Monday, May 14, 2007

ഹോസ്റ്റലിലെ യക്ഷി..

യക്ഷി, മറുത, ആനമറുത, കുട്ടിച്ചാത്തന്‍. രക്ഷസ്സ്, ഗന്ധര്‍വ്വന്‍ ആദിയായ സാധനങ്ങളിലൊന്നും വിശ്വാസം തീരെയില്ലാതെ, ആ വക കാര്യങ്ങള്‍ പറയുമ്പൊള്‍ അമ്മ, അമ്മൂമ്മ, അമ്മായി എന്നിവരോടൊക്കെ ആളും തരവും നോക്കാതെ തട്ടിക്കയറി, അങ്ങനെ ഒരു സംഭവമേ ഇല്ലന്നും അതൊക്കെ വെറുതെ നാട്ടുകാരും മന്ത്രവാദികളെന്നു പറയുന്ന തട്ടിപ്പുകാരും പറഞ്ഞുണ്ടാക്കണതാണെന്നു വാദിച്ചിരുന്ന കാലത്താണ്‌ ആ യക്ഷി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്.

എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്ന കാലം. ഞങ്ങളെല്ലാം ഒരുമിച്ചു ഇന്ദിരാമ്മയും ശശിച്ചേട്ടനും നടത്തിയിരുന്ന 'ഹോസ്റ്റലില്‍' ആയിരുന്നു താമസം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സതീഷ്‌, റോബിന്‍ അഥവാ പാണ്ടി, രാജേഷ് അഥവാ പൊടിമോന്‍, രഞ്ജിത്ത് അഥവാ ശുപ്പു, സിജിന്‍, ജസി, കര്‍ത്ത, ചിറയ്ക്കല്‍ മണവാളന്‍ അനൂപ് അന്‍റണി, ജിബിന്‍, രജീഷ് ആദിയായവര്‍. അക്കാലത്ത് ഞങ്ങളുടെ കോളേജിന്‍ ഹോസ്റ്റല്‍ സൌകര്യം ഇല്ലായിരുന്നതിനാല്‍ ഞങ്ങള്‍ - ഭാവി എന്‍ജിനീയേഴ്സ് - എല്ലാവരും പ്രൈവറ്റ് ഹോസ്റ്റലുകളിലാണ്‌ താമസിച്ച് - 'കഷ്ടപ്പെട്ട് ബുദ്ധിമുട്ടി' പഠിച്ചിരുന്നത്. അതിലൊന്നായിരുന്നു ഇന്ദിരാമ്മയും ശശിച്ചേട്ടനും കാലാകാലങ്ങളായി നടത്തി വന്നിരുന്ന ഞങ്ങളുടെ 'ശ്രീവിലാസം'.

അടൂരെന്ന ആ പട്ടണത്തില്‍ താമസിച്ചു തുടങ്ങിയതിനു ശേഷമാണ്‌, 5 വര്‍ഷം മുന്‍പ് ഞങ്ങളുടെ സ്വന്തം എന്‍ജിനീയറിംഗ് കോളേജ് വരുന്നതിന്‍ മുന്‍പ് , മാവേലിത്തമ്പുരാന്‍ പോലും വിസിറ്റ് ചെയ്യത്ത ഒരു 'ഓണം കേറാമൂല' ആയിരുന്നു അതെന്ന് ഞങ്ങള്‍ ഫ്രഷേഴ്സിനു മനസ്സിലായത്. അടൂര്‍ നിവാസികളെല്ലാം തന്നെ ഞങ്ങളെ എന്തോ അന്യഗ്രഹ ജീവികളൊ, വിദേശിയരോ ആയിട്ടാണ്‌ കണ്ടിരുന്നത്. അതോണ്ടു തന്നെ ഉത്സവം, വിവാഹം, മരണം, ജനനം , ഘോഷയാത്ര, ഇലക്ഷന്‍ എന്നിങ്ങനെ നാട്ടിലുള്ള സകലമാന പരിപാടികള്ക്കും ഞങ്ങളുടെ അടുത്തു നിന്നും 'ലോക്കല്‍ ചേട്ടന്മാര്' പിരിവു ചോദിച്ചിരുന്നു - അല്ല പിരിച്ചെടുത്തിരുന്നു.

