Sunday, October 26, 2014

പ്രതികാരം

ഇനി രക്ഷയുണ്ടെന്നു തോന്നുന്നില്ല. മരണത്തെ സ്നേഹിച്ചു തുടങ്ങേണ്ട അവസ്ഥയാണ്‌ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട സമയം. ജീവിച്ചു കൊതിതീര്‍ന്നിട്ടായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഇത്രക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു. ഇതു ഒരു സാധാരണ മനുഷ്യന്‍ ജീവിക്കുന്നതിന്‍റെ പകുതി സമയം ആകുന്നതിനു മുന്‍പെ, ഒരിക്കലും ആഗ്രഹിക്കാത്തൊരു മരണം. ഇതും വിധിയാണൊ? എന്നെ ഓരൊ ദിവസവും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്‌. ഇത് ഞാന്‍ തന്നെ വരുത്തി വച്ചതാണ്. അതുകൊണ്ടുതന്നെ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, . ദൈവത്തെപ്പോലും!!!

ആ നശിച്ച ദിവസം ഞാന്‍ ഇന്നും മറക്കില്ല. അനാഥനായാണ്‌ ജീവിച്ചിരുന്നതെങ്കിലും ആരെയും പേടിക്കേണ്ട കാര്യമില്ലായിരുന്നു. അന്ന് ആ മഴയുള്ള ദിവസം പ്രലോഭനവുമായി അവന്‍ വന്നപ്പോള്‍, ഇതുവരെ സ്വപ്നം കാണാത്ത സൌഭാഗ്യങ്ങളെക്കുറിച്ച് വര്‍ണ്ണിച്ചപ്പോള്‍, വേറെയൊന്നും ചിന്തിക്കാന്‍ പറ്റിയില്ല. സുഖമെന്തെന്നറിയാത്ത ജീവിതത്തില്‍ നിന്നുമുള്ള ഒരു രക്ഷപെടല്‍ മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.

ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു, ആഗ്രഹിച്ചതുപോലെ ഒരു ജീവിതം തന്നെയായിരുന്നു. പെട്ടെന്നാണ്‌ എല്ലാം തകിടം മറിഞ്ഞത്. ഇപ്പോള്‍ ആഹാരത്തിന്‍റെ ഒപ്പം കിട്ടുന്നത് വിഷമാണ്‌. അറിഞ്ഞിട്ടും കഴിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഒറ്റയടിക്കു കൊന്നിരുന്നെങ്കില്‍ ഈ നശിച്ച വേദന സഹിക്കേണ്ടി വരില്ലായിരുന്നു. ഇത് സ്ലൊ പോയിസനിംഗ്, ശരീരത്തെ മുഴുവന്‍ ഇഞ്ചിഞ്ചായി ഞെരിച്ചില്ലാതാക്കുന്നു.

ഇനി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം, എങ്കിലും ചേട്ടനൊന്നു വന്നിരുന്നെങ്കില്‍, രക്ഷപ്പെട്ടില്ലെങ്കിലും പൊരുതി മരിക്കാമായിരുന്നു. ഇവരില്‍ ഒന്നുരണ്ടു പേരെയെങ്കിലും കൊന്നിട്ടാണ്‌ മരിക്കുന്നതെന്ന് ആശ്വസിക്കാമായിരുന്നു. പക്ഷെ ചേട്ടനെക്കുറിച്ചു ഒരറിവുമില്ല, എവിടെയാണെന്നൊ എന്താണെന്നൊ ജീവിച്ചിരുപ്പുണ്ടൊ എന്നുപോലും. മരിച്ചിട്ടുണ്ടാവില്ല എന്നു കരുതുന്നു, അത്രക്ക് ശക്തനാണ്‌ ചേട്ടന്‍, എവിടെയും ചെറുത്തു നിന്നിട്ടെയുള്ളു, നശിപ്പിക്കാന്‍ വന്ന എത്രപേരെ ചേട്ടന്‍ കൊന്നിരിക്കുന്നു. മരണത്തിന്‍റെ വക്കില്‍ നിന്നും എത്രയൊ വട്ടം അതി സമര്‍ത്ഥമായി രക്ഷപ്പെട്ടിരിക്കുന്നു. ഇന്നും ചേട്ടന്‍റെ പേരു കേട്ടാല്‍ വിറയ്ക്കാത്തവരില്ല.

മരണത്തെ പേടിച്ചുള്ള ഈ ജീവിതം മരണത്തേക്കാള്‍ ഭയാനകമാണ്‌. ഇനി ഏറിയാല്‍ ഈ ഒരു രാത്രിയും പകലും കൂടെ, 5 ദിവസത്തെ സ്ലോ പോയിസണ്‍ ഡോസ്സ് ഇന്നു തീരുകയാണ്‌. ഒന്ന് എണീറ്റു നില്‍ക്കാന്‍ പോലും പറ്റുന്നില്ല. കണ്ണുകളില്‍ ആകെ ഇരുട്ടു കയറുന്നതുപോലെ. ഇവരുടെ സന്തോഷമാണ്‌ ഒട്ടും സഹിക്കാന്‍ വയ്യാത്തത്. ഞാന്‍ മരിക്കുന്നതു കണ്ടു രസിക്കുന്നു - സാഡിസ്റ്റുകള്‍!!!

അതാ വരുന്നുണ്ട്, എനിക്കുള്ള ഒടുക്കത്തെ അത്താഴവുമായി, അവസാനത്തെ ഡോസ്സും ഇന്നതിനൊപ്പം തരും. എത്ര വലിയ കുറ്റവാളിക്കും അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാറുണ്ട്, ഹൊ മറന്നു അതിനിതു ജയിലല്ലല്ലൊ. ചേട്ടന്‍ വരുമെന്നുള്ള പ്രതീക്ഷ ഇനിയില്ല, എന്നാലും... ആഗ്രഹങ്ങള്‍ക്കു മാത്രം മരണമില്ലല്ലൊ. അവസാന ഡോസ്സും കഴിച്ചു. ഇനിയുറങ്ങാം, മരണം ഈ ഉറക്കത്തില്‍ വന്നെന്നെ പുല്‍കിയിരുന്നെങ്കില്‍. ആ നിമിഷത്തെ അഭിമുഖീകരിക്കാന്‍ ഇനിയും ധൈര്യം വന്നിട്ടില്ല.

എത്ര നേരം കഴിഞ്ഞുവെന്നറിയില്ല, പതിയെ നേരം വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു. രാത്രി മുഴുമിക്കുമെന്നു കരുതിയതല്ല. പക്ഷെ ഇനി ഇപ്പോള്‍ ഏതു നിമിഷവും ശേഷിക്കുന്ന ഈ ചിന്തയും നില്‍ക്കും. ഇവരെല്ലാം അതിനു റെഡിയായിക്കൊണ്ടിരിക്കുന്നു. ശ്വാസമെടുക്കാന്‍ തീരെ പറ്റുന്നില്ല. എത്തിക്കഴിഞ്ഞെന്നു തോന്നുന്നു.ഒരിക്കലും തുറക്കാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ട് കണ്‍പീലികള്‍ അടഞ്ഞു തുടങ്ങിയപ്പോളാണ്‌ ദൂരെ ഒരു മിന്നലാട്ടം പോലെ - ചേട്ടന്‍.

മരിക്കുന്ന ഈ നിമിഷത്തിലും, സന്തോഷിക്കാനൊരവസരം, ഇനി ചേട്ടന്‍ എനിക്കു വേണ്ടി പ്രതികാരം ചെയ്തുകൊള്ളും. മരണത്തിലേക്ക് ഓടിക്കയറുമ്പോളും ചേട്ടനെക്കണ്ടു പേടിച്ചവര്‍ പരസ്പരം സംസാരിച്ചത് എന്‍റെ ചുണ്ടില്‍ പുഞ്ചിരിയുണര്‍ത്തി.

"എടൊ, ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല. തന്‍റെ ബ്ലഡ് ടെസ്റ്റ് റിസല്‍വന്നു. ജലദോഷത്തിന്‍റെ വൈറല്‍ പനി മാറി, പക്ഷെ ചിക്കന്‍ ഗുനിയ ആയി, ഇപ്പോള്‍ മാറിയവന്‍റെ ചേട്ടനായിട്ടു വരും!!!"

Friday, October 24, 2014

അര്‍ദ്ധവിരാമം

പതിവുപോലെ പാഴ്സല്‍ വന്ന് അത്താഴം കഴിഞ്ഞപ്പോഴേക്കും രാത്രി പതിനൊന്നു മണി കഴിഞ്ഞു. സഹമുറിയന്‍ വാര്‍ഷികാവധിക്കു നാട്ടില്‍ പോയതിനു ശേഷം ഒരുവിധം എല്ലാ ദിവസവും ഇതു തന്നെയാണ്‌ അത്താഴ സമയം. വൈകുന്നേരം ഓഫീസില്‍ നിന്നു വന്നതിനു ശേഷം വീട്ടില്‍ വിളിക്കല്‍ കഴിഞ്ഞാല്‍ പിന്നെ ടെലിവിഷനു മുന്‍പിലിരുന്ന് സമയം പോകുന്നതെ അറിയില്ല. കൂടുതല്‍ റേറ്റിംഗും മറ്റും കിട്ടാന്‍ ചാനലുകാരുടെ മത്സരം ജീവിതത്തിന്‍റെ നല്ലൊരു സമയം തന്നെ ഊറ്റിയെടുക്കുന്നു. ദുബായിലെ ഈ തിരക്കുള്ള ജീവിതത്തിനിടയില്‍ ഞാന്‍ ഈ ഫ്ലാറ്റില്‍ തികച്ചും ഒറ്റക്ക്, എന്തെങ്കിലും ആപത്തു വന്നാല്‍പ്പോലും ഒരു മനുഷ്യനും അറിയില്ല. മരിച്ചു കിടന്നാല്‍ പോലും മിനിമം ഒന്നു രണ്ടു ദിവസം പോലും ആരും അറിയില്ല, ജയിലുകളില്‍ പോലും ചിലപ്പോള്‍ ഈ ഏകാന്തത ഉണ്ടാവില്ലായിരിക്കും.

ചിന്തകള്‍ കാടു കയറി പിന്നെയും സമയം പോയി. പാഴ്സലില്‍ മിച്ചം വന്നത് അടുക്കളയിലെ വേസ്റ്റ്ബിന്നിലിടാന്‍ വേണ്ടി അടുക്കള വാതില്‍ തുറന്നപ്പോളെ ഒരു മനംമടുപ്പിക്കുന്ന മണമടിച്ചു. 3-4 ദിവസത്തെ പാഴ്സല്‍ വേസ്റ്റ് അതുപോലെ കിടക്കുന്നതിന്‍റെയാണ്. ഇന്നു തന്നെ ഇതു കൊണ്ടുപോയി ഗാര്‍ബേജ് റൂമില്‍ ഇട്ടില്ലെങ്കില്‍ പിന്നെ ആകെ ചീഞ്ഞു നാറും.

ഗാര്‍ബേജ് റൂം ഫ്ലാറ്റിന്‍റെ ഒരു മൂലയിലാണ്. നീളമുള്ള ഇടനാഴിയില്‍ ഒരല്പം വെളിച്ചം പോലുമില്ല, ഒരു മനുഷ്യനെപ്പോലും കാണാനുമില്ല. വേസ്റ്റിന്‍റെ മനംമടുപ്പിക്കുന്ന രൂക്ഷ ഗന്ധം എന്നെ ഗാര്‍ബേജ് റൂമിലേക്ക് ആഞ്ഞു നടത്തിച്ചു.

ഗാര്‍ബേജിന്‍റെ മണം പുറത്തു പോകാതിരിക്കാനാകും, നല്ല ബലം പ്രയോഗിച്ചാലെ അതിന്‍റെ വാതില്‍ തുറക്കുകയുള്ളു. ജനാലയും ലൈറ്റും ഒന്നുമില്ലാത്ത ഒരു ഇടുങ്ങിയ റൂം, ഒരു വശത്ത് വേസ്റ്റ് പുറത്തേക്കു തള്ളാനുള്ള ഒരു ഓപ്പണര്‍ ഉണ്ട്. പക്ഷെ പലരും വേസ്റ്റ് റൂമിലിട്ടിട്ട് പോകാറേയുള്ളു. ഞാനെന്തായാലും വേസ്റ്റ് ഓപ്പണര്‍ തുറന്ന് പുറത്തേക്കിട്ടു. ആ സമയത്തിനുള്ളില്‍ തന്നെ ശ്വാസം മുട്ടുന്ന ഫീല്‍. റൂമില്‍ കുറച്ചു നേരം നിന്നാല്‍ തന്നെ ശ്വാസം മുട്ടി മരിച്ചു പോകുമെന്നു തോന്നുന്നു.

എത്രയും വേഗം അവിടെ നിന്നു പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ മനസ്സില്‍ ഐസ് വച്ചതുപോലെ, വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. എത്ര ശക്തിയായിട്ട് വലിച്ചിട്ടും തുറക്കാന്‍ പറ്റുന്നില്ല. മണമടിക്കാതിരിക്കാന്‍ ശ്വാസം പിടിച്ചതുകൊണ്ട്‌ ശരിക്കും വീര്‍പ്പുമുട്ടി. ഗാര്‍ബേജ് റൂമില്‍ ഓക്സിജന്‍ ഇല്ലെന്നു തോന്നല്‍ അല്ലെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് മനസ്സിലായി.

ചീഞ്ഞ ഫുഡിന്‍റെ മനംമടുപ്പിക്കുന്ന രൂക്ഷ ഗന്ധം എന്നെ കൂടുതല്‍ തളര്‍ത്താന്‍ തുടങ്ങി. വീണ്ടും വാതില്‍ തുറക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി. ദൈവമെ ഇങ്ങനെ മരിക്കാനാണൊ എന്‍റെ വിധി. ഒരു നിമിഷംകൊണ്ട് ജീവിതത്തില്‍ നിന്നും മരണത്തിന്‍റെ വക്കിലെത്തിയതുപോലെ. എന്നെ വിയര്‍ത്തു കുളിക്കാന്‍ തുടങ്ങി. തൊണ്ടായാകെ വറ്റി വരണ്ടു. ഓപ്പണര്‍ തുറന്നു നോക്കി, വെളിച്ചത്തിന്‍റെ ഒരു നാമ്പുപോലും കാണുന്നില്ല.

അമ്മയെയും അച്ഛനെയേയും സഹോദരങ്ങളെയും ഓര്‍മ്മ വന്നു. അവരെ ഇനി കാണാന്‍ പറ്റില്ലെ എനിക്കെന്ന ചിന്ത എന്നെക്കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരുന്നു. എല്ലാ ഭിത്തിയിലും കൈ കൊണ്ട് ഞാന്‍ പരതിനോക്കി, ഇല്ല ഒരു ചെറിയ സുഷിരം പോലുമില്ല.

മൊബൈല്‍ എടുത്തിരുന്നെങ്കില്‍. കാലുകള്‍ തളരാന്‍ തുടങ്ങി. തല കറങ്ങുന്നതുപോലെ, ഞാന്‍ പതിയെ തറയില്‍ ഇരുന്നു. കാലില്‍ എന്തോ കടിച്ചതുപോലെ, എലിയാണെന്നു തോന്നുന്നു. പ്രതികരിക്കാന്‍ പറ്റുന്നില്ല.

വാതില്‍ തട്ടി നോക്കി. ഇല്ല ആരും കേള്‍ക്കുന്നില്ല. നിലവിളിച്ചിട്ടും പ്രയോജനം ഉണ്ടെന്നു തോന്നണില്ല. വീക്കെന്‍റായതു കൊണ്ട് ആരും ഇന്നിനി ഈ വഴിക്കു വരുമെന്നു തോന്നണില്ല. ഇനി നാളെ ഉച്ചെയെങ്കിലും ആകേണ്ടി വരും. അതുവരെ ഞാന്‍ ജീവിചിരിക്കുമെന്ന് തോന്നുന്നില്ല.

നഷ്ടപ്പെടാന്‍ പോകുന്ന ദിവസങ്ങളും സ്വപ്നങ്ങള്‍ക്കും ഇങ്ങനെയൊരവസാനം, എനിക്കു ചിന്തിക്കാന്‍ പറ്റുന്നില്ല. വെറുതെ കളഞ്ഞ ദിവസങ്ങളും മടി പിടിച്ചിരുന്ന സമയങ്ങളും ഓര്‍ത്തു കുറ്റബോധം കൊണ്ടെന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശ്വാസം നിന്നുപോകുന്നതുപോലെ, മരിക്കാന്‍ ഞാന്‍ തയ്യാറെടുത്തു. ഇനി പുതിയ സ്ഥലം, നരകമെന്നൊ സ്വര്‍ഗ്ഗമെന്നൊ അങ്ങനെയെന്തൊ, മരണം കഴിഞ്ഞെന്തു സംഭവിക്കുമെന്നറിയാനുള്ള ആകാംഷയില്‍ മരണത്തെ ഞാന്‍ ഇഷ്ടെപ്പെടാന്‍ ശ്രമിച്ചു, അതിനെ നേരിടാന്‍ ഞാന്‍ മനസ്സു കൊണ്ട് തയ്യാറെടുത്തു.

ചെയ്ത എല്ലാ തെറ്റുകള്‍ക്കും ദൈവങ്ങളോടു ക്ഷമ പറഞ്ഞു പ്രാര്‍ത്ഥിച്ചു.  എലി റൂമിനു ചുറ്റും ഓടിക്കൊണ്ടിരുന്നു, ഒരിക്കലവന്‍ കാലില്‍ വന്നു കടിച്ചുപ്പോളാണ്‌ കാലു നിവര്‍ത്തിയത്. കാലു ശ്ക്തിയായി വാതിലില്‍ ഇടിച്ചപ്പോളാണ്‌ ശ്രദ്ധിച്ചത്, വാതിലിനൊരു ഇളക്കം. വെളിച്ചത്തിന്‍റെ ഒരു നാമ്പ് ഒരു നിമിഷത്തേക്ക് ഗാര്‍ബേജ് റൂമിലേക്ക് അരിച്ചിറങ്ങി. ഞാന്‍ പ്രതീക്ഷയോടെ നെഞ്ചിടിപ്പോടെ വാതിലില്‍ ശക്തിയായി തള്ളി, വാതില്‍ പതിയെ തുറന്നു വന്നു.

"ഹൊ, ഇതു പുറത്തേക്കായിരുന്നൊ തുറക്കേണ്ടിയിരുന്നത്?"

കുറച്ചു മുന്‍പ് അല്പം കൂടെ ശക്തിയായി തട്ടിയിരുന്നെങ്കില്‍ ഇത്ര നേരം ടെന്‍ഷന്‍ അടിക്കേണ്ടിയിരുന്നില്ല. ഇത്ര നേരം വാതില്‍ വലിച്ചു തുറക്കാന്‍ മാത്രമാണൊ ഞാന്‍ ശ്രമിച്ചതെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായില്ല.മരണത്തിന്‍റെ മുഖത്തില്‍ നിന്നും ജീവിതത്തിലേക്ക്.

ഞാന്‍ റൂമിലേക്ക് ഓടി, വാതില്‍ അടച്ച് ടിവിയുടെ മുന്‍പില്‍ ഇരിക്കുമ്പോളും എന്‍റെ കിതപ്പു മാറിയിരുന്നില്ല.

ചിരിക്കും തളികയുടെ സമയം. ജഗതിയുടെ ഒരു തമാശയില്‍ ഞാന്‍ വീണ്ടുമെല്ലാം മറന്നു ചിരിക്കുമ്പോള്‍ പിന്നെയും ടിവിയുടെ മുന്‍പിലിരുന്നു സമയം കളയുന്നതിനെക്കുറിച്ച് അല്പം മുന്‍പ് ഉണ്ടായ കുറ്റബോധം എന്‍റെ മനസ്സിലല്‍പം പോലുമുണ്ടായിരുന്നില്ല.

Sunday, March 16, 2014

വിധേയന്‍

ദൈവമെ, ഇന്നും രക്ഷയുണ്ടെന്നു തോന്നുന്നില്ല. ഇന്നലത്തെ ക്ഷീണം ഇനിയും മാറിയിട്ടില്ല, ഇങ്ങനെ പോയാല്‍ ഈ ലോകത്ത് ആദ്യമായി ഇങ്ങനെ മരിക്കുന്നയാള്‍ ഞാനകുമെന്ന് തോന്നുന്നു. ഈ നരകത്തില്‍ നിന്നെന്നെ രക്ഷിക്കാന്‍ ഈശ്വരനു പോലും പറ്റുമെന്നു തോന്നുന്നില്ല.

ശരീരമാകെ ഒടിഞ്ഞു നുറുങ്ങുന്ന വേദന. നടുവനക്കാന്‍ വയ്യ.

"എടാ, ചന്ദ്രാ.....രാമുവിനെ ഇതുവരെ റെഡിയാക്കിയില്ലേ?"

ദാക്ഷായണിക്കുഞ്ഞമ്മയുടെ ശബ്ദം കേട്ടു രാമു ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നു. രാമുവിനു ഇറങ്ങി ഓടണമെന്നുണ്ട്, എണീറ്റ് നില്‍ക്കാന്‍ കൂടെ പറ്റുന്നില്ല.

"ഇപ്പോള്‍ റെഡിയാക്കാം കുഞ്ഞമ്മാ..." ചന്ദ്രന്‍ ചേട്ടനാണ്. ഈ വീട്ടില്‍ എന്നോടല്പമെങ്കിലും സ്നേഹമുള്ള ഒരേ ഒരാള്‍. ചന്ദ്രന്‍ ചേട്ടന്‍ ഇവിടെയുള്ളതുകൊണ്ട് മാത്രമാണ്‌ ജീവന്‍ നിലനിന്നു പോകുന്നത്. സമയത്ത് കുറച്ചെങ്കിലും ആഹാരം കിട്ടുന്നത് ഈ മനുഷ്യന്‍ ഉള്ളതുകൊണ്ട് മാത്രമാണ്.

