുന്‍പ് ഒരു പെണ്ണു തൂങ്ങിചത്തിട്ടുണ്ട്. ", ചേച്ചി പറഞ്ഞു. ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി.

"ഇടയുക്കുണ്ടായിരുന്ന ഈ ശല്യം ഞങ്ങള്‍ ഒന്നു കുറച്ചതായിരുന്നു.", ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍
അഞ്ചുപേരും പരസ്പരം നോക്കി.

"എന്തായാലും, റോബിനെ യക്ഷിയെ ചീത്ത പറയേണ്ടായിരുന്നു, ഇനി എന്തൊക്കെയണോ നടക്കാന്‍ പോകുന്നത്", ചേച്ചി പറഞ്ഞു.

"പിള്ളേരെ, എന്തായാലും നിങ്ങള്‍ പോയികിടക്ക്, നേരം വെളുക്കട്ടെ" എന്നു പറഞ്ഞു അവര്‍ പോയി.

"എടാ, ബാക്കിയുള്ളവന്മാരെ വിളിച്ചുണര്‍ത്തി കാര്യം പറയേണ്ടെ.?"

"വേണ്ടെടാ അവന്മരെങ്കിലും സുഖായി കിടന്നുറങ്ങട്ടെ."

ഞങ്ങളെല്ലാവരെയും കൂടുതല്‍ പേടിച്ചത് റോബിനായിരുന്നു. എല്ലാവരും വീണ്ടും ഉറങ്ങാന്‍ പോയി. റോബിനും പൊടിമോനും ശുപ്പുവും ഞങ്ങളുടെ മുറിയില്‍ കിടക്കാന്‍ വന്നു. എല്ലാവരും കുറച്ചു നേരം മിണ്ടാതിരുന്നു. കാരണം ഞങ്ങള്‍ എല്ലാവരും ചിലങ്കയുടെ ശബ്ദം കേട്ടതാണ്‌. ആകെക്കുടി എല്ലാര്‍ക്കും ഒരു വല്ലായ്മ.

"ദൈവമെ, യക്ഷിയെ എനിക്കു നേരിട്ടു കാണിച്ചു തരാന്‍ അമ്മായിയൊ, അമ്മൂമ്മയൊ പ്രാര്‍ത്ഥിച്ചു കാണുമോ", ഞാനോര്‍ത്തു.

എപ്പോഴൊ ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ കുറച്ചു നാട്ടുകാരൊക്കെ മുറ്റത്തു കൂടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു. അനൂപിനോടും ജിബിനോടുമൊക്കെ രാത്രിയില്‍ പിന്നെ നടന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ചേച്ചി അപ്പോള്‍ പറഞ്ഞു,

"പിള്ളേരെ നിങ്ങള്‍ പേടിക്കെണ്ട, ചേട്ടന്‍ ഗുളികനമ്മവനെ വിളിക്കാന്‍ പോയിട്ടുണ്ട്. പേരുകേട്ട മന്ത്രവാദിയാണ്. ഇതിനു മുന്‍പ് അദ്ദേഹമാണ്‌ യക്ഷിയെ തളച്ചത്. എല്ലാവരും ഒരോ അന്‍പത് രൂപ വീതം പിരിച്ചു വച്ചോളു."

അനൂപും ജിബിനും കാശ് കൊടുക്കാന്‍ ആദ്യം വിസമ്മതിച്ചു. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവരും കൊടുത്തു. ഗുളികന്‍ മന്ത്രവാദി വന്നു പ്രയോഗങ്ങള്‍ തുടങ്ങി. അയാളെ കണ്ടാല്‍ തന്നെ ഒരു പ്രേതത്തിനെപ്പോലെ ഉണ്ട്, ഞങ്ങള്‍ പരസ്പരം പറഞ്ഞു. പിന്നെ എല്ലാര്‍ക്കും ഓരൊ ചരടും കെട്ടിത്തന്നു. റോബിനോടു പ്രത്യേകം ഒന്നു സൂക്ഷിച്ചോളാനും രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കരുതെന്നും പറഞ്ഞു.
അങ്ങനെ ആഷ്‌ലിയുടെ കൂട്ടുകാരനായി, ഞങ്ങളുടെ എല്ലാം മുന്‍പില്‍ വിലസി നടന്ന റോബിന്‍ വല്ലാതെ അങ്ങു ഒതുങ്ങിപ്പോയി. പിന്നീട് യക്ഷിയുടെ ശല്യം ഉണ്ടായില്ല. ഗുളികനമ്മാവനോടു ഞങ്ങള്‍ക്കെല്ലാം വലിയ ബഹുമാനമായി, പ്രത്യേകിച്ച് റോബിന്.
രണ്ടു ദിവസത്തിനു ശേഷം അനൂപും ജിബിനും ഞങ്ങളെമാറ്റി നിര്‍ത്തി ഒരു കാര്യം പറഞ്ഞു.

"എടാ കൊല്ലരുത്, യക്ഷി ഞങ്ങളായിരുന്നു. അമ്പലത്തില്‍ ഉല്‍സവതിനു മേടിച്ച ചിലങ്ക വച്ചു ചെയ്ത പരിപാടൊയാണ്‌, റോബിന്‍റെ അഹങ്കാരം മാറ്റാന്‍.."

ഞങ്ങള്‍ കുറച്ചു നേരം അനങ്ങാതെ നിന്നു. അവന്മാര്‍ ഓടാന്‍ തയ്യറെടുക്കുന്നത് കണ്ടപ്പോള്‍ പിന്നെ ചിരിയായി. റോബിനോട് പിന്നെയും കുറച്ചു കാലങ്ങള്‍ കഴിഞ്ഞാണ്‌ കാര്യം പറഞ്ഞത്. അവന്‍ അന്നുപിനെയും ജിബിനെയും തല്ലാനായിക്കുറെ ഓടിച്ചു. ഏതായാലും പിന്നെ ആഷുലിയുടെ പേരു പറഞ്ഞ് പിന്നീടൊരിക്കലും റോബിന്‍ 'ജാഡ' കാണിച്ചില്ല. നാട്ടുകാരുടെ തല്ലു പേടിച്ചു ചേട്ടനോടും ചേച്ചിയോടും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അവരെ ഇതിനു മുന്‍പ് ശല്യം ചെയ്ത യക്ഷി ആരെന്നും പിടികിട്ടിയില്ല, ഏതായലും ഞങ്ങളുടെ അന്‍പതു രൂപ പോയെങ്കിലും റോബിന്‍റെ ജാഡ കുറയക്കാന്‍ വേണ്ടിയാണെന്നു കരുതി ഞങ്ങള്‍ ആസ്വസിച്ചു. ചേച്ചിയും ചേട്ടനും പിന്നെയും കുറെ നാള്‍ ഗുളികനമ്മാവനെ പ്രശംസിച്ചു നടന്നു.

Thursday, May 10, 2007

സാറ്റ് കളി....

വേനലവധിക്കായി സ്കൂള്‍ അടച്ചു. പരീക്ഷ കഴിഞ്ഞു വീട്ടിലെക്കു ഞാന്‍ ഓടുകയായിരുന്നു. സ്റ്റഡി ലീവു പോലെയല്ല, അവധിക്കാലത്തെ ഒരു സമയം പോലും വെറുതെ കളയാനില്ല. അന്നത്തെ പരീക്ഷ അല്പം വിഷമമായിരുന്നെങ്കിലും അധിന്‍റെ വിഷമം അല്പം പോലും എന്‍റെ മനസ്സില്‍ വന്നില്ല, അവധിക്കാലം തുടങ്ങുകയാണല്ലോ.

വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടിക്കറിയപ്പോള്‍ പതിവു ചോദ്യവുമായി കുഞ്ഞമ്മ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞമ്മ ഞങ്ങളുടെ അയല്‍ക്കാരിയാണ്‌. കുഞ്ഞമ്മക്ക് എന്‍ടെ അമ്മുമ്മയുടെയത്ര പ്രായമുണ്ട്. വിരലില്‍ എണ്ണാന്‍ പാകത്തിന്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞമ്മ ഇപ്പോള്‍ ആ വലിയ വീട്ടില്‍ ഒറ്റക്കാണ്‌. ഭര്‍ത്താവു മരിച്ചെങ്കിലും കുഞ്ഞമ്മ പെണ്‍മക്കളെയെല്ലാം അന്തസ്സയിത്തന്നെ കെട്ടിച്ചയച്ചു. അവരെല്ലാം ഇപ്പോള്‍ കേരളത്തിന്‍റെ നാനാഭാഗത്ത് കുഞ്ഞു കുട്ടി പരാധീനങ്ങളുമായി കഴിയുന്നു. ആകെയുള്ള മകന്‍ ആണെങ്കില്‍ അങ്ങു ദൂരെ ഗള്‍ഫില്‍ ജോലി നൊക്കുന്നു. മക്കളൊന്നുമടുത്തില്ലാത്ത കുഞ്ഞമ്മക്ക് അടുത്ത വീട്ടിലെ ഞങ്ങളെ - എന്നെയുമ്, അനിയത്തിയെയും, അനിയനെയും - വലിയ ഇഷ്ടമാണ്‌. ആ ഇഷ്ടം പലഹാരങ്ങളുടെ രൂപത്തിലാണ്‌ ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. അതുകൊണ്ടൊക്കെ തന്നെയും കുഞ്ഞമ്മയെ ഞങ്ങള്‍ക്കും വലിയ ഇഷ്ടമായിരുന്നു.

" പരീക്ഷ എളുപ്പമായിരുന്നോ, അനു ? " , കുഞ്ഞമ്മ ചോദിച്ചു.

"എളുപ്പമായിരുന്നു കുഞ്ഞമ്മേ ".

"സ്കൂള്‍ അടച്ചോ ?"

"അടച്ചു" , ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അപ്പോള്‍ ഇനി കളിച്ചു നടക്കാം അല്ലേ ?" ,

ഞാന്‍ കുഞ്ഞമ്മക്കു ഒരു റ്റാറ്റ കൊടുത്തുകൊണ്ട് വീട്ടിലേക്ക് ഓടി.

" സുക്ഷിച്ചു പോടാ", കുഞ്ഞമ്മ വിളിച്ചു പറഞ്ഞു.

വീട്ടില്‍ ചെന്ന പാടെ പുസ്തകം മേശയിലേക്ക് വലിച്ചെറിഞ്ഞു. മുകളിലിരുന്ന ബുക്കിലൊന്ന് താഴേക്ക് വീണു.