ഇന്ദിരാമ്മ ചേച്ചിയുടെയും ശശിച്ചേട്ടന്‍റെയും ലോക്കല്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നതു കൊണ്ട് വീട്ടില്‍ വച്ചു ഞങ്ങള്‍ക്ക് അങ്ങനെ അധികം പിരിവ് കൊടുക്കണ്ടി വന്നിരുന്നില്ല. അങ്ങനെ ശ്രീവിലാസമെന്ന, ഓടിട്ട മച്ചുള്ള ഒരു യക്ഷിക്കു താമസിക്കാന്‍ എല്ലാ സൌകര്യവുമുള്ള വീട്ടില്‍ ഞങ്ങള്‍ ആര്‍മ്മാദിച്ചു താമസിച്ചിരുന്ന കാലം.
വൈകുന്നേരങ്ങളില്‍ കോളേജില്‍ നിന്നു വന്നാല്‍, ഇന്ദിരാമ്മ ഉണ്ടാക്കി തരുന്ന ചായ് കുടിയും, ബോണ്ട ഉപയോഗിച്ചുള്ള 'വണ്‍ ടച്ച്' ക്രിക്കറ്റു കളിയും കഴിഞ്ഞാല്‍ ഞങ്ങളുടെ പ്രധാന പരിപാടി 'വിശേഷങ്ങള്‍' പങ്കുവെയ്ക്കല്‍ ആയിരുന്നു.വിശേഷങ്ങളില്‍ കുടുതലും റാഗിംഗും പിന്നെ എല്ലാ ക്ലാസ്സിലെയും സുന്ദരികളെക്കുറിച്ചുള്ള വിവരങ്ങളും ആയിരുന്നു. മാത, സെന്‍റ മേരീസ്, എയ്ഞ്ചല്‍സ് എന്നീ ലേഡീസ് ഹോസ്റ്റലുകളിലെ വിവരങ്ങള്‍ അല്പം പോലും തെറ്റതെ പഠിച്ചു കഴിയുമ്പോഴെക്കും പാതി രാത്രി ആയിരിക്കും - യക്ഷികള്‍ വിഹാരത്തിനിറങ്ങുന്ന സമയം.

ആ ഇടക്ക് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ധൈര്യശാലി റോബിന്‍ ആയിരുന്നു. കാര്യമുണ്ട്, ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ട് വീട്ടിലെത്തിയ ഞങ്ങളെല്ലാം റോബിനെ വെയ്റ്റ് ചെയ്തിരിക്കുകയാണ്‌. റോബിനെ അവിടെ റാഗിംഗ് ടീം പൊക്കിയെന്ന് ശുപ്പു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ റോബിനെ വെയ്റ്റ് ചെയ്തു കൊണ്ടു ശ്രീവിലാസത്തിന്‍റെ ഉമ്മറപ്പടിയില്‍ ഇരിക്കുമ്പോളാണ്‌ നടുക്കുന്ന ആ കാഴ്ച കണ്ടത്. റോബിനതാ, ഞങ്ങള്‍ ജൂനിയേഴ്സിന്‍റെ ഒക്കെ പേടിസ്വപ്നമായ റാഗിംഗ് വീരന്‍ ആഷ്‌ലിയുടെ ഒപ്പം അങ്ങേരുടെ ബുള്ളറ്റില്‍ ശ്രീവിലാസത്തിന്‌ മുന്‍പിലുള്ള റോഡില്‍ വന്നിറങ്ങുന്നു.

