അടൂരില്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ അടിച്ചുപൊളിച്ചു ജീവിക്കാനുള്ള പോക്കറ്റ് മണിയൊന്നും ഞങ്ങളുടെ ഹോസ്റ്റലില്‍ ആര്‍ക്കുംതന്നെ വീട്ടില്‍ നിന്നും കിട്ടാറുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കേണ്ട സമയമാകുമ്പോളെ അതിനുള്ള കാശ് വീട്ടില്‍ നിന്ന് കിട്ടാറുണ്ടായിരുന്നോളു. രാവിലെയും വൈകിട്ടും ഫുഡ് സരളചേച്ചിയും ചേട്ടനും കൊണ്ടുത്തരുന്നതുകൊണ്ട് അതും മാസാവസാനം മാത്രമാണ് കൊടുത്തിരുന്നത്. പിന്നെ ഉച്ചക്കുകഴിക്കാനുള്ളതിന്റെയും കോളേജില്‍ പോകാനുള്ളതുംകൂടെ വളരെ തുച്ഛമായൊരു തുകയായിരിക്കും ഞങ്ങളുടെ അടുത്തുണ്ടാവുക. അതുകൊണ്ടൊക്കെത്തന്നെ ലാവിഷായി ഫുഡ് അടിക്കാന്‍ പോയാല്‍ പിന്നെ വന്‍ടൈറ്റാകും.
അങ്ങനെ മനുഷ്യന്റെ ബേസിക് ആവശ്യങ്ങളിലുള്ള ചിക്കന്ബിരിയാണിയും മട്ടന്‍ബിരിയാണിയും ഒക്കെ കഴിക്കാന്‍ പറ്റാതെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ എഞ്ചിനീയറിംഗിനു പഠിച്ചിരിന്നത്.വലുതാകുമ്പോള്‍ ഞങ്ങളുടെ മക്കളോടൊക്കെ ഈ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തിന്റെ കാര്യം പറയണം എന്നൊക്കെ ചേച്ചിയുടെ ഒണക്കചപ്പാത്തിയും കിഴങ്ങുകറിയും കഴിക്കുമ്പോള്‍ ഞങ്ങള്‍ ഡിസ്കസ് ചെയ്യാറുമുണ്ടായിരുന്നു. എങ്കിലും ചില അലവലാതി ഡെയ്സ്‌കോളെഴ്സ്[വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിച്ച് ടിവിയും കണ്ട് ഒരു ഉത്തരവാദിത്വവുമില്ലാതെ സുഖിച്ചു ജീവിക്കുന്നവര്‍ - ചുരുക്കത്തില്‍ ലോക്കല്‍സ്] ഹാരോള്‍ഡ് സാറിന്റെ ക്ലാസ്സിലിരുന്ന് തലേദിവസം വീട്ടിലുണ്ടാക്കിയ ചിക്കന്‍കറിയുടെയും അല്ലെങ്കില്‍ ബിരിയാണിയുടെയും ഒക്കെ കാര്യം പറയുമ്പോള്‍ കണ്‍ടോള്‍ പോകാറുണ്ട്.