"നാശം" ,

ബഹളം കേട്ട് അമ്മ മുറിയിലേക്ക് വന്നു.

" ആ, എത്തിയോ, പരീക്ഷ എളുപ്പമായിരുന്നോടാ ?" അമ്മ ചോദിച്ചു.

" കുഴപ്പമില്ലായിരുന്നു", ഞാന്‍ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു.

സത്യത്തില്‍ പരീക്ഷ വിഷമം ആയിരുന്നു.

"എല്ലാം ആ കുട്ടപ്പായി കാരണമാണ്‌, ദുഷ്ടന്‍. അവന്‍ ഇന്നു കളിക്കാന്‍ ഇങ്ങു വരട്ടെ, കാണിച്ചു കൊടുക്കാം", ഞാന്‍ അമ്മ കേള്‍ക്കാതെ പതിയെ പറഞ്ഞു.

" അനു, കൈ കഴുകി വാ, ചോറു തരാം", അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

ആ ചുറ്റുവട്ടത്ത് പിള്ളേരു സെറ്റില്‍ ഞാനാണ്‌ മൂത്തത്. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഇനി പത്തിലേക്ക്. എന്‍റെ അനിയത്തി അഞ്ജിലും അനിയന്‍ മൂന്നിലും.
പിന്നെയുള്ളത് കുട്ടപ്പായി - മൂന്നാം ക്ലാസ്സ്, മല്ലന്‍ - രണ്ടാം ക്ലാസ്, മില്‍ഡ- മൂന്നാം ക്ലാസ്, ബെല്‍സണ്‍ - രണ്ടാം ക്ലാസ്, അരുണ്‍ പി വി - മൂന്നാം ക്ലാസ് , അഞ്ജു - ആറാം ക്ലാസ്. ബാക്കി ഈ പറഞ്ഞവര്‍ക്കെല്ലാം പരീക്ഷ രണ്ടു ദിവസം മുന്‍പേ തീര്‍ന്നിരുന്നു. ഇന്നലെ ഞാന്‍ ഇവിടെ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കുട്ടപ്പായി അവിടെ വന്ന് ബെല്‍സനെയും അനിയനെയും കുട്ടി കുട്ടിയും കോലും കളിച്ചതു ഞാന്‍ ജനാല വഴി നോക്കിയിരുന്നത് കൊണ്‌ടല്ലേ ഒന്നും പഠിക്കാന്‍ പറ്റാതിരുന്നത്.

" ഇന്നവന്‍ വരുമ്പോള്‍ കളിക്കാന്‍ കൂട്ടരുത്", ഉറക്കെ പറഞ്ഞു മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഞാന്‍ കഴിക്കാന്‍ പോയി.

"അമ്മേ, മോളും, അജിയും എവിടെ?"

"അവര്‍ അപ്പുറത്ത് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു"

ഞാന്‍ ധൃതിയില്‍ ചോറുണ്ണാന്‍ തുടങ്ങി.

"സാവധാനം കഴിക്കെടാ, അല്ലെങ്കില്‍ കളിക്കാന്‍ ഞാന്‍ വിടില്ല", അമ്മ പറഞ്ഞു.

ഞാന്‍ അമ്മയെ അല്പം ദേഷ്യത്തോടെ നോക്കി.

" നോക്കുകയൊന്നും വേണ്ട, മര്യാദയ്ക്ക് ഇരുന്നു ചോറുണ്ണ്" , അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. ആ തക്കം നോക്കി ചോറു വാരു വലിച്ചുണ്ടിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി. എനിക്കേറ്റവും ഇഷ്ടമുള്ള പയറു തോരനും മാങ്ങാച്ചമ്മന്തിയും ഉണ്ടായിരുന്നിട്ടു പോലും അന്നു കുറച്ചെ ചോറുണ്ടുള്ളു.
എന്നെ കണ്ടതും എല്ലാവരും " ചേട്ടായി വന്നേ, ചേട്ടയി വന്നേ " എന്നു വിളിച്ചു പറഞ്ഞു.തെല്ലൊരു ജാഡയോടെ ഞാന്‍ ചോദിച്ചു " എല്ലാവരും വന്നോ?"

"അഞ്ജും കുട്ടപ്പയിയും വന്നില്ല." മോളു പറഞ്ഞു.

" ഇന്നെന്താ കളിക്കേണ്ടെ ചേട്ടായി? " അരുണ്‍ പി വി ക്കു സംശയമായി.

സാറ്റ് കളി, കുട്ടിയും കോലും, തലപ്പന്തു കളി, കട കളി ഇവയൊക്കെയാണ്‌ ഞങ്ങളുടെ പ്രധാന കളികള്‍. ഇതില്‍ കട കളി മറ്റൊരിടത്തും ഇല്ലായിരുന്നു. കാരണം അതു ഞങ്ങള്‍ തല പുണ്ണാക്കി ഇരുന്ന് ഗവേഷണം നടത്തിയ കളിയാണ്. കട എന്നാല്‍ പലചരക്കു കട. അരിയും സാമാനങ്ങളും എല്ലാം കല്ലും മണലു്‌ ഒക്കെ. കാശു കമ്മ്യൂണസ്റ്റ് പച്ചയുടെ ഇല. ഒരു കോലിന്‍റെ രണ്ടറ്റത്തും ചിരട്ടകള്‍ കെട്ടിത്തൂക്കി ത്രാസ്സും ഉണ്ടാക്കും. കടക്കാരന്‍ എപ്പോഴും ഞാന്‍ തന്നെയായിരിക്കും.

ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു, " നമ്മുക്ക് ഇന്ന് കുട്ടിയും കോലും കളിക്കാം ".

ഇന്നലെ കളിക്കാന്‍ പറ്റത്തതിന്‍റെ കൊതി കിടക്കുന്നുണ്ടെ. അപ്പോളേക്കും അഞ്ജുവും ഓടി എത്തി.

"ഞാനും അജിയും ബെല്‍സണും മല്ലനും ഒരു ടീം, അഞ്ജുവും മോളും അരുണ്‍ പി വിയും കുട്ടനും മില്‍ഡയും അടുത്ത ടീം" , ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ കളി തുടങ്ങി. അപ്പോള്‍ കുട്ടപ്പായി ദൂരെ നിന്നും ഓടി വന്നു.

"ഞാനും ഉണ്ട്, ഞാനും ഉണ്ട്", അവന്‍ പറഞ്ഞു.

"കളി തുടങ്ങി, ഇനി പറ്റില്ല", ഞാന്‍ പറഞ്ഞു. എന്‍റെ മനസ്സില്‍ ഇന്നലത്തെ ദേഷ്യമാണല്ലൊ.

"ചേട്ടായി, പ്ലീസ്",അവന്‍ കെഞ്ജി.

" നീ അങ്ങോട്ടു മാറി നില്‍ക്ക്, അടുത്ത കളിക്ക് കൂട്ടാം." , ഞാന്‍ പറഞ്ഞു.ഞാന്‍ പറഞ്ഞാല്‍ പിന്നെ അവിടെ ഒരു മറുചോദ്യമില്ല. ശരിക്കും ഏകാദിപത്യം തന്നെ.

ഞങ്ങള്‍ മൂന്നു തവണ കളിച്ചു. ഒരു തവണ ഞങ്ങള്‍ തോറ്റു. കുട്ടപ്പായി വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു പാവം തോന്നി. എന്‍റെ മനസ്സിലെ പ്രതികാരം അലിഞ്ഞു പോയി.

"ഇനി നമ്മുക്ക് സാറ്റ് കളിക്കാം, കുട്ടപ്പായി നീയും വാടാ", അവന്‍ സന്തോഷത്തോടെ ഓടി വന്നു.

സാറ്റ് കളി എന്നു പറഞ്ഞാല്‍ ഒരാള്‍ അമ്പതോ നൂറോ വരെ സാറ്റ് മരത്തില്‍ ചേര്‍ന്ന് നിന്ന് കണ്ണു പൊത്തിക്കൊണ്ട് എണ്ണും. ബാക്കി എല്ലാവരും ഓടിയൊളിക്കും. എണ്ണിക്കഴിഞ്ഞാല്‍ ഒരോരുത്തരെ കണ്ടു പിടിച്ചു സാറ്റ് മരത്തില്‍ പോയിത്തൊട്ട് സാറ്റ് വയ്ക്കണം. ഇതിനിടയില്‍ ഒളിച്ചിരുന്ന ആരെങ്കിലും സാറ്റ് മരത്തില്‍ പോയി തൊട്ട് സാറ്റ് പറഞ്ഞാല്‍ എണ്ണീയ ആള്‍ വീണ്ടും 25 വരെ എണ്ണണം. രണ്ടുപേര്‍ സാറ്റടിച്ചാല്‍ അമ്പതു വരെ.
അങ്ങനെ ആദ്യം എണ്ണേണ്ട ആളെ കണ്ടു പിടിക്കാന്‍ വേണ്ടി ഞങ്ങളെല്ലാവരും വട്ടത്തുല്‍ നിന്നു.

"അക്ക ഇക്ക വെക്കം പൊയ്ക്കോ അത്തിപ്പഴം തിന്നാന്‍ പൊയ്ക്കൊ തത്ത മൈന പ്രാവ്",

ഞാന്‍ ഇങ്ങനെ എണ്ണി. പ്രാവ് എന്ന് വന്നുനിന്നത് കുട്ടപ്പയുടെ നേര്‍ക്ക്. അവന്‍ രക്ഷപെട്ടു.
ഞാന്‍ വീണ്ടും എണ്ണിത്തുടങ്ങി..

"അക്ക ഇക്ക വെക്കം പൊയ്ക്കോ അത്തിപ്പഴം തിന്നാന്‍ പൊയ്ക്കൊ തത്ത മൈന പ്രാവ്",
ഇത്തവണ പ്രാവ് വന്ന് നിന്നതു അഞ്ജുവിന്‍റെ നേര്‍ക്ക്. അവളും രക്ഷപെട്ടു.
അങ്ങനെ അവസാനം മില്‍ഡ എണ്ണേണ്ടി വന്നു.

ആദ്യത്തെ റൌണ്ട് കഴിഞ്ഞ് മില്‍ഡയ്ക്ക് വീണ്ടും എണ്ണേണ്ടി വന്നു. അമ്പതുവരെ. ഞാനും അരുണ്‍ പിവിയും അവള്‍ക്കു മുന്നേ സാറ്റ് പിടിച്ചു. മില്‍ഡ വീണ്ടും എണ്ണിത്തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഒളിച്ചു.