സാറുമ്മാരുടെയും ഞങ്ങളുടെയും കണ്ണിലെക്കരടായ ആഷ്‌ലി അവിടെ 5-6 കൊല്ലമായിപ്പടിക്കുന്നു. 4 വര്‍ഷം കൊണ്ട് എന്‍ജിനീയറിംഗ് തറമായി പടിക്കാന്‍ പറ്റില്ല എന്നു തോന്നിയതു കൊണ്ടാകാം ഒരോ സെമസ്റ്ററിലും ' ഇയര്‍ അവുട്ട്' വാങ്ങിക്കൊണ്ട് ഒന്നും രണ്ടും തവണ പടിച്ചിരുന്നത്. ഈ ആഷ്‌ലി തന്നെയാണ്‌ കഴിഞ്ഞ ദിവസം ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിരുന്ന എന്‍റെ മീശ വടിപ്പിച്ചത്. ഞാന്‍ ഒരു പാവത്തനെപ്പോലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു വരികയായിരുന്നു. അപ്പോഴാണ്‌ ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരികളെ 'റാഗ്' ചെയ്തിരുന്ന ആഷ്‌ലി എന്നെ അങ്ങൊട്ടു വിളിച്ചത്.

"ദൈവമെ, പണിയായി" , എന്നു മനസ്സില്‍ കരുതി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു - പരമാവധി വിനയാന്വിതനായി.

പേരും നാടും ചോദിച്ച ശേഷം ആ 'ദ്രോഹി' എന്നോട് കൂകാന്‍ പറഞ്ഞു.

ഞാന്‍ കൂകി, "കൂ.."

"നീയരെടാ കുരുവിയൊ, മര്യാദയ്ക്ക് ഒച്ചത്തില്‍ കൂവെടാ " എന്നും അതിന്‍റെ കൂടെ ഞാനതുവരെ മലയാളത്തില്‍ കേട്ടട്ടില്ലാത്ത കുറെ പദങ്ങളും.

ഞാന്‍ വീണ്ടും കൂകി, "കൂഊഊ.........."

"മ്‌ മ്.. ഇനി പൊയ്ക്കോ, "

ഞാന്‍ പോകാനായിത്തിരിഞ്ഞപ്പോഴാണ്‌ മീശമാധവനോട് ഈപ്പന്‍ പാപ്പച്ചി പറഞ്ഞതു പോലെ എന്നോട് , "വടിച്ചിട്ടു വരണം" എന്നു ഉത്തരവായത്. അങ്ങനെ എന്‍റെ മീശ വടിപ്പിച്ച അതേ ആഷ്‌ലിയുടെ കൂടെയാണ്‌ റോബിന്‍ വന്നിരിക്കുന്നത്.

അദ്ദേഹത്തെ ദൂരെ നിന്നു കണ്ടപ്പോളെ ഞങ്ങള്‍ എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റ് നിന്നു. ഭാഗ്യം കാലമാടന്‍ റോഡില്‍ തന്നെ നിന്നു.

"എന്താടാ കാര്യം?" , ഞങ്ങള്‍ റോബിനോടു ചോദിച്ചു.

" കാശു വാങ്ങാനാടാ", എന്ന് റോബിന്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ശശിച്ചേട്ടന്‍ ആഷ്‌ലിയുമായി എന്തോ സംസാരിച്ചു പ്രശ്നം സോള്‍വാക്കി. അതിന്‍റെ പേരില്‍ റോബിന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ഹീറോ ആയിത്തീരുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ജാഡ കണ്ട് ഞങ്ങള്‍ സഹികെടുകയും ചെയ്തു - യക്ഷിയും.

കേരളത്തിന്‍റെ നാനാഭാഗത്തും, ബാംഗ്ലൂരും, ചെന്നൈയിലും, ദുബായിലും ജോയ് ആലുക്കാസിനെക്കാളും ബ്രാഞ്ചുകള്‍ ഉള്ള പൌള്‍ട്രി ഫാമിന്‍റെ ഉടമസ്ഥരുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റോബിന്‍ രാവിലെയും ഉച്ചക്കും അത്താഴത്തിനും എന്തിനേറെ ചായക്ക് വരെ കോഴി ഫ്രൈ ധാരാളമായി കഴിച്ചു വന്നതു കൊണ്ട് ആ സുന്ദരമേനിയില്‍ യക്ഷിയല്ല ആരായാലും മോഹിച്ചു പോകും.