ഞങ്ങളെല്ലാം വേറെവേറെ ബാച്ചിലായിരുന്നതുകൊണ്ട് ക്ലാസ്സിലെക്കാര്യങ്ങളെല്ലാം വീട്ടില്‍ വന്നു പരസ്പരം ഷെയര്‍ ചെയ്യുന്നത് വൈകുന്നേരം ഹോസ്റ്റലില്‍ വന്ന് ചായകുടിക്കുമ്പോളാണ്. വേറെ എന്തൊക്കെ കാര്യങ്ങള്‍ മറന്നാലും ചിക്കന്‍ബിരിയാണിയുടെ കാര്യം കറക്ടായി പറയാന്‍ കമ്പ്യൂട്ടേഴ്സ് ബാച്ചിലെ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹാരൊള്‍ഡ് സാറിന്റെ അവര്‍മുതല്‍ വൈകുന്നേരം ഹോസ്റ്റലില്‍ എത്തുന്ന സമയം വരെ ഞാനൊ, അനൂപാന്റണിയൊ, ജേസിയൊ, ജിബിനൊ, സിനുവൊ ഓര്‍ത്തുവയ്കാന്‍ ശ്രദ്ധിച്ചിരുന്നു.ലോക്കല്‍സിന്റെ ചിക്കന്‍ബിരിയാണിയുടെ കാര്യം പറയുന്ന വൈകുന്നേരങ്ങളിലെല്ലാം, ചായയുടെ ഒപ്പംകഴിക്കാന്‍ ചേച്ചിതന്നുവിടുന്ന ബോണ്ടകള്‍ മാനത്ത് പറക്കുന്നതു പതിവായിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിന്റെ ഭാഗത്തുണ്ടായിരുന്ന അലവലാതി ലോക്കല്‍ കാക്കള്‍ക്ക് ഇതു കറക്ട് ആയി അറിയാവുന്നതുകൊണ്ട് പറന്നുപൊങ്ങിയ ബോണ്ട തിരിച്ചുവരുമ്പോള്‍ ക്യാച്ചെടുക്കുന്നതിനു മുന്‍പ് കറക്ടായി കൊത്തിപ്പറന്നുപോകാറുള്ളതും പതിവായി. ഇങ്ങനെ ചിക്കന്‍ബിരിയാണിയോടുള്ള കൊതിയില്‍ ആദ്യത്തെ ആവശ്യത്തിനു വലിച്ചെറിഞ്ഞ ബോണ്ടകള്‍ അകന്നകന്നു പോകുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നോക്കി നില്‍ക്കറുണ്ടായിരുന്നു. സാധാരണ സതീഷും സിജിനും ജെസിയും അനൂപാന്റെണിയുമാണ് ഇങ്ങനെ ദീര്‍ഘനിശ്വാസമിടാറുണ്ടായിരുന്നത്.
ഒരു സാറ്റര്‍ഡെ പതിവുപോലെ ഞങ്ങളെല്ലാരും പന്നിമലത്തിക്കൊണ്ടിരുന്നപ്പോളാണ് ഗീതം ഓഡിറ്റോറിയത്തിന്റെ മുകളിലെ റൂമില്‍ താമസിച്ചിരുന്ന ക്ലാസ്സ്മേറ്റ്സിനെക്കാണാന്‍ പോയ സിജിനും പന്നിമലര്‍ത്താന്‍ അറിയാന്‍ മേലാത്തതുകൊണ്ടാണെന്നു കള്ളം പറഞ്ഞ്[ആക്‌ച്വലി ഗീതത്തിനു പോകുന്ന വഴിക്കുള്ള മുക്കിലെ പെട്ടിക്കടയില്‍ നിന്നും സിജിന്‍ ഓഫര്‍ ചെയ്ത കപ്പലണ്ടി മിട്ടായി കഴിക്കാനാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു] കൂടെപ്പോയ അനൂപാന്റണിയും ഓടിക്കിതച്ചെത്തിയത്.
"എന്തുപറ്റിയെടാ...ആരെലും തല്ലാന്‍ ഓടിച്ചൊ?" ജിബിന്‍ ചോദിച്ചു.
കിതപ്പുമാറാത്തതുകൊണ്ട് അനൂപാന്റണിയും സിജിനും നോര്‍മ്മലായി ഇങ്ങനത്തെ അവസരങ്ങളില്‍ പറയുന്ന തെറികളൊന്നും പറഞ്ഞില്ല.
"പതിവുപോലെ ഏതെലും പെണ്ണിനെ വായിനോക്കിക്കാണും..." ജേസി പറഞ്ഞു. ബട്ട് ഈ തവണ കിതപ്പുമാറിയതോണ്ട് ജേസിക്ക് അന്നത്തെ ലഞ്ജിനുള്ള വകുപ്പ് അനൂപാന്റണിയുടെ വായില്‍ നിന്നും കിട്ടി.
"എന്താരടെ കാര്യം...?" പൊടിമോന്‍ രാജേഷ് സീരിയസ്സായി.
"പറയാം. തുമ്പയിലച്ചോറ്,നല്ല ചൂടുസാമ്പാറ്, അവിയല്‍, കിച്ചടി, തോരന്‍, രസം, ഉപ്പേരി, പപ്പടം, പച്ചമോര്, എരിശ്ശേരി, പുളിശ്ശേരി, അടപ്രദമനും പഴവും, പാല്‍പ്പായസവും ബോളിയും.....ഇതൊക്കെകേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?" സിജിന്‍ വളരെ സീരിയസ്സായി ഞങ്ങളോടു ചോദിച്ചു.
"നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോന്നുന്നു. മനുഷ്യനിവിടെ ഉച്ചക്ക് ചേച്ചിയുടെ റേഷനരിയുടെ ചോറും കഷണം വീണാല്‍ സാമ്പാറെന്നും വീണില്ലെങ്കില്‍ രസമെന്നും പറയുന്ന കറിയും കഴിക്കണമെന്നോര്‍ത്ത് ഡെസ്പായിരിക്കുമ്പൊളാണ് അവന്റെ ഒരു വിവരണം", റോബിനു ദേഷ്യം വന്നു.
"എടാ, ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല. ഇതെല്ലാം കഴിക്കാനുള്ള വകുപ്പുണ്ട്..." സിജിന്‍ പറഞ്ഞു.
"എങ്ങിനെ....?" കോറസ്സുപാടുന്നതുപോലെ എല്ലാവരും ഒരുമിച്ചു ചോദിച്ചു. അപ്പുറത്തെമുറിയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിച്ചോണ്ടിരുന്ന സിനുവരെ പുസ്തകം വലിച്ചെറിഞ്ഞിട്ടാണ് കോറസ്സില്‍ പങ്കു ചേര്‍ന്നത്.
"അയ്യടാ....എന്തൊരാക്രാന്തം" അനൂപാന്റെണി പറഞ്ഞു.
"ഒരു പുണ്യവാളന്‍, ഒന്നു പോയേടാ ചെക്കാ...നീ പറയെടാ സിജിന്‍കുട്ടാ..." സതീഷ് പറഞ്ഞു.
"എടാ സിജിനെ നീ വിയര്‍ക്കുന്നുണ്ടല്ലൊ...ഈ ഫാനിന്റെ അടുത്തേക്ക് നീങ്ങിയിരിക്കു. മാറെടാ പാണ്ടി. അവന്റെയൊരു പെട്ടി.." ഞാന്‍ ഒന്നു പതപ്പിച്ചു.
"ഡാ, ഡാ..നിര്‍ത്തു. ഞാന്‍ ഇന്നൊന്നുകുളിച്ചതാ. പതപ്പിക്കേണ്ട അതികം..പറയാം" സിജിന്‍ എന്നെയും സതീഷിനെയും നോക്കിപ്പറഞ്ഞു.
"ഡാ ഇന്ന് ഗീതത്തില്‍ പോയപ്പോളാ അറിഞ്ഞെ, അവന്മാരെല്ലാം അവിടെ നടക്കുന്ന കല്യാണങ്ങളില്‍ പങ്കെടുത്ത് ഇതുപോലത്തെ സദ്യയും ചിക്കന്‍ ബിരിയാണിയുമെല്ലാം അടിക്കുന്നുണ്ട്." സിജിന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
"അതേടാ, ഒരുവിധം എല്ലാ ഞായറാഴ്ചയും കല്യാണങ്ങള്‍ ഉണ്ടാവാറുണ്ട്" അനൂപാന്റണി കൂട്ടിച്ചേര്‍ത്തു.
"മെക്കാനിക്സിന്റെ പരീക്ഷയ്ക്ക് പാസ്സായാല്‍ പോലും നിനക്കിത്ര ആവേശം കാണില്ലല്ലൊടാ...?"
റോബിന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഞങ്ങളെല്ലാരും ചിരിച്ചെങ്കിലും അവന്മാരെ വെറുപ്പിക്കാന്‍ പറ്റില്ലാത്തോണ്ട് വിഷയം പെട്ടെന്നു മാറ്റി.
"എടാ ബട്ട് നമ്മളു വിളിക്കാത്ത കല്യാണത്തിനു പോയി ഉണ്ണുന്നത് മോശമല്ലെ..?" രാജേഷ് ചോദിച്ചു.
"ഒന്നു പോടാ അവിടുന്നു...നിനക്കു വേണമെങ്കില്‍ മതി." സിജിനു ദേഷ്യം വന്നു.
"എടാ ബട്ട് നമ്മളെയാരെങ്കിലും തിരിച്ചറിഞ്ഞാലൊ?" സതീഷിനതായിരുന്നു പേടി.