"എണ്ണിക്കഴിഞ്ഞേ, ഒളിച്ചാലും ഒളിച്ചില്ലെങ്കിലും. സാറ്റ് മരത്തിന്‍റെ ചോട്ടില്‍ ഒളിക്കാന്‍ പാടില്ല", മില്‍ഡ എണ്ണിക്കഴിഞ്ഞു വിളിച്ചു പറഞ്ഞു.

എന്നെയും മോളുവിനെയും മല്ലനെയും കണ്ടുപിടിക്കുന്നതിന്‍ മുന്‍പേ അമ്മ വിളിച്ചു.

"അനു, അച്ഛനു ചായ കൊടുത്തിട്ട് വാ, നിങ്ങളും ചായ കുടിച്ചോ".

ഞാന്‍ പുറത്തക്ക് വന്നു വിളിച്ചു പറഞ്ഞു, " ഇന്നത്തെ കളി കഴിഞ്ഞു, നാളെ മാഞ്ചോട്ടില്‍ കാണാം"

എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. അച്ഛനു ഠൌണില്‍ ഒരു കടയുണ്ട്. ഞാന്‍ വേഗം ചായ കുടിച്ചു ചായയുമായി കടയിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ അമ്മയും അജിയും കുഞ്ഞമ്മയും വീടിന്‍റെ മുറ്റത്തു നില്‍ക്കുന്നു. അമ്മയുടെ കൈയില്‍ ഒരു വടിയും ഉണ്ട്. അജി കരയുന്നതും ഇല്ല.

"ദൈവമെ, അടി എനിക്കിട്ടാണോ..പക്ഷെ കുരുത്തക്കേടൊന്നും കാണിച്ചില്ലല്ലോ",

പേടിച്ചു പേടിച്ചു ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

"ചേട്ടായി, മോളെ കാണുന്നില്ല", അജി പറഞ്ഞു. ഞാന്‍ ഒരു ദീര്‍ഘനിശ്വസം വിട്ടു.

"അവളെവിടെപ്പോയി?" ഞാന്‍ ചോദിച്ചു.

"രണ്ടാമത് ഒളിക്കാന്‍ പോയിട്ട് അവള്‍ വന്നില്ല" അജി പറഞ്ഞു. അമ്മ ദേഷ്യപ്പെട്ട നിക്കുകയാണ്. "

ഇന്നവളിങ്ങു വരട്ടെ, ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ കാണും . അനു നീ പോയി അവളെ വിളിച്ചോണ്ട് വാ".

ഞാന്‍ അഞ്ജുവിന്‍റെ വീട്ടിലേക്ക് ഓടി.

"അവള്‍ അവിടെക്കാണും, പാവത്തിനു ഇന്നു നന്നായിക്കിട്ടും" , ഞാനോര്‍ത്തു.

അഞ്ജുവിന്‍റെ വീട്ടില്‍ അവളില്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ മില്‍ഡയുടെ വീട്ടിലേക്ക് ഓടി. അവിടെയും അവള്‍ ഇല്ലായിരുന്നു. എനിക്കു പേടിയായി.

"ഇവളിതെവിടെപ്പോയി".

ഞാന്‍ വീട്ടില്‍ ചെന്നു അമ്മയോട് അവളെ കണ്ടില്ല എന്നു പറഞ്ഞു.
അതുവരെ ദേഷ്യപ്പെട്ടിരുന്ന അമ്മ പെട്ടെന്ന് എഴുന്നേറ്റു.

അമ്മ അവളെ വിളിച്ചു നോക്കി. മറുപടിയൊന്നും വന്നില്ല. പിന്നെ ഞങ്ങള്‍ മൂന്നു പേരും കുഞ്ഞമ്മയുടെ വീട്ടിലേക്ക് പൊയി നോക്കി. അവിടെയും ഇല്ല. കുഞമ്മയേയും കുട്ടി ഞങ്ങള്‍ നീഴുക്കുന്നേലും ആനിത്തോട്ടത്തിലും കോലത്തും ഇല്ലിക്കലും അങ്ങനെ അടുത്തുള്ള എല്ലാ വീടുകളിലും പോയി നോക്കി. സന്ധ്യ ആയിത്തുടങ്ങി. അമ്മ പതുക്കെ കരയാന്‍ തുടങ്ങി. അപ്പോഴേക്കും ലൂക്കാച്ചന്‍ ചേട്ടനും ജോയിച്ചേട്ടനും പാപ്പച്ചന്‍ ചേട്ടനും മേരി ചേച്ചിയും കോലത്തെ സിബിയും പാപ്പനും എല്ലാവരും വീട്ടിലെത്തി.
അമ്മ കരയാന്‍ തുടങ്ങി. അതു കണ്ട് അജിയും കരയാന്‍ തുടങ്ങി. കുഞ്ഞമ്മ അമ്മയെ ആശ്വസിപ്പിച്ചു.

"അമ്മിണി, കരയാതെ.. അവളിവിടെക്കണും . അനു നീ പോയി അച്ഛനോട് വേഗം ഇങ്ങോട്ട് വരാന്‍ പറ"

ഞാന്‍ കടയിലേക്ക് ഓടി. കാര്യം അറിഞ്ഞ ഉടനെ അച്ഛന്‍ കടയടച്ച് എന്‍റെ കൂടെ വന്നു.
തിരിച്ചു വന്നപ്പോഴെക്കും വീട്ടില്‍ നിറയെ ആളായിരുന്നു. അമ്മയുടെ കരച്ചില്‍ കേള്‍ക്കാം. ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ കട്ടിലില്‍ കിടന്നു കരയുകയാണ്‌.

സാറ്റ് കളിക്കുമ്പോള്‍ ഞങ്ങള്‍ സാധാരണ ഒളിക്കാറുള്ള സ്ഥലങ്ങളിലെല്ലാം ഞാന്‍ പോയി നോക്കി. തൊഴുത്തിനു പുറകില്‍, വൈക്കോല്‍ തുറുവിനടുത്ത്, മാഞ്ചോട്ടില്‍, കട്ടിലനടിയില്‍, അങ്ങനെ എല്ലായിടത്തും. അപ്പോഴേക്കും എന്നെ സഹായിക്കാന്‍ കുട്ടപ്പയും മല്ലനും എത്തി.
"ചേട്ടയീ, ഇനി താഴെ തോടിന്‍റെ വക്കിലെങ്ങാനും....?" , കുട്ടപ്പായി എന്നോട് ചോദിച്ചു."ഏയ്, അവിടെ ഒളിക്കാന്‍ പാടില്ല എന്നു നിയമം ഉള്ളതല്ലേ..", ഞാന്‍ പറഞ്ഞു.
പണ്ടൊരിക്കല്‍ സാറ്റ് കളിച്ചപ്പോള്‍ തോടിന്‍റെ കരയില്‍ ഒളിച്ച അജി കാലു തെന്നി തോട്ടില്‍ വീണു. കൈ കുത്തിയാണ്‌ അവന്‍ വീണത്. കൈ ഒടിഞ്ഞു അവന്‍ കുറെ നാളിരുന്നു. അന്നു ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തുമാത്രം വഴക്കാണ്‌ കേട്ടത്. തോടിന്‍റെ കരയില്‍ കളിക്കാന്‍ പോകുന്നതിനെ അതോടെ വിലക്കിയിരുന്നു. അങ്ങനെ അവിടെ ഒളിക്കാന്‍ പാടില്ല എന്നൊരു നിയമം ഞങ്ങള്‍ പാസ്സാക്കിയിരുന്നു.
"എന്നാലും ഒന്നു പോയി നോക്കാം, വാടാ"
അവിടെ മുഴുവന്‍ ഞങ്ങള്‍ നോക്കി. മോളവിടെയും ഇല്ല. മുട്ടിനു താഴെ മാത്രമെ വെള്ളം ഉണ്ടായിരുന്നെങ്കിലും മോള്‍ ഒഴുകിപ്പോയൊ എന്ന് ഞങ്ങള്‍ക്ക് ഒരു സംശയം. ഇല്ല മോളെ അവിടെയെങ്ങും കാണാനില്ല. എനിക്കും കരച്ചില്‍ വന്നു തുടങ്ങി. പക്ഷെ ഞാന്‍ പിടിച്ചു നിന്നു, മോശമല്ലെ കുട്ടപ്പായിയുടെ മുന്നില്‍ നിന്നു കരഞ്ഞാല്‍.

അപ്പോഴാണ്‌ മേരി ചേച്ചി കുഞ്ഞമ്മയുടെ കിണറിനടുത്ത് നിന്ന് വിളിച്ചു പറഞ്ഞത്.

" എല്ലാവരും ഓടിവായോ, കിണറ്റില്‍ എന്തോ കിടക്കുന്നേ..."

എല്ലാവരും അങ്ങോട്ടേക്ക് ഓടി. ഞാന്‍ ഓടിച്ചെന്നു കിണറ്റിലേക്ക് നോക്കി. അതെ അവിടെ എന്തൊ ഒന്നു കിടക്കുന്നുണ്ട്. രാത്രി ആയതുകൊണ്ട് കിണറിനുള്ളില്‍ ശരിക്കും കാണാന്‍ പാടില്ല.ജോയി ചേട്ടന്‍ എന്നെ വലിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു,

" മാറിനില്‍ക്കെടാ, അങ്ങൊട്ട്..."

"ഇതെന്തു കഷ്ടമാണ്‌, എന്‍റെ അനിയത്തിയല്ലേ...", ഞാന്‍ കുട്ടപ്പയിയോട് ജോയി ചേട്ടന്‍ കേള്‍ക്കാതെ പറഞ്ഞു.

അമ്മ അങ്ങൊട്ടു മോളെ എന്നു വിളിച്ചുകൊണ്ട് ഓടി വന്നു. കിണറിലേക്ക് വീഴുന്നതിന്‍ മുന്‍പ് അച്ഛന്‍ അമ്മയെ പിടിച്ചു. അമ്മയെ കുഞ്ഞമ്മയുടെ അടുത്ത് നിര്‍ത്തി, അച്ഛന്‍ കിണറിനടുത്തേക്ക് പോയി. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. അജിയും അവിടെ നിന്നു കരയുന്നുണ്ടായിരുന്നു. ലൂക്കച്ചന്‍ ചേട്ടന്‍ ഒരു വലിയ കയര്‍ എടുത്തുകൊണ്ടു വന്നു. അതൊരു മരത്തില്‍ കെട്ടി കോലത്തെ സിബിചേട്ടന്‍ കിണറ്റിലേക്ക് ഇറങ്ങി.