അങ്ങനെ പതിവു പോലെ, ആ വെള്ളിയാഴ്ചയും വൈകുന്നേരം കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയപ്പോള്‍ ഏകദേശം 12 മണി കഴിഞ്ഞു.

റോബിനും, പൊടിമോനും, ശുപ്പുവും ഒരു മുറിയിലാണ്‌ കിടക്കുന്നത്. ആ മുറി വീടിന്‍റെ പുറത്തേക്ക് അല്പം തള്ളിയാണ്‌ നില്‍ക്കുന്നത്. എല്ലാവരും കിടന്നു. ശ്രീവിലാസം ഇരുട്ടിലായി. ഒരു അരമണിക്കുര്‍ കഴിഞ്ഞു കാണും റോബിനും സംഘവും ഓടി ഞങ്ങളുടെ മുറിയിലേക്ക് വന്നു. ഞങ്ങളെല്ലാവരും എഴുന്നേറ്റു. റോബിനും ശുപ്പുവും പൊടിമോനും അല്പം പേടിച്ചിരിക്കുന്നതു പോലെ ഞങ്ങള്‍ക്കു തോന്നി.

" എന്താടാ ?"

"എടാ , യക്ഷി.. ഞങ്ങളുടെ മുറിക്കു പുറത്ത്" , റോബിന്‍ പറഞ്ഞു.

"യക്ഷിയോ, ഒന്നു പോടാ അവിടുന്ന്", സതിഷ് പറഞ്ഞു.

"അല്ലെടാ സത്യം, ചിലങ്കയുടെ ഒച്ച ഞങ്ങള്‍ കേട്ടതല്ലെ", റോബിന്‍ പറഞ്ഞു.

എന്നാല്‍ അതൊന്നു അറിയണമെല്ലൊ എന്നു കരുതി ഞങ്ങള്‍ എല്ലാവരും റോബിന്‍റെ മുറിയിലേക്ക് പോയി.

അങ്ങനെ ഞങ്ങളെല്ലാം റോബിന്‍റെ മുറിയിലേക്ക് പോയി.

"അളിയാ, ഡോക്ടര്‍ സണ്ണിയെ വിളിക്കേണ്ടി വരുമോ ?" , ഞാന്‍ ചോദിച്ചു.

"അതിനു ഡോക്ടറിപ്പോള്‍ അമേരിക്കയില്‍ അല്ലെ ".

"നമുക്ക് നകുലനെക്കൊണ്ടു വിളിപ്പിക്കാം"

"നകുലനാരാ നിന്‍റെ അളിയനൊ"

എന്നിങ്ങനെ കുറെ ഡയലോഗുകള്‍ ഒക്കെ ആടിച്ചു കുറെ സമയം ഞങ്ങള്‍ അവിടെ നിന്നെങ്കിലും ചിലങ്കയുടെ ശബ്ദം ഒന്നും കേട്ടില്ല. റോബിനെയും മറ്റും കുറെ കളിയാക്കി എല്ലാവരും വീണ്ടും കിടക്കാന്‍ പോയി. കുറച്ചു കഴിഞ്ഞതെയുള്ളു, റോബിന്‍ വീണ്ടും വന്നു വിളിച്ചു. എന്നാല്‍ യക്ഷിയെപ്പിടിച്ചിട്ടെയുള്ളു എന്നു പറഞ്ഞു ഞങ്ങള്‍ എല്ലാം റോബിന്‍റെ മുറിയിലേക്ക് പോയി. ഞങ്ങള്‍ ചെവിയോര്‍ത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോബിന്‍ പറഞ്ഞതുപോലെ ചിലങ്കയുടെ ശബ്ദം. ഞങ്ങള്‍ക്ക് അല്പം പേടി തോന്നി. റോബിന്‍ തന്നാലാവും വിധം കുറെ തെറികള്‍ യക്ഷിയെ പറഞ്ഞു.