"ഇല്ലെടാ..എങ്ങനെ അറിയാനാ? പെണ്ണു വീട്ടുകാരു ചോദിച്ചാല്‍ നമ്മള്‍ ചെറുക്കന്‍ വീട്ടുകാര്‍...അല്ലെങ്കില്‍ തിരിച്ച്. അവന്മാരങ്ങനാ..." സിജിന്‍ കൂടുതല്‍ പ്രാക്ടിക്കലായി.
"ഡാ എന്നാലും വേണൊ...? റിസ്കല്ലെ. കോളേജിലറിഞ്ഞാല്‍ നാണക്കേടല്ലെ..?"
"നീയൊക്കെയായിട്ട് അറിയിക്കാതെയിരുന്നാല്‍ മതി. വേറെ പ്രശ്നമൊന്നുമില്ല.." അനൂപാന്റണി പറഞ്ഞു.
"നാളെ ഒരു ഹിന്ദു കല്യാണമാണ്. ഒന്നാംതരം സദ്യയാണ്. ഞങ്ങളേതായാലും പോകുന്നുണ്ട്. നിങ്ങള്‍ വരുന്നുണ്ടൊ?" സിജിന്‍ ചോദിച്ചു.
"എന്തു വിഷമഘട്ടത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെടാ..." സതീഷ് റെഡിയായി.
"അയ്യടാ...അല്ലാതെ നിനക്കു കൊതിമൂത്തിട്ടല്ല അല്ലെ?"
ഞായറാഴ്ച രാവിലെ പതിവുപോലെ പത്തുമണിയായപ്പോളേക്കും ഞങ്ങള്‍ എണീറ്റുവന്നപ്പോളേക്കും അണ്ണന്മാര്‍ മൂന്നുപേരും കൂടെ റെഡിയായിക്കൊണ്ടിരിക്കുവായിരുന്നു. ഷര്‍ട്ടൊക്കെ അയണ്‍ചെയ്ത് മുണ്ടൊക്കെ ഉടുത്ത് സെറ്റപ്പായി നില്‍ക്കുന്നതുകണ്ടപ്പോള്‍ ഞങ്ങളെല്ലാരും വണ്ടറടിച്ചുപോയി.
"എന്തോന്നാടെ ഇത്....?" ഞാന്‍ ചോദിച്ചു.
"എടാ, ഇന്നു ഹിന്ദുക്കളുടെ സ്റ്റൈല്‍ അല്ലെ..സൊ മുണ്ടാവാം എന്നുകരുതി" സിജിന്‍ എല്ലാം പ്ലാന്‍ഡ് ആയിരുന്നു.
"അയ്യോടാ..എന്തൊരു ആത്മാര്‍ത്ഥത. പഠിക്കുന്ന കാര്യത്തില്‍ ഇതൊന്നും കാണുന്നില്ലല്ലൊ"
"ഡാ, പതിനൊന്നരയ്ക്കാ മുഹൂര്‍ത്തം. ലേറ്റ് ആയാല്‍ കല്യാണം മിസ്സാകും കേട്ടൊ" അനൂപാന്റണി പറഞ്ഞു.
"കല്യാണംകൂടാന്‍ പോകുന്നമഹാന്മാര്‍.ആദ്യത്തെ പന്തിമിസ്സാകുമെന്നു പറയെടാ.." ജേസ്സി പറഞ്ഞു.
"എന്റെ കര്‍ത്താവെ, ഇന്നിവന്മാരെ കൈയോടെ പിടിക്കണെ. ഞാന്‍ അഞ്ചു മെഴുകുതിരി കത്തിച്ചേക്കാമെ..." പരീക്ഷയ്ക്കു പ്രാര്‍ത്ഥിക്കുന്ന ആത്മാര്‍ത്ഥതയോടെ റോബിന്‍ പറഞ്ഞു.
"പാണ്ടി, അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ നീ വീട്ടില്‍ പോകാന്‍ റെഡിയായിരുന്നൊ, ആംബുലന്‍സില്‍.." സതീഷിന്റെ മറുപടി പെട്ടെന്നു വന്നു.
"മൊട്ടയാണ്, കോഴിമുട്ട..." വീട്ടില്‍ പൌള്‍ട്രി ഫാം നടത്തുന്നതുകൊണ്ടായിരിക്കും റോബിന്റെ പതിവുതെറിതന്നെ ഇതിനും വന്നു.