" ഈ കിണറിന്‍റെ വക്ക് ഇതു വരെ കെട്ടിയില്ലേ, കുഞ്ഞമ്മേ..?", മേരി ചേച്ചി ചോദിച്ചു.

കഴിഞ്ഞമാസം ഞങ്ങളുടെ മണിക്കുട്ടിയാടിന്‍റെ കുഞ്ഞാട് മാളു ഈ കിണറ്റില്‍ വീണു മരിച്ചതാണ്‌. അന്നു എല്ലാരും കുഞ്ഞമ്മയോട് പറഞ്ഞതാണ്‌ കിണറിന്‍റെ മതിലു കെട്ടാന്‍. എനിക്കു കുഞ്ഞമ്മയൊട് അല്പം ദേഷ്യം തോന്നി. മാളുവിനെ വിളിച്ച് അന്നു മോളു ഒത്തിരി കരഞ്ഞു. കുഞ്ഞമ്മ അന്നു മോളുവിന്‌ കുറെ പലഹാരം കൊടുത്തു. അങ്ങനെയാണ്‌ അവള്‍ കരച്ചില്‍ നിര്‍ത്തിയത്.

കിണറ്റില്‍ നിന്നും സിബി ചേട്ടന്‍ വിളിച്ചു പറഞ്ഞു. " ഇതൊരു തുണിയാ..."

ഞാന്‍ അമ്മയോട് പറഞ്ഞു.."അമ്മേ, അതു ഒരു തുണിയാ.."

അമ്മ വീണ്ടും മോളെ വിളിച്ചു കരഞ്ഞു.

"കാവിലമ്മെ, എന്‍റെ മോളെ തിരിച്ചു തരണെ.. ഞാന്‍ ഒരു വിളക്കു വച്ചോളാമെ.."

ഞാനും ഒരു നേര്‍ച്ച നേര്‍ന്നു. " കാവിലമ്മെ, ചന്ദനത്തിരി കത്തിക്കാമെ, മോളെ കാണിച്ചു തരണെ."

വീണ്ടും എല്ലാവരും പലവഴിക്ക് അന്വേഷണം തുടങ്ങി.

ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അടുത്തു നിന്ന മേരി ചേച്ചി അപ്പോള്‍ പറഞ്ഞു

" ഇനി പിള്ളേരെ പിടുത്തക്കരു വല്ലതും...............? ".

അമ്മ അപ്പോള്‍ പേടിച്ചു കരയാന്‍ തുടങ്ങി. എനിക്ക് ദേഷ്യം വന്നു. മേരി ചേചിക്കിട്ട് ഒരു ചവിട്ടു വച്ചു കൊടുക്കാന്‍ തോന്നി.

പാപ്പച്ചന്‍ ചേട്ടന്‍ അച്ചനോട് പറഞ്ഞു "നമ്മുക്ക് പോലീസിലറിയിച്ചാലൊ?"

അച്ചനും വിഷമിച്ചു. എനിക്കും നല്ല കരച്ചില്‍ വന്നു.മോളുവിനെ - എന്‍റെ അനിയത്തിയെക്കാണാനില്ല. ഞാന്‍ മോളു ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കി. എനിക്കു നല്ല വിഷമം വന്നു. എത്ര തവണയാ മോളു അവളുടെ പലഹാരം എനിക്കു തന്നിട്ടുള്ളത്. അക്കാലത്ത് പിള്ളേരെ തട്ടിക്കൊണ്ടുപൊകല്‍ കൂടുതലയിരുന്നു. ഇന്നാളു തുരുത്തിലെ കുഞ്ഞോളെ തട്ടിക്കൊണ്ടു പോയിട്ട് മൂന്നമത്തെ ദിവസമാണ്‌ കിട്ടിയതു. ആ അമ്മ എന്തൊരു കരച്ചില്‍ ആയിരുന്നു. കുഞ്ഞൊള്‌ ഒളിച്ചോടിയതാണെന്ന് കുട്ടപ്പായി പറഞ്ഞത്. പിള്ളേരെ പിടുത്തക്കാര്‍ തട്ടിക്കൊണ്ടുപോയാല്‍ കണ്ണു കുത്തിപൊട്ടിക്കും, എന്നിട്ട് പിച്ചയെടുക്കാന്‍ വിടും. എനിക്കു ആകെ പേടിയായി. മോളിപ്പോള്‍ പേടിച്ചു കരയുവായിരിക്കും. എനിക്ക് വല്ലാതെ കരച്ചില്‍ വന്നു, മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ കരയാറില്ലായിരുന്നു. ഞാന്‍ പതുക്കെ എന്‍റെ മുറിയിലേക്കു നടന്നു. ശരീരത്തിനു വല്ലാത്ത വേദന. ഞാന്‍ കട്ടിലിനടിയില്‍ നോക്കി, ഇല്ല മോളില്ല.

പായ നിവര്‍ത്താതെ ഞാന്‍ കട്ടിലിലേക്ക് കിടന്നു. തലയിണയും പായും കട്ടിലിന്‍റെ ഒരറ്റത്തു ചുരുട്ടി വച്ചിട്ടുണ്ട്. മോള്‍ക്കൊന്നും വരല്ലെ എന്ന് പ്രാര്‍ത്ഥിച്ചു ചുരുട്ടിയ പായില്‍ തലവച്ചു കിടന്നു. അമ്മേ തലയിടിച്ചു. ഈ തലയിണ എന്താ കല്ലായൊ, ഞാന്‍ ഓര്‍ത്തു. ഞാന്‍ പായയില്‍ പിടിച്ചു നോക്കി. എന്തോ തടയുന്നു. ഞാന്‍ പായ നിവര്‍ത്തി നോക്കി. മോളതാ സുഖമായിക്കിടന്നുറങ്ങുന്നു. സാറ്റ് കളിച്ചപ്പോള്‍ കയറി ഒളിച്ചതാണ്‌. എനിക്ക് കരയണൊ അതൊ ചിരിക്കണൊ എന്ന് മനസ്സിലായില്ല. ഒരു നിമിഷം ഞാനങ്ങനെ നിന്നു. പിന്നെ ഉറക്കെ പറഞ്ഞു..

"അമ്മേ... ഓടിവാ, ദേ ഇവിടെ മോളുണ്ട്..."

അമ്മയും എല്ലാവരും അങ്ങൊട്ട് ഓടി വന്നു. അമ്മ മോള്‍ക്കിട്ട് രണ്ടു നല്ല അടി കൊടുത്തു. മോള്‍ ചാടി എഴുന്നേറ്റു. അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു,. അപ്പോള്‍ മോളും കരഞ്ഞു. അടിയുടെ വേദന കൊണ്ടാണൊ അതൊ അമ്മ കരയുന്നതു കണ്ടിട്ടാണൊ മോളു കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
നാട്ടുകാരെല്ലാം ചിരിച്ചു കൊണ്ട് അവരവരുടെ വീട്ടിലേക്ക് പോയി. ഏതായാലും ആ വേനലവധിക്ക് പിന്നീട് ഒരിക്കലും ഞങ്ങള്‍ സാറ്റ് കളിച്ചില്ല.

Monday, May 7, 2007

വരുന്നോ..അംഗോളയിലേക്ക്..?

നിങ്ങളറിഞ്ഞോ..? നമ്മളും ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്...നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍... യുദ്ധം ചെയ്തല്ല, സാന്നിദ്ധ്യം കൊണ്ടാണ് ഈ നേട്ടം നമ്മള്‍ കൈവരിച്ചിരിക്കുന്നത്. ഇത് ഇത്രയ്ക്കൊക്കെ ആയി എന്ന് ഈ അടുത്ത കാലത്താണ്‌ ഞാനും അറിയുന്നത്...നിങ്ങള്‍ കേട്ടിട്ടുണ്ടോ അംഗോളയെക്കുറിച്ച്..? ഇത് ആഫ്രിക്കന്‍ ഭൂഖണ്ടത്തിലെ ഒരു രാജ്യമാണ്.. നിങ്ങളെപ്പോലെ ഞാനും അംഗോളയെക്കുറിച്ചു കേള്‍ക്കുന്നത് കുറച്ചു നാള്‍ മുന്‍പാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഞാന്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ കമ്പനി എനിക്കൊരു ജോലിയും തന്ന് അംഗോളയിലേക്ക് വിടാന്‍ തീരുമാനിച്ചപ്പോള്‍... എവിടെയാണെന്നു മനസ്സിലായത് കുറച്ചുകൂടി കഴിഞ്ഞിട്ടാണു കേട്ടോ.... ഞാന്‍ ഭൂപടത്തില്‍ നോക്കി അതു കണ്ടുപിടിച്ചതിനു ശേഷം.കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്ത് അംഗോളയെ ഞാന്‍ കണ്ടെത്തി...

ഞങ്ങള്‍ - സോഫ്റ്റ്വെയര്‍ എഞ്ജിനീയേഴ്സ് - പുറം രാജ്യങ്ങളില്‍ ജോലിക്ക് കമ്പനി നിയോഗിക്കുന്നതിനെ ' ഓണ്‍സൈറ്റ് അസൈന്‍മെന്‍റ്റ് ' എന്നാണ്‌ പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും ഈ 'സംഭവം' കിട്ടാറില്ല. അതു കൊണ്‌ട് തന്നെ അത്തരം ഒന്ന് കിട്ടിയതില്‍ എനിക്കും സന്തോഷമായി. കാരണം, എവിടെയാണെങ്കിലും ജോലി ചെയ്യണം. അപ്പോള്‍ പിന്നെ ചുളുവില്‍ - കമ്പനി ചെലവില്‍ - പുറം ലോകം ഒക്കെ ഒന്ന് ചുറ്റിയടിക്കാം, പുതിയ ആള്‍ക്കാരെ കാണാം, പരിചയപ്പെടാം അല്പം കുടുതല്‍ ശമ്പളവും കിട്ടും , പിന്നെ വിമാനയാത്രയും തരപ്പെടും - ഒരു സ്വപ്നവും കുടി സാക്ഷത്കരിക്കപ്പെടും. അങ്ങനെ ഞാനും 'ഷോപ്പിംഗും' മറ്റും നടത്തി തയ്യറായിരുന്നു - അംഗോള കാണാന്‍.