പക്ഷെ ചന്ദ്രന്‍ ചേട്ടനിപ്പോള്‍ തീരെ വയ്യ. 50 വയസ്സ് കഴിഞ്ഞതേയുള്ളൂവെങ്കിലും 70 വയസ്സിനു മേലെ തോന്നിക്കും. ചന്ദ്രന്‍ ചേട്ടനു വല്ലതും പറ്റിക്കഴിഞ്ഞാല്‍ പട്ടിണികിടന്നാണൊ മരിക്കുക അല്ലെങ്കില്‍ ഈ നശിച്ച ജോലി ചെയ്താണോ മരിക്കുക എന്നറിഞ്ഞൂടാ.

ദാക്ഷായണിക്കുഞ്ഞമ്മയ്ക്ക് ഒരു ദയയുമില്ല. എത്രയും കസ്റ്റമേഴ്സിനെ കിട്ടുന്നതൊ അത്രയും സന്തോഷം. ചന്ദ്രന്‍ ചേട്ടനാണ്‌ നല്ല ആരോഗ്യമുണ്ടെങ്കിലെ കസ്റ്റമേഴ്സ് വരൂ, എങ്കിലെ കൂടുതല്‍ കാശുണ്ടാക്കാന്‍ പറ്റു എന്നൊക്കെ പറഞ്ഞു ദാക്ഷായണിക്കുഞ്ഞമെയെ വിശ്വസിപ്പിച്ച് എനിക്ക് വേണ്ട ആഹാരമെല്ലാം സമയത്ത് തരുന്നത്. രാമുവിന്‌ ചന്ദ്രന്‍ ചേട്ടനാണെല്ലാം.

ദാക്ഷായണിക്കുഞ്ഞമ്മ വളരെ ചെറുപ്പത്തിലെ രാമുവിനെവളര്‍ത്താനെന്നു പറഞ്ഞു കൊണ്ടുവന്നതാണ്. മുറുക്കി ചുവപ്പിച്ചു വലിയ മൂക്കുത്തിയൊക്കെയിട്ടു അന്നെന്നെ വാങ്ങാന്‍ വന്നത് ഇപ്പോളും ഓര്‍ക്കുന്നു. കിങ്ങിണിയേയും ചക്കരയേയും ദാമുവിനെയും ഒക്കെ വിട്ടു പോരാന്‍ ശരിക്കു വിഷമമായിരുന്നു. പക്ഷെ എന്നെങ്കിലും ആരെങ്കിലുമൊക്കെ വന്നു ഞങ്ങളെ ഓരോരുത്തരെയും കൊണ്ടുപോകുമെന്നറിഞ്ഞാണ്‌ ഞങ്ങളെല്ലാവരും വളര്‍ന്നത്. കുഞ്ഞമ്മയുടെ അന്നത്തെ സ്നേഹപ്രകടങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും നല്ലൊരു ജീവിതം ആഗ്രഹിച്ചുപോയി. ചന്ദ്രന്‍ ചേട്ടനും അന്നു വന്നിരുന്നു.

ആദ്യമൊക്കെ ആഗ്രഹിച്ചതിലും കൂടുതല്‍ സ്നേഹവും കരുതലും എല്ലാരുടെയടുത്തുനിന്നും കിട്ടി. കുഞ്ഞമ്മയ്ക്കായിരുന്നു ഏറ്റവും സ്നേഹം.എനിക്കു മാത്രമായൊരു മുറി, നല്ല ഭക്ഷണം അങ്ങനെ ആഗ്രഹിച്ചത് എല്ലാം എല്ലാം.

എനിക്ക് പ്രായപൂര്‍ത്തിയായതോടെ കുഞ്ഞമ്മയുടെ വിധം മാറി. ആദ്യമൊക്കെ സ്നേഹപൂര്‍വമാണ്‌ എന്നെ ഈ ജോലിക്ക് നിര്‍ബന്ധിച്ചത്. എന്നെ വളര്‍ത്തി വലുതാക്കിയതുകൊണ്ട് ഇഷ്ടമല്ലാതിരുന്നിട്ടും എന്‍റെ കടമെയെന്നുകരുതിയാണ്‌ ഞാനിതിന്‌ വഴങ്ങിയിരുന്നത്. നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന എനിക്കിത് ചിന്തിക്കാനെ പറ്റാത്ത ജോലിയായിരുന്നു. ജോലി എന്നാണൊ ഇതിനു പറയുക?

ആദ്യമൊക്കെ എനിക്കിഷ്ടപ്പെടുന്ന കസ്റ്റമേഴ്സിനെ എനിക്കു തിരഞ്ഞെടുക്കാമായിരുന്നു. കാശു നന്നായി വരാന്‍ തുടങ്ങിയതോടെ കുഞ്ഞമ്മയുടെ വിധം മാറി. എതിര്‍ത്തപ്പോള്‍ അടിച്ച് ഇഞ്ചപ്പരുവമാക്കി.
ചന്ദ്രന്‍ ചേട്ടനാണ്‌ എപ്പോളും രക്ഷയ്ക്കെത്തുക. ശരീരം പോയാല്‍ ഈ ജോലിക്കു കൊള്ളില്ലല്ലൊ. അതു പറയുമ്പോളാണ്‌ കുഞ്ഞമ്മയൊന്നടങ്ങുക. കുഞ്ഞമ്മയെ എതിര്‍ക്കാന്‍ ഒട്ടും വയ്യ, രണ്ടാണീന്‍റെ ശക്തിയാണവര്‍ക്ക്. അന്നു തുടങ്ങിയതാണ്‌ ചന്ദ്രന്‍ ചേട്ടനോടുള്ള അടുപ്പം.

ഒരിക്കല്‍ ഈ നരകത്തില്‍ നിന്നും രക്ഷപെടാനൊരു ശ്രമം നടത്തിയതാണ്. കുഞ്ഞമ്മയുടെ മല്ലന്മാരുടെ കൈകളിലെത്തി. അന്ന് കണക്കിനു കിട്ടിയതാണ്‌, ചന്ദ്രന്‍ ചേട്ടനുപോലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീടെപ്പോളും മല്ലന്മാരുടെ കാവലുണ്ടാകും.

ലോകം ഇങ്ങനെ മാറിമറിയുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പണ്ടൊക്കെ ആണുങ്ങളായിരുന്നു എല്ലായിടത്തും മുന്‍പില്‍. ആണുങ്ങളാണ്‌ എപ്പോളും സ്ത്രീകളെ കീഴ്പ്പെടുത്തിയിരുന്നത്. കസ്റ്റമേഴ്സായി പോയിരുന്നത് ആണുങ്ങളായിരുന്നു. ഇപ്പോളെല്ലാം തലകീഴായി മറിഞ്ഞു.

വംശം നിലനിര്‍ത്താനാണെന്ന വ്യാജേനയാണ്‌ ഓരൊ അവളുമാരുമിവിടെ വരുന്നത്. ചില അവളുമാരൊന്നും കുളിക്കുക പോലും ചെയ്യാതെയാണ്‌ വരുന്നത്. ശ്വാസം മുട്ടും, ആ ഒരു മണമടിക്കുമ്പോള്‍. ശവങ്ങള്‍ക്കൊന്നു കുളിച്ചിട്ടു വന്നുകൂടെ എന്നു തോന്നും. ചിലതുങ്ങള്‍ക്ക് എത്ര ചെയ്താലും ശരിയാകില്ല, വലിയ കറുത്ത തടിച്ചികള്‍. അറപ്പുതോന്നും കണ്ടാല്‍ തന്നെ.

എത്ര നാള്‍ ഇങ്ങനെ ജീവിക്കുമെന്നറിയില്ല. വെറുത്തുപോയി ഈ ജീവിതം. ഒരു കാലത്ത് ആണുങ്ങള്‍ ആഗ്രഹിച്ചു നടന്നിട്ടുള്ള കാര്യമാണിവിടെ എന്നെ വെറുപ്പിക്കുന്നതെന്ന് ചിന്തിക്കുമ്പോള്‍ തന്നെ സങ്കടം വരുന്നു. കുഞ്ഞമ്മയ്ക്ക് കാശിനോടുള്ള ആര്‍ത്തി മരിച്ചാലും അടങ്ങില്ല എന്നു തോന്നു.

ഇവിടെ അടുത്ത പ്രദേശങ്ങളിലൊന്നും എന്നെപ്പോലെ ലക്ഷണമൊത്ത ആരുമില്ലെന്നു പറയുന്നു. നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ എല്ലാ ലക്ഷണവും തികഞ്ഞയാളാണെന്ന് പറയുന്നു ചന്ദ്രന്‍ ചേട്ടന്‍ പോലും. സൌന്ദര്യമൊരു ശാപമായി മാറുമെന്നത് എന്‍റെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായി.

"എടാ ചന്ദ്രാ, ഇതുവരെ റെഡിയായില്ലെ?" കുഞ്ഞമ്മ അലറി.

രാമു ഞെട്ടിപ്പിടഞ്ഞെണീറ്റു. ജനാലയ്ക്കിടയിലൂടെ വെളിയിലേക്ക് നോക്കി. കസ്റ്റമേഴ്സ് എന്നു പറയുന്ന ശവങ്ങളുടെ തിരക്കിനൊരു കുറവുമില്ല.

ചന്ദ്രന്‍ ചേട്ടന്‍ ആഹാരവുമായി വന്നു. വെള്ളപ്പാത്രം രാമുവിന്‍റെ മുന്‍പിലേക്ക് നീക്കി വച്ചു.

"ഡാ കുട്ടാ, വേഗം കുടിച്ച് റെഡിയാകു, ഇന്നു കുറച്ചു പേരെ ഉള്ളൂ"

കള്ളം പറയാന്‍ ചന്ദ്രന്‍ ചേട്ടന്‍ ഇനിയും പഠിച്ചിട്ടില്ല, ശബ്ദത്തിലെ ഇടര്‍ച്ച നന്നായി അറിയാം. രാമു ചന്ദ്രന്‍ ചേട്ടനെ നോക്കി വിളിച്ചു,

"മ്‌മേ.....മ്‌മേ...."

ചന്ദ്രന്‍ ചേട്ടന്‍ വായില്‍വച്ചു തന്ന രണ്ട് പ്ലാവില ചവച്ചിറക്കുമ്പോള്‍ രാമു അന്നത്തേയ്ക്ക് വേണ്ടി മാനസ്സുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു.

Friday, August 2, 2013

തപസ്സ്

"സുലൂ..."

അലക്കിയ തുണി മുഴുവന്‍ ടെറസ്സില്‍ വിരിക്കുകയായിരുന്നു സുലോചന, അയല്‍ക്കാരിയും ഉറ്റ ചങ്ങാതിയുമായ ശാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

"എന്താടി, എന്തിനാ നീ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്?"

"എടി സുലൂ, സംഗതി സത്യമാണെടി. 11 A യിലെ മായ ടീച്ചറും സുരേഷ് സാറും തിരിച്ചെത്തി. സുരേഷ് സാറിന്‍റെ ക്യാന്‍സര്‍ ഒക്കെ ഭേദമായി എന്നാ കേള്‍ക്കുന്നത്."

"സത്യമാണൊ ശാന്തി നീ ഈ പറയുന്നത്? RCCയില്‍ നിന്നു വരെ രക്ഷിക്കാന്‍ പറ്റില്ല എന്നു പറഞ്ഞു തിരിച്ചയച്ചതാണല്ലൊ, എങ്ങനെ ഭേദമായി ഇപ്പോള്‍"

"ഏറ്റുമാനൂര്‍ തേവരുടെ അനുഗ്രഹമാണെന്നാ പറയുന്നത്. മായ ടീച്ചര്‍ എപ്പോളും അവിടെയായിരുന്നല്ലൊ"

"പിന്നെ, ഡോക്ടര്‍മാര്‍ ഒട്ടും രക്ഷിക്കാന്‍ പറ്റില്ലെന്നല്ലെ പറഞ്ഞത്"

"സുലു, മായ ടീച്ചര്‍ ഒരു ദിവസം തൊഴാന്‍ ചെന്നപ്പോള്‍ സന്യാസിയെപ്പോലെ ഒരാളെ അവിടെ വച്ചു കണ്ടെന്നും അദ്ദേഹം തപസ്സ് ചെയ്യാന്‍ ഉപദേശിച്ചുമത്രെ. അങ്ങിനെ മായ ടീച്ചര്‍ തപസ്സു ചെയ്തെന്നും മൂന്നുമാസ്സം കഴിഞ്ഞപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടനുഗ്രഹിച്ചെന്നും അങ്ങനെ അസുഖം മാറിയെന്നും പറയുന്നത്"

"തപസ്സൊ, ഹ ഹ ഹ..നിനക്ക് വട്ടായൊ? അതൊക്കെ പുരാണങ്ങളില്‍ ഉള്ള കാര്യമല്ലെ? അതിലാണെങ്കില്‍ തന്നെ വര്‍ഷങ്ങളോളം തപസ്സ് ചെയ്യുമ്പോളാണ്‌ ദൈവം പ്രത്യക്ഷപ്പെടുന്നത് തന്നെ. ഇതിപ്പോള്‍ മൂന്നു മാസ്സം കൊണ്ട് ദൈവം പ്രത്യക്ഷപ്പെട്ടൊ? നിനക്കു വട്ടാ ഇതൊക്കെ വിശ്വസിക്കാന്‍"

"സുലു, എന്നോട് 7Dയിലെ രത്നമ്മ ചേച്ചിയാണ്‌ ഇതെല്ലാം പറഞ്ഞത്. സത്യമാണൊ എന്തോ, പക്ഷെ സുരേഷ് സാറിനെ ഞാനിപ്പോള്‍ കണ്ടിരുന്നു. അസുഖത്തിന്‍റെ യാതൊരു ലക്ഷണവുമില്ല. മുടിയൊക്കെ നന്നായി വളര്‍ന്നിട്ടും ഉണ്ട്"

"എന്‍റെ ശാന്തി, നീ ഒരു പൊട്ടിപ്പെണ്ണ്‌ തന്നെ. വേറെ ജോലിയൊന്നും ഇല്ലേ"

സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു ശാന്തി താഴേക്കു നോക്കി.

"എടി, രഘുവേട്ടന്‍ വന്നു. ഞാന്‍ പോകട്ടെ. വൈകുന്നേരം സുരേഷ് സാറിന്‌ സെക്രട്ടറിയുടെ ഒക്കെ വക സ്വീകരണമുണ്ട്. അവിടെ വച്ചു കാണാം"

സുലോചനൊക്കൊന്നും മനസ്സിലായില്ല. ആകെ മൊത്തം കണ്‍ഫ്യൂഷന്‍.ഇന്നത്തെക്കാലത്ത് ആരെങ്കിലുമൊക്കെ തപസ്സു ചെയ്യുമൊ? അതും ഭക്ഷണമൊന്നും കഴിക്കാതെ എങ്ങനെ? ച്ഛെ ഞാനൊന്തൊക്കെയാണ്‌ ഈ ചിന്തിച്ചു കൂട്ടുന്നത്. ഒന്നുകില്‍ അയാള്‍ക്ക് ഇത്ര നാള്‍ ക്യാന്‍സര്‍ ഉണ്ടെന്നൊക്കെ പറഞ്ഞതു വെറും കള്ളത്തരമായിരിക്കും. അല്ലെങ്കില്‍ മരുന്നിലൂടെ തന്നെ മാറിക്കാണും. ആ മണ്ടുപ്പെണ്ണീനെ രത്നമ്മ പറ്റിച്ചതു തന്നെ. സുലോചനക്ക് ചിരി വന്നു. എന്തായാലും വൈകുന്നേരം പാര്‍ട്ടിക്കു പോകാം.

വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു റെഡിയായി സുലോചന എത്തിയപ്പോളെക്കും സ്വീകരണചടങ്ങു തുടങ്ങിയിരുന്നു. ശാന്തി അടുത്തു തന്നെ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. സെക്രട്ടറി സുരേഷ് സാറിന്‌ ദീര്ഘായുസ്സ് ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തി.

തിരിച്ച് റൂമിലെത്തിയപ്പോള്‍ സുലോചന ആകെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. മായ ടീച്ചറും സുരേഷ് സാറും തപസ്സിനെപ്പറ്റി ഒന്നും പറഞ്ഞില്ല. എല്ലാം ഏറ്റുമാനൂരപ്പന്‍റെ അനുഗ്രഹം എന്നു രണ്ടുപേരും പറഞ്ഞു. മായ ടീച്ചറിന്‍റെ ശബ്ദത്തിലെ ദൃഡത, ഒന്നും മനസ്സിലാകുന്നില്ലലൊ ഭഗവാനെ. സുരേഷ് സാര്‍ പണ്ടത്തേതിനേക്കാളും ആരോഗ്യവാനും സുന്ദരനുമായിട്ടുണ്ട്. 29 വയസ്സായ എന്‍റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. നശിച്ച ചൊവ്വാദോഷാം.

അത്താഴം ഒരുവിധം കഴിച്ചെന്നു വരുത്തി സുലോചന ഉറങ്ങാന്‍ കിടന്നു. എന്‍റെ മുന്‍പിലും ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് വരം തന്നിരുന്നെങ്കില്‍. ഈ ബോറിംഗ് ജീവിതം മാറ്റി നല്ലൊരു ജീവിതം ചോദിക്കാമായിരുന്നു. ഒത്തിരി കാശും വിലകൂടിയ കാറുകളും എല്ലാ സുഖങ്ങളുമുള്ള ഒരു ജീവിതം ചോദിക്കാമായിരുന്നു. ശാന്തി പറഞ്ഞതനുസ്സരിച്ച് തപസ്സില്‍ മുഴുകി കഴിഞ്ഞാല്‍ വിശപ്പൊന്നും പിന്നെ അറിയില്ലത്രെ. മൂന്നു മാസ്സം കഷ്ടപ്പെട്ടാല്‍ പോരെ, ഒന്നു ശ്രമിച്ചു നോക്കിയാലൊ. എല്ലാം തീരുമാനിച്ചുറച്ചാണ്‌ സുലോചന ഉറങ്ങിയത്.

രാവിലെ തന്നെ സുലോചന ശാന്തിയെ വിളിച്ച് അച്ഛനു സുഖമില്ലാത്തതു കൊണ്ട് നാട്ടില്‍ പോവുകയാണെന്നു പറഞ്ഞു. ഓഫീസിലും വിളിച്ചു പറഞ്ഞൊരു ലോംഗ് ലീവെടുത്തു. വീട്ടില്‍ നിന്നാരും വിളിക്കാന്‍ പോകുന്നില്ല. അമ്മയുടെ മരണശ്ശേഷം രണ്ടാനമ്മ വന്നതോടെ അച്ഛന്‍ വിളിക്കാറേ ഇല്ല. ഒരു സഹോദരനുള്ളത് ബോംബെയിലെവിടെയൊ ആണ്‌.

കുളിച്ചു പുതിയ ഡ്രസ്സൊക്കെ ഉടുത്തു സുലോചന റെഡിയായി. ശിവന്‍ പ്രത്യക്ഷപ്പെട്ടാല്‍ ചോദിക്കേണ്ട് കാര്യങ്ങളൊക്കെ ഒന്നുകൂടെ ഓര്‍ത്തെടുത്തു. മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ കൈകള്‍ കൂപ്പി കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിക്കാനാരംഭിച്ചു.

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

"ഓം നമ:ശിവായ"

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പുറത്തു നടക്കുന്നതൊന്നും അറിയാതെ വേറൊന്നും ചിന്തിക്കാതെ സുലോചന തപസ്സ് തുടര്‍ന്നു. വിശപ്പും ദാഹവും സുലോചന അറിഞ്ഞതേ ഇല്ല. മുറിയില്‍ മുഴുവന്‍ മാറാല പിടിച്ചു. എലികളും പല്ലികളും പാറ്റകളും മുറിയിലാകെ നിറഞ്ഞു. മുടി ജഡ പിടിക്കാന്‍ തുടങ്ങിരുന്നു. ചുണ്ടുകള്‍ വരഞ്ഞു കീറി. പഴുതാരകള്‍ സുലോചയുടെ ദേഹത്ത് മുഴുവന്‍ ഇഴഞ്ഞു നടന്നു. അതിനൊന്നും ആ തപസ്സിളക്കാന്‍ കഴിഞ്ഞില്ല.

മൂന്നു മാസങ്ങള്‍ കഴിഞ്ഞു.

ആ ഘോര വേനല്‍ക്കാലത്തും ഒരു മഴക്കാറുപോലും ഇല്ലാതെ ഇടിയും മിന്നലുമുണ്ടായി. ഒരിക്കലും കരണ്ടു പോകാത്ത ആ സിറ്റിയില്‍ കരണ്ടും പോയി. നായ്കള്‍ ഉറക്കെ ഓരിയിട്ടു. പക്ഷികള്‍ കൂട്ടത്തോടെ ചിലച്ചുകൊണ്ട് ദൂരേക്ക് പറന്നു പോയി. ഇടിമുഴക്കം വീണ്ടുമുണ്ടായപ്പോള്‍ എല്ലാവരും പേടിച്ചു വീടുകളില്‍ കയറി കതകടച്ചു.

സുലോചനയുടെ മുറിയിലാകെ പ്രകാശം പരന്നു. എല്ലായിടത്തും ഭസ്മത്തിന്‍റെ ഗന്ധം നിറഞ്ഞു. കൈയില്‍ തൃശൂലവുമായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.


"മകളെ സുലോചനെ, കണ്ണുകള്‍ തുറക്കു. നിന്‍റെ വിശ്വാസത്തിലും തപസ്സിലും ഞാന്‍ സന്തുഷ്ടനായിരിക്കുന്നു"

സുലോചന കണ്ണുകള്‍ പതിയെ തുറന്നു. പ്രകാശത്തിനു നടുവില്‍ നില്‍ക്കുന്ന മഹാദേവനെ കണ്ടു. സുലോചയ്ക്ക് കണ്ണുകളെ വിശ്വസിക്കാനയില്ല.

"പറയൂ നിനക്കെന്താഗ്രഹമാണുള്ളത്?"