"നീ പോടി, നാറി,, പട്ടീ, ആണാണെങ്കില്‍ നീ മുന്നില്‍ വാടി....
നിന്‍റെ ചിലങ്ക പൊട്ടിച്ചു കോഴിക്ക് ഇട്ടു കൊടുക്കും...."

പക്ഷെ യക്ഷി വന്നില്ല. ഞങ്ങളുടെ ഈ ബഹളങ്ങള്‍ എല്ലാം കേട്ടു ഇന്ദിരാമ്മയും ശശിച്ചേട്ടനും ഓടി വന്നു. ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ ചേച്ചിയും ചേട്ടനും അല്പം പേടിച്ചതു പൊലെ തോന്നി.

"മക്കളെ നമ്മുടെ വീടിനു മുന്‍പിലുള്ള റബ്ബര്‍ തോട്ടത്തില്‍ ഒരു കൊല്ലം മുന്‍പ് ഒരു പെണ്ണു തൂങ്ങിചത്തിട്ടുണ്ട്. ", ചേച്ചി പറഞ്ഞു. ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി.

"ഇടയുക്കുണ്ടായിരുന്ന ഈ ശല്യം ഞങ്ങള്‍ ഒന്നു കുറച്ചതായിരുന്നു.", ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍
അഞ്ചുപേരും പരസ്പരം നോക്കി.

"എന്തായാലും, റോബിനെ യക്ഷിയെ ചീത്ത പറയേണ്ടായിരുന്നു, ഇനി എന്തൊക്കെയണോ നടക്കാന്‍ പോകുന്നത്", ചേച്ചി പറഞ്ഞു.

"പിള്ളേരെ, എന്തായാലും നിങ്ങള്‍ പോയികിടക്ക്, നേരം വെളുക്കട്ടെ" എന്നു പറഞ്ഞു അവര്‍ പോയി.

"എടാ, ബാക്കിയുള്ളവന്മാരെ വിളിച്ചുണര്‍ത്തി കാര്യം പറയേണ്ടെ.?"

"വേണ്ടെടാ അവന്മരെങ്കിലും സുഖായി കിടന്നുറങ്ങട്ടെ."

ഞങ്ങളെല്ലാവരെയും കൂടുതല്‍ പേടിച്ചത് റോബിനായിരുന്നു. എല്ലാവരും വീണ്ടും ഉറങ്ങാന്‍ പോയി. റോബിനും പൊടിമോനും ശുപ്പുവും ഞങ്ങളുടെ മുറിയില്‍ കിടക്കാന്‍ വന്നു. എല്ലാവരും കുറച്ചു നേരം മിണ്ടാതിരുന്നു. കാരണം ഞങ്ങള്‍ എല്ലാവരും ചിലങ്കയുടെ ശബ്ദം കേട്ടതാണ്‌. ആകെക്കുടി എല്ലാര്‍ക്കും ഒരു വല്ലായ്മ.

"ദൈവമെ, യക്ഷിയെ എനിക്കു നേരിട്ടു കാണിച്ചു തരാന്‍ അമ്മായിയൊ, അമ്മൂമ്മയൊ പ്രാര്‍ത്ഥിച്ചു കാണുമോ", ഞാനോര്‍ത്തു.

എപ്പോഴൊ ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ കുറച്ചു നാട്ടുകാരൊക്കെ മുറ്റത്തു കൂടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു. അനൂപിനോടും ജിബിനോടുമൊക്കെ രാത്രിയില്‍ പിന്നെ നടന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ചേച്ചി അപ്പോള്‍ പറഞ്ഞു,

"പിള്ളേരെ നിങ്ങള്‍ പേടിക്കെണ്ട, ചേട്ടന്‍ ഗുളികനമ്മവനെ വിളിക്കാന്‍ പോയിട്ടുണ്ട്. പേരുകേട്ട മന്ത്രവാദിയാണ്. ഇതിനു മുന്‍പ് അദ്ദേഹമാണ്‌ യക്ഷിയെ തളച്ചത്. എല്ലാവരും ഒരോ അന്‍പത് രൂപ വീതം പിരിച്ചു വച്ചോളു."