അങ്ങനെ, ആ ദിവസമെത്തി - ഞാന്‍ അംഗോളക്ക് പോകുന്ന ദിവസം.രാവിലത്തോടെ 'പായ്ക്കിംഗ്' ഒക്കെ ഒരു വിധം കഴിഞ്ഞു. രാവിലെ തന്നെ വീട്ടുകാര്‍ - അഛനും അമ്മയും പെങ്ങളും അനിയനും - വന്നു. അവര്‍ ആദ്യമായി വിദേശയാത്ര നടത്തുന്ന എനിക്ക് യാത്ര പറയാന്‍ വന്നതാണ്. പിന്നെ എനിക്ക് കുറച്ചു ചമ്മന്തിപ്പൊടി, അച്ചാര്‍, വാഴക്കായ് വറുത്തത് എന്നിവയും കൊണ്ടു വന്നിട്ടുണ്ട്. " അവിടെ ചെന്നാല്‍ എന്തൊക്കെയാണ്‌ കഴിക്കാന്‍ ഉണ്ടാവുക എന്നൊന്നും അറിയില്ലല്ലൊ, അതുകൊണ്ട് ഇതെല്ലാം കൊണ്ട് പൊയ്ക്കൊ", അമ്മ ഇങ്ങനെ പറഞ്ഞപ്പൊള്‍ നിരസിക്കാന്‍ തോന്നിയില്ല. എന്‍റെ യാത്രയുടെ 'റൂട്ട്' അല്പം രസമുള്ളതണ്‌. തിരുവനന്തപുരത്ത് നിന്ന് നേരെ മുംബൈക്ക്. അവിടെ നിന്നും എത്യോപ്യ വഴി അംഗോളയുടെ തലസ്താനമായ ലുവാണ്ടയ്ക്ക്. എത്യോപ്യ വഴി എന്നു പറയാന്‍ കാരണമുണ്ട്. അവിടെ ചെന്ന് വേറെ വിമാനത്തില്‍ കയറണം. ഇതിന്‌ 'ട്രാന്‍സിറ്റ്' എന്നാണ്‌ പറയുന്നത്. ലുവാണ്ടയില്‍ നിന്നും ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന കമ്പനിയുടെ വക വിമാനത്തില്‍ കബിന്ദ എന്ന സ്ഥലത്തേക്ക്. അവിടെ നിന്നും ഒരു ഹെലികോപ്റ്ററില്‍ മെലൊംഗ എന്ന സ്ഥലത്തേക്ക്, അവിടെയാണ്‌ എന്‍റെ ഓഫീസ്‌. അങ്ങനെ ഞങ്ങള്‍ - ഞാനും എന്‍റെ വീട്ടുകാരും എന്‍റെ ഒരു സുഹ്രുത്തും കൂടി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.

1.40pm- ആണ്‌ വിമാനം പുറപ്പെടുന്നത്‌. ഞങ്ങള്‍ അവിടെ 11.30am ആയപ്പോളെ എത്തി. അംഗോളയ്ക്ക് എന്‍റെയൊപ്പം കമ്പനിയില്‍ നിന്നും വേറെ ഒരാള്‍ കുടിയുണ്ട്. അതറിഞ്ഞപ്പോള്‍ മാത്രമാണ്‌ അഛനും അമ്മയ്ക്കും ആശ്വാസമായത്‌. എന്നെ തനിയെ വിടാന്‍ അവര്‍ക്ക് ശരിക്കും പേടിയായിരുന്നു. കെട്ടിക്കാന്‍ പ്രായമായാലും നമ്മള്‍ അവരുടെ മുന്നില്‍ എപ്പോളും കുട്ടികള്‍ ആയിരിക്കുമല്ലോ. വിമാനത്തിനു സമയമായി. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഉമ്മയും തന്നു. അപ്പോള്‍ എനിക്കും എന്തോ ഒരു വിഷമം വന്നു. കാര്യം വലിയ 'ജാഡ' ഒക്കെ കാണിക്കുമെങ്കിലും വീടും നാടും ഒക്കെ പിരിഞ്ഞിരിക്കുന്നത് എനിക്കും ബുദ്ധിമുട്ടാണ്‌.

അങ്ങനെ അവരോടു യാത്ര പറഞ്ഞ്, സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് വിമാനത്തിനുള്ളിലേക്ക് ഞാന്‍ കയറി. വാതില്‍ക്കല്‍ തന്നെ സുന്ദരിയായ ഒരു 'എയര്‍ഹോസ്റ്റസ്' നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സില്‍ അല്പം ഉണ്ടായിരുന്ന വിഷമം പെട്ടന്നങ്ങു മാറി. എനിക്ക് 'വിന്‍ഡോക്ക്' അരികിലുള്ള ഒരു സീറ്റണ്‌ കിട്ടിയത്, എനിക്ക് കൂടുതല്‍ സന്തോഷമായി. എന്‍റെ സുഹൃത്തിന്‌ അല്പം മാറിയാണ്‌ സീറ്റ് കിട്ടിയത്‌. ആദ്യമായി പറക്കാന്‍ പോകുകയാണെന്ന സത്യം എനിക്കൊരു ഉള്‍പ്പുളകം ഉണ്ടാക്കി.

എയര്‍ഹോസ്റ്റസ്മാര്‍ തലങ്ങും വിലങ്ങും ഓടി നടന്ന് നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. വിമാനം പതിയെ അനങ്ങിത്തുടങ്ങി. പിന്നെ വളരെ വേഗത്തിലോടി പറന്നുയര്‍ന്നു. എനിക്ക് ഒരല്പം പേടി തോന്നി. ജനാലയിലൂടെ താഴേക്ക് നോക്കി. ശംഖുമുഖം ബീച്ച് ചെറുതായി ചെറുതായി വന്നു.

8-9 മിനിറ്റുകള്‍ കൊണ്ട് വിമാനം 10km മുകളിലെത്തി. സീറ്റ് ബല്‍റ്റുകള്‍ അഴിക്കാം എന്ന് അനൌണ്‍സ് ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മേഘങ്ങള്‍ക്കും മുകളിലൂടെയാണ്‌ വിമാനം പറക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എനിക്കാകെ കൌതുകം തോന്നി. അത്ര നാള്‍ വരെ മുകളിലേക്ക് നോക്കിയാല്‍ മാത്രം കണ്ടിരുന്ന മേഘങ്ങളെ കാണുവാന്‍ ഇപ്പോള്‍ താഴേക്കു നോക്കണം. സൂര്യ രശ്മികള്‍ തട്ടി തിളങ്ങുന്ന മേഘങ്ങളുടെ ഭംഗി കണ്ട് ഞാന്‍ അങ്ങനെ സുഖിച്ചിരുന്നു. പെട്ടെന്ന് എന്‍റെ തോളില്‍ എന്തോ സ്പര്‍ശിച്ചു. നോക്കിയപ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന ചേട്ടന്‍റെ കൈയിലെ കുഞ്ഞു വാവയാണ്. നല്ല വാവ. വിമാനം ഉയരുന്നതിന്‍ മുന്‍പ് എയര്‍ഹോസ്റ്റസ് തന്ന മിഠായി ഞാന്‍ അവന്‌ കൊടുത്തു. അവനെന്നെ രണ്ട് കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിച്ചു. ഞാനും. അവന്‍റെ അഛനെയും അമ്മയും പരിചയപ്പെട്ടു. അവര്‍ എന്നെയും. പിന്നെ വാവയെ കുറച്ചു കളിപ്പിച്ചു. കുട്ടികളുടെ കൂടെ കളിക്കാന്‍ എന്തു രസമാണല്ലേ. എനിക്ക് അതൊരു ദൌര്‍ബല്യമാണ്‌. നമ്മുടെ എല്ലാ വിഷമങ്ങളും മറക്കാന്‍ പറ്റുന്ന ഒരു സമയം. അവന്‍ പതുക്കെ ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ വീണ്ടും പുറത്തെ മേഘങ്ങളുടെ സൌന്ദര്യം ആസ്വദിക്കാന്‍ തുടങ്ങി. അപ്പോള്‍ എന്നെ ഒരു എയര്‍ഹോസ്റ്റസ് വിളിച്ചു. " സര്‍, വെജ് ഓര്‍ നോണ്‍ വെജ് ? ". ലഞ്ജ് ആണെന്നു മനസ്സിലായി. ഞാന്‍ പറഞ്ഞു ," നോണ്‍ വെജ്, പ്ലീസ് ". അവള്‍ എനിക്കു ഭക്ഷണം വിളമ്പാന്‍ തുടങ്ങി. അപ്പോള്‍ പുറത്തെ മേഘങ്ങളുടെ സൌന്ദര്യമൊ അതൊ അകത്തെ സൌന്ദര്യമോ ആസ്വദിക്കേണ്ടതെന്നു സംശയമായി. വളരെപ്പെട്ടന്നു തന്നെ തീരുമനം എടുത്ത്‌ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധിച്ചു തുടങ്ങി. "നല്ല ഫുഡ്" , ഞാന്‍ മനസ്സില്‍ പറഞ്ഞു.

വാവ അടുത്തിരുന്ന് ബഹളമുണ്ടാക്കുന്നുണ്ട്. എയര്‍ഹോസ്റ്റസ് വന്ന് അവനൊരു ചോക്ലേറ്റ് കൊടുത്ത് കൊഞ്ചിച്ചിട്ട് പോയി. " ഇവള്‍ക്കും എന്നെപ്പോലെ കുട്ടികളെ വലിയ ഇഷ്ടമാണെന്നു തോന്നണു" , ഞാന്‍ വെറുതെ ചിന്തിച്ചു. അവളുടെ 'ഐഡന്‍റിറ്റി കാര്‍ഡില്‍' നോക്കി പേരു വായിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. " ദൈവമേ, അവള്‍ കണ്ടോ ആവോ ? ". സീറ്റ് ബെല്‍റ്റ് ഇടാനുള്ള നിര്‍ദ്ദേശം വന്നു. വിമാനം മുംബൈയില്‍ ഇറങ്ങാന്‍ പോവുകയാണ്‌. 2 മണിക്കൂര്‍ കൊണ്ട് മുംബൈയില്‍ എത്തി. "വീട്ടുകാര്‍ തിരിച്ചെത്തിപ്പോലും കാണില്ല, അതിനും മുന്‍പ് ഞാന്‍ മുംബൈയില്‍ എത്തി. റൈറ്റ് സഹോദരന്മാരുടെ ഒരു കാര്യമെ" , ഞാന്‍ ഓര്‍ത്തു.

മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ വിമാനം പറന്നിറങി. എത്യോപ്യയിലേക്കും തുടര്‍ന്നും ഉള്ള ഫ്ലൈറ്റുകള്‍ നാളെ രാവിലെ ആയതിനാല്‍, കമ്പനി ഞങള്‍ക്ക് അവിടെ ഒരു ഹോട്ടലില്‍ അന്നത്തേക്കു താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. ഹോട്ടലില്‍ നിന്നുമുള്ള ഒരാള്‍ ഞങ്ങളുടെ പേരുകളെഴുതിയ പ്ലക്കാര്ഡും പിടിച്ചു അവിടെ നില്ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ എനിക്കെന്തോ ഒരല്പം അഹങ്കാരം തോന്നി, എന്നെയും കാത്തു ഒരാള്‍ ഇങനെ നില്‍ക്കുന്നതു കൊണ്ടായിരിക്കാം. മുംബൈ നഗരത്തില്‍ ഞാന്‍ ആദ്യമായാണ്‌ വരുന്നത്. ഒരു കാറില്‍ ആണ്‌ ഞങളെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. "എന്തൊരു തിരക്കാണ്‌ വഴിയില്‍ , ഇതാകും 'മെട്രോപൊളിറ്റന്' എന്നു പറഞാല്‍ അല്ലേ?" ഞാന്‍ സുഹൃത്തിനോട് പറഞു. "ഇതു പഴയ മുംബൈ ആണ്‌, നവി മുംബൈ കാണാനാണ്‌ കുടൂതല്‍ ഭംഗി" സുഹൃത്ത് എന്നോട് പറഞു. ഏകദേശം 20 മിനിറ്റ് യാത്ര കഴിഞപ്പോള്‍ ഞങള്‍ ഹോട്ടലില്‍ എത്തി.

റൂമിലെത്തി ഫ്രെഷ് ആയതിനുശേഷം ഞാനും സുഹൃത്തും അല്പം ഒന്നു നടക്കാനായി പുറത്തേക്കിറങ്ങി. അന്നൊരു ഞായറാഴ്ച ആയിരുന്നിട്ടുകൂടി റോഡില്‍ നല്ല തിരക്കായിരുന്നു. എല്ലാവരും തന്നെ വളരെ 'മോഡേണ്‍' ആയി ഡ്രസ്സ് ചെയ്തവരാണ്‌. കെട്ടിടങ്ങള്‍ എല്ലാം തന്നെ 10-20 ഉം നിലകള്‍ ഉള്ളവയാണ്‌. വാഹനങ്ങള്‍ നല്ല സ്പീഡില്‍ തന്നെയാണ്,ആളുകള്‍ അതിലേറെ സ്പീഡിലും. പുലര്‍ച്ചെ പോകേണ്ടതുള്ളതുകൊണ്ട് ഞങ്ങള്‍ പെട്ടെന്നു തന്നെ റൂമിലേക്കു മടങ്ങിപ്പോന്നു. എന്‍റെ സുഹൃത്ത് ഇതിനു മുന്‍പ് അംഗോളക്ക് പോയിട്ടുണ്ട്. അത്താഴം കഴിക്കുന്നതിനിടയില്‍ അംഗോളയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, പിന്നെ അവിടെ ഞങ്ങള്‍ വര്‍ക്ക് ചെയ്യാന്‍ പൊകുന്ന കമ്പനിയെക്കുറിച്ചും, ഞങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ചും.

മുംബൈയില്‍ സുഖമായ എത്തിയ വിവരം അറിയിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. അമ്മയാണ്‌ ഫോണ്‍ എടുത്തത്. ആദ്യത്തെ വിമാനയാത്രയുടെ വിശേഷങ്ങള്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞു.
അയ്യോ.. സോറി കേട്ടോ, നിങ്ങളെ അംഗോളയില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞിട്ട് അതും ഇതുമെല്ലാം പറഞ്ഞു ബോറടിപ്പിച്ചു അല്ലേ.... ഇനി പെട്ടന്നങ്ങു പോയേക്കാം..

രാവിലെ 3.50ന്‌ ആണ്‌ 'ആഡിസ്‌ അബാബ' ( പേടിക്കെണ്ടാ, എത്യോപ്യയുടെ തലസ്ഥാനം ആണ്‌) ഫ്ലൈറ്റ്‌. 3 മണിക്കുര്‍ മുന്‍പ് തന്നെ ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി. അവിടുത്തെ കലാപരിപാടികള്‍ - ബാഗേജ് ചെക്കിംഗ്, സെക്യൂരിറ്റി ചെക്കിംഗ്, ഇമിഗ്രേഷന്‍ - എല്ലാം കഴിഞ്ഞപ്പോള്‍ 3 മണിയായി. അത്രക്ക് നീണ്ട 'ക്യു' തന്നെ അവിടെ ഉണ്ടായിരുന്നു. ഉറക്കവും കളഞ്ഞു രാവിലെ അത്രയും 'കലാപരിപാടികള്‍' കുടെയായപ്പോള്‍ എനിക്കാകെ വട്ടായി.

ഫ്ലൈറ്റ്‌ കൃത്യ സമയത്തുതന്നെ പറന്നുയര്‍ന്നു. സീറ്റില്‍ ഇരുന്നപാടെ ഞാന്‍ ഉറങ്ങിപ്പോയി. പിന്നെ ഇടയ്ക്കെപ്പോഴൊ എയര്‍ഹോസ്റ്റസ് കൊണ്ടുവന്നു തന്ന 'ബ്രേക്ക്ഫാസ്റ്റ്' കഴിച്ചു. പിന്നെയും ഉറക്കം. 'ആഡിസ്‌ അബാബ' എത്താറായപ്പോള്‍ എഴുന്നേറ്റു. 'ആഡിസ്‌ അബാബ' യില്‍ 3 മണിക്കൂര്‍ ആയിരുന്നു ട്രാന്‍സിറ്റ്. 'ആഡിസ്‌ അബാബ' നമ്മുടെ നാടിനേക്കാള്‍ 2 മണിക്കൂര്‍ പിന്നിലാണ്‌. വാച്ചില്‍ സമയം മണിക്കൂര്‍ പിന്നിലേക്ക് മാറ്റി ഞാനും അത് ആസ്വദിച്ചു, ആസ്വദിക്കാന്‍ കാരണം ഉണ്ട്. അതും എന്‍റെ ഒരു കൊച്ചു സ്വപ്നമായിരുന്നു - സമയം പിന്നിലേക്ക് ആക്കിയതല്ല കേട്ടൊ, ഫോറിന്‍ പോയവര്‍ പറഞ്ഞു കേട്ടിള്ള ഒരു കാര്യം ചെയ്തപ്പോള്‍.

അടുത്ത ഫ്ലൈറ്റില്‍ കയറിയപ്പോഴെ അംഗോളയില്‍ എത്തിയ പ്രതീതി ആയിരുന്നു. ഇംഗ്ലീഷ് സിനിമകളില്‍ മാത്രം അതുവരെ കണ്ടിട്ടുള്ള ചുരുണ്ട മുടിയുള്ള കറുത്ത ആള്‍ക്കാര്‍ ആയിരുന്നു ഫ്ലൈറ്റില്‍ ഭൂരിഭാഗവും. അവരെല്ലാം ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ എനിക്കു കൌതുകം തോന്നിയെങ്കിലും പെട്ടന്നു തന്നെ ദേഷ്യം വന്നു. പിന്നെയും ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീണ്ടും എണീറ്റു. കറുമ്പന്മാര്‍ അപ്പോളും ബഹളം തന്നെ. ലുവാണ്ടയില്‍ അവിടുത്തെ സമയം 1.30 ആയപ്പോള്‍ എത്തി. അപ്പോള്‍ നാട്ടില്‍ വൈകുന്നേരം 6 മണിയായിട്ടുണ്ടാകും. 4.30 മണിക്കൂര്‍ പുറകിലാണ്‌ അംഗോള. ഞാന്‍ വീണ്ടും സമയം മാറ്റി. 4 മണിയായപ്പോള്‍ കമ്പനി ഫ്ലൈറ്റില്‍ കയറി. അതൊരു കൊച്ചു ഫ്ലൈറ്റ് ആയിരുന്നു. 50 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ആ ഫ്ലൈറ്റ് കമ്പനികള്‍ക്കു മാത്രമെ സാധാരണ കാണാറുള്ളു എന്ന് സുഹൃത്ത് എന്നോട് പറഞ്ഞു. അതു ഒരു മണിക്കുര്‍ കൊണ്ട് കബിന്ദ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും ഹെലികോപ്റ്ററില്‍ മെലോംഗൊ എന്ന സ്ഥലത്തെത്തി. ഹെലികോപ്റ്റര്‍ യാത്ര കിട്ടിയതും ഒരു ഭാഗ്യമാണെന്ന് സുഹൃത്ത് എന്നോട് പറഞ്ഞു.

മെലോംഗൊ ശരിക്കും വലിയ മതിലുകളും കിടങ്ങുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. അതു ശരിക്കും ഒരു സ്ഥലമല്ല, അവിടെ ഒരു വലിയ കമ്പനി മാത്രമേ ഉള്ളു എന്നും പിന്നീടാണെനിക്കു മനസ്സിലായത്. ഇവിടെ അതിനെ 'ക്യാംപ്' എന്നാണ്‌ പ്റയുക.

ക്യാംപ് ഒരു 1000-1500 ഏക്കര്‍ വരും. ഇതൊരു എണ്ണ ഘനന കമ്പനിയാണ്‌. കബിന്ദ ഒരു ചെറിയ ദ്വീപാണ്. ക്യാംപിനു തീരത്തുള്ള കടലില്‍ നിന്നാണ്‌ എണ്ണ ഘനനം ചെയ്തെടുക്കുന്നത്. ഏകദേശം 50 കോടി ഡോളര്‍ ആണ്‍ ദിവസ വരുമാനം. ഒന്നു ഞെട്ടി അല്ലേ. ഞാനും. ക്യാംപിനു ചുറ്റും മതില്‍ ഉണ്ട്, അതിനു ചുറ്റും കിടങ്ങും. അതിനു ചുറ്റും മൈനുകളും കുഴിച്ചിട്ടുണ്ട്. എന്താ ഇത്ര സെക്യൂരിറ്റി എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പറയാം.