"ഭഗവാനെ അങ്ങ് പ്രത്യക്ഷപ്പെട്ടൊ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല.  എനിക്കിനി മരിച്ചാലും വേണ്ടില്ല"

"തദാസ്തു"


Monday, July 29, 2013

ഫ്രൈഡെ

ബസ്സ് മോനിപ്പള്ളി എത്താറായി. എല്ലാവരും നല്ല ഉറക്കമാണ്. സമയം ഒന്നരയാകുന്നു. ഞാനൊഴിച്ച് ഒരുവിധം എല്ലാവരും തന്നെ മൂകാംബികയ്ക്ക് തന്നെയാണെന്ന് തോന്നുന്നു. ഞാന്‍ പതിയെ ബാഗൊക്കെ എടുത്തു റെഡിയായി. കണ്ടക്ടറും നല്ല ഉറക്കമാണല്ലൊ.

"സാര്‍ സാര്‍"

ഞാന്‍ കുലുക്കി വിളിച്ച് ഉറക്കം കളഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എന്നു പുള്ളിക്കാരന്‍റെ മുഖം കണ്ടാലറിയാം. സ്റ്റോപ്പെത്താറായപ്പോള്‍ ബെല്ലടിച്ചു. അത്ര ഇഷ്ടത്തോടെയല്ലാതെയാണ്‌ ഡ്രൈവറും വണ്ടി നിര്‍ത്തിയത്.

ജംഗ്ഷനില്‍ തന്നെയുള്ള വലിയ സോഡിയം ലൈറ്റ് മങ്ങി കത്തുന്നുണ്ട്. എങ്കിലും മൊത്തത്തില്‍ ഒരു മഞ്ഞ പ്രകാശം എല്ലായിടത്തും. ഓട്ടൊ സ്റ്റാന്‍ഡില്‍ വണ്ടിയൊന്നുമില്ല. അല്ലെങ്കില്‍ സാധാരണ രണ്ട് മൂന്ന് ഓട്ടോകള്‍ ഉണ്ടാകേണ്ടതാണല്ലൊ. നന്നായി വിശക്കുന്നുമുണ്ട്. കോട്ടയത്തു നിന്നെന്തെങ്കിലും കഴിക്കാമായിരുന്നു.

കന്നിതുലാം മാസമായതുകൊണ്ട് അമ്മ പറഞ്ഞതാണ്‌ രാവിലെ പോന്നാല്‍ മതിയെന്നു. അപ്പോളതു കേട്ടില്ല. അല്ലെങ്കില്‍തന്നെ വെള്ളിയാഴ്ചകളില്‍ യാത്ര ചെയ്യുന്നത് വീട്ടിലത്ര ഇഷ്ടമുള്ള കാര്യമല്ല. ശനിയാഴ്ച രാവിലെ എണീറ്റ് വരുന്നത് വലിയ ബുദ്ധിമുട്ടാ. വെള്ളിയാഴ്ച കുറച്ച് കഷ്ടപ്പെട്ടാലെന്താ സുഖമായി രണ്ട് ദിവസം വീട്ടില്‍ നില്‍ക്കാം. അതുകൊണ്ടുതന്നെ അമ്മയുടെ ഇഷ്ടക്കേട് അത്ര കാര്യമാക്കാറില്ലായിരുന്നു. ഇന്നത് ശരിക്കും പണികിട്ടി. ഇന്നെന്തൊ കറുകരി കറുത്ത വെള്ളിയാഴ്ചയാണെന്നൊ മറ്റൊ രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലെ രാത്രിക്കും ഒരേ ഇരുട്ടു തന്നെ. ചില കാര്യങ്ങളിലൊന്നും കാര്‍ന്നോന്മാരോട് തര്‍ക്കിക്കാന്‍ പോകാതിരിക്കുന്നതാ നല്ലത്.

ഇന്നെന്തായാലും നല്ല വഴക്കു കേള്‍ക്കും. സാധാരണ ഒന്‍പതര ഒക്കെ ആകുമ്പോള്‍ വീടെത്താറുള്ളതാ. ഇന്ന് നശിക്കാന്‍ പാളത്തില്‍ എന്തോ മരം വീണു കിടന്നിരുന്നതുകൊണ്ട് ട്രൈയിന്‍ കുറേനേരം പിടിച്ചിട്ടു. എങ്കിലും ഇത്ര ലേറ്റ് ആകുമെന്ന് കരുതിയില്ല. അമ്മ പറയുംപോലെ കറുകരി കറുത്ത വെള്ളിയാഴ്ച ആയതുകൊണ്ടാണൊ, ആകെ മൊത്തം ഒരു ദുസൂചനകള്‍. സാധാരണയുള്ളതിലും വളരെ കുറവുമായിരുന്നു ഇന്ന് യാത്രക്കാരും. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ ഒരു തോന്നല്‍.

മൊബൈലാണെങ്കില്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫായിപ്പോയി. ഓഫാകുന്നതിനുമുന്‍പ് വീട്ടില്‍ വിളിച്ച് വിവരമറിയിച്ചത് നന്നായി. അല്ലെങ്കില്‍ വീട്ടിലെല്ലാവരും ആകെ പേടിച്ചേനെ.

പതിനഞ്ച് മിനിട്ടുകള്‍ കഴിഞ്ഞു. ഓട്ടോയൊന്നും വരുന്നില്ലല്ലൊ. ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് വീട്ടിലേക്ക്. വേണ്ടായിരുന്നു.

തണുത്തൊരു കോടക്കാറ്റ് വീശിയടിച്ചു. മഴ പെയ്യാനൊരുങ്ങുകയാണ്. മുകളിലേക്ക് നോക്കുമ്പോള്‍ ഒന്നും കാണാനില്ല. ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. ആകെപ്പാടെ ഒരു സുഖമില്ലാത്ത അന്തരീക്ഷം.

"പ്ടേ"

ജോണ്‍സ് ബേക്കറിയുടെ ബോര്‍ഡിളകി എന്‍റെ തൊട്ടുപുറകില്‍ വന്നു വീണു. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയതുപോലെ. ഒരു കാരണവുമില്ലാതെ മനസ്സിലാകെയൊരു ഭീതി നിറയുന്നു. ഒരു കൊതുകിനെപ്പോലും കാണാനില്ല. ബസ്റ്റാന്‍ഡില്‍ ഒരു ഭ്രാന്തന്‍ സാധാരണ കിടന്നുറങ്ങാറുള്ളതാണ്. ഇന്നയാളെയും കാണുന്നില്ല. റോഡിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട് വീണ്ടും കാറ്റടിച്ചു. ഇനിയും ഓട്ടോ നോക്കി നിന്നിട്ട് കാര്യമില്ല. വേഗം നടന്ന് വീടെത്താന്‍ നോക്കാം.

ഓട്ടോ സ്റ്റാന്‍ഡ് നടന്നു കഴിയാന്‍ തന്നെ സമയമെടുത്തതുപോലെ എനിക്കു തോന്നി. ഇനിയൊരു വളവുകഴിഞ്ഞാല്‍ പിന്നെ കടകളെല്ലാം കഴിഞ്ഞു. പിന്നെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം മാത്രമെയുള്ളു. അതും എല്ലാ പോസ്റ്റിലെയും കത്തുന്നില്ലെന്നു തോന്നുന്നു.

പിന്നില്‍ നിന്നാരോ വരുന്നുണ്ടെന്നു തോന്നി. പെട്ടെന്ന് അതിഭീകര ശബ്ദത്തിലൊരു ഇടിയും മിന്നലും ഒരുമിച്ചു വന്നു. ഭൂമിയാകെ കിടുങ്ങി വിറച്ചതുപോലെ. കുറച്ചു മുന്‍പിലായുണ്ടായിരുന്ന ട്രാന്‍സ്ഫോമറില്‍ നിന്നും തീ ചിതറി നാലുപാടും. എന്‍റെ മുന്‍പിലെ സ്ട്രീറ്റ് ലൈറ്റ് പൊട്ടി താഴെ വീണ്‌ ചിന്നിച്ചിതറി. കൂടെ വീശിയടിച്ച കാറ്റ് കരണ്ടും വാശിയോടെ വലിച്ചു പറിച്ചു കൊണ്ടുപോയതുപോലെ തൊന്നി. എല്ലാം ഒരു നിമിഷാര്‍ദ്ധം കൊണ്ടു കഴിഞ്ഞു.

കുറ്റാകൂരിരിട്ട്. എന്‍റെ ഷര്‍ട്ട് പോലും കാണാന്‍ പറ്റാത്തത്ര ഇരുട്ട്. മനസ്സിലെ വിറയില്‍ പതിയെ കാലുകളിലേക്ക് പടര്‍ന്നതുപോലെ.

കുറെ പട്ടികള്‍ അവിടുന്നുമിവിടുന്നുമൊക്കെ കുറുക്കന്‍ ഓരിയിടുന്നതു പോലെ കൂവുന്നു. കാലന്‍ വരുമ്പോളാണ്‌ പട്ടികള്‍ ഓരിയിടുന്നതെന്ന് മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു. അല്ലെങ്കിലും ആവശ്യമില്ലാത്ത സമയത്ത് വേണ്ടാത്ത കാര്യങ്ങളെല്ലാം ഓര്‍മ്മ വരും. പുറകില്‍ നിന്നും ഒരു കാറ്റ് ചൂളമടിച്ചുകൊണ്ട് വീശി വരുന്നു. കൂടെ ആരോ ഓടി വരുന്നതുപോലെ തോന്നും. തൊണ്ടയാകെ വറ്റി വരളുന്നതുപോലെ, തണുത്ത കാറ്റു വീശുന്നുണ്ടെങ്കിലും ഞാനാകെ വിയര്‍ക്കുന്നതുപോലെ തോന്നി. കാറ്റ് പെട്ടെന്നു നിന്നു. പരിപൂര്‍ണ്ണ നിശബ്ദത. എനിക്കെന്‍റെ ശ്വാസോച്ഛാസം ശരിക്കുമിപ്പോള്‍ കേള്‍ക്കാം. പിന്നെയും നിമിഷങ്ങെളെടുത്തു ഇടിയും മിന്നലുമൊന്നിച്ചുണ്ടാക്കിയ ഞെട്ടലില്‍ നിന്നുമുണരാന്‍.

ഒന്നും കാണത്തില്ലെങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ മുന്നോട്ടു നടന്നു തുടങ്ങി. ശരിക്കും അന്ധനായതുപോലെ, ഒന്നും കാണാന്‍ പറ്റുന്നില്ല. അനാവശ്യമായൊരു പേടി കൂടിക്കൂടി വന്നു.

എന്തിനാ ഞാനിങ്ങനെ പേടിക്കുന്നത്? ഇതെന്‍റെ സ്വന്തം മോനിപ്പള്ളിയല്ലെ, ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം. വെറുതെ ഓരൊ ഹൊറര്‍ സിനിമള്‍ ഒക്കെ കണ്ടിട്ടാ വേണ്ടാത്ത കാര്യങ്ങളൊക്കെ മനസ്സില്‍ വരുന്നത്. ഞാന്‍ മനസ്സില്‍ നിറയെ ധൈര്യം നിറച്ചു. വേഗത്തില്‍ കാലൂന്നി നടന്നു തുടങ്ങി, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട്.

ആരോ പിന്‍തുടരുന്നതുപോലെ, ഹേയ് വെറുതെ തോന്നുന്നതാ. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഇതൊക്കെ സാധാരണയ. ആശ്വസിക്കാന്‍ ഞാന്‍ ഓരോന്നു ആലോചിച്ചെങ്കിലും ഉള്ളിലെ ഭയം എന്നെ വീണ്ടും വിയര്‍പ്പിക്കാന്‍ തുടങ്ങി. പാല്‍ സൊസൈറ്റി കഴിഞ്ഞുള്ള വളവു തിരിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിറങ്ങലിച്ചുപോയി. ശ്വാസം നിന്നു പോയതുപോലെ. ജോസഫേട്ടന്‍റെ വീട്.

രണ്ടാഴ്ച മുന്‍പാണ്‌ ജോസഫേട്ടന്‍ മരിച്ചത്. ആത്മഹത്യ ആയിരുന്നു. കടക്കെണിയാണെന്നും അന്നചേച്ചിയുടെ അവിഹിതമായിരുന്നു എന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ട്.

ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. കുടിച്ച ഉടനെ രക്ഷിക്കണെ എന്നുറക്കെ കരഞ്ഞു. ഓടി ചെന്ന ബേബിചേട്ടനോട് രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞെന്ന് ബേബിചേട്ടന്‍ എന്നോടും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ് മരിച്ചിരുന്നു. അന്നനാളവും ആമാശയവുമൊക്കെ കരിഞ്ഞു പോയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്പാദത്തില്‍ നിന്നൊരു വിറയല്‍ ശരീരത്തിലാകെ പടര്‍ന്നു.

ദുര്‍മ്മരണം നടന്നവരുടെ ആത്മാക്കള്‍ മോക്ഷം കിട്ടാതെ അലയുമെന്ന് എല്ലാ മതത്തിലും പറയുന്നെണ്ടെന്ന് തോന്നുന്നു. എല്ലാവരും പറയണമെങ്കില്‍???

ഒറ്റയോട്ടത്തിന്‌ ജോസഫേട്ടന്‍റെ വീടിരിക്കുന്ന ഭാഗം കഴിച്ചാലൊ എന്നു തോന്നി. വേണ്ട, മഴക്കാലമായതുകൊണ്ട് വഴിലെന്തെങ്കിലും ഉണ്ടെങ്കില്‍ വീണാല്‍ നല്ല പരിക്കു പറ്റും. പിന്നെ ശബ്ദവുമുണ്ടാകും. പതുക്കെ ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു തുടങ്ങി.

മുടികത്തുന്നതിന്‍റെയും മാംസം കരിയുന്നതിന്‍റെയും മണം വരുന്നതുപോലെ. അല്ല എന്‍റെ വെറും തോന്നലാകും. ജോസഫേട്ടന്‍റെ വീടിനു മുന്‍പിലെത്തിയപ്പോള്‍ നെഞ്ചു പടപടാ ഇടിക്കാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടാന്‍ തുടങ്ങി. തണുത്തകാറ്റ് വീണ്ടുമൊരു ശീല്‍ക്കാരത്തോടെ അടിക്കുന്നു. ജോസഫേട്ടന്‍റെ വീടിനു മുറ്റത്തൊരു ആള്‍രൂപം നില്‍ക്കുന്നതുപോലെ തോന്നി. ഹൃദയമിടിപ്പു നിന്നതുപോലെ.

"കാവിലമ്മെ"

ഞാന്‍ ശബ്ദമുണ്ടാക്കാതെ മനസ്സിലുറച്ചു വിളിച്ചു. മനസ്സിലെ ധൈര്യം മുഴുവന്‍ കാലിലേക്ക് പകര്‍ന്ന് ഞാന്‍ എല്ലാ ശക്തിയുമെടുത്തോടി. കൈയിലിരുന്ന കുട വഴുതി വീണു, പോകട്ടെ നാശം. ആരോ പിന്‍തുടര്‍ന്നോടി വരുന്നതുപോലെ. ഞാന്‍ വീണ്ടും ശക്തിയായി ഓടി. പെട്ടെന്നെന്തിലൊ കാല്‍ തട്ടി കമിഴ്ന്നടിച്ചു വീണു. ബാഗ് തോളില്‍ നിന്നും തെറിച്ചു പോയി എവിടെയൊ വീണു. ഇരുട്ടതിന്‍റെ ഉച്ചസ്ഥായിലെത്തുയതു പോലെ.

കൈമുട്ടുകള്‍ റോഡിലുരഞ്ഞു കീറി. എണീക്കാന്‍ വയ്യാതെ ഞാനവിടെ കിടന്നു. അസ്ഥികളെല്ലാം നുറുങ്ങുന്ന വേദന. ഞാന്‍ കണ്ട മനുഷ്യരൂപം ജോസേഫേട്ടന്‍റെ ആയിരുന്നൊ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പുറകിലേക്ക് പതിയെ നോക്കി. ഇല്ല ആരുമില്ല, എല്ലാമെന്‍റെ തോന്നലുകള്‍ മാത്രം. കൈമുട്ടുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങി. മഴയും ചെറുതായി ചാറിത്തുടങ്ങി. മുറിഞ്ഞ ഭാഗത്ത് മഴത്തുള്ളികള്‍ വീണ്‌ ചെറുതായി നീറി. നന്നായി തൊലിപോയിട്ടുണ്ടെന്നു തോന്നുന്നു. ഞാന്‍ പതിയെ എണീറ്റിരുന്നു. കിതപ്പു മാറിയിട്ടുണ്ടായിരുന്നില്ല.

കുറച്ചു സമയം ഞാനങ്ങനെ ഇരുന്നു. മഴ പതിയെ ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഞാന്‍ കൈകള്‍ കൊണ്ട് ചുറ്റുമൊന്നു പരതി. ഇല്ല ബാഗ് അടുത്തെങ്ങുമില്ല. രാവിലെ വന്ന് എടുക്കാം, ഈ രാത്രിയില്‍ അതാരും എടുക്കാന്‍ പോകുന്നില്ല. എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി. ഞാന്‍ പതിയെ എഴുന്നേറ്റു. ഇരുട്ടിന്‍റെ കൂടെ മഴയും കൂടെ ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. കാലും പൊട്ടിയിട്ടുണ്ടെന്നു തോന്നുന്നു. മഴയുടെ ശബ്ദത്തിനുമുകളിലൂടെയും പട്ടികളുടെ കാലന്‍ കൂവല്‍ കേള്‍ക്കാമായിരുന്നു.

കപ്പ പുഴുങ്ങിയ മണം വരുന്നു. പാമ്പ് വാ പൊളിക്കുന്നതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ മഴയത്ത് പാമ്പുകള്‍ പുറത്തിറങ്ങുമൊ? ആരോടു ചോദിക്കാന്‍. ഞാന്‍ ആവുന്നത്ര ശക്തിയെടുത്തു നടന്നു.

കുറച്ചു കഴിഞ്ഞാല്‍ മോനിപ്പള്ളിക്കാവാണ്. ഭദ്രകാളി ക്ഷേത്രം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞു ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുകൂടെ നടക്കരുതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ദേവി വിഹാരത്തിനിറങ്ങുന്ന സമയമാണത്രെ. അപ്പോളെങ്ങാന്‍ മുന്‍പില്‍ പെട്ടാല്‍ മരണം നിശ്ചയം. വെട്ടു കിട്ടുക എന്നാണത്രെ പറയുക.

മനസ്സില്‍ വീണ്ടും പേടി നിറഞ്ഞു. കൈ മുറിഞ്ഞു ചോര വരുന്നതുപോലും അറിയുന്നില്ല. കാലിലൂടെ പെട്ടെന്നെന്തോ ഇഴഞ്ഞു പോയതുപോലെ. ഞാന്‍ ഷോക്കേറ്റതുപോലെ നിന്നു. വഴുവഴുത്ത എന്തോ ഒന്നു കാലില്‍ തൊട്ടതുപോലെ. തോന്നലല്ല, പാമ്പു തന്നെ. കടിച്ചൊ ഇല്ലയൊ എന്നറിയാന്‍ പറ്റുന്നില്ല. അനങ്ങാന്‍ പറ്റാതെ ഞാന്‍ നിന്നു. വെളിച്ചത്തിന്‍റെ ഒരു തരി എവിടുന്നെങ്കിലും വരാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു.

അഞ്ചുമിനിട്ടോളം ഞാനവിടെ നിന്നു. ഇല്ല കടിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ഇതിനകം എന്തെങ്കിലും സംഭവിച്ചേനെ. മനസ്സില്‍ ചെറിയൊരു ആശ്വാസം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. ഞാന്‍ അമ്പലത്തിന്‍റെ കാണിക്ക മണ്ഡപത്തിനു മുന്‍പിലെത്തി. പോക്കറ്റില്‍ പരതി. ഭാഗ്യം, ഒരു നാണയം കിടക്കുന്നുണ്ട്. നാണയമെടുത്തു ഞാന്‍ കാണിക്കമണ്ഡപം കൈ കൊണ്ട് തപ്പിപ്പിടിച്ചതിലിട്ടു. എന്നിട്ടൊരു നിമിഷം കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിച്ചു.

"കാവിലമ്മെ, ഒരാപത്തുമില്ലാതെ വീട്ടിലെത്തിക്കണെ"

ഇനി വീട്ടിലേക്ക് കുറച്ചുകൂടിയെ ഉള്ളു. ടാറിട്ട വഴി കഴിയാറായി. ഇനിയൊരു മണ്‍വഴിയാണ്‌. ചുറ്റിനും റബ്ബര്‍ തോട്ടവും. കാറ്റു വീണ്ടും വീശിയടിച്ചു. റബ്ബര്‍ മരങ്ങള്‍ ആടിയുലയാന്‍ തുടങ്ങി. പട്ടികള്‍ വീണ്ടും ഓരിയിടുന്നു. മനസ്സിലേക്ക് ഭയം വീണ്ടുമെത്തി. വീട്ടിലേക്ക് കഴിയുന്നത്ര ശക്തിയില്‍ ഞാന്‍ ആഞ്ഞു നടന്നു.