അനൂപും ജിബിനും കാശ് കൊടുക്കാന്‍ ആദ്യം വിസമ്മതിച്ചു. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവരും കൊടുത്തു. ഗുളികന്‍ മന്ത്രവാദി വന്നു പ്രയോഗങ്ങള്‍ തുടങ്ങി. അയാളെ കണ്ടാല്‍ തന്നെ ഒരു പ്രേതത്തിനെപ്പോലെ ഉണ്ട്, ഞങ്ങള്‍ പരസ്പരം പറഞ്ഞു. പിന്നെ എല്ലാര്‍ക്കും ഓരൊ ചരടും കെട്ടിത്തന്നു. റോബിനോടു പ്രത്യേകം ഒന്നു സൂക്ഷിച്ചോളാനും രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കരുതെന്നും പറഞ്ഞു.
അങ്ങനെ ആഷ്‌ലിയുടെ കൂട്ടുകാരനായി, ഞങ്ങളുടെ എല്ലാം മുന്‍പില്‍ വിലസി നടന്ന റോബിന്‍ വല്ലാതെ അങ്ങു ഒതുങ്ങിപ്പോയി. പിന്നീട് യക്ഷിയുടെ ശല്യം ഉണ്ടായില്ല. ഗുളികനമ്മാവനോടു ഞങ്ങള്‍ക്കെല്ലാം വലിയ ബഹുമാനമായി, പ്രത്യേകിച്ച് റോബിന്.
രണ്ടു ദിവസത്തിനു ശേഷം അനൂപും ജിബിനും ഞങ്ങളെമാറ്റി നിര്‍ത്തി ഒരു കാര്യം പറഞ്ഞു.

"എടാ കൊല്ലരുത്, യക്ഷി ഞങ്ങളായിരുന്നു. അമ്പലത്തില്‍ ഉല്‍സവതിനു മേടിച്ച ചിലങ്ക വച്ചു ചെയ്ത പരിപാടൊയാണ്‌, റോബിന്‍റെ അഹങ്കാരം മാറ്റാന്‍.."

ഞങ്ങള്‍ കുറച്ചു നേരം അനങ്ങാതെ നിന്നു. അവന്മാര്‍ ഓടാന്‍ തയ്യറെടുക്കുന്നത് കണ്ടപ്പോള്‍ പിന്നെ ചിരിയായി. റോബിനോട് പിന്നെയും കുറച്ചു കാലങ്ങള്‍ കഴിഞ്ഞാണ്‌ കാര്യം പറഞ്ഞത്. അവന്‍ അന്നുപിനെയും ജിബിനെയും തല്ലാനായിക്കുറെ ഓടിച്ചു. ഏതായാലും പിന്നെ ആഷുലിയുടെ പേരു പറഞ്ഞ് പിന്നീടൊരിക്കലും റോബിന്‍ 'ജാഡ' കാണിച്ചില്ല. നാട്ടുകാരുടെ തല്ലു പേടിച്ചു ചേട്ടനോടും ചേച്ചിയോടും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അവരെ ഇതിനു മുന്‍പ് ശല്യം ചെയ്ത യക്ഷി ആരെന്നും പിടികിട്ടിയില്ല, ഏതായലും ഞങ്ങളുടെ അന്‍പതു രൂപ പോയെങ്കിലും റോബിന്‍റെ ജാഡ കുറയക്കാന്‍ വേണ്ടിയാണെന്നു കരുതി ഞങ്ങള്‍ ആസ്വസിച്ചു. ചേച്ചിയും ചേട്ടനും പിന്നെയും കുറെ നാള്‍ ഗുളികനമ്മാവനെ പ്രശംസിച്ചു നടന്നു.

5 comments:

കുട്ടപ്പന്‍ ദ ഗ്രേയ്റ്റ് said...

അപ്പൊ ശ്രീവിലാസത്തിലും ഉണ്ടായിരുന്നല്ലേ ചിലങ്കയണിഞ്ഞ സുന്ദരികള്‍.....