അംഗോള ശരിക്കും ഒരു ദരിദ്ര രാജ്യമാണ്‌. ഇവിടെ 1997 വരെ ആഭ്യന്തര കലാപം ആയിരുന്നു. ഇപ്പോള്‍ അതൊന്നും ഇല്ലെങ്കിലും ഭൂരിഭാഗം ആളുകളും പട്ടിണിപ്പാവങ്ങള്‍ ആണ്‌. 70 ശതമാനം ആളുകളും ജോലി ഇല്ലാത്തവരാണ്‌. അതുകൊണ്ടുതന്നെ പിടിച്ചുപറിയും അക്രമവും വളരെക്കൂടുതല്‍ ആണ്‌. നമ്മുടെ നാട്ടിലെപ്പോലെയല്ല, വിശപ്പടക്കാനാണ്‌ ഇവിടെ കൂടുതലും അക്രമം നടക്കുന്നത്. ക്യാംപിലും ധാരാളം അംഗോളക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വിദേശിയരെ കണ്ടാല്‍ അംഗോളക്കര്‍ എന്തായാലും ഒരു കൈ നോക്കാന്‍ തയ്യാറാകും. അതുകൊണ്ടാണിവിടെ ഇത്ര സുരക്ഷ. ക്യാംപിന്‌ വെളിയില്‍ പോകാനും ഞങ്ങള്‍ക്ക് അനുവാദമില്ല. വൈകുന്നേരം 5 മണിക്കു ശേഷം കബിന്ദയില്‍ നിന്നും റോഡുമാര്‍ഗ്ഗം ക്യാംപിലേക്കു വരുന്നത് അല്പം 'റിസ്ക്' ആയതിനാല്‍ ആണ്‌ കമ്പനി ഞങ്ങളെ ഹെലികോപ്റ്ററില്‍ കൊണ്ടവന്നത്. " അതേതായാലും നന്നയി, ഹെലികോപ്റ്ററില്‍ കയറാന്‍ പറ്റിയല്ലോ ", ഞാന്‍ കരുതി.

ഭക്ഷണം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു എനിക്ക്. കോണ്‍ഫ്ലേക്സും പിസ്സായും സാന്‍ഡ്‌വിച്ചും ഫ്രെഞ്ജ്‌ഫ്രൈസും കഴിച്ചു ഞാന്‍ മടുത്തു. എല്ലാത്തരം നോണ്‍ വെജ് ഭക്ഷണസാധങ്ങളും ഉണ്ടെങ്കിലും എനിക്കൊന്നും കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഒന്നിനും ഉപ്പും മുളകും ചേര്‍ക്കില്ല ഇവിടുത്തുകാര്‍. 600-700 പേര്‍ക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തിന്‍ രണ്ട് മെസ്സ് ഹാള്‍ ഉണ്ടിവിടെ.ഒരുതരം 'അരി' ഇവിടെ കിട്ടും. നാട്ടില്‍ നിന്നും അമ്മ തന്നു വിട്ട ചമ്മന്തിപ്പൊടിയും അച്ചാറും കുട്ടി ആ റൈസ് കഴിച്ചാണ്‍ മിക്കപ്പോഴും ഞാന്‍ വിശപ്പടക്കുന്നത്. വീട്ടിലെപ്പോഴെങ്കിലും കറിക്കു പകരം ചമ്മന്തിപ്പൊടിയും അച്ചാറും തരുന്ന അമ്മയോട് വേറെ ഒന്നുമില്ലേ എന്ന് ചോദിച്ചു കയര്‍ത്തിരുന്ന കാര്യമോര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചു. അപ്പോള്‍ മാത്രമാണ്‌ ചോറും സാമ്പാറും അവിയലും തോരനും, മീന്‍ കറിയും ഒക്കെ കഴിക്കുന്നതിന്‍റെ സുഖം എനിക്കു മനസ്സിലായത്. വൈകുന്നേരം ജോലികഴിഞ്ഞു ക്യാംപിലുടെ നടക്കുമ്പോള്‍, എതിരെ നടന്നു വന്ന ഒരാളെ ഞാന്‍ ശ്രദ്ധുച്ചു. ഒരു ഒരു മലയാളി ഛായ. അയാള്‍ എന്‍റെ അടുത്തു വന്നു. " മലയാളിയാണല്ലേ,?" , "അതേ", ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ പരിചയപ്പെട്ടു. അയാള്‍ അവിടെ 'വെല്‍ഡര്‍' ആണ്‌. അവിടെ ജോലി ചെയ്യാന്‍ തുടങ്ങിയട്ട് ഏകദേശം 15 കൊല്ലമാകുന്നു എന്നും പറഞ്ഞു. ഞാന്‍ പിന്നെയും ഞെട്ടി. അവിടെ ഏകദേശം 150 -തോളം മലയാളികള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അയാള്‍ എന്നെ അവിടെ നിന്നും ക്യാംപിന്‍റെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെയാണ്‍ മലയാളികളുടെ താമസം. അവിടെ ചെന്നപ്പോള്‍, എനിക്കു മനസ്സിലായി അതൊരു കൊച്ചു കേരളം തന്നെയാണെന്ന്‌. നിറച്ചും മലയാളികള്‍. കുറെ പേരെ പരിചയപ്പെട്ടു. അവിടെ ധാരാളം വാഴകളും മറ്റും വളര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം അവര്‍ നട്ടതാണ്. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്, നമ്മള്‍ മലയാളികള്‍ ലോകം കീഴടക്കികൊണ്ടിരിക്കുകയാണെന്ന്. വാഴ നട്ടതുകോണ്ടല്ല കേട്ടൊ, അംഗോളയില്‍പ്പോലും ഉള്ള ഈ സാന്നിദ്ധ്യം കൊണ്ട്..

മലയാളികള്‍ എല്ലാവരും തന്നെ 'വെല്‍ഡേഴ്സും ഫിറ്റേഴ്സും' ആണ്. അവരെ കണ്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമായി. ഇത് പെട്രോളിയം കമ്പനിയായതു കൊണ്ട് ഒരു ദിവസം പോലും ഇവിടെ ഒഴിവില്ല. ദിവസവരുമാനം 50 കോടി ഡോളര്‍ ആണല്ലോ. അതുകൊണ്ട് ഇവിടെ എല്ലാവരും 'റൊട്ടേഷണല്‍' ആയാണ്‌ ജോലി ചെയ്യുന്നത്. എന്നു പറഞ്ഞാല്‍ കുറച്ചു നാള്‍ ഇവിടെ തുടര്‍ച്ചയായി ജോലി ചെയ്യണം, പിന്നെ കുറച്ചു നാള്‍ അവധിക്കു പോകാം എനിക്കിവിടെ 28 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യണം. പിന്നെ 28 ദിവസം കഴിഞ്ഞു വന്നാല്‍ മതി. അങ്ങനെ എനിക്ക് ഇവിടെ ഒരു വര്‍ഷത്തോളം ജോലി ചെയ്യണം. ഞാന്‍ നാട്ടിലേക്ക് പോകുമ്പോള്‍ എന്‍റെ കമ്പനിയില്‍ നിന്നും എനിക്ക് പകരം ആളു വരും. ഇവിടെ എല്ലാവരും അങ്ങനെയാണ്‌ ജോലി ചെയ്യുന്നത്. മുന്‍പ് കണ്‌ട മലയാളികള്‍ക്ക് 4 മാസം ഇവിടെ ജോലി ചെയ്യണം, പിന്നെ 5 ആഴ്ച അവധി.

ക്യാംപില്‍ ഒരുവിധം എല്ലാരാജ്യക്കരും തന്നെയുണ്ട്. അമേരിക്കന്‍സ്, ചൈനീസ്, ഫിലിപ്പൈന്‍സ്, സൌത്ത് ആഫ്രിക്കന്‍സ്, പോര്‍ച്ചുഗീസ്, യൂറോപ്യന്‍സ്, അങ്ങനെ ഒരുവിധം എല്ലാ രാജ്യക്കാരും. അംഗോളന്‍സ് തന്നെയണ്‌ കൂടുതല്‍. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസ്സിലേക്ക് പോകുമ്പോള്‍ ഒരു അംഗോളക്കാരന്‍ എതിരെ വന്നു. എന്നെ കണ്ടതും " ഗുഡ്മോണിംഗ്" എന്നു പറഞ്ഞു. ഞാന്‍ ഞെട്ടി, ഞാനയാളെ ആദ്യമായി കാണുകയാണ്‌. പിന്നീട് എതിരെ വന്ന ഒരുവിധം എല്ലാവരും തന്നെ ഇങ്ങനെ അഭിവാദ്യം തന്നു. ഞാന്‍ തിരിച്ചും. പിന്നിടാണ്‌ മനസ്സിലായത് ഇത് ഒട്ടു മിക്ക വിദേശിയരുടെയും ഒരു രീതിയാണ്‌. ഇങ്ങനെയുള്ള അഭിവാദ്യങ്ങള്‍ ഏതു സമയത്തും നമ്മുക്ക് കിട്ടികൊണ്ടിരിക്കും.