പെട്ടെന്നു കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. എന്തോ ഒന്ന് അതിഭയങ്കരമായ വേഗത്തില്‍ എന്‍റെയടുത്തേക്ക് ഓടി വരുന്നു. ഞാന്‍ അനങ്ങാതെ നിന്നു ചെവി വട്ടം പിടിച്ചു. അല്ല, വെറുതെ തോന്നുന്നതല്ല. ഒന്നു അനങ്ങുന്നതിനു മുന്‍പേ ഒരു വലിയ പട്ടി എന്‍റെ മുന്‍പിലെത്തി നിന്നു. ശ്വാസമെടുക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. കുറ്റാകൂരിരുട്ടിലും ആ ജന്തുവിന്‍റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. നാവുകള്‍ വെളിയിലേക്ക് നീട്ടിയിട്ടുണ്ട്. വെള്ളമാണൊ ചോരയാണൊ നാവിലൂടെ ഇറ്റിറ്റ് വീഴുന്നതെന്നെനിക്കു മനസ്സിലായില്ല. ഒരു പശുവിന്‍റെ അത്ര വലിപ്പമുണ്ടതിന്. അത്ര വലിയൊരുപട്ടിയെ ഞാന്‍ എന്‍റെ ജീവിതത്തിലാദ്യമായാണു കാണുന്നത്. ആ ജന്തു പതിയെ മുരളാന്‍ തുടങ്ങി. മുന്‍കാലിലൊന്നുയര്‍ത്തി നിലത്തു മാന്തി. എന്‍റെ ദേഹത്തേക്ക് ചാടാനൊരുങ്ങുകയാണെന്നെനിക്ക് മനസ്സിലായി. ഞാന്‍ കൈയില്‍ ആഞ്ഞു നുള്ളി. അല്ല സ്വപ്നമല്ല, വേദനിക്കുന്നുണ്ട്. ഞാന്‍ പതിയെ ഇടതു കാല്‍ ഒരു സ്റ്റെപ്പ് പുറകോട്ട് വച്ചു. പട്ടി കൂടുതല്‍ ഉച്ചത്തില്‍ മുരണ്ടു.

പെട്ടെന്നെല്ലാം നിശ്ചലമായി. മഴയും കാറ്റും പിടിച്ചു കെട്ടിയതുപോലെ നിന്നു, മഴയൊ കാറ്റൊ തൊട്ടു മുന്‍പു വരെ ഉണ്ടായിരുന്നെന്ന് ഒരു തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധം. എനിക്കുറക്കെ കരയണമെന്നു തോന്നി. തൊണ്ടയില്‍ ആരൊ കുത്തിപ്പിടിച്ച പോലെ, ശബ്ദം പുറത്തേക്ക് ഒട്ടും വരുന്നില്ല. ഞാന്‍ ചുറ്റും നോക്കി. റബ്ബര്‍ തോട്ടങ്ങളില്‍ മുഴുവന്‍ കുറെ രൂപങ്ങള്‍. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും ഒഴുകി നടക്കുന്നതുപോലെ. മാംസം കരിയുന്ന ഗന്ധം. ആത്മാക്കളാണൊ? മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് അതറിയാന്‍ പറ്റുമെന്നു കേട്ടിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ പോവുകയാണൊ? നായ് മുരണ്ടു കൊണ്ട് എന്‍റെയടുത്തേക്ക് പതിയെ നടന്നടുക്കാന്‍ തുടങ്ങി.

പെട്ടെന്നെന്തൊ പാഞ്ഞുവന്ന് എന്‍റെ കഴുത്തില്‍ കുത്തിയിറങ്ങി. വേദനകൊണ്ടു ഞാന്‍ പുളഞ്ഞു. കരയാനൊ ഒന്നനങ്ങാനൊ എനിക്കു പറ്റുന്നില്ല. ഞാന്‍ നിലത്തിരുന്നു പോയി. കാലും കൈകളും കടുകടെ കഴച്ചു. തൊണ്ടയാകെ വറ്റി വരണ്ടു. പതുക്കെ കണ്ണുകളടഞ്ഞപ്പോള്‍ എന്‍റെ തലയുടെ നേരെ മുകളില്‍ ആ വലിയ നായുടെ പല്ലുകളെനിക്കു കാണാമയിരുന്നു.

------------------------------------------------------------------------------------

ശക്തിയായി വെളിച്ചമടിച്ചപ്പോളാണ്‌ ഞാന്‍ വീണ്ടും കണ്ണു തുറന്നത്‌. നേരം വെളുത്തൊ. ഞാന്‍ ചുറ്റും നോക്കി. ഇല്ല, എന്‍റെ മുന്‍പിലൊഴിച്ചു ബാക്കി എല്ലായിടത്തും കുറ്റാകൂരിരുട്ടാണ്. ഞാന്‍ കൈതണ്ടയില്‍ നുള്ളി നോക്കി. ഇല്ല വേദനിക്കുന്നില്ല. സ്വപ്നമാണ്. അതെ സ്വപ്നം തന്നെ, ദേഹത്തൊന്നും മുറിവികളില്ല ഇപ്പോള്‍. സ്വപ്നം മുറിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കണ്ണുകളടച്ചു തുറന്നു. ഇല്ല വീണ്ടും പഴയതുപോലെ തന്നെ. മുന്‍പിലെ ശക്തിയായ പ്രകാശം കൊണ്ടെനിക്ക് മുന്‍പോട്ടു നോക്കാന്‍ പറ്റുന്നില്ല. ഞാന്‍ പതിയെ എണീറ്റു. കണ്ണുകള്‍ പാതിയടച്ച് മുന്നോട്ടു നോക്കിയപ്പോള്‍ പ്രകാശത്തിനു നടുവിലൊരു രൂപമുള്ളതുപോലെ എനിക്കു തോന്നി. മനുഷ്യനല്ല, എന്നാലൊരു മൃഗത്തിന്‍റെ രൂപവുമല്ല. സിനിമയിലൊക്കെ കണ്ടിട്ടുള്ള അന്യഗൃഹ ജീവിയെപ്പോലെ, രണ്ടാള്‍ പൊക്കമുണ്ടെന്നു തോന്നുന്നു.

ഞാന്‍ കൈതണ്ടയില്‍ വീണ്ടും ശക്തിയായി നുള്ളി. ഇല്ല വേദനിക്കുന്നില്ല.

"സ്വപ്നമല്ല, യാദാര്‍ഥ്യം തന്നെ. നീ മരിച്ചുകഴിഞ്ഞു"

മുന്‍പിലുള്ള രൂപം സ്ത്രീ ശബ്ദത്തില്‍ പറഞ്ഞു. ഞാനാകെ ഞെട്ടിത്തരിച്ചു പോയി.

"അല്ല സ്വപ്നമാണ്. ഞാനുറക്കെ പറഞ്ഞു. എനിക്കു വേദനിക്കുന്നില്ലല്ലൊ"

"മരണശേഷം വേദനകളൊന്നും ഉണ്ടാവുകയില്ല"

ഞാനാകെ തരിച്ചു നിന്നു. ഒന്നും മനസ്സിലാകുന്നില്ല.

"പറ്റില്ല, എനിക്കിപ്പോള്‍ മരിക്കേണ്ട."

"എന്താ നിനക്കിപ്പോള്‍ എന്തെങ്കിലും ചെയ്തു തീര്‍ക്കാനുണ്ടായിരുന്നൊ?"

"ഉണ്ട് ഉണ്ട്, എന്‍റെ വീട്ടുകാര്‍ക്ക് ഒരു നല്ല വീടു വയ്ക്കണം, അനിയത്തിയുടെ കല്യാണം ഭംഗിയായി നടത്തണം"

"ശരി നിനക്കു ഞാനതിനു കൂടെ സമയം തരാം, സ്വാര്‍ത്ഥതയല്ലാത്തതുകൊണ്ടു മാത്രം"

"ഹ ഹ" ഞാനുറക്കെ ചിരിച്ചു.

"നീ എന്തിനാണ്‌ ചിരിക്കുന്നത്?"

"ഇപ്പോളെനിക്കു മനസ്സിലായി, എന്നെ ആരൊ പറ്റിക്കുകയാണ്‌. മരിച്ചു കഴിഞ്ഞാല്‍ ഇതൊന്നും ചെയ്യാന്‍ പറ്റില്ല"

"ഹ ഹ. അതൊക്കെ നിങ്ങള്‍ മനുഷ്യര്‍ കരുതിയിരിക്കുന്ന ഓരൊ കാര്യങ്ങളല്ലെ. മരിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്കൊക്കെ ചെയ്ത് തീര്‍ക്കാന്‍ സമയം ഞങ്ങള്‍ കൊടുക്കാറുണ്ട്. നിന്‍റെ കൂടെയുള്ള മൂന്നുപേര്‍ ശരിക്ക് മരിച്ചവരാണ്‌. പക്ഷെ നിങ്ങള്‍ക്കതറിയാന്‍ കഴിയില്ല. പക്ഷെ നിനക്കിനി അതു മനസ്സിലാകും."

ഞാന്‍ സ്തബ്ദനായി നിന്നപ്പോള്‍ ആ രൂപം തുടര്‍ന്നു.

"നിനക്കും ഞാന്‍ കുറച്ചു സമയം തരാം, എല്ലാം ചെയ്തു തീര്‍ക്കാന്‍?"

"ആരാണ്, നിങ്ങള്‍ ആരാണ്?" എന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 

"ഭൂരിഭാഗം മനുഷ്യരും എന്നെ ദൈവമെന്നു വിളിക്കുന്നു. ഈ അടുത്ത കാലത്ത് ചിലര്‍ ഞാന്‍ ഏലിയന്സ് ആണെന്നും പറയുന്നുണ്ട്. പക്ഷെ നിനക്കു കുറച്ചു സമയമെ ഉണ്ടാകു, വളരെ കുറച്ചു സമയം"

"എന്താ ഞാനിപ്പോള്‍ മരിക്കാന്‍ കാരണം? എന്‍റെ ആയുസ്സെത്തിയൊ?"

"ഹേയ്, അങ്ങനെ ആര്‍ക്കും പ്രത്യേകിച്ചു ആയുസ്സൊന്നുമില്ല. ഇതുപോലെ കറുകറുത്ത വെള്ളിയാഴ്ചകളില്‍ ഈ സമയത്ത് നടക്കുന്നവര്‍ക്ക് മരിക്കാനുള്ള സാധ്യത കൂടുതലാണ്‌"

ഞാന്‍ അമ്മ പറഞ്ഞതോര്‍ത്തു. കാര്‍ന്നോന്മാര്‍ പറയാറുള്ളതോര്‍ത്തു. ധിക്കരിക്കാതെ ഇരുന്നിരുന്നെങ്കില്‍. എനിക്കു ഉറക്കെ ഉറക്കെ കരയണമെന്നു തോന്നി.

"കാവിലമ്മയാണൊ"

"ഹ ഹ, നിനക്കങ്ങനെ വേണമെങ്കില്‍ കരുതാം. എന്താ നിനക്കങ്ങിനെ കുറച്ചു സമയം കൂടി വേണമൊ, വേഗം പറയൂ. എന്‍റെ നായ വേറെ ഒരാളെക്കൂടി കണ്ടെത്തിക്കഴിഞ്ഞു. എനിക്കുടനെ അവിടെ എത്തണം"

ഞാന്‍ ആലോചിച്ചു. 

"ടെക്നൊപാര്‍ക്കിലെ ജോലിയുടെ ശബളം കൊണ്ടാണെങ്കില്‍ സമയമെടുക്കും. എങ്കില്‍ എനിക്ക് ദുബായിലെ ആ ജോലി ശരിയാക്കി തരാമൊ"

"ശരി, നാളെ ആ കമ്പനിയില്‍ നിന്നും സെലക്ട് ചെയ്തതായി നിനക്ക് മെയില്‍ വരും"

"ഉം..."

"ഓര്‍ത്തോളു, വളരെക്കുറച്ചു സമയം എല്ലാത്തിനും. നീ മരിച്ചതാണെന്ന് ആര്‍ക്കും അതുവരെ മനസ്സിലാകില്ല. എല്ലാം കഴിയുമ്പോള്‍ ഒരോര്‍മ്മ പോലും ബാക്കി വയ്ക്കാതെ നീ ഭൂമിയില്‍ നിന്നു മാഞ്ഞു പോകും"

"ഇനി വേറെ ജന്മമുണ്ടൊ?"

"ഹ ഹ, ഇല്ല. അതൊക്കെ നിങ്ങളുടെ വെറും ചിന്തകള്‍ മാത്രം. ശരി, നീ തുടങ്ങിക്കോളൂ, തീര്‍ക്കാന്‍ വച്ചിരുന്നതെല്ലാം"

പ്രകാശം മറഞ്ഞു. നഷ്ടപ്പെട്ട എന്‍റെ ബാഗും കുടയും അവിടെ ഇരിക്കുന്നു. ഞാനതു കൈയിലെടുത്തു. മഴ വീണ്ടും പെയ്തു തുടങ്ങി. ഞാന്‍ വീട്ടിലേക്ക് നടന്നു.

-----------------------------------------------------------------------------------

ബെല്ലടിച്ചപ്പോളെ അകത്തനക്കം കേട്ടു. അമ്മയും അച്ഛനും ഉറങ്ങിക്കാണില്ല. അമ്മ വന്നു വാതില്‍ തുറന്നു.

"നിന്നോടു ഈ രാത്രിയില്‍ വരേണ്ട എന്നു പറഞ്ഞതല്ലെ, ഇപ്പോള്‍ കണ്ടില്ലെ, എത്ര സമയമായെന്ന്"

"സാരമില്ലമ്മെ, ഞാന്‍ വന്നില്ലെ"

"മഴ നനഞ്ഞൊ നീ?"

"ഇല്ല. ഒരു മുണ്ടെടുക്കമ്മെ" ഞാന്‍ ബാഗ് മേശയില്‍ വച്ചിട്ട് കുട നിവര്‍ത്തി വച്ചു.

"നിങ്ങളുറങ്ങിയില്ലായിരുന്നൊ അച്ഛാ?"

"നീ വരാതെ എങ്ങനെ ഉറക്കം വരാനാ"

എനിക്കു ശരിക്കും വിഷമം വന്നു. 

ഡ്രെസ്സ് മാറി, കാലും മുഖവും കഴുകി ഞാന്‍ വന്നു.

"ഇന്‍റെര്‍വ്യൂ റിസല്‍റ്റ് വന്നൊ?"

"ഏത്?"

"ദുബായിലെ കമ്പനിയുടെ"

"ഇല്ല". നാളെവരുമെന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. "ശരി ഞാന്‍ പോയി കിടക്കട്ടെ, നാളെ ഉച്ചയാകുമ്പോള്‍ വിളിച്ചാല്‍ മതി.

"ഉം ശരി ശരി"

ഞാന്‍ റൂമിലേക്ക് പോയി. ബെഡ്ഡൊക്കെ നല്ല വൃത്തിയായി വിരിച്ചിരിക്കുന്നു. എനിക്കു പിന്നെയും വിഷമമായി. ഞാന്‍ നിവര്‍ന്നു കിടന്നു. നാളെ ഓഫര്‍ വരും. തിങ്കളാഴ്ച പേപ്പര്‍ ഇടണം, റിസൈന്‍ ചെയ്യാന്‍.

എല്ലാം മനസ്സിലുറപ്പിച്ചു ഞാന്‍ കണ്ണുകളടച്ചു. ഉറക്കമെന്‍റെ കണ്‍പോളകളെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ആ കറുത്ത വെള്ളിയാഴ്ചയുടെ രാത്രി അവസാനിക്കാന്‍ തുടങ്ങിയിരുന്നു. പുറത്തു മഴ കനത്തുകൊണ്ടിരുന്നു.

Sunday, June 30, 2013

ബോഡിബില്‍ഡര്‍

"അളിയാ സലീഷേ...നീ ഏതു ജിമ്മിലാടാ പോകുന്നത്?"

"ഇതു ചോദിച്ചതിന്‌ നീ  എന്തിനാ ഇങ്ങനെ തുറിച്ചുനോക്കുന്നത്? ഈ പ്രാവശ്യം ഞാന്‍ കട്ട സീരിയസ്സാണെടാ..."

"എടാ, എന്തിനാ വെറുതെ നമ്പറടിക്കുന്നത്..നീ എങ്ങും വരില്ല...ഇനി അഥവ വന്നാല്‍ തന്നെ ഒരാഴ്ച മാക്സിമം...നീ നിര്‍ത്തുന്നത് പ്രശ്നമല്ല..ബട്ട് കൂടെ വരുന്നവരെക്കൂടി മടിപിടിപ്പിക്കില്ലെ...? ഞാനെങ്കിലും മര്യാദയ്ക്ക് പൊയ്ക്കോട്ടെ.."

"സലീഷെ നീ അങ്ങനെ പറയല്ലെ...വീട്ടില്‍ ചെറുതായി കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞുതുടങ്ങി..അപ്പോള്‍ അതിനുമുന്‍പൊന്നു ബോഡിബില്‍ഡ് ചെയ്തേക്കാം..
ഓള്‍റെഡി സ്മാര്‍ട്ട് ആന്‍ഡ് ഹാന്റ്സം ആയ ഞാനിനി സിക്സ് പാക്ക് കൂടെ ആയാല്‍ കിടു ആകില്ലെ അളിയാ..."

"ഡാ ഡാ..നിര്‍ത്ത്...നിന്നെ ഞാന്‍ കൊണ്ടുപോകാം...ഇതിലുംഭേദം അതാണ്. ഞാന്‍ കാര്യവട്ടത്തുള്ള LNCPയില്‍ ആണു പോകുന്നത്. അവിടുത്തെ ഇന്‍സ്ട്രക്ടര്‍ കിടിലമാണ്. അങ്ങേരു നന്നായി പറഞ്ഞു തരും. അല്പം സ്ട്രിക്ട് ആണെന്നെ ഉള്ളൂ"

"ഉം...അതാടാ നല്ലത്..എങ്കിലെ നന്നായി ഡെവലപ് ആകൂ.."

"ഉവ്വ..ഉവ്വ...അവസാനം അങ്ങേരവിടുന്നു റിസൈന്‍ ചെയ്ത് പോകാതിരുന്നാല്‍ കൊള്ളാം..."

"പോടാ....."

"എന്താടാ രണ്ടും കൂടെ ഇവിടെ നിന്നൊരു രഹസ്യം"

"ഒന്നുമില്ലെടാ രഞ്ജിത്തെ, ഇവന്‍ ജിമ്മില്‍ വരുന്ന കാര്യം പറയുകയായിരുന്നു."

"ആരു ഇവനൊ, ഹ ഹ ഹ...."

"എന്തിനാടാ തെണ്ടി ചിരിക്കുന്നത്?"

"ഒന്നുമില്ലളിയാ, ഞാന്‍ ഡമ്പല്‍സിന്‍റെ കാര്യമോര്‍ത്ത് ചിരിച്ചതാ"

"എന്നാല്‍ പിന്നെ ബഞ്ച് പ്രസ്സിന്‍റെയും ട്രെഡ് മില്ലിന്‍റെയും കാര്യമോര്‍ത്തുകൂടെ ചിരിക്കെടാ.."

"ശരി ശരി, വൈകുന്നേരം ജോലി കഴിഞ്ഞ് ഒരു അഞ്ചരയാകുമ്പോള്‍ നമുക്കിറങ്ങാം..ഇന്നു തന്നെ പോയി ജോയിന്‍ ചെയ്യാം..."

"ഓകെ അളിയാ...അപ്പോള്‍ അഞ്ചരയ്ക്ക് കാണാം. കുറച്ച് പണി കൂടെ തീരാനുണ്ട്...."

ഇന്നലെ കണ്ണാടിക്കു മുന്‍പില്‍ ഷര്‍ട്ടില്ലാതെ നിന്നപ്പോളാണ്‌ ആകെ ഡെസ്പായത്. അമീറും സല്‍മാനും എന്തിനു തെണ്ടി രാജപ്പന്‍ വരെ ഇപ്പോള്‍ സിക്സ് പാക്കല്ലെ. ഇപ്പോളത്തെ പെണ്‍പില്ലേരാണെല്‍ എല്ലാം ഇവന്മാരുടെ പുറകെ അല്ലേ. ഇപ്പോളത്തെ 55 കിലോയില്‍ നിന്നും
ഒരു 68 കിലോ എങ്കിലും എത്തിക്കണം. അല്ലെങ്കില്‍ കല്യാണ മാര്‍ക്കറ്റില്‍ തീരെ വിലയുണ്ടാകില്ല. അഞ്ചരയ്ക്ക് തന്നെ ഇറങ്ങാന്‍ വേഗം പണിതീര്‍ത്തേക്കാം.

ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കുമ്പോള്‍ ഇതു മൂന്നാമത്തെ തവണയാണ്‌ ഞാന്‍ ജിമ്മില്‍ പോകാന്‍ തീരുമാനിക്കുന്നത്. ഇതിനു മുന്‍പ് രണ്ട്തവണ പോയി. രണ്ട്തവണയും തിരുവനന്തപുരത്തെ ഫേമസ് ജിമ്മില്‍ പോയി ഒരുമാസത്തെ കാശും ഡെപ്പോസിറ്റും ഒക്കെ കൊടുത്ത് ജോയിന്‍ ചെയ്തതാണ്. ആദ്യത്തെ ദിവസമൊക്കെയ് വന്‍ഡെമോയും ആവേശവുമൊക്കെയായിരുന്നു. രാവിലെപോയി ജിമ്മൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരം പതിയെ വേദന തുടങ്ങിയതോടെ കളി മാറി. അടുത്ത ദിവസം ജിബിനും സുനിലും ഷൈംസുമൊക്കെ വന്ന് ജിമ്മില്‍ പോകാന്‍ വിളിച്ചപ്പോള്‍ രാവിലെ ഓഫീസില്‍ നേരത്തെപോകണം, ഞാന്‍ ചെല്ലാതെ പ്രൊഡക്ഷന്‍ റിലീസ് പോകില്ല എന്നൊക്കെ പറഞ്ഞു അവന്മാരെ വിശ്വസിപ്പിച്ചു.

പിന്നെയും ഒന്നുരണ്ട് ദിവസം അവന്മാരെല്ലാംകൂടെ വന്ന് പൊക്കിക്കൊണ്ട്പോയി. ദോഷം പറയരുതല്ലൊ ഒരാഴ്ചകൊണ്ട് മര്യാദയ്ക്ക് ജിമ്മില്‍ പൊയ്ക്കോണ്ടിരുന്ന അവന്മാരുടെ ജിമ്മില്‍ പോക്കും കൂടെ ഞാന്‍ നിര്‍ത്തി. ആ കഥ അറിയാവുന്നതുകൊണ്ടാവും സലീഷ് രാവിലെ കലിപ്പിച്ചത്. എന്തായാലും ഈ തവണ കട്ട സീരിയസ്സാകാന്‍ മനസ്സിലുറപ്പിച്ച് കൊണ്ട് ഊണ്‌ കഴിഞ്ഞു പതിവായുള്ള കത്തിയടി മാറ്റിവച്ച് ഞാന്‍ പണിതുടങ്ങി. വൈകുന്നേരം കറക്ട് അഞ്ചരയ്ക്ക് തന്നെ ഇറങ്ങി.