"അപ്പോള്‍ ഞങ്ങള്‍ പോട്ടെടാ..റ്റാറ്റ...ബൈ ബൈ.." മൂന്നുപേരും യാത്രയായി. ഞങ്ങള്‍ പതിവുപോലെ പല്ലൊക്കെത്തേച്ച് പന്നിമലര്‍ത്തല്‍ തുടങ്ങി.പന്ത്രണ്ടുമണിയായപ്പോളേക്കും ശശിച്ചേട്ടന്‍ പതിവുപോലെ ഊണുമായെത്തി. കഴിച്ചോണ്ടിരുന്നപ്പോള്‍ ഞങ്ങളെല്ലാരും സൈലന്റായിരുന്നു."ഇനി അവന്മാരെങ്ങാനും ഒരു പ്രശ്നവുമില്ലാതെ സദ്യ കഴിക്കുമൊ?"അതാലോചിക്കുമ്പോള്‍ എല്ലാര്‍ക്കും പത്തു സപ്ലിയടിച്ച വിഷമമായിരുന്നു. റോബിന്‍ ഇടയ്കിടക്ക് കര്‍ത്താവിനെ മെഴുകുതിരിയുടെ കാര്യം പറഞ്ഞു പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
രണ്ടുമണികഴിഞ്ഞപ്പോളെയ്ക്കും അണ്ണന്മാര്‍മൂന്നുപേരും എത്തി. കൈയില്‍ നാരങ്ങായും ചെണ്ടുമൊക്കെയുണ്ട്.മൂന്നിന്റെയും വയറുകണ്ടപ്പോള്‍ ഞങ്ങളെല്ലാം ഡെസ്പായി. പിന്നെയവിടെ നടന്നത് ഒരു കൊല്ലാക്കൊലയായിരുന്നു.
"ഡാ ആ ചക്കരവരട്ടി കിടിലാമായിരുന്നല്ലെ.."
"ഓ മാങ്ങാച്ചാറിനു നല്ല എരിവായിരുന്നളിയാ..."
"ഡാ സതീഷെ.. നിനക്കു പാല്പ്പായസം രണ്ടാമതു കിട്ടി അല്ലെ..."
"സിജിനെ, നീ പായസം കുടിച്ചിട്ട് പിന്നെയും ചോറുണ്ടല്ലൊ.."
"എടാ ഇവിടെ അങ്ങനെയാ..പുളിശ്ശേരി അപ്പോളാണല്ലൊ വരുന്നെ.."
"വയറു ഫുള്ളായതുകൊണ്ട് ഞാന്‍ പച്ചമോരുകുടിച്ചു നിര്‍ത്തി. പുളിശ്ശേരികൂട്ടി ഉണ്ണല്‍ നടന്നില്ലെടാ.."
"സാരമില്ലെടാ, അടുത്തയാഴ്ച കഴിക്കാം"
"ഡാ ബട്ട്, അടുത്താഴ്ച മുസ്ലീം കല്യാണമല്ലെ..."
"ഓ അതുഞാന്‍ മറന്നു. അതിന്റെയടുത്തായാഴ്ചാണ് ഇനി ഹിന്ദുക്കല്യാണം"
സ്വന്തം ക്ലാസ്സിലെ ടൈംടേബിള്‍ പോയിട്ട് ക്ലാസ്സ് ടീച്ചെറേതാന്നുപോലും അറിയാത്തതെണ്ടികളുടെ ഒരു ജാഡ. ബട്ട് കേട്ടുനിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.റാംജിറാവുവിലെ മത്തായിച്ചേട്ടനെപ്പോലെ റോബിന്‍ സാമ്പിളിനു കത്തിച്ചുവച്ചിരുന്ന മെഴുകുതിരി അപ്പോളെ ഊതിക്കളഞ്ഞു.
"കര്‍ത്താവങ്ങനെ സുഖിക്കേണ്ട കേട്ടൊ.." റോബിനാണു പറഞ്ഞതെങ്കിലും ഞങ്ങള്‍ക്കെല്ലാം അതേഫീലിംഗായിരുന്നു.