പിന്നെ "ബോണ്ട ഉപയോഗിച്ചുള്ള 'വണ്‍ ടച്ച്' ക്രിക്കറ്റു കളിയും" നൊസ്റ്റാല്‍ജിക്‌ അക്കി കളഞ്ഞു. അപ്പുറത്തു സാരഥി ഹോസ്റ്റലിലും യും ഇത്തരം മള്‍ടി പര്‍പ്പസ്‌ ബോണ്ടകള്‍ കിട്ടുമായിരുന്നു. അപ്പുറത്തെ വീട്ടിലെ പട്ടിയെ എറിയാനും " catching practice" നും വേണ്ടി ചേച്ചി കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന ഐറ്റംസ്‌. നല്ല ചൂട്‌ വടയും പഴമ്പൊരിയും കഴിക്കാന്‍ അപ്പുറത്തെ ശങ്കരന്‍ കുട്ടി ചേട്ടണ്റ്റെ ചായകട വരെ പൊയല്‍ മതിയെങ്കിലും അവിടെ കൂടി ഇരിക്കുന്ന സീനിയറ്‍ ചെട്ടന്‍മാര്‍ക്കു ടൂത്ത്‌ പേസ്റ്റ്‌,ബള്‍ബ്‌,പപ്സ്‌,സോഡ...( യോഗമുണ്ടെകില്‍ ഒരു ഫുള്ളും )തുടങ്ങിയ സധങ്ങല്‍ എത്തിച്ചു കൊടുക്കേണ്ട സാമ്പത്തിക ബാധ്യത 5 സ്റ്റാര്‍ ഹോട്ടലില്‍ നിന്നു ചായ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അകുന്നതു കൊണ്ടു മത്രം ഉപേക്ഷിച്ച എത്രയൊ ചായകുടികള്‍......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“കുട്ടിച്ചാത്തന്‍. രക്ഷസ്സ്, ഗന്ധര്‍വ്വന്‍ ആദിയായ സാധനങ്ങളിലൊന്നും വിശ്വാസം തീരെയില്ലാതെ“

കുട്ടിച്ചാത്തനും ഗന്ധര്‍വ്വനും ബൂലോഗത്തുണ്ട് കേട്ടാ വിശ്വസിച്ചോ..

എന്നാലും സസ്പെന്‍സ് ഒരു വിസമ്മതത്തീന്ന് ഊഹിച്ചുട്ടാ...

മൊത്തം ഡയറി എടുത്ത് എഴുതല്ലേ ഇത്തിരി ചുരുക്കാം ട്ടോ..
അത്യാവശ്യമുള്ളവരുടെ മാത്രം പേരുവിവരം പറഞ്ഞാ മതി..(ഉപദേശിക്കാനീ ചാത്തനാരുവാ അല്ലേ ;))

അനു said...

പ്രിയ കുട്ടിച്ചാത്താ... ശരിക്കും കുട്ടിച്ചാത്തനുണ്ടെന്ന് 'കുട്ടിച്ചാത്ത വിലാസങ്ങള്‍' കണ്ടപ്പോളാണ്‌ മനസ്സിലായത് :)..

പിന്നെ എല്ലാ ഫ്രണ്ടിസിന്‍റെയും കാര്യമെഴുതിയത് , അങ്ങനെയെങ്കിലും അവന്മാരെങ്കിലും ഇതൊന്നു വായിക്കട്ടെ എന്നു കരുതിയാണ്.. ഒരു പഴയ നമ്പര്‍ :)

കുട്ടിച്ചാത്താ എനിക്കിപ്പോള്‍ എത്ര സന്തോഷമാണെന്ന് ഒരു പോസ്റ്റെഴുതിയാല്‍ പോലും പറയാന്‍ പറ്റില്ല... ഡാങ്ക്സ്...

ആഷ | Asha said...

അനൂ, കൊള്ളാട്ടൊ യക്ഷിക്കഥ

Arun's said...

chetta athee..bakki ellardem vattaperu kandu nammade perum koode arinja kollarunnu... :)