ഇവനെതെവിടെ അഞ്ചരയ്ക്കിറങ്ങാമെന്നു പറഞ്ഞതാണല്ലൊ. ഒന്നു വിളിച്ചു നോക്കാം.

"ഹലൊ അളിയാ, ഇറങ്ങിയില്ലെ"

"എന്താടാ ഇന്നു വര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചാര അടിക്കാനൊന്നും ഇരുന്നില്ലെ"

"പോടാ പോടാ, ഞാന്‍ അതിനു ചൊറിയനല്ല. പറഞ്ഞാല്‍ കറക്ട് സമയത്ത് വരും. നീ വേഗമിറങ്ങ്, എനിക്കെന്‍റെ ഗുരുനാഥനെ കാണാന്‍ തിടുക്കമായി"

"ഗുരുനാഥനൊ? അങ്ങേരു നിന്നെ ഡമ്പല്‍സിനെറിഞ്ഞു കൊല്ലും ഈ കണക്കിനു പോയാല്‍. ശരി ഞാനിപ്പോള്‍ ഇറങ്ങാം നീ അവിടെ വെയ്റ്റ് ചെയ്യ്"

"ഓകെ ഓകെ, വേഗം ഇറങ്ങ്"

പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും സലീഷെത്തി.

"എന്തുവാടാ ഇത്, പത്ത് മിനിട്ടായി"

"ഈ ആവേശമൊക്കെ ഡമ്പല്‍സ് എടുക്കുമ്പോളും കണ്ടാല്‍ മതി"

"നീ കണ്ടോ മോനെ..."

"ശരി ശരി, നീ ബൈക്കെടുത്ത് എന്നെ ഫോളൊ ചെയ്യ്"

"ഫോളൊ ചെയ്യാന്‍ നീ ആര്, ശ്രീബുദ്ധനൊ"

"ചളു അടിക്കാതെ വാടാ"

പത്ത് മിനിട്ട് ഡ്രൈവ് ചെയ്ത് ഞങ്ങള്‍ കാര്യട്ടത്തുള്ള LNCPയുടെ ക്യാമ്പസില്‍ എത്തി. ഗേയ്റ്റില്‍ രജിസ്റ്ററില്‍ പേരെഴുതി നേരെ ജിമ്മിലേക്ക് പോയി. പല പ്രായത്തിലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഷട്ടിലും ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അതാത് കോര്‍ട്ടുകളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഫുട്ബോള്‍ ഗ്രൌണ്ടിനു സൈഡിലൂടെ ബൈക്കൊടിച്ച് ഞങ്ങളിരുവരും ജിമ്മിന്‍റെ മുന്‍പിലെത്തി അവിടെ പാര്‍ക്ക് ചെയ്തു.

"അളിയാ മുട്ടന്‍ ഗ്രൌണ്ടാണല്ലൊ"

"ആ ഇവിടെ സന്തോഷ് ട്രോഫി ഒക്കെ കളിച്ചിട്ടുണ്ടെന്നാ പറയുന്നത്"

"വള്ളം കളിയൊ, പോടാ"

"എടാ അതു നെഹ്രു ട്രോഫി, ഇത് ഫുട്ബോള്‍. നല്ല GK ആണല്ലോടാ"

"സോറി അളിയാ, പെട്ടെന്ന് മാറിപ്പോയി. ആരോടും പറയല്ലെ"

"ഉം ഇല്ലളിയാ, ആരോടും പറയില്ല"

"സാറെവിടെ ചേട്ടാ" സലീഷ് വാച്മാന്‍ ചേട്ടനോട് ചോദിച്ചു.

"ഗ്രൌണ്ടിലാ, ഇപ്പോള്‍ വരും"

"ഓകെ"

"വാടാ,ഞാന്‍ നിന്നെ ജിം കാണിക്കാം"

"സാറിനെ കണ്ടിട്ട് കയറിയാല്‍ മതിയോടാ"

"കുഴപ്പമില്ല, നീ വാ"

ജിമ്മിനകം കയറി കണ്ടപ്പോള്‍ ഞാന്‍ അത്ര അങ്ങു ഹാപ്പിയായില്ല.

"അളിയാ, സാധനജംഗമ വസ്തുക്കളെല്ലാം കുറവാണെല്ലൊ"

"സാര്‍ കൂടുതല്‍ ഗ്രൌണ്ട് എക്സെര്‍സൈസ് ചെയ്യിക്കുന്നെടാ. പിന്നെ ഇവിടെ എല്ലാമുണ്ടല്ലൊ. എന്താ ഇല്ലാത്തത്?"

"അല്ലാ, എനിക്ക് ചെയ്യാന്‍ ഡമ്പല്‍സ് തികയാതെ വരുമൊ എന്നൊരു ഡൌട്ട്"

"തികയാതെ വന്നാല്‍ ഞാന്‍ നിനക്കു മേടിച്ചു തന്നോളാം. എന്‍റെ ദൈവമെ ഇതൊക്കെ എന്നുവരെ എന്നു കണ്ടാല്‍ മതി. ആ ദേ സാര്‍ വരുന്നുണ്ട്"

ഒരു ജിമ്മന്‍. കിടിലം, ഇങ്ങേരു വിചാരിച്ചാല്‍ എന്നെ സിക്സ് പാക്ക് ആക്കാന്‍ പറ്റും. സാറിനെ കണ്ടതും എനിക്ക് നല്ല മതിപ്പായി.

"ഗുഡ് ഈവനിംഗ് സാര്‍"

"ഗുഡ് ഈവനിംഗ്  സലീഷ്, എന്താ പതിവില്ലാതെ ഈ നേരത്ത്"

"സാര്‍ ഇതെന്‍റെ ഫ്രണ്ടാണ്. ഇവനും ജിമ്മില്‍ ചേരണമെന്ന്. സോ ജോയ്‌ന്‍ ചെയ്യാന്‍ വന്നതാ"

"ഗുഡ് ഗുഡ്, വരു മുകളിലെ ഓഫിസീലേക്ക് ഇരിക്കാം"

ഓഫിസില്‍ കയറിയ ഞങ്ങളോട് ഇരിക്കാന്‍ സാര്‍ പറഞ്ഞു. എന്നിട്ട് ജോയിനിംഗ് ഫോം എടുത്തു തന്നു.

"500 രൂപയാണ്‌ ഡെപ്പോസിറ്റ്, 300 മാസവരി"

"ശരി സാര്‍"

"എന്താ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്" സാര്‍ എന്നോടു ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല സാര്‍, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലൊ"

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നല്ലെ?"

ക്‌ര്‍ര്‍ര്‍, ഞാനാകെ കീറി. സലീഷാണെങ്കില്‍ ചിരി അമര്‍ത്താന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു, അവന്‍റെ കാലിനിട്ട് ഒന്നു ചവിട്ടി.

"അല്ല സാര്‍ ആക്ച്വലി, വീട്ടില്‍ കല്യാണാലോചന ഒക്കെ തുടങ്ങി. സൊ, ജിമ്മില്‍ വന്ന് കുറച്ചു ഫിറ്റായി കുറച്ചൂടെ വണ്ണം വയ്ക്കാമെന്ന് കരുതി"

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ" സാര്‍ ചിരി തുടങ്ങി.

ഈ അലവലാതി എന്തിനാ ചിരിക്കുന്നത്. ഉടനെ സലീഷും ചിരി തുടങ്ങി. എടാ തെണ്ടി, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ ദുഷ്ടാ. എന്‍റെ നോട്ടം കണ്ട്പ്പോള്‍ അവന്‍ ചിരി നിര്‍ത്തി. സാറപ്പോളും ചിരിച്ചോണ്ടിരിക്കുകയാണ്.

ഇയാള്‍ ഇന്നെന്‍റെ കൈ കൊണ്ട് മരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു.

"അതിനു കല്യാണം കഴിക്കുന്നതിനു ഈ വണ്ണമൊക്കെ മതിയെടൊ, അല്ലെങ്കിലും വണ്ണം വെക്കാന്‍ ജിമ്മില്‍ ചേരണമെന്നില്ല, നന്നായി ഫുഡ് കഴിച്ചാല്‍ മതി"

"അല്ല സാര്‍, ബോഡി ഒക്കെ ഫിറ്റായി സിക്സ് പാക്കൊക്കെ വച്ച്..."

"ഹ ഹ ഹ ഹ ഹ ഹ ഹ" രണ്ടുപേരും വീണ്ടും ചിരി തുടങ്ങി. ഈ തെണ്ടികളെക്കൊണ്ട് തോറ്റല്ലൊ. ഡാ സലീഷെ നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ.

"ശരി നാളെ രാവിലെ മുതല്‍ പോരെ"

"ശരി സാര്‍"

ഞങ്ങളവിടുന്നു ഇറങ്ങി.

"ഡാ നീ ബാക്കിയുള്ളവനെക്കൂടെ നാറ്റിച്ചല്ലൊ, സാറിന്‍റെ അടുത്തു എനിക്കു നല്ലൊരു ഇമേജ് ഉണ്ടായിരുന്നതാ. അതും കളഞ്ഞു."

"അതു ഫുള്‍ പോകാതെ ഇരിക്കാനാകുമല്ലേടാ തെണ്ടി നീ ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒപ്പമിരുന്നു ചിരിച്ചത്"

"അതു പിന്നെ തമാശ കേട്ടാല്‍ ആരാ അളിയ ചിരിക്കാത്തത്?"

"ഉം ശരി ശരി, അപ്പോള്‍ നാളെ എപ്പോളാ?"

"നാളെ രാവിലെ 6 മണിക്ക് ഇവിടെ എത്തണം"

"6 മണിക്കൊ, 7 മുതല്‍ 8 വരെ പോരെ അളിയാ"

"ഓഹൊ, അപ്പോള്‍ ആരംഭശൂരത്വം ഒക്കെ കഴിഞ്ഞൊ"

"ഇല്ലളിയാ, നാളെ രാവിലെ ആറു മണിക്കു കാണാം"

"ശരി ശരി"

അന്നു വൈകുന്നേരം നെറ്റില്‍ യൂടുബെടുത്ത് കുറെ എക്സെര്‍സൈസ് ഒക്കെ നോക്കി. പിന്നെ ഫുഡ് കഴിച്ചു അലാറം സെറ്റ് ചെയ്തു വരാന്‍ പോകുന്ന സിക്സ് പാക്കും ജിമ്മിലെ ഡമ്പല്‍സ്സും സ്വപ്നം കണ്ട് ഞാനുറങ്ങി. രാവിലെ നിര്‍ത്താതെയുള്ള മൊബൈല്‍ റിംഗ് കേട്ടാണ്‌ ഉണര്‍ന്നത്. സമയം 5.55. ങ്ഹെ അലാറം അടിച്ചില്ലെ?

"ഹലൊ..."

"ഡാ നീ എണീറ്റില്ലെ ഇതുവരെ"

"എണീറ്റു അളിയാ, ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുവായിരുന്നു.."

"ഉവ്വ ഉവ്വ, വേഗമെണീറ്റ് വാടാ"

"ദാ വരുന്നു"

വേഗം റെഡിയായി, ജിമ്മിലിടാന്‍ വേണ്ടി മേടിച്ച ഡ്രസ്സും ഷൂസ്സുമൊക്കെ ഇട്ടു ഞാന്‍ പെട്ടെന്നിറങ്ങി.

ഞങ്ങള്‍ ജിമ്മിലെത്തിയപ്പോളേക്കും സാറവിടെ ഉണ്ടായിരുന്നു. കുറെ ജിമ്മമാര്‍ പലതരം എക്സെര്‍സൈസ് ചെയ്തു ഡെമൊ കാണിക്കുന്നു. പാവങ്ങള്‍ 2-3 മാസം കഴിയുമ്പോള്‍ ഇവന്‍മാരൊക്കെ എന്തു ഡെമൊ കാണിക്കുമൊ. എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. ഡമ്പല്‍സ് എടുക്കാനെനിക്ക് ധൃതിയായി.

"ഗ്രൌണ്ടിനു മൂന്നു വട്ടം ഓടിയിട്ട് വാ"

"സാര്‍, ഓടുവൊക്കെ വേണൊ? നമുക്ക് നേരിട്ട് ഡമ്പല്‍സ് എടുത്താലൊ?"

"വാംഅപ് മസ്റ്റാണ്. എന്നാലെ പ്രയോജനമുണ്ടാകു"

"ഓകെ സാര്‍. മൂന്നു റൌണ്ട് മതിയൊ?"

"ആ തത്കാലം അത്ര മതി"

ഇങ്ങേര്‍ക്കിതെന്താ, ശ്ശെ ഒരു പത്തു റൌണ്ടെങ്കിലും ഓടാമായിരുന്നു.

"അളിയാ അപ്പോള്‍ തുടങ്ങാം. നിനക്കു ചിലപ്പോള്‍ എന്‍റെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നീ വിഷമിക്കരുതു കേട്ടൊടാ"

"എടാ ഇതതിന്‌ ഓട്ട മത്സരമല്ല, ജോഗ്ഗിംഗ് ആണ്."

"നീ എത്ര റൌണ്ട് ജോഗാറുണ്ടളിയാ?"

"മൂന്നു റൌണ്ടൊക്കെ കഷ്ടി"

"അയ്യെ"

"എന്തോന്ന് അയ്യെ, നീ ഒന്നു ഓടി കാണിക്ക്"

ഞങ്ങള്‍ പതുക്കെ ജോഗിംഗ് തുടങ്ങി. ഒരു കാല്‍ഭാഗമായപ്പോളേക്കും എനിക്ക് കാലിനടിയില്‍ നിന്ന് പുക വരുന്നതുപോലെ തോന്നി.

"കാവിലമ്മെ"

"എന്താടാ?"

"ഒന്നുമില്ലളിയാ, രാവിലത്തെ പ്രാര്‍ത്ഥനയാ"

പകുതി ദൂരമായപ്പോളേക്കും എന്‍റെ അടപ്പൂരി. ദൈവമെ ഞാനെങ്ങനെ മൂന്നു റൌണ്ടോടും. നടന്നും ഇരുന്നും നിരങ്ങിയുമൊക്കെ രണ്ട് റൌണ്ട് ഞാനോടി. അപ്പോളേക്ക് സലീഷ് മൂന്നു റൌണ്ടോടിക്കഴിഞ്ഞിരുന്നു. ഞാന്‍ ജിമ്മിനു മുന്‍പിലുള്ള ഒരു തെങ്ങില്‍ ചാരി നിന്നു.

"എന്താടാ മടുത്തൊ"

"ചെറുതായി അളിയാ"

"മൂന്നാമത്തെ ഓടുന്നില്ലെ"

"മൂന്നു ഒരു മോശം നമ്പറല്ലെ അളിയാ, ഇന്നു തുടക്കമല്ലെ രണ്ടു മതി"

"ശരി ശരി, വാ സാറവിടെ ഉണ്ട്."

"മൂന്നു റൌണ്ടും ഓടിയോടൊ?"

"ഓടി സാര്‍"

"എങ്കില്‍ വാ"

അകത്തു വേറൊരു മുറിയില്‍ കൊണ്ടുപോയി സാര്‍ കുറച്ച് സ്ട്രെക്ചിംഗ് എക്സെര്‍സൈസ് ഒക്കെ ചെയ്യിപ്പിച്ചു. അതു കൂടെ കഴിഞ്ഞപ്പോള്‍ എനിക്ക് മുറിയുടെ നാലു ഭിത്തികളും ഒരുമിച്ചു കാണാന്‍ തുടങ്ങി. ചെറുതായി തലകറങ്ങുന്നപോലെ.

"ആ ഇനി ഒരു അമ്പത് പുഷ്‌അപ്സ് കൂടെ എടുത്തിട്ട് അപ്പുറത്തെ റൂമിലേക്ക് വാ"

"അമ്പതോ??"

"ആ, ഒന്നിച്ചെടുക്കേണ്ട. പത്തെണ്ണം വീതമെടുത്താല്‍ മതി"

സലീഷുടനെ പുഷ്‌അപ്സ് തുടങ്ങി. കര്‍ത്താവെ സിക്സ് പാക്കാകാന്‍ വന്നിട്ട് ഇന്നു തന്നെ സിംഗിള്‍ പാക്കായി വീട്ടിലേക്ക് പാക്കാകുന്ന ലക്ഷണമാണല്ലൊ. കഷ്ടിച്ച് ഒരു വിധം ആദ്യത്തെ പത്തെണ്ണം ഞാനെടുത്തു. പിന്നെ ഒരു പത്തു മിനിട്ട് കഴിഞ്ഞു പത്തെണ്ണം കൂടെ. അപ്പോളേക്കും സലീഷ് അമ്പതെണ്ണം ഫിനീഷ് ചെയ്ത് അപ്പുറത്തേക്ക് പോയി.

"ഡാ അങ്ങു വന്നേക്കു"

"ശരി ഡാ"

ജീവനുണ്ടെങ്കില്‍ വരാമെടാ. ഒരു പതിനഞ്ച് മിനിട്ടുകൂടെ കഴിഞ്ഞ് വീണ്ടും ബാക്കിയുള്ള പുഷ് അപ്സ് എടുക്കാന്‍ ഞാന്‍ തുടങ്ങി. ഉടനെ നേരിയ മഞ്ഞിറങ്ങി വന്നതുപോലെ. ആകാശത്തെ നക്ഷത്രങ്ങള്‍ താഴേക്ക് ഇറങ്ങി വന്നതുപോലെ എനിക്ക് തോന്നി. എന്‍റെ തലയ്ക്ക് ചുറ്റും നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

"ഹായ് നക്ഷത്രങ്ങള്‍"

പിന്നെയെനിക്ക് ഓര്‍മ്മ വരുമ്പോള്‍ സലീഷും സാറും മറ്റു ജിമ്മന്മാരും കൂടെ എന്‍റെ ചുറ്റും നിന്നെന്നെ വിളിച്ചെണീപ്പിക്കുമ്പോളായിരുന്നു.

"എന്താടൊ, കുറച്ച് പുഷ് അപ്സ് എടുത്തപ്പോളെ ബോധം കെട്ടു വീണൊ"

"ഹേയ് ഇല്ല സാര്‍, ഞാനിങ്ങനെ രാവിലെ എണീക്കുന്ന പതിവില്ലാത്തതു കൊണ്ട് ഉറങ്ങിപ്പോയതാ"

"ഉവ്വ ഉവ്വ"

പിന്നവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. തെണ്ടികള്‍ സത്യം പറഞ്ഞാലും വിശ്വസിക്കില്ല. സത്യത്തിനു തീരെ വില കൊടുക്കാത്തതുകൊണ്ട് പിന്നെ ഞാന്‍ ഒരിക്കലും അവിടേക്ക് പോയിട്ടില്ല. സത്യം വിട്ടൊരു പരിപാടിക്കും നമ്മളില്ലെ, അല്ലാതെ ഛെ ഛെ.

Tuesday, June 25, 2013

ബസ്സ് യാത്ര

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ. തൃശൂര്‍ ഭാഗത്തേക്ക് മാത്രമേ ബസ്സുള്ളൊ,  തിരുവനന്തപുരത്തേക്ക് ബസ്സൊന്നുമില്ലേ? ഗതാഗതവകുപ്പ് മന്ത്രിയുടെ മോളുടെ കല്യാണമൊ മറ്റൊ ആണൊ തൃശൂര്‍? ഇപ്പോത്തന്നെ ഒരു വണ്ടിക്കു കയറാനുള്ള ജനം ഈ സ്റ്റോപ്പില്‍ തന്നെ ഉണ്ട്. ഇനി വരുന്ന വണ്ടിക്ക് കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. സീറ്റെങ്ങാനും കിട്ടിയാല്‍ ഉറപ്പായിട്ടും ഇന്നുതന്നെ ലോട്ടറി എടുക്കണം. ആ ഒരു സൂപ്പര്‍ വരുന്നുണ്ട്. ഭാഗ്യം. സൂപ്പറായതുകൊണ്ട് അതികം ആളുകള്‍ ഇവിടുന്ന്കയറുന്നുണ്ടാവില്ല.

ഓ എല്ലാവന്മാരും കയറാന്‍ റെഡിയാകുന്നുണ്ടല്ലൊ. എല്ലാത്തിന്റെ കൈയിലും നല്ലകാശാണെന്ന തൊന്നുന്നെ. ആഞ്ഞു കൈ നീട്ടിയേക്കാം. ഡ്രൈവര്‍ ഇനി കാണാതെ പോകേണ്ട.

നല്ല തിരക്കാണല്ലൊ, കയറാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. വരുന്ന വരവു കണ്ടിട്ട് നിര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലൊ ദൈവമെ.
തെണ്ടി നിര്‍ത്താതെ പോയി. നാശം നമ്പര്‍ നോട്ട് ചെയ്യാനും പറ്റിയില്ല, അല്ലെങ്കില്‍ ഇപ്പോള്‍തന്നെ വിളിച്ച് പരാതി കൊടുത്തേക്കാമായിരുന്നു. ഇവന്‍റെയൊക്കെ വിചാരമെന്താണ്, ഓടിക്കുന്ന ബസ്സ് അവന്‍റെ തറവാട്ടു സ്വത്താണെന്നാണൊ?

..........................................................................

ങ്ഹാ,അടുത്ത സൂപ്പര്‍ ഫാസ്റ്റ് വരുന്നുണ്ട്. ദൈവമേ ഇതെങ്കിലും നിര്‍ത്തിയാല്‍ മതിയായിരുന്നു. ഡോര്‍ എന്‍റെ കൃത്യം മുന്‍പില്‍തന്നെ വന്നു നിര്‍ത്തണെ.

നാശം,ഡോറിന്‍റെ ഏഴയലത്തുപോലുമില്ല. കയറാന്‍ പറ്റുമെന്നു തോന്നണില്ല. തള്ളിക്കയറിയില്ലെങ്കില്‍ പോക്കു നടക്കുമെന്നു തോന്നണില്ല.

"എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്, നിങ്ങള്‍ക്ക് മാത്രം കയറിയാല്‍ മതിയൊ? ഇത്ര തിരക്കുള്ളപ്പോള്‍ കുറച്ചു തള്ളൊക്കെ ഉണ്ടാകും.അല്ല പിന്നെ".

ങ്ഹെ, കണ്ടക്ടര്‍ തെണ്ടി ബെല്ലടിച്ചല്ലൊ. ബാക്കിയുള്ളവര്‍ അടുത്ത വണ്ടിക്കുവരാന്‍ പറയാന്‍ ഇവനാരെടാ. ഇതു പരാതി കൊടുത്തിട്ടെ ഉള്ളു. ഇനി എത്ര നേരം നിന്നാലാ അടുത്ത ബസ്സ് വരിക ആവോ?

................................................................................

ഓ, പിന്നെയും പതിനഞ്ച് മിനിട്ട് കഴിഞ്ഞു. ഇനി എപ്പോള്‍ തിരുവനന്തപുരത്തെത്തുമോ ആവോ. ആ വരുന്നുണ്ട് അടുത്ത സൂപ്പര്‍ ഫാസ്റ്റ്. ഇതിലെങ്കിലും പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു. ഭാഗ്യം, ഡോറിന്‍റെ അടുത്തുതന്നെ നിര്‍ത്തി. ഹൊ, പുറകില്‍ നിന്നും നല്ല തള്ളാണല്ലൊ. ഇതാരെടാ.

"എന്‍റെ പൊന്നു ചേട്ടാ ഇങ്ങനെ കിടന്നു തള്ളാതെ". ഇവനൊക്കെ എവിടുന്നു വരുന്നെടാ.

തെണ്ടി, അവന്‍റെയൊരു നോട്ടം.

"ആളിറങ്ങിയിട്ട് കയറൂ.."

പിന്നെ ആളൊക്കെ ഇറങ്ങിക്കോളും. സീറ്റെങ്ങാനും ആരെങ്കിലും കാണാതെ കിടക്കുന്നുണ്ടെങ്കില്‍ ചാടിക്കയറി ഇരിക്കാനുള്ളതാ.

"തന്നോടല്ലേടൊ ആളിറങ്ങിയിട്ട് കയറാന്‍ പറഞ്ഞത്"

"ഏതായാലും കയറിപ്പോയില്ലെ കണ്ടക്ടര്‍ ചേട്ടാ..."

ഹൊ അങ്ങനെ അകത്തു കയറിപ്പറ്റി. ഇനിയും കുറേ പേര്‍ കയറാനുണ്ടല്ലൊ. കണ്ടക്ടറെ കണ്ടിരുന്നെങ്കില്‍ ഡബിള്‍ അടിച്ചു വിടാന്‍ പറയാമായിരുന്നു. കുറച്ചുപേര്‍ക്ക് അടുത്ത ബസ്സില്‍ പോയാലെന്താ. നാശങ്ങള്‍, ഇങ്ങനെയുണ്ടൊ ഒരു തള്ളല്‍, ച്ഛെ ഛെ. കണ്ടക്ടര്‍ വരുന്നുണ്ട്.

"ടിക്കറ്റ്...ടിക്കറ്റ്"

"ഒരു തിരുവനന്തപുരം"

"109"

"ഇതാ"

"ബാക്കി ഒരു രൂപ പിന്നെത്തരാം"

ഉം, അടിച്ചു മാറ്റാനുള്ള പരിപാടിയാണ്. ഞാന്‍ മറക്കില്ല ചേട്ടാ.

ഇതു തിരുവനന്തപുരം വരെ നില്‍ക്കേണ്ടി വരുമെന്നാ തൊന്നുന്നത്. എന്തൊരു തിരക്കാണ്. പിടിക്കാന്‍ പോലും സ്ഥലം കിട്ടുന്നില്ലല്ലൊ.

................................................................................

"എന്‍റമ്മൊ......"

എന്തൊരു ബ്രേക്ക് പിടിക്കലാ ഇത്. മുന്‍പില്‍ ഇങ്ങേരു നിന്നതു കൊണ്ടു ഭാഗ്യം, അല്ലെങ്കിലിപ്പോള്‍ കമിഴ്ന്നടിച്ചു കിടന്നേനെ. ഇങ്ങേരെന്താ നോക്കി പേടിപ്പിക്കുന്നത്.

"എന്‍റെ പൊന്നു ചേട്ടാ, നല്ല തിരക്കല്ലെ. കൈ പിടിക്കാന്‍ സ്ഥലമൊന്നും കിട്ടിയില്ല. അതിന്‍റെയിടക്ക് ഇതുപോലെ ബ്രേക്ക് പിടിച്ചപ്പോള്‍ ദേഹത്തൊന്നു പിടിച്ചു പോയതാണ്. അത്ര ബുദ്ധിമുട്ടാണെങ്കില്‍ ചേട്ടനിറങ്ങി ഒരു ടാക്സി വിളിച്ചു പോകാന്‍ പാടില്ലായിരുന്നൊ?"

ഇവനൊക്കെ എവിടുന്നു വരുന്നെടാ. തിരക്കുള്ള ബസ്സില്‍ അവന്‍റെ ദേഹത്തു പിടിച്ചത്ര, ഹും.

................................................................................

കുറവിലങ്ങാട് എത്താറായി. ബസ്സ് സ്റ്റോപ്പില്‍ ഒരു പൂരത്തിനുള്ള ആളുണ്ടല്ലൊ. നിര്‍ത്താന്‍ പോകുവാണൊ ഇവിടെയും. ഈ ഡ്രൈവറിനെന്താ ഭ്രാന്താണൊ. ഇനി ഇതിനകത്തു എവിടെ ആളു കയറാനാണ്. ഓ നാശം നിര്‍ത്തി. ഇവനൊന്നു നിര്‍ത്താതെ പോകാമായിരുന്നില്ലെ.

ഹാവൂ സീറ്റിന്‍റെ അടുത്തേക്ക് നില്‍ക്കാന്‍ പറ്റിയപ്പോള്‍ കുറച്ചാശ്വാസമായി. ദേ അങ്ങേരു പിന്നെയും ബ്രേക്ക് പിടിക്കുന്നു. ഇങ്ങേര്‍ക്കൊന്നു പതുക്കെ പോയാലെന്താ. ഇത്രയും ആള്‍ക്കാരു നില്‍ക്കുന്നത് ഇങ്ങേര്‍ക്കറിഞ്ഞൂടെ. സൂപ്പര്‍ ഫാസ്റ്റായാല്‍ ജനങ്ങളുടെ ജീവന്‍ നോക്കേണ്ട എന്നാണൊ? ഇവനൊക്കെ ആരെടാ ലൈസന്‍സ് കൊടുത്തത്? ങ്ഹെ, ഇതാരെടാ എന്‍റെ ദേഹത്തേക്ക് വന്ന് കയറുന്നത്.

"ചേട്ടാ എവിടെയെങ്കിലും പിടിച്ചു നില്‍ക്ക്. ഇങ്ങനെ ദേഹത്തേക്ക് വന്ന് കയറാതെ. ഇതു പബ്ലിക് പ്രോപ്പര്‍ട്ടി അല്ല"

ഒരിടത്തും പിടിക്കാതെ വായിനോക്കി നിന്നോളും ഇവനൊക്കെ. എന്നിട്ട് ചെറുതായൊന്നു ബ്രേക്ക് പിടിക്കുമ്പോളെ നേരെ ബാക്കിയുള്ളവന്‍റെ നെഞ്ചത്തേക്കാണ്‌ വന്നു കയറുന്നത്. കള്‍ച്ചര്‍ലസ്സ് കണ്‍ട്രി ഫെല്ലോസ്സ്. അയ്യോ, ഞാന്‍ മുന്‍പെ ദേഹത്തു ചെന്നു കയറിയിട്ട് കലിപ്പിച്ചവന്‍ നോക്കി ചിരിക്കുന്നുണ്ടല്ലൊ. ശ്ശെ, വെറുതെ കീറി.

ഈ സീറ്റിന്‍റെ പിടിയില്‍ പതുക്കെ ഇരിക്കാം. ഇവനെന്തായാലും കൂടുതല്‍ കാശു കൊടുക്കുന്നൊന്നും ഇല്ലല്ലൊ. അപ്പോള്‍ പിന്നെ പിടിയില്‍ എനിക്കിരിക്കാം. ഇവനെന്താ തള്ളുന്നത്, എന്നെ ഇവിടെ ഇരുത്തില്ലെ?

"നല്ല തിരക്കല്ലെ മാഷെ, കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യന്നെ"

ശ്ശെടാ, ഫുള്‍ സീറ്റിലിരിക്കുന്നവന്‍ നമ്മള്‍ ഈ അറ്റത്തൊന്നു ഇരുന്നതിനാണിത്ര സൂക്കേട്. ഇവനൊക്കെ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വല്ല കാറും വിളിച്ചു പൊയ്ക്കൂടെ.

................................................................................

ഏറ്റുമാനൂര്‍ എത്താറായി. സീറ്റ് വല്ലതും ഫ്രീ ആകുമായിരുന്നെങ്കില്‍. ഫ്രണ്ടിലെ സീറ്റില്‍ ഒരുത്തന്‍ എണീക്കുന്നുണ്ടെല്ലൊ.

ഓ,മിസ്സായി. ആ തെണ്ടി കയറി ഇരുന്നു. ഇനി ഇപ്പോള്‍ കോട്ടയമെത്തുമ്പോള്‍ കിട്ടിയെങ്കിലായി.

................................................................................

അവന്‍ ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങാനാണെന്ന് തോന്നുന്നു. ഇടിച്ചു കയറി ഇരിക്കാം, അല്ലെങ്കില്‍ മിക്കവാറും തിരുവനന്തപുരം വരെ നിക്കേണ്ടി വരും. ആ സീറ്റിനടുത്തു ഒരുത്തന്‍ നില്‍ക്കുന്നുണ്ടല്ലൊ, അവനെങ്ങാനും കലിപ്പിക്കുമൊ ആവൊ.

ഹാവൂ, അങ്ങനെ ഇരിക്കാന്‍ പറ്റി. ഭാഗ്യം. ഓ അവന്‍ ഇരിക്കാന്‍ പറ്റാത്തതിന്‍റെ ദേഷ്യത്തില്‍ കലിപ്പിചു നോക്കുന്നുണ്ട്. പിന്നെ, എന്‍റെയടുത്താ.

കോട്ടയം ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും നല്ല ആളു കയറിയല്ലൊ. സീറ്റ് കിട്ടിയത് ഭാഗ്യം, അല്ലെങ്കില്‍ നിന്നു ഒരു വഴിയായേനെ.

ങ്ഹെ, ഒരുത്തന്‍ കൈപിടിയില്‍ കയറി ഇരുന്നല്ലൊ, ഇതെവിടുത്തെ ഏര്‍പ്പാടാ, ഇനി ഞാന്‍ എവിടെ കൈ വയ്ക്കും.

"ചേട്ടാ, ഒന്നെഴുന്നേറ്റെ.ഇതു സീറ്റിലിരിക്കുന്ന ആള്‍ക്ക് കൈ വയ്ക്കാനുള്ള സ്ഥലമാ, അല്ലാതെ ഇരിക്കാനുള്ളതല്ല. എനിക്ക് ശ്വാസം മുട്ടുന്നു,"

"തിരക്കായതു കൊണ്ടാ. എന്‍റെ കാലും വയ്യ"

"എങ്കില്‍ ചേട്ടനു തിരക്കു കുറഞ്ഞ ബസ്സ് വരുമ്പോള്‍ കയറിയാല്‍ പോരായിരുന്നൊ? നിങ്ങളിവിടെ ഇരുന്നിട്ട്, എഴുന്നേറ്റെ, അല്ലെങ്കില്‍ ഞാന്‍ കണ്ടക്ടറെ വിളിക്കും അല്ലെങ്കില്‍"

മര്യാദയ്ക്കൊന്നു യാത്ര ചെയ്യാന്‍ പറ്റില്ലെന്നു വച്ചാല്‍. എന്‍റെയടുത്താ കളി.തിരുവല്ല എത്തി. ഇനിയും 3-4 മണിക്കൂര്‍ ഇരിക്കണമല്ലൊ. ഈ ഡ്രൈവറിനൊന്നു പറപ്പിച്ചു വിട്ടാലെന്താ. സൂപ്പര്‍ ഫാസ്റ്റ് അല്ലെ.

ങ്ഹെ, ഇങ്ങേരെന്താ എന്‍റെ ദേഹത്തേക്ക് ചായുന്നത്. ഓഹോ മച്ചാന്‍ നല്ല ഉറക്കമാണല്ലെ. ഇവനൊക്കെ വീട്ടില്‍ കിടന്നുറങ്ങിക്കൂടെ.

"ഹലൊ ചേട്ടാ, ഒന്നെണീറ്റെ. ചേട്ടനുറങ്ങണമെങ്കില്‍ വീട്ടില്‍ എങ്ങാനും പോയിക്കിടന്നുറങ്ങു. അല്ലാതെ എന്‍റെ ദേഹത്തല്ല"

"സോറി, വല്ലാത്ത ക്ഷീണമായിരുന്നു"

"ചേട്ടന്‍റെ ക്ഷീണം മാറ്റുന്നത് എന്നെ ക്ഷീണിപ്പിച്ചിട്ടല്ല"

"സോറി"

"ഓകെ ഓകെ"

................................................................................

ങ്ഹേ, ഇതേതാ സ്ഥലം? ഏനാത്തൊ? ഇവിടെയൊക്കെ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുമൊ? വെറുതെ ടൈം കളയാനായി. ഇതെന്താ വണ്ടി വിടാത്തത്. ഓ ഒരുത്തനവിടെ ബാലന്‍സ് വാങ്ങാന്‍ വെയ്റ്റ് ചെയ്യുന്നുണ്ടല്ലൊ.

ഹൊ 2 രൂപ ബാലന്‍സ് വാങ്ങാനാണൊ ഈ തെണ്ടി ഇത്രയും ആള്‍ക്കാരുടെ ടൈം കളഞ്ഞത്? എച്ചി.

ഇനിയും 2 മണിക്കൂര്‍ എടുക്കും. ചെറുതായൊന്നു മയങ്ങിയേക്കാം.

................................................................................

"ഡൊ, ഡൊ..."

"എന്താ ചേട്ടാ.. പ്രശ്നം?

"പ്രശ്നമൊന്നുമില്ല, നേരെ കിടന്നുറങ്ങ്"

"ഓ എന്താ ചേട്ടാ, ഇതൊക്കെ ഇത്ര പ്രശ്നമാക്കണൊ..? നമ്മളൊക്കെ മനുഷ്യരല്ലെ?"

"ഓകെ ..ഓകെ. എന്തായാലും നേരെ കിടന്നുറങ്ങു"

ശ്ശെടാ, ഇവനൊക്കെ എവിടുന്നു വരുന്നു. മനുഷ്യനെ കണ്ടിട്ടില്ലെ. ജസ്റ്റ് അവന്‍റെ തോളത്ത് എന്‍റെ തലയൊന്നു മുട്ടിയതിനാണ്‌ ഈ കോലാഹലം.ഏതായാലും നന്നായി ഉറങ്ങി. വട്ടപ്പാറ കഴിഞ്ഞു. കേശവദാസപുരത്തിറങ്ങാം. ഇനി എന്തായാലും ഉറങ്ങേണ്ട. ഇങ്ങേരു വിളിച്ചത് ഏതായാലും കറക്ട് സമയത്താണ്.

ഹൊ, അങ്ങനെ കേശവദാസപുരം എത്തി. ഓ ഇറങ്ങാന്‍ സമ്മതിക്കില്ലേ?

"എന്‍റെ പൊന്നു ചേട്ടാ, ഒന്നിറങ്ങിക്കോട്ടെ. എനിക്കിറങ്ങാന്‍ ഈ വണ്ടിയല്ലേ ഉള്ളു. ചേട്ടനു പുറകെ വരുന്നതിലും കയറാമല്ലൊ"

അയ്യൊ, ബാലന്‍സ് ഒരു രൂപ മേടിച്ചില്ലല്ലൊ. അങ്ങേരെ അങ്ങനെ വിടണ്ട.

"കണ്ടക്ടര്‍ കണ്ടക്ടര്‍...ബാലന്‍സ് കിട്ടിയില്ല"

"എത്രയാ"

"ഒരു രൂപ"

"ഒരു രൂപയൊ?....ഒരു രൂപയ്ക്കാണൊ ഇയാള്‍ സൂപ്പര്‍ ഫാസ്റ്റ് പിടിച്ചു നിര്‍ത്തിയത്... ആ ഇന്നാ"

പിന്നെ എന്‍റെ ഒരു രൂപ ഇയാള്‍ക്ക് ഞാന്‍ വെറുതെ തരാമെടൊ.

ഇനി കഴക്കൂട്ടത്തേക്ക് എപ്പോഴാണൊ ബസ്സ് കിട്ടുക?

................................................................................

നാശം...എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു. ഒരു ബസും കാണുന്നില്ലല്ലൊ. ഉള്ള ബസ്സെല്ലാം അങ്ങോട്ടേക്കാണല്ലൊ...................................

Friday, August 5, 2011

കല്യാണ ഉണ്ണികള്‍

അടൂരില്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുമ്പോള്‍ അടിച്ചുപൊളിച്ചു ജീവിക്കാനുള്ള പോക്കറ്റ് മണിയൊന്നും ഞങ്ങളുടെ ഹോസ്റ്റലില്‍ ആര്‍ക്കുംതന്നെ വീട്ടില്‍ നിന്നും കിട്ടാറുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കേണ്ട സമയമാകുമ്പോളെ അതിനുള്ള കാശ് വീട്ടില്‍ നിന്ന് കിട്ടാറുണ്ടായിരുന്നോളു. രാവിലെയും വൈകിട്ടും ഫുഡ് സരളചേച്ചിയും ചേട്ടനും കൊണ്ടുത്തരുന്നതുകൊണ്ട് അതും മാസാവസാനം മാത്രമാണ്‌ കൊടുത്തിരുന്നത്. പിന്നെ ഉച്ചക്കുകഴിക്കാനുള്ളതിന്റെയും കോളേജില്‍ പോകാനുള്ളതുംകൂടെ വളരെ തുച്ഛമായൊരു തുകയായിരിക്കും ഞങ്ങളുടെ അടുത്തുണ്ടാവുക. അതുകൊണ്ടൊക്കെത്തന്നെ ലാവിഷായി ഫുഡ് അടിക്കാന്‍ പോയാല്‍ പിന്നെ വന്‍ടൈറ്റാകും.

അങ്ങനെ മനുഷ്യന്റെ ബേസിക് ആവശ്യങ്ങളിലുള്ള ചിക്കന്ബിരിയാണിയും മട്ടന്‍ബിരിയാണിയും ഒക്കെ കഴിക്കാന്‍ പറ്റാതെ വളരെ കഷ്ടപ്പെട്ടാണ്‌ ഞങ്ങള്‍ എഞ്ചിനീയറിംഗിനു പഠിച്ചിരിന്നത്.വലുതാകുമ്പോള്‍ ഞങ്ങളുടെ മക്കളോടൊക്കെ ഈ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തിന്റെ കാര്യം പറയണം എന്നൊക്കെ ചേച്ചിയുടെ ഒണക്കചപ്പാത്തിയും കിഴങ്ങുകറിയും കഴിക്കുമ്പോള്‍ ഞങ്ങള്‍ ഡിസ്കസ് ചെയ്യാറുമുണ്ടായിരുന്നു. എങ്കിലും ചില അലവലാതി ഡെയ്സ്‌കോളെഴ്സ്[വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിച്ച് ടിവിയും കണ്ട് ഒരു ഉത്തരവാദിത്വവുമില്ലാതെ സുഖിച്ചു ജീവിക്കുന്നവര്‍ - ചുരുക്കത്തില്‍ ലോക്കല്‍സ്] ഹാരോള്‍ഡ് സാറിന്റെ ക്ലാസ്സിലിരുന്ന് തലേദിവസം വീട്ടിലുണ്ടാക്കിയ ചിക്കന്‍കറിയുടെയും അല്ലെങ്കില്‍ ബിരിയാണിയുടെയും ഒക്കെ കാര്യം പറയുമ്പോള്‍ കണ്‍ടോള്‍ പോകാറുണ്ട്.

ഞങ്ങളെല്ലാം വേറെവേറെ ബാച്ചിലായിരുന്നതുകൊണ്ട് ക്ലാസ്സിലെക്കാര്യങ്ങളെല്ലാം വീട്ടില്‍ വന്നു പരസ്പരം ഷെയര്‍ ചെയ്യുന്നത് വൈകുന്നേരം ഹോസ്റ്റലില്‍ വന്ന് ചായകുടിക്കുമ്പോളാണ്. വേറെ എന്തൊക്കെ കാര്യങ്ങള്‍ മറന്നാലും ചിക്കന്‍ബിരിയാണിയുടെ കാര്യം കറക്ടായി പറയാന്‍ കമ്പ്യൂട്ടേഴ്സ് ബാച്ചിലെ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹാരൊള്‍ഡ് സാറിന്റെ അവര്‍മുതല്‍ വൈകുന്നേരം ഹോസ്റ്റലില്‍ എത്തുന്ന സമയം വരെ ഞാനൊ, അനൂപാന്റണിയൊ, ജേസിയൊ, ജിബിനൊ, സിനുവൊ ഓര്‍ത്തുവയ്കാന്‍ ശ്രദ്ധിച്ചിരുന്നു.ലോക്കല്‍സിന്റെ ചിക്കന്‍ബിരിയാണിയുടെ കാര്യം പറയുന്ന വൈകുന്നേരങ്ങളിലെല്ലാം, ചായയുടെ ഒപ്പംകഴിക്കാന്‍ ചേച്ചിതന്നുവിടുന്ന ബോണ്ടകള്‍ മാനത്ത് പറക്കുന്നതു പതിവായിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിന്റെ ഭാഗത്തുണ്ടായിരുന്ന അലവലാതി ലോക്കല്‍ കാക്കള്‍ക്ക് ഇതു കറക്ട് ആയി അറിയാവുന്നതുകൊണ്ട് പറന്നുപൊങ്ങിയ ബോണ്ട തിരിച്ചുവരുമ്പോള്‍ ക്യാച്ചെടുക്കുന്നതിനു മുന്‍പ് കറക്ടായി കൊത്തിപ്പറന്നുപോകാറുള്ളതും പതിവായി. ഇങ്ങനെ ചിക്കന്‍ബിരിയാണിയോടുള്ള കൊതിയില്‍ ആദ്യത്തെ ആവശ്യത്തിനു വലിച്ചെറിഞ്ഞ ബോണ്ടകള്‍ അകന്നകന്നു പോകുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നോക്കി നില്‍ക്കറുണ്ടായിരുന്നു. സാധാരണ സതീഷും സിജിനും ജെസിയും അനൂപാന്റെണിയുമാണ്‌ ഇങ്ങനെ ദീര്‍ഘനിശ്വാസമിടാറുണ്ടായിരുന്നത്.