"എനിക്കൊന്നുകിടക്കണമെടാ..വല്ലാത്തക്ഷീണം" സതീഷുപറഞ്ഞു. സിജിനും അനൂപന്റണിയും അവരുടെ ബെഡ്ഡിലേക്ക് പോയി.
ഞങ്ങളുംപോയിക്കിടന്നു. കൊതിയായിപണ്ടാരമടങ്ങിയതുകൊണ്ട് ആര്‍ക്കും കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല.
അടുത്തയാഴ്ചയാകാന്‍ അവന്മാര്‍ മൂന്നുപേരും കാത്തിരിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫീല്‍ ചെയ്തു. ജേസ്സിക്ക് ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ബട്ട് ജന്മനാഉള്ള പേടികൊണ്ട് അവന് കല്യാണത്തിനു പോകാനുള്ള താല്പര്യം കണ്‍ടോള്‍ ചെയ്തു.ഇതെല്ലാം വളരെമോശമായിരുന്നെന്നും മാനംവിറ്റുകളിക്കാന്‍ നമ്മളില്ലെന്നുമൊക്കെയുള്ള ലെവലില്‍ ഞാനും പാണ്ടിയും പൊടിമോനും ജിബിനുമെല്ലാമിരുന്നു. ഇടയ്ക്കിടെ ഈ ഡയലോഗ്സ് പറയുന്നുണ്ടായിരുന്നെങ്കിലും അതിനിടയില്‍ വെള്ളമിറക്കുന്ന സൌണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണെന്ന കാര്യം ഞങ്ങള്‍ തിരിച്ചിറിഞ്ഞു. ഞായറാഴ്ച പതിവുപോലെ അണ്ണന്മാര്‍ മൂന്നുപേരും നേരത്തെ റെഡിയായി. ജീന്‍സൊക്കെയാണന്ന്, മുസ്ലീം കല്യാണത്തിന്‍ ജീന്‍സ്സാണ് നല്ലതെന്നായിരുന്നു കമന്റ്. അവന്മാര്‍ തിരിച്ചു വരുന്നസമയമായപ്പോളേക്കും ഞങ്ങളെല്ലാം ഉറക്കം വരുന്നില്ലാഞ്ഞിട്ടുകൂടി വെറുതെ കയറിക്കണ്ണടച്ചു കിടന്നു. കാര്യം മനസ്സിലായതുകൊണ്ട് തെണ്ടികളല്പം ഉച്ചത്തിലായിരുന്നു അന്നത്തെ വിവരണം.
"എടാ സിജിനെ എന്താട മുസ്ലീംസിന്റെ ബിരിയാണിക്കിത്ര ടേസ്റ്റ്?", തെണ്ടി സതീഷിന്റെ നിഷ്ക്കളങ്കമായ ചോദ്യം.
"എടാ അതറിയില്ലെ...? അവര്‍ മട്ടന്‍ റൈസിന്റെ കൂടെയിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്. അല്ലാതെ ഹോട്ടലിലെപ്പോലെ രണ്ടും വേറെ വേറെ ഉണ്ടാക്കി പിന്നീട് മിക്സ് ചെയ്യുവല്ല"
കൂര്‍ക്കംവലിക്കിടയിലും പാണ്ടിറോബിന്‍ സൈലന്റായി. അടുത്തയാഴ്ചയായപ്പോളേക്കും എനിക്കും ജേസ്സിക്കും കണ്‍ട്രോള്‍ കിട്ടിയില്ല. ശനിയാഴ്ച വൈകുന്നേരം നമ്മള്‍ വരുന്നകാര്യം സതീഷിനെയറിയിച്ചു. മൂന്നുപേരുടെയും ഗൌരവം കണ്ടപ്പോള്‍ നാളത്തെകല്യാണം നടത്തുന്നത് ഇവരാണെന്നുപോലും ഞങ്ങള്‍ക്ക് ഡൌട്ട് തോന്നി.
"വരുന്നതൊക്കെ കൊള്ളാം, ബട്ട് ഡീസന്റായിരിക്കണം"
"മുണ്ടുണ്ടൊ കൈയില്‍..?"
"ഇല്ലെടാ സിജിനെ, പാന്റ്സ് പോരെ.."