അംഗോള പണ്ട് ഒരു പോര്‍ച്ചുഗീസ് കോളനി ആയിരുന്നു. അതിനാലാകാം ഇവിടുത്തെ പ്രധാന ഭാഷ പോര്‍ച്ചുഗീസ് ആണ്‌. അക്ഷരങ്ങള്‍ ഒക്കെ ഇംഗ്ലീഷ് ആണെങ്കിലും ഒന്നും മനസ്സിലാകില്ല. ഞാന്‍ ആകെ പഠിച്ച വാക്ക് 'ഒബ്രിഗഡോ' എന്നാണ്‌, എന്നുവെച്ചാല്‍ നന്ദി എന്നര്‍ത്ഥം. ഇവിടുത്തെ നാണയം 'ക്വന്‍സ' ആണ്‌. 4 ഓ 5 ഓ 'ക്വന്‍സ' ഉണ്ടെങ്കിലെ ഒരു രുപയുടെ മൂല്യം വരൂ. അംഗോളയില്‍ നിന്നും 'ക്വന്‍സ' പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. പിന്നെ യുസ് ഡോളറും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

അംഗോളന്‍ ആണുങ്ങള്‍ മിക്കവരും തന്നെ 'മൊട്ട'കളാണ്. അവര്‍ മുടി വളര്‍ത്തുന്നത് വിരളമാണ്‌. സ്ത്രീകള്‍ മിക്കവരും മുടി പിന്നിയിട്ടിരിക്കും. നട്ടിലെപ്പോലെ അല്ല, ഇവിടെ അവര്‍ തലയില്‍ മുഴുവനും പിന്നിയിട്ടിരിക്കും. അത് അഴിക്കറുണ്ടെന്ന് തോന്നണില്ല. ഇവര്‍ കുളിക്കറുണ്ടോ എന്നും സംശയമാണ്‌. പുരുഷന്മാര്‍ എല്ലാവരും തന്നെ 6 അടി പൊക്കക്കാരാണ്‌. ചിലരെയൊക്കെ കണ്ടാല്‍ പേടിയാകും. പെണ്‍കുട്ടികളെ കണ്ടാല്‍ പിന്നെ നാട്ടിലുള്ള എല്ലാ പെണ്‍കുട്ടികളും അതി സുന്ദരികള്‍ ആണെന്നു തന്നെ പറയേണ്ടി വരും. :-) ഇവിടെ ഭക്ഷണം കഴിക്കുന്നത് 'സ്പൂണും,ഫോര്‍ക്കും,ക്നൈഫും' ഒക്കെ വച്ചാണ്‌. കഴിച്ചുകഴിഞ്ഞാല്‍ കഴുകുന്ന പ്രകൃതം ഇവിടെയുള്ളവര്‍ക്കില്ല. എനിക്കു തോന്നുന്നു വിദേശിയര്‍ക്ക് അര്‍ക്കും അതില്ലെന്ന്. ഞാന്‍ അതുകൊണ്ട് കഴിച്ചുകഴിഞ്ഞാല്‍ മുറിയില്‍ പോയാണ്‍ കഴുകിയിരുന്നത്.
ഇവിടെ പെട്രൊളും ഡീസലും ഒക്കെ വളരെ വിലക്കുറവാണ്‌. നാട്ടില്‍ ഒരു ലിറ്ററിനു കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഇവിടെ 5ഓ ആറോ ലിറ്റര്‍ കിട്ടും. റോഡുണ്ടാക്കുന്നത് പെട്രോളും ക്രൂഡ് ഓയിലും കുഴച്ചാണ്‌. മോട്ടോര്‍ കമ്പനികള്‍ എല്ലാം തന്നെ അവരുടെ പഴയ മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നു തോന്നുന്നു. ഞാന്‍ ഇവിടെ 'ടൊയോറ്റൊ കൊറോള' കണ്ടു, നമ്മുടെ നാട്ടിലെ മാരുതി 800 പോലെയിരിക്കും.

അംഗോളയിലെ ദേശീയ പക്ഷി വവ്വാല്‍ ആണെന്നു തോന്നണു. അത്രക്കു വവ്വാലുകള്‍ ഉണ്ടിവിടെ. അവയെ കണ്ട് ആദ്യം ഞാന്‍ ഭയന്നു. ഡ്രാക്കുള സിനിമളിലൊക്കെ ഇവയെ സ്ഥിരം കാണാമല്ലൊ. പക്ഷെ അവ വെറും 'പഴന്തീനികളാണെ'ന്ന് എന്‍റെ അംഗോളന്‍ സുഹൃത്ത് മട്ടോക്കൊ പറഞ്ഞു. ഇവരുടെ ഒക്കെ പേരുകള്‍ വളരെ വിചിത്രമാണ്‌, അവര്‍ക്ക് നമ്മുടെയും. ആഫിക്കക്കര്‍ക്ക് പൊതുവെ ഏഷ്യന്‍സിനോട് പ്രത്യേകിച്ചും ഇന്‍ഡ്യാക്കാരോട് വലിയ ഇഷ്ടമാണ്. ഇവരെല്ലാം വലിയ മര്യാദക്കാരുമാണ്‌, ഉച്ചത്തില്‍ സംസാരിക്കും എന്നല്ലാതെ. ഇവരുടെ ശബ്ദം കേട്ടാല്‍ പേടിയകും. എന്‍ടെ സുഹൃത്ത് പറയാറുണ്ട്, " കാടന്മാര്‍".
വവ്വാലുകള്‍ രാത്രിയിലാണ്‌ കുട്ടത്തോടെ ഭക്ഷണം തേടാന്‍ പോകുന്നത്. പകല്‍ സമയം മരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കും. വവ്വലിനെക്കുടാതെ ചെറിയ കുരുവികളും, കൊക്കിനെയും ഒക്കെ ഇവിടെ കാണാറുണ്ട്. കാലവസ്ഥ ഏകദേശം നാട്ടിലേതു പൊലെ തന്നെ. പകല്‍ പൊള്ളുന്ന ചൂടാണ്‌, എങ്കിലം ആര്‍ദ്രത ഇല്ലാത്തതു കൊണ്ട് ഒട്ടും വിയര്‍ക്കില്ല.

മറ്റേതൊരു ആഫ്രിക്കന്‍ രാജ്യത്തെപ്പോലെ അംഗോളയിലും ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്‌. കാരണം മറ്റൊന്നുമല്ല, എയ്ഡ്സ് തന്നെ. ക്യാംപില്‍ എല്ലായിടത്തും തന്നെ ഇങ്ങനെ ഒരു പോസ്റ്റര്‍ കാണാം " when used correctly condom does not affect your pleasure and protects you effectively against aids".

28 ദിവസവും എനിക്ക് നല്ല പിടിപ്പത് പണിയുണ്ടായിരുന്നു. രാവിലെ 6 തൊട്ട് വൈകുന്നേരം 6 വരെ. രാവിലെ 6 മണി വരെയെ പ്രഭാതഭക്ഷണം കിട്ടൂ, ഉച്ചക്കു 11-1 മണിയാണ്‌ സമയം. അത്താഴം വൈകുന്നേരം 6-8 വരെയും. നാട്ടിലേക്ക് മിക്കവാറും വിളിക്കാറുണ്ടായിരുന്ന്. അപ്പോള്‍ ശരിക്കും വിഷമമാകും. 27 ആം ദിവസം ഞാന്‍ വളരെ ഹാപ്പി ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിക്കുകയാണ്.

28ന്‌ ഉച്ചതിരിഞ്ഞണ്‍ ക്യാംപില്‍ നിന്നും പുറപ്പെടുന്നത്. രാവിലെ ഞാന്‍ ഒഫീസില്‍ പോയി. ഉച്ചക്ക് വന്ന് എല്ലാം പായ്ക്ക് ചെയ്തു. 3മണിയായപ്പോള്‍ ഒരു ബസ്സില്‍ പട്ടാള അകമ്പടിയോടെ ഞങ്ങളെ കബിന്ദ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയില്‍ ഞാന്‍ അംഗോളയുടെ ദയനീയ സ്ഥിതി ഞാന്‍ കണ്ടു. പട്ടിണിപ്പാവങ്ങള്‍ ആണെല്ലാവരും. ഏറ്റവും വലിയ വീട് എന്നു പറയുന്നത് നാട്ടിലെ ഒറ്റനില വീടിന്‍റെ അത്രയെ വരൂ. പക്ഷെ എല്ലാ വിട്ടിലും തന്നെ എന്തെങ്കിലും വാഹനമുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ 'പഴയ മോഡലുകള്‍'. പിന്നെ പെട്രൊളും ഡീസലും വളരെ 'ചീപ്പ്' ആണല്ലൊ. ഇതൊക്കെയാണെങ്കിലും അംഗോളക്കാര്‍ എല്ലാം തന്നെ വസ്ത്രധാരണത്തില്‍ വളരെ 'മോഡേണ്‍' ആണ്.

കബിന്ദയില്‍ നിന്നും കമ്പനി വിമാനത്തില്‍ ലുവാണ്ടക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ നിന്നും നാളെയാണ്‌ എത്യോപ്യ വഴി മുംബൈക്കും തുടര്‍ന്ന് തിരുവനന്തപുരത്തേക്കും ഉള്ള വിമാനങ്ങള്‍. 1+ 5+ 5.5+2 മണിക്കൂര്‍ വിമാനത്തില്‍ സഞ്ചരിക്കണം. രാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തി കലപരിപാടികള്‍ എല്ലാം കഴിഞ്ഞു വിമാനത്തിനായി 'വെയിറ്റ്' ചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് കുറെ ചോക്ലേറ്റ്സ് വാങ്ങി - വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും.

വിമാനം കൃത്യ സമയത്തു തന്നെ പറന്നുയര്‍ന്നു. നാട്ടിലെത്തി വീട്ടുകരോടും കുട്ടുകാരോടും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും മനസ്സിലോര്‍ത്തു ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. അപ്പോള്‍ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന വെള്ളിമേഘങ്ങള്‍ക്ക് കുടുതല്‍ ഭംഗിയുണ്ടെന്ന് എനിക്കു തോന്നി......

Sunday, May 6, 2007

എന്നെക്കുറിച്ച്..

ഞാന്‍ അനു......

ഞാന്‍ ആദ്യമായാണു ബ്ലൊഗില്‍ അംഗ്വത്വമെടുക്കുന്നത്.

എനിക്ക് ധാരാളം എഴുതണമെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും നല്ല നല്ല കവിതകളും കഥകളും മറ്റും വായിക്കുമ്പോള്‍. പക്ഷെ എഴുതി തുടങ്ങുമ്പോളാണു മനസ്സിലകുന്നത് ഇതത്ര എളുപ്പമല്ലെന്ന്.

പക്ഷെ എല്ലാവരും ജീവിക്കുന്നതു കുറെ സ്വപ്നങ്ങള്‍ യാഥാര്‍ത്യമാക്കാനണല്ലോ, അതുകൊണ്ട് ഞാനും ഒന്നു ശ്രമിച്ചു നോക്കാമെന്ന് കരുതുന്നു. സത്യം പറഞ്ഞാല്‍ ഈ ലോകത്തു ആരാണല്ലെ സ്വപ്നം കാണാതെ ജീവിക്കുന്നത്?
എല്ലാവര്‍ക്കും ഇഷ്ടമാണ്‍ സ്വപ്നങ്ങള്‍ കാണാന്‍..... അതും നല്ല നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍......

ഇങ്ങനെയൊക്കെയാണൊ എഴുതെണ്ട്ത്.............. എനിക്കറിയില്ല....

എന്തായാലും ഞാനും എഴുതാന്‍ തീരുമാനിച്ചു.............