ഒരു സാറ്റര്‍ഡെ പതിവുപോലെ ഞങ്ങളെല്ലാരും പന്നിമലത്തിക്കൊണ്ടിരുന്നപ്പോളാണ്‌ ഗീതം ഓഡിറ്റോറിയത്തിന്റെ മുകളിലെ റൂമില്‍ താമസിച്ചിരുന്ന ക്ലാസ്സ്മേറ്റ്സിനെക്കാണാന്‍ പോയ സിജിനും പന്നിമലര്‍ത്താന്‍ അറിയാന്‍ മേലാത്തതുകൊണ്ടാണെന്നു കള്ളം പറഞ്ഞ്[ആക്‌ച്വലി ഗീതത്തിനു പോകുന്ന വഴിക്കുള്ള മുക്കിലെ പെട്ടിക്കടയില്‍ നിന്നും സിജിന്‍ ഓഫര്‍ ചെയ്ത കപ്പലണ്ടി മിട്ടായി കഴിക്കാനാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു] കൂടെപ്പോയ അനൂപാന്റണിയും ഓടിക്കിതച്ചെത്തിയത്.

"എന്തുപറ്റിയെടാ...ആരെലും തല്ലാന്‍ ഓടിച്ചൊ?" ജിബിന്‍ ചോദിച്ചു.
കിതപ്പുമാറാത്തതുകൊണ്ട് അനൂപാന്റണിയും സിജിനും നോര്‍മ്മലായി ഇങ്ങനത്തെ അവസരങ്ങളില്‍ പറയുന്ന തെറികളൊന്നും പറഞ്ഞില്ല.

"പതിവുപോലെ ഏതെലും പെണ്ണിനെ വായിനോക്കിക്കാണും..." ജേസി പറഞ്ഞു. ബട്ട് ഈ തവണ കിതപ്പുമാറിയതോണ്ട് ജേസിക്ക് അന്നത്തെ ലഞ്ജിനുള്ള വകുപ്പ് അനൂപാന്റണിയുടെ വായില്‍ നിന്നും കിട്ടി.

"എന്താരടെ കാര്യം...?" പൊടിമോന്‍ രാജേഷ് സീരിയസ്സായി.

"പറയാം. തുമ്പയിലച്ചോറ്,നല്ല ചൂടുസാമ്പാറ്, അവിയല്‍, കിച്ചടി, തോരന്‍, രസം, ഉപ്പേരി, പപ്പടം, പച്ചമോര്, എരിശ്ശേരി, പുളിശ്ശേരി, അടപ്രദമനും പഴവും, പാല്‍പ്പായസവും ബോളിയും.....ഇതൊക്കെകേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?" സിജിന്‍ വളരെ സീരിയസ്സായി ഞങ്ങളോടു ചോദിച്ചു.

"നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോന്നുന്നു. മനുഷ്യനിവിടെ ഉച്ചക്ക് ചേച്ചിയുടെ റേഷനരിയുടെ ചോറും കഷണം വീണാല്‍ സാമ്പാറെന്നും വീണില്ലെങ്കില്‍ രസമെന്നും പറയുന്ന കറിയും കഴിക്കണമെന്നോര്‍ത്ത് ഡെസ്പായിരിക്കുമ്പൊളാണ്‌ അവന്റെ ഒരു വിവരണം", റോബിനു ദേഷ്യം വന്നു.

"എടാ, ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല. ഇതെല്ലാം കഴിക്കാനുള്ള വകുപ്പുണ്ട്..." സിജിന്‍ പറഞ്ഞു.

"എങ്ങിനെ....?" കോറസ്സുപാടുന്നതുപോലെ എല്ലാവരും ഒരുമിച്ചു ചോദിച്ചു. അപ്പുറത്തെമുറിയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പഠിച്ചോണ്ടിരുന്ന സിനുവരെ പുസ്തകം വലിച്ചെറിഞ്ഞിട്ടാണ്‌ കോറസ്സില്‍ പങ്കു ചേര്‍ന്നത്.

"അയ്യടാ....എന്തൊരാക്രാന്തം" അനൂപാന്റെണി പറഞ്ഞു.

"ഒരു പുണ്യവാളന്‍, ഒന്നു പോയേടാ ചെക്കാ...നീ പറയെടാ സിജിന്‍കുട്ടാ..." സതീഷ് പറഞ്ഞു.

"എടാ സിജിനെ നീ വിയര്‍ക്കുന്നുണ്ടല്ലൊ...ഈ ഫാനിന്റെ അടുത്തേക്ക് നീങ്ങിയിരിക്കു. മാറെടാ പാണ്ടി. അവന്റെയൊരു പെട്ടി.." ഞാന്‍ ഒന്നു പതപ്പിച്ചു.

"ഡാ, ഡാ..നിര്‍ത്തു. ഞാന്‍ ഇന്നൊന്നുകുളിച്ചതാ. പതപ്പിക്കേണ്ട അതികം..പറയാം" സിജിന്‍ എന്നെയും സതീഷിനെയും നോക്കിപ്പറഞ്ഞു.

"ഡാ ഇന്ന് ഗീതത്തില്‍ പോയപ്പോളാ അറിഞ്ഞെ, അവന്മാരെല്ലാം അവിടെ നടക്കുന്ന കല്യാണങ്ങളില്‍ പങ്കെടുത്ത് ഇതുപോലത്തെ സദ്യയും ചിക്കന്‍ ബിരിയാണിയുമെല്ലാം അടിക്കുന്നുണ്ട്." സിജിന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

"അതേടാ, ഒരുവിധം എല്ലാ ഞായറാഴ്ചയും കല്യാണങ്ങള്‍ ഉണ്ടാവാറുണ്ട്" അനൂപാന്റണി കൂട്ടിച്ചേര്‍ത്തു.

"മെക്കാനിക്സിന്റെ പരീക്ഷയ്ക്ക് പാസ്സായാല്‍ പോലും നിനക്കിത്ര ആവേശം കാണില്ലല്ലൊടാ...?"

റോബിന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഞങ്ങളെല്ലാരും ചിരിച്ചെങ്കിലും അവന്മാരെ വെറുപ്പിക്കാന്‍ പറ്റില്ലാത്തോണ്ട് വിഷയം പെട്ടെന്നു മാറ്റി.

"എടാ ബട്ട് നമ്മളു വിളിക്കാത്ത കല്യാണത്തിനു പോയി ഉണ്ണുന്നത് മോശമല്ലെ..?" രാജേഷ് ചോദിച്ചു.

"ഒന്നു പോടാ അവിടുന്നു...നിനക്കു വേണമെങ്കില്‍ മതി." സിജിനു ദേഷ്യം വന്നു.

"എടാ ബട്ട് നമ്മളെയാരെങ്കിലും തിരിച്ചറിഞ്ഞാലൊ?" സതീഷിനതായിരുന്നു പേടി.

"ഇല്ലെടാ..എങ്ങനെ അറിയാനാ? പെണ്ണു വീട്ടുകാരു ചോദിച്ചാല്‍ നമ്മള്‍ ചെറുക്കന്‍ വീട്ടുകാര്‍...അല്ലെങ്കില്‍ തിരിച്ച്. അവന്മാരങ്ങനാ..." സിജിന്‍ കൂടുതല്‍ പ്രാക്ടിക്കലായി.

"ഡാ എന്നാലും വേണൊ...? റിസ്കല്ലെ. കോളേജിലറിഞ്ഞാല്‍ നാണക്കേടല്ലെ..?"

"നീയൊക്കെയായിട്ട് അറിയിക്കാതെയിരുന്നാല്‍ മതി. വേറെ പ്രശ്നമൊന്നുമില്ല.." അനൂപാന്റണി പറഞ്ഞു.

"നാളെ ഒരു ഹിന്ദു കല്യാണമാണ്. ഒന്നാംതരം സദ്യയാണ്. ഞങ്ങളേതായാലും പോകുന്നുണ്ട്. നിങ്ങള്‍ വരുന്നുണ്ടൊ?" സിജിന്‍ ചോദിച്ചു.

"എന്തു വിഷമഘട്ടത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെടാ..." സതീഷ് റെഡിയായി.

"അയ്യടാ...അല്ലാതെ നിനക്കു കൊതിമൂത്തിട്ടല്ല അല്ലെ?"

ഞായറാഴ്ച രാവിലെ പതിവുപോലെ പത്തുമണിയായപ്പോളേക്കും ഞങ്ങള്‍ എണീറ്റുവന്നപ്പോളേക്കും അണ്ണന്മാര്‍ മൂന്നുപേരും കൂടെ റെഡിയായിക്കൊണ്ടിരിക്കുവായിരുന്നു. ഷര്‍ട്ടൊക്കെ അയണ്‍ചെയ്ത് മുണ്ടൊക്കെ ഉടുത്ത് സെറ്റപ്പായി നില്‍ക്കുന്നതുകണ്ടപ്പോള്‍ ഞങ്ങളെല്ലാരും വണ്ടറടിച്ചുപോയി.

"എന്തോന്നാടെ ഇത്....?" ഞാന്‍ ചോദിച്ചു.

"എടാ, ഇന്നു ഹിന്ദുക്കളുടെ സ്റ്റൈല്‍ അല്ലെ..സൊ മുണ്ടാവാം എന്നുകരുതി" സിജിന്‍ എല്ലാം പ്ലാന്‍ഡ് ആയിരുന്നു.

"അയ്യോടാ..എന്തൊരു ആത്മാര്‍ത്ഥത. പഠിക്കുന്ന കാര്യത്തില്‍ ഇതൊന്നും കാണുന്നില്ലല്ലൊ"

"ഡാ, പതിനൊന്നരയ്ക്കാ മുഹൂര്‍ത്തം. ലേറ്റ് ആയാല്‍ കല്യാണം മിസ്സാകും കേട്ടൊ" അനൂപാന്റണി പറഞ്ഞു.

"കല്യാണംകൂടാന്‍ പോകുന്നമഹാന്മാര്‍.ആദ്യത്തെ പന്തിമിസ്സാകുമെന്നു പറയെടാ.." ജേസ്സി പറഞ്ഞു.

"എന്റെ കര്‍ത്താവെ, ഇന്നിവന്മാരെ കൈയോടെ പിടിക്കണെ. ഞാന്‍ അഞ്ചു മെഴുകുതിരി കത്തിച്ചേക്കാമെ..." പരീക്ഷയ്ക്കു പ്രാര്‍ത്ഥിക്കുന്ന ആത്മാര്‍ത്ഥതയോടെ റോബിന്‍ പറഞ്ഞു.

"പാണ്ടി, അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ നീ വീട്ടില്‍ പോകാന്‍ റെഡിയായിരുന്നൊ, ആംബുലന്‍സില്‍.." സതീഷിന്റെ മറുപടി പെട്ടെന്നു വന്നു.

"മൊട്ടയാണ്, കോഴിമുട്ട..." വീട്ടില്‍ പൌള്‍ട്രി ഫാം നടത്തുന്നതുകൊണ്ടായിരിക്കും റോബിന്റെ പതിവുതെറിതന്നെ ഇതിനും വന്നു.

"അപ്പോള്‍ ഞങ്ങള്‍ പോട്ടെടാ..റ്റാറ്റ...ബൈ ബൈ.." മൂന്നുപേരും യാത്രയായി. ഞങ്ങള്‍ പതിവുപോലെ പല്ലൊക്കെത്തേച്ച് പന്നിമലര്‍ത്തല്‍ തുടങ്ങി.പന്ത്രണ്ടുമണിയായപ്പോളേക്കും ശശിച്ചേട്ടന്‍ പതിവുപോലെ ഊണുമായെത്തി. കഴിച്ചോണ്ടിരുന്നപ്പോള്‍ ഞങ്ങളെല്ലാരും സൈലന്റായിരുന്നു."ഇനി അവന്മാരെങ്ങാനും ഒരു പ്രശ്നവുമില്ലാതെ സദ്യ കഴിക്കുമൊ?"അതാലോചിക്കുമ്പോള്‍ എല്ലാര്‍ക്കും പത്തു സപ്ലിയടിച്ച വിഷമമായിരുന്നു. റോബിന്‍ ഇടയ്കിടക്ക് കര്‍ത്താവിനെ മെഴുകുതിരിയുടെ കാര്യം പറഞ്ഞു പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

രണ്ടുമണികഴിഞ്ഞപ്പോളെയ്ക്കും അണ്ണന്മാര്‍മൂന്നുപേരും എത്തി. കൈയില്‍ നാരങ്ങായും ചെണ്ടുമൊക്കെയുണ്ട്.മൂന്നിന്റെയും വയറുകണ്ടപ്പോള്‍ ഞങ്ങളെല്ലാം ഡെസ്പായി. പിന്നെയവിടെ നടന്നത് ഒരു കൊല്ലാക്കൊലയായിരുന്നു.

"ഡാ ആ ചക്കരവരട്ടി കിടിലാമായിരുന്നല്ലെ.."

"ഓ മാങ്ങാച്ചാറിനു നല്ല എരിവായിരുന്നളിയാ..."

"ഡാ സതീഷെ.. നിനക്കു പാല്പ്പായസം രണ്ടാമതു കിട്ടി അല്ലെ..."

"സിജിനെ, നീ പായസം കുടിച്ചിട്ട് പിന്നെയും ചോറുണ്ടല്ലൊ.."

"എടാ ഇവിടെ അങ്ങനെയാ..പുളിശ്ശേരി അപ്പോളാണല്ലൊ വരുന്നെ.."

"വയറു ഫുള്ളായതുകൊണ്ട് ഞാന്‍ പച്ചമോരുകുടിച്ചു നിര്‍ത്തി. പുളിശ്ശേരികൂട്ടി ഉണ്ണല്‍ നടന്നില്ലെടാ.."

"സാരമില്ലെടാ, അടുത്തയാഴ്ച കഴിക്കാം"

"ഡാ ബട്ട്, അടുത്താഴ്ച മുസ്ലീം കല്യാണമല്ലെ..."

"ഓ അതുഞാന്‍ മറന്നു. അതിന്റെയടുത്തായാഴ്ചാണ്‌ ഇനി ഹിന്ദുക്കല്യാണം"

സ്വന്തം ക്ലാസ്സിലെ ടൈംടേബിള്‍ പോയിട്ട് ക്ലാസ്സ് ടീച്ചെറേതാന്നുപോലും അറിയാത്തതെണ്ടികളുടെ ഒരു ജാഡ. ബട്ട് കേട്ടുനിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.റാംജിറാവുവിലെ മത്തായിച്ചേട്ടനെപ്പോലെ റോബിന്‍ സാമ്പിളിനു കത്തിച്ചുവച്ചിരുന്ന മെഴുകുതിരി അപ്പോളെ ഊതിക്കളഞ്ഞു.

"കര്‍ത്താവങ്ങനെ സുഖിക്കേണ്ട കേട്ടൊ.." റോബിനാണു പറഞ്ഞതെങ്കിലും ഞങ്ങള്‍ക്കെല്ലാം അതേഫീലിംഗായിരുന്നു.

"എനിക്കൊന്നുകിടക്കണമെടാ..വല്ലാത്തക്ഷീണം" സതീഷുപറഞ്ഞു. സിജിനും അനൂപന്റണിയും അവരുടെ ബെഡ്ഡിലേക്ക് പോയി.

ഞങ്ങളുംപോയിക്കിടന്നു. കൊതിയായിപണ്ടാരമടങ്ങിയതുകൊണ്ട് ആര്‍ക്കും കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല.

അടുത്തയാഴ്ചയാകാന്‍ അവന്മാര്‍ മൂന്നുപേരും കാത്തിരിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫീല്‍ ചെയ്തു. ജേസ്സിക്ക് ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ബട്ട് ജന്മനാഉള്ള പേടികൊണ്ട് അവന്‌ കല്യാണത്തിനു പോകാനുള്ള താല്പര്യം കണ്‍ടോള്‍ ചെയ്തു.ഇതെല്ലാം വളരെമോശമായിരുന്നെന്നും മാനംവിറ്റുകളിക്കാന്‍ നമ്മളില്ലെന്നുമൊക്കെയുള്ള ലെവലില്‍ ഞാനും പാണ്ടിയും പൊടിമോനും ജിബിനുമെല്ലാമിരുന്നു. ഇടയ്ക്കിടെ ഈ ഡയലോഗ്സ് പറയുന്നുണ്ടായിരുന്നെങ്കിലും അതിനിടയില്‍ വെള്ളമിറക്കുന്ന സൌണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണെന്ന കാര്യം ഞങ്ങള്‍ തിരിച്ചിറിഞ്ഞു. ഞായറാഴ്ച പതിവുപോലെ അണ്ണന്മാര്‍ മൂന്നുപേരും നേരത്തെ റെഡിയായി. ജീന്‍സൊക്കെയാണന്ന്, മുസ്ലീം കല്യാണത്തിന്‍ ജീന്‍സ്സാണ്‌ നല്ലതെന്നായിരുന്നു കമന്റ്. അവന്മാര്‍ തിരിച്ചു വരുന്നസമയമായപ്പോളേക്കും ഞങ്ങളെല്ലാം ഉറക്കം വരുന്നില്ലാഞ്ഞിട്ടുകൂടി വെറുതെ കയറിക്കണ്ണടച്ചു കിടന്നു. കാര്യം മനസ്സിലായതുകൊണ്ട് തെണ്ടികളല്പം ഉച്ചത്തിലായിരുന്നു അന്നത്തെ വിവരണം.

"എടാ സിജിനെ എന്താട മുസ്ലീംസിന്റെ ബിരിയാണിക്കിത്ര ടേസ്റ്റ്?", തെണ്ടി സതീഷിന്റെ നിഷ്ക്കളങ്കമായ ചോദ്യം.

"എടാ അതറിയില്ലെ...? അവര്‍ മട്ടന്‍ റൈസിന്റെ കൂടെയിട്ടാണ്‌ ബിരിയാണി ഉണ്ടാക്കുന്നത്. അല്ലാതെ ഹോട്ടലിലെപ്പോലെ രണ്ടും വേറെ വേറെ ഉണ്ടാക്കി പിന്നീട് മിക്സ് ചെയ്യുവല്ല"

കൂര്‍ക്കംവലിക്കിടയിലും പാണ്ടിറോബിന്‍ സൈലന്റായി. അടുത്തയാഴ്ചയായപ്പോളേക്കും എനിക്കും ജേസ്സിക്കും കണ്‍ട്രോള്‍ കിട്ടിയില്ല. ശനിയാഴ്ച വൈകുന്നേരം നമ്മള്‍ വരുന്നകാര്യം സതീഷിനെയറിയിച്ചു. മൂന്നുപേരുടെയും ഗൌരവം കണ്ടപ്പോള്‍ നാളത്തെകല്യാണം നടത്തുന്നത് ഇവരാണെന്നുപോലും ഞങ്ങള്‍ക്ക് ഡൌട്ട് തോന്നി.

"വരുന്നതൊക്കെ കൊള്ളാം, ബട്ട് ഡീസന്റായിരിക്കണം"

"മുണ്ടുണ്ടൊ കൈയില്‍..?"

"ഇല്ലെടാ സിജിനെ, പാന്റ്സ് പോരെ.."

"പോരാ പോരാ, നാളെ ഹിന്ദുമാര്യേജ് ആണ്. ഹിന്ദു മാര്യേജാക്ട് പ്രകാരം മുണ്ടുടുക്കാതെ പോകാന്‍ പറ്റില്ല. ഞങ്ങള്‍ കൊണ്ടുപോകില്ല", സിജിന്‍ നിര്‍ബന്ധം പറഞ്ഞതുകൊണ്ട് ഞാനും ജേസ്സിയും ഉണ്ടായിരുന്ന കാശൊക്കെ തപ്പിപെറുക്കി മുണ്ടുമേടിച്ചു വന്നു. രാവിലെ നേരത്തെ എണീക്കാന്‍ അലാറമൊക്കെ വച്ചുകിടന്നു. രാത്രി മുഴുവന്‍ എന്താണെന്നറിഞ്ഞൂടാ, ഞാന്‍ പാല്പായസമാണ്‌ സ്വപ്നം കണ്ടത്.

രാവിലെ പതിനൊന്നുമണിയായപ്പോളേക്കും അവന്മാരെല്ലാം റെഡിയായി. കണ്ണാടിയുടെ മുന്‍പില്‍ നിന്നിരുന്ന എന്നെനോക്കി സതീഷ് പറഞ്ഞു.

"ഡാ, കല്യാണച്ചെറുക്കന്‍ വേറെ ഉണ്ട്. നിന്നെ കെട്ടിക്കാനല്ല കൊണ്ടുപോകുന്നത്. ഒന്നു വേഗം വാടാ"

ഗീതത്തില്‍ എത്താറായപ്പോള്‍ ചങ്കില്‍ ഒരു പെടപെടപ്പ്. താഴുത്തെ നിലയില്‍ ആണ്‌ ഫുഡ്. അവിടെയെത്തിയപ്പോള്‍ ഊണ്‌ നടക്കുന്നു. എല്ലാവരും എന്നെ കലിപ്പിച്ചു നോക്കി. അപ്പോള്‍ ഗീതത്തിലുണ്ടായിരുന്ന മച്ചാന്മാര്‍ നമ്മുടെ അടുത്തേക്കു വന്നു.