"പോരാ പോരാ, നാളെ ഹിന്ദുമാര്യേജ് ആണ്. ഹിന്ദു മാര്യേജാക്ട് പ്രകാരം മുണ്ടുടുക്കാതെ പോകാന്‍ പറ്റില്ല. ഞങ്ങള്‍ കൊണ്ടുപോകില്ല", സിജിന്‍ നിര്‍ബന്ധം പറഞ്ഞതുകൊണ്ട് ഞാനും ജേസ്സിയും ഉണ്ടായിരുന്ന കാശൊക്കെ തപ്പിപെറുക്കി മുണ്ടുമേടിച്ചു വന്നു. രാവിലെ നേരത്തെ എണീക്കാന്‍ അലാറമൊക്കെ വച്ചുകിടന്നു. രാത്രി മുഴുവന്‍ എന്താണെന്നറിഞ്ഞൂടാ, ഞാന്‍ പാല്പായസമാണ് സ്വപ്നം കണ്ടത്.
രാവിലെ പതിനൊന്നുമണിയായപ്പോളേക്കും അവന്മാരെല്ലാം റെഡിയായി. കണ്ണാടിയുടെ മുന്‍പില്‍ നിന്നിരുന്ന എന്നെനോക്കി സതീഷ് പറഞ്ഞു.
"ഡാ, കല്യാണച്ചെറുക്കന്‍ വേറെ ഉണ്ട്. നിന്നെ കെട്ടിക്കാനല്ല കൊണ്ടുപോകുന്നത്. ഒന്നു വേഗം വാടാ"
ഗീതത്തില്‍ എത്താറായപ്പോള്‍ ചങ്കില്‍ ഒരു പെടപെടപ്പ്. താഴുത്തെ നിലയില്‍ ആണ് ഫുഡ്. അവിടെയെത്തിയപ്പോള്‍ ഊണ് നടക്കുന്നു. എല്ലാവരും എന്നെ കലിപ്പിച്ചു നോക്കി. അപ്പോള്‍ ഗീതത്തിലുണ്ടായിരുന്ന മച്ചാന്മാര്‍ നമ്മുടെ അടുത്തേക്കു വന്നു.
"ഡാ, പേടിക്കേണ്ട. മുഹൂര്‍ത്തം കഴിഞ്ഞു പെട്ടെന്നിറങ്ങേണ്ടതുകൊണ്ട് കല്യാണത്തിനു മുന്‍പൊരു പന്തിയുണ്ട്. അതാ ഇത്" അവന്മാര്‍ പറഞ്ഞു.
"മോനെ, നീ ദൈവത്തിനു നന്ദി പറ. നീ ജസ്റ്റ് ഇപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു", അനൂപാന്റണി എന്നോടു പറഞ്ഞു. ലേറ്റായതു ഞാന്‍ കാരണമാണെന്നു അറിയാവുന്നതുകൊണ്ടും ചിട്ടവട്ടങ്ങള്‍ എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ടും ഞാന്‍ സൈലന്റായി നിന്നു.
അപ്പോളാണ് ഒരു ചേട്ടന്‍ നമ്മളെത്തന്നെ നോക്കുന്നത് ഞാന്‍ കണ്ടത്.
"ഡാ, അവിടെ നിക്കുന്ന പച്ച ഷര്‍ട്ടുകാരന്‍ നമ്മളെത്തന്നെ നോക്കുന്നു"
"ഓ അങ്ങേരും നമ്മളെപ്പോലെ തന്നെടെ. എല്ലാത്തിനും വരാറുണ്ട്" സിജിനതു പറഞ്ഞപ്പോള്‍ എനിക്ക് ചെറുതായി ആശ്വാസമായി. കല്യാണംകൂടാന്‍ വേണ്ടി ഞങ്ങള്‍ മുകളിലെ നിലയിലെ ഓഡിറ്റോറിയത്തിലേക്ക് കയറി. വായിനോക്കി ഇരുന്നത്കൊണ്ട് എല്ലാവരും അടുത്തപന്തിക്കായി ഓടുന്നത് കണ്ടപ്പോളാണ് കല്യാണം കഴിഞ്ഞകാര്യം നമ്മളറിഞ്ഞത്. എല്ലാവരും ഓടി. ബട്ട് സീറ്റ് കിട്ടിയില്ല.സതീഷും സിജിനും അനൂപാന്റണിയും മുട്ടന്‍ കലിപ്പ്.
"ഈ എരണംകെട്ടവന്മാരെക്കൊണ്ടുവന്നപ്പോളെ വിചാരിച്ചതാ.." ഞാനും ജേസ്സിയും ഡെസ്പ്.
"വലിയ ഓഡിറ്റോറിയമാ. മൂന്നാമത്തെ പന്തിയുണ്ടാവുമൊ ആവൊ?" സിജിന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുമല്പം ഡെസ്പായി. രണ്ടാമത്തെ പന്തികഴിഞ്ഞപ്പോള്‍ പന്തികേടാകുമോ എന്നു ഞങ്ങള്‍ക്ക് ഡൌട്ടായി. അപ്പോളാണ് പച്ചഷര്‍ട്ട് ഇട്ട ആ ചേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
"നിങ്ങള്‍ കഴിച്ചൊ..ഇല്ലെങ്കില്‍ മൂന്നാമത്തെ പന്തിക്കിരുന്നോളൂ" ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങളെല്ലാം ഹാപ്പിയായി. എന്തു നല്ലചേട്ടന്‍. രണ്ടാമത്തെ പന്തിനടക്കുമ്പോളെ കൈ കഴുകി റെഡിയായി നിന്നതുകൊണ്ട് പ്രത്യേകം കൈ കഴുകാതെ ഞങ്ങള്‍ നേരെ അകത്തുകയറി.
അകത്തേക്ക് ഞങ്ങളുടെ ഒപ്പം ചേട്ടനും വന്നു.
"ഓ ചേട്ടനും കഴിച്ചില്ലായിരുന്നൊ?", സതീഷ് കുശലം ചോദിച്ചു. ചേട്ടന്‍ ചിരിച്ചു. അകത്തുകയറിയ ഞങ്ങള്‍ ഷോക്കായിപ്പോയി. അവിടെ പാര്‍ത്ഥസാരഥി അമ്പലത്തിനു മുന്‍പില്‍ കാണാറുള്ള ഭിക്ഷക്കാരെല്ലാം ഇരിക്കുന്നു.
"ഇരുന്നോളൂ, ഞങ്ങള്‍ക്ക് നിങ്ങളും അവരും ഒരുപോലാ....ഞാനാണ് ഇവിടുത്തെ കല്യാണത്തിനെല്ലാം ഫുഡ് റെഡിയാക്കുന്നയാള്‍, അല്ലാതെ നിന്നൊപ്പോലെ സദ്യ ഉണ്ണാന്‍ വരുന്നതല്ല..." ക്‌ര്‍ര്‍ര്‍..ഞങ്ങളെല്ലാം കീറിപ്പോയി. പതിയെ അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ചേട്ടന്‍ വിട്ടില്ല. എല്ലാത്തിനെയും ഇരുത്തി തീറ്റിച്ചു.
ബട്ട് എന്താണൊ എന്തൊ, സദ്യ വളരെ മോശമായിരുന്നു അന്ന്.
വാല്‍ക്കഷണം : അന്നു വീട്ടില്‍ വന്നപ്പോള്‍ ഞാനും ജേസ്സിയും പുതിയകുറെ മലയാളം വാക്കുകള്‍ സതീഷിന്റെയും സിജിന്റെയും അനൂപാന്റണിയുടെയും അടുത്തുനിന്നും പഠിച്ചു. ഹോസ്റ്റലിലെ ബാക്കിയുള്ള തെണ്ടികളെല്ലാം ആ സെമസ്റ്റര്‍ ഫുള്‍ ചിരിയായിരുന്നു. അവന്മാര്‍ക്ക് രാജേശ്വരി റെസ്റ്റോറന്റില്‍ നിന്നും ഞങ്ങളുടെ വക ചിക്കന്‍ബിരിയാണി സ്പോണ്‍സര്‍ ചെയ്തതുകൊണ്ട് കോളേജിലിറിയാതെ രക്ഷപ്പെട്ടു. എഞ്ചിനീയറി്‌ഗിന് പഠിക്കാനൊത്തിരി ഉണ്ടായിരുന്നതുകൊണ്ട് പിന്നെ ഞങ്ങള്‍ കല്യാണത്തിനൊന്നും പോയിരുന്നില്ല. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നതുപോലെ, ഛെ ഛെ.