"ഡാ, പേടിക്കേണ്ട. മുഹൂര്‍ത്തം കഴിഞ്ഞു പെട്ടെന്നിറങ്ങേണ്ടതുകൊണ്ട് കല്യാണത്തിനു മുന്‍പൊരു പന്തിയുണ്ട്. അതാ ഇത്" അവന്മാര്‍ പറഞ്ഞു.

"മോനെ, നീ ദൈവത്തിനു നന്ദി പറ. നീ ജസ്റ്റ് ഇപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു", അനൂപാന്റണി എന്നോടു പറഞ്ഞു. ലേറ്റായതു ഞാന്‍ കാരണമാണെന്നു അറിയാവുന്നതുകൊണ്ടും ചിട്ടവട്ടങ്ങള്‍ എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ടും ഞാന്‍ സൈലന്റായി നിന്നു.

അപ്പോളാണ്‌ ഒരു ചേട്ടന്‍ നമ്മളെത്തന്നെ നോക്കുന്നത് ഞാന്‍ കണ്ടത്.

"ഡാ, അവിടെ നിക്കുന്ന പച്ച ഷര്‍ട്ടുകാരന്‍ നമ്മളെത്തന്നെ നോക്കുന്നു"

"ഓ അങ്ങേരും നമ്മളെപ്പോലെ തന്നെടെ. എല്ലാത്തിനും വരാറുണ്ട്" സിജിനതു പറഞ്ഞപ്പോള്‍ എനിക്ക് ചെറുതായി ആശ്വാസമായി. കല്യാണംകൂടാന്‍ വേണ്ടി ഞങ്ങള്‍ മുകളിലെ നിലയിലെ ഓഡിറ്റോറിയത്തിലേക്ക് കയറി. വായിനോക്കി ഇരുന്നത്കൊണ്ട് എല്ലാവരും അടുത്തപന്തിക്കായി ഓടുന്നത് കണ്ടപ്പോളാണ് കല്യാണം കഴിഞ്ഞകാര്യം നമ്മളറിഞ്ഞത്. എല്ലാവരും ഓടി. ബട്ട് സീറ്റ് കിട്ടിയില്ല.സതീഷും സിജിനും അനൂപാന്റണിയും മുട്ടന്‍ കലിപ്പ്.

"ഈ എരണംകെട്ടവന്മാരെക്കൊണ്ടുവന്നപ്പോളെ വിചാരിച്ചതാ.." ഞാനും ജേസ്സിയും ഡെസ്പ്.

"വലിയ ഓഡിറ്റോറിയമാ. മൂന്നാമത്തെ പന്തിയുണ്ടാവുമൊ ആവൊ?" സിജിന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുമല്പം ഡെസ്പായി. രണ്ടാമത്തെ പന്തികഴിഞ്ഞപ്പോള്‍ പന്തികേടാകുമോ എന്നു ഞങ്ങള്‍ക്ക് ഡൌട്ടായി. അപ്പോളാണ്‌ പച്ചഷര്‍ട്ട് ഇട്ട ആ ചേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.

"നിങ്ങള്‍ കഴിച്ചൊ..ഇല്ലെങ്കില്‍ മൂന്നാമത്തെ പന്തിക്കിരുന്നോളൂ" ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങളെല്ലാം ഹാപ്പിയായി. എന്തു നല്ലചേട്ടന്‍. രണ്ടാമത്തെ പന്തിനടക്കുമ്പോളെ കൈ കഴുകി റെഡിയായി നിന്നതുകൊണ്ട് പ്രത്യേകം കൈ കഴുകാതെ ഞങ്ങള്‍ നേരെ അകത്തുകയറി.
അകത്തേക്ക് ഞങ്ങളുടെ ഒപ്പം ചേട്ടനും വന്നു.

"ഓ ചേട്ടനും കഴിച്ചില്ലായിരുന്നൊ?", സതീഷ് കുശലം ചോദിച്ചു. ചേട്ടന്‍ ചിരിച്ചു. അകത്തുകയറിയ ഞങ്ങള്‍ ഷോക്കായിപ്പോയി. അവിടെ പാര്‍ത്ഥസാരഥി അമ്പലത്തിനു മുന്‍പില്‍ കാണാറുള്ള ഭിക്ഷക്കാരെല്ലാം ഇരിക്കുന്നു.

"ഇരുന്നോളൂ, ഞങ്ങള്‍ക്ക് നിങ്ങളും അവരും ഒരുപോലാ....ഞാനാണ്‌ ഇവിടുത്തെ കല്യാണത്തിനെല്ലാം ഫുഡ് റെഡിയാക്കുന്നയാള്‍, അല്ലാതെ നിന്നൊപ്പോലെ സദ്യ ഉണ്ണാന്‍ വരുന്നതല്ല..." ക്‌ര്‍ര്‍ര്‍..ഞങ്ങളെല്ലാം കീറിപ്പോയി. പതിയെ അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ചേട്ടന്‍ വിട്ടില്ല. എല്ലാത്തിനെയും ഇരുത്തി തീറ്റിച്ചു.

ബട്ട് എന്താണൊ എന്തൊ, സദ്യ വളരെ മോശമായിരുന്നു അന്ന്.







വാല്‍ക്കഷണം : അന്നു വീട്ടില്‍ വന്നപ്പോള്‍ ഞാനും ജേസ്സിയും പുതിയകുറെ മലയാളം വാക്കുകള്‍ സതീഷിന്റെയും സിജിന്റെയും അനൂപാന്റണിയുടെയും അടുത്തുനിന്നും പഠിച്ചു. ഹോസ്റ്റലിലെ ബാക്കിയുള്ള തെണ്ടികളെല്ലാം ആ സെമസ്റ്റര്‍ ഫുള്‍ ചിരിയായിരുന്നു. അവന്മാര്‍ക്ക് രാജേശ്വരി റെസ്റ്റോറന്റില്‍ നിന്നും ഞങ്ങളുടെ വക ചിക്കന്‍ബിരിയാണി സ്പോണ്‍സര്‍ ചെയ്തതുകൊണ്ട് കോളേജിലിറിയാതെ രക്ഷപ്പെട്ടു. എഞ്ചിനീയറി്‌ഗിന്‌ പഠിക്കാനൊത്തിരി ഉണ്ടായിരുന്നതുകൊണ്ട് പിന്നെ ഞങ്ങള്‍ കല്യാണത്തിനൊന്നും പോയിരുന്നില്ല. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നതുപോലെ, ഛെ ഛെ.

Saturday, July 30, 2011

അച്ചായന്‍

പാലായിലെ പുണ്യപുരാതനമായ കത്തോലിക്ക ഫാമിലിയില്‍ ആയിരുന്നു അച്ചായന്റെ ജനനം. അച്ചായന്റെ ഫാമിലിയുടെ സ്ഥലം കണ്ടുതീര്‍ക്കാന്‍ ഒരാഴ്ച എടുക്കുമെന്ന് അവിടെ പാലായില്‍ മുഴുവന്‍ ഒരു ജനസംസാരം ഉണ്ട്.പാലായിലെ അച്ചായന്റെ വീടിരിക്കുന്ന പറമ്പിന്റെ ഒരതിര് മൂന്നാര്‍ ആണെന്നും റബ്ബര്‍തോട്ടത്തിനു വളമിടാന്‍ മൂന്ന് ഹെലികോപ്ടറുകളുണ്ടെന്നുമൊക്കെയാണ് നാട്ടുകാര്‍ പറഞ്ഞു നടക്കുന്നത്. കാര്യം അത്രയ്കൊന്നും ഇല്ലെങ്കിലും പറമ്പ് നോക്കാത്തദൂരത്തോളം ഉണ്ടെന്നുള്ളതും ഒരു ഹെലികോപ്ടര്‍ ഉണ്ടെന്നുള്ളെതുമൊക്കെ സത്യംതന്നെയാണെന്ന് അച്ചായനും സമ്മതിക്കുന്ന കാര്യമാണ്.

സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അച്ചായന്‍ വളരെ സ്നേഹസമ്പന്നനായിരുന്നു. ഇത്രവലിയ ജന്മികുടുംബത്തിലാണ് ജനനമെങ്കിലും അതിന്റെ ജാഡയും അഹങ്കാരവുമൊന്നും അച്ചായനില്ലായിരുന്നു. അങ്ങനെ കൂട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയും ചില മുറിഅച്ചായന്‍ മക്കളുടെ കണ്ണിലെകരടായും അച്ചായന്‍ വളര്‍ന്നു വന്നു.

നോക്കത്താദൂരത്തോളം സ്വത്തുവകകളുണ്ടായിരുന്നതുകൊണ്ടുതന്നെ ഒരു ജോലിയെക്കുറിച്ചൊന്നും അച്ചായന്‍ ചിന്തിച്ചിരുന്നില്ല. പഠിക്കാന്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും സ്വത്തുക്കള്‍ ഒക്കെ നോക്കിനടത്താന്‍ ആളുവേണമെന്നുള്ളതുകൊണ്ട് അച്ചായന്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ പഠിത്തമങ്ങു നിര്‍ത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി. വരുന്ന ആലോചനകളിലെല്ലാം പെണ്‍കുട്ടിക്ക് മാസ്റ്റര്‍ ഡിഗ്രിയുള്ളതുകൊണ്ടുതന്നെ അച്ചായന്‍ ഒന്നിനും സമ്മതം മൂളിയിരുന്നില്ല. ഇങ്ങനെ പോയാല്‍ കല്യാണം നടക്കില്ലെന്നു മനസ്സിലായപ്പോളാണു അച്ചായനും മാസ്റ്റര്‍ഡിഗ്രി എടുക്കാന്‍ തീരുമാനിച്ചത്. ആ കാലത്തെ ട്രെന്റ് സെറ്ററായിരുന്നMCAക്കുതന്നെ അഡ്മിഷനും എടുത്തു. കോഴ്സ് കഴിഞ്ഞയുടനെ കോട്ടയത്തുകാരി ഒരു അച്ചായത്തിയുമായി കല്യാണവും ഉറപ്പിച്ചു.

അങ്ങനെ കല്യാണത്തിനുമുന്‍പുള്ള ഒരു റൊമാന്‍സ് കാലത്താണ് അച്ചായനെ വേദനിപ്പിക്കുന്ന ഒരു കാര്യം അച്ചായത്തി അറിയാതെ പറഞ്ഞുപോയത്.

"ഇച്ചായാ, കഴിഞ്ഞദിവസം താന്നിക്കുഴിപ്പിലെ സോഫി ഇച്ചായനെന്താ ജോലി എന്നു ചോദിച്ചു"

"എന്നിട്ടു നീ എന്നാ പറഞ്ഞെടീ?"

"ഓ, എന്റെ ഇച്ചായനു ജോലിയുടെ ആവശ്യമൊന്നുമില്ലെന്നും ഇച്ചായന്റെ സ്വന്തം തോട്ടങ്ങള്‍തന്നെ നോക്കിനടത്താന്‍ ആളില്ലെന്നും ഞാനങ്ങു പറഞ്ഞെന്നെ.."

സംഗതി അവിടംകൊണ്ടങ്ങുനിന്നെങ്കിലും അതച്ചായന്റെ മനസ്സില്‍കൊണ്ടു. ആ വാശിപ്പുറത്താണ് ദുബായിലെ ഏറ്റവും പ്രസിദ്ധമായ കമ്പനിയുടെ ടെക്നിക്കല്‍ ഡിവിഷിനില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി വാങ്ങിയത്. അപ്പച്ചന്റെയും അമ്മച്ചിയുടെയും എതിര്‍പ്പുകളുണ്ടായിരുന്നിട്ടും കുറച്ചുകാലം ദുബായില്‍പോയി ജോലി ചെയ്യാന്‍ അച്ചായന്‍ തീരുമാനിച്ചു. കല്യാണംകഴിഞ്ഞു പിറ്റേമാസം ദുബായിലെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പ്രിയതമയുമായി യാത്രതിരിച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്ത് രണ്ടാഴ്ചത്തെ ട്രെയ്നിംഗ് കഴിഞ്ഞാണ്‌ അച്ചായന്‍ പ്രോജക്ടില്‍ ജോയിന്‍ ചെയ്തത്. പ്രോജക്ടില്‍ കൂടുതലും മലയാളികള്‍തന്നെയായിരുന്നു. തന്റെ തനതുസ്റ്റൈലില്‍ അച്ചായന്‍ ആദ്യദിവസം തന്നെ എല്ലാവരെയും പരിച്ചയപ്പെട്ടു.

തുടക്കത്തില്‍ സെറ്റപ്പുകളൊക്കെ ഇഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ദുബായിലെ ചൂടും സോഫ്റ്റ്വെയര്‍ കമ്പനിയിലെ പൊളിക്ടിക്സും ഒക്കെ അറിഞ്ഞുതുടങ്ങിയതോടെ ആദ്യമുണ്ടായിരുന്ന താല്പര്യം ഒക്കെ ചെറുതായിക്കുറഞ്ഞുതുടങ്ങി അച്ചായന്‌. അതുകൊണ്ടുതന്നെ ആറുമാസം കഴിഞ്ഞപ്പോളേക്കും നാട്ടില്‍ ഒരാഴ്ചത്തെ അവധിക്കുപോയി വരാന്‍ അച്ചായന്‍ തീരുമാനിച്ചു. അന്നു വൈകുന്നേരംതന്നെ അപ്പച്ചനെ വിളിച്ചു.

"അപ്പച്ചൊ, ഞാന്‍ രണ്ടാഴ്ചകഴിഞ്ഞു ഒരാഴ്ചത്തെ അവധിക്കു വരുന്നുണ്ട്"

"അതെന്നാടാ കൊച്ചെ നീ ഒരു വര്‍ഷം കഴിഞ്ഞെ വരുന്നുള്ളൂ എന്നു പറഞ്ഞിട്ടെന്നാ പറ്റി?"

"ഓ, നിങ്ങളെയൊന്നും കാണാതിരുന്നിട്ട് ഒരു സുഖവുമില്ലെന്നെ. ഒന്നു വന്നേച്ചു പോയേക്കാമെന്നു വച്ചു."

"എന്നാപ്പിന്നെ നീ ഇങ്ങു പോരെടാ കൊച്ചെ. അമ്മച്ചിക്കും വലിയ സന്തോഷവുമാവുമല്ലൊ"

"ശരി അപ്പച്ചാ, പെങ്ങമ്മാരോടും അളിയമാരോടും ഒക്കെ പറഞ്ഞേക്ക്..."

അങ്ങനെ അച്ചായനും അച്ചായത്തിയും കൂടെ നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. ഈന്തപ്പഴവും പിസ്തായും ടാങ്കും ചോക്ക്ളേറ്റ്സുമൊക്കെ കിലൊകണക്കിനാണു വാങ്ങിയതു. പിന്നെ ബെക്കാഡി, ജോണിവാക്കര്‍, ടക്കീല എന്നിങ്ങനെ നിരവധി സാധനങള്‍ അളിയന്മാര്‍ക്കും കൂട്ടുകാര്‍ക്കും അമ്മാവന്‍മാര്‍ക്കും വാങ്ങാനും മറന്നില്ല.

"അച്ചായാ, എപ്പോളാ ഫ്ളൈറ്റ്?"

"നാളെ ഉച്ചകഴിഞ്ഞാണെന്നെ...."

"അപ്പോള്‍ രാവിലെ ഓഫീസില്‍ വരുന്നുണ്ടൊ?"

"ഇല്ല, നാളെ ഒരു പത്തുമണിയാകുമ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പോയേക്കാമെന്നു വച്ചു."

"ശരി അച്ചായാ, അപ്പോള്‍ ഹാപ്പി ഹോളിഡേയ്സ്. പലഹാരങ്ങള്‍ ഒക്കെ കൊണ്ടുപോരെ"

"ഓ, അതുപിന്നെ പറയാനുണ്ടൊ?"

ഇങ്ങനെ കൊളീഗ്സിനോടെല്ലാം യാത്രപറഞ്ഞ് അച്ചായന്‍ ഓഫീസില്‍ നിന്നിറങ്ങി. പിറ്റേദിവസം പത്തുമണിക്കുതന്നെ എയര്‍പോര്‍ട്ടിലെത്തി. ഒരുമണിക്കാണ്, ഫ്ളൈറ്റെങ്കിലും മൂന്നുമണിക്കൂര്‍ മുന്‍പെ എയര്‍പോര്‍ട്ടിലെത്തണമെന്ന് ടിക്കറ്റിലുണ്ട്. ദുബായില്‍ വരാന്‍വേണ്ടിയാണ്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയത്. രണ്ടാമതു വീണ്ടും വിമാനത്തില്‍ കയറാന്‍പോകുന്നതെന്നുമുള്ള എക്സൈറ്റുമെന്റും അച്ചായനുണ്ട്. പ്രത്യേക പരിചരണം കിട്ടുമെന്നുള്ളതുകൊണ്ടും കുറച്ചൊന്ന് ലാവിഷാകാനും വേണ്ടി വിലകൂടിയ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റാണ്‌ അച്ചായന്‍ എടുത്തിരിക്കുന്നത്.സെക്യൂരിറ്റി പാസ്സ്പോര്‍ട്ട് പരിശോധിച്ചശേഷം അകത്തേക്ക് കടത്തിവിട്ടു.

ബിസിനിസ്സ് ക്ലാസ്സിന്‌ സ്പെഷ്യല്‍ കൌണ്ടര്‍ കണ്ടപ്പോളെ അച്ചായന്‌ ഹാപ്പിയായി.എക്കണോമിക്ക് ടിക്കറ്റിന്റെ ക്യൂവില്‍ നില്‍ക്കുന്ന ആള്‍ക്കാരെനോക്കി അച്ചായന്‍ അച്ചായത്തിയോട് അവര്‍ ചെറുതായികേള്‍ക്കെ പറഞ്ഞു.

"ഇത് എക്ക്ണൊമിക്ക് ടിക്കറ്റിന്റെ ക്യൂവാണെടി. നമ്മള്‍ ബിസിനസ്സ് ക്ലാസ്സായതുകൊണ്ട് പ്രത്യേക കൌണ്ടര്‍ ഉണ്ടല്ലൊ."

കൌണ്ടറിലിരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി അച്ചായനോട് ടിക്കറ്റ് തരാന്‍പറഞ്ഞപ്പോള്‍ പുതുതായിമേടിച്ച അമേരിക്കന്‍ ടൂറിസത്തിന്റെ ബാഗില്‍ നിന്നും ടിക്കറ്റെടുത്തപ്പോള്‍ അതുവരെയില്ലാതിരുന്ന ഒരു ജാഡ അച്ചായനുണ്ടായിരുന്നെന്നു അച്ചായത്തിക്കും തോന്നി.

ടിക്കറ്റ് പരിശോധിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യമൊരു ചെറിയചിരിവന്നത് അച്ചായന്റെ ശ്രദ്ധയില്‍പെട്ടതുകണ്ടപ്പോള്‍ അവളതുപെട്ടെന്നു മാറ്റി, എന്നിട്ടു അച്ചായനോട് പറഞ്ഞു.

"സോറി സാര്‍, ഈ ഫ്ളൈറ്റ് പോയല്ലൊ..."

"ഫ്ളൈറ്റ് പോയെന്നൊ? ഒരുമണിക്കു പോകേണ്ട ഫ്ലൈറ്റ് എങ്ങനെയാണ്‌ പതിനൊന്നുമണിയാകുന്നതിനു മുന്‍പെ പോകുന്നത്?" അച്ചായനു ശരിക്കും ദേഷ്യം വന്നു.

"സര്‍ ഈ ഫ്ലൈറ്റ് രാത്രി ഒരുമണിക്കായിരുന്നു" കറന്റടിച്ചുതുപോലെതോന്നി അച്ചായന്. അച്ചായന്റെ ആദ്യത്തെ ദേഷ്യത്തില്‍ അല്പം ശബ്ദം ഉയര്‍ന്നതുകൊണ്ടുതന്നെയും മുന്‍പത്തെ ജാഡകളും കണ്ടതുകൊണ്ടും എക്കണൊമിക്ക് ക്യൂവില്‍ നിന്ന ഒരുവിധം ആളുകളെല്ലാം അച്ചായനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന പെണ്‍കുട്ടിയുടെ മറുപടിയിലെ ഷോക്കില്‍ നിന്നും മാറാത്തതുകൊണ്ട് ആ ക്യൂവില്‍നിന്നും ആരൊക്കെയാണ്‌ ചിരിക്കുന്നതെന്ന് നോക്കാന്‍ അച്ചായന്‌ പറ്റിയതുമില്ല. ഫ്ലൈറ്റ് ടിക്കറ്റില്‍ 24ഹവര്‍ ടൈം രീതിയിലാണ്‌ സമയം എഴുതുന്നതെന്ന് രണ്ടാമത്തെ ഫ്ലൈറ്റ് യാത്ര നടത്തുന്ന അച്ചായന്‌ അറിയത്തും ഇല്ലായിരുന്നു.

സര്‍ സര്‍ എന്ന് വിളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം തിരിഞ്ഞുനടക്കുമ്പോള്‍ അച്ചായന്‍ കേള്‍ക്കുന്നെ ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലൂടെ താന്‍ തുണിയില്ലാതെ നടക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു അപ്പോളച്ചായന്.





വാല്‍ക്കഷണം: ആ സംഭവത്തിനുശേഷം അച്ചായന്‍ നാട്ടില്‍ പോകുന്നതെല്ലാം ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തായിരുന്നുവെന്നുള്ള അപവാദം പാലായില്‍ പ്രചരിച്ചുതുടങ്ങി.

Saturday, July 23, 2011

ചിക്കന്‍മസാല

തിരുവനന്തപുരം ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തിരുന്ന ആദ്യത്തെ 3 വര്‍ഷം ശ്രീകാര്യത്തൊരു വീടെടുത്താണ് ഞാനും ഷൈംസും ലെനിനും ജിബിനും സുനിലും താമസിച്ചിരുന്നത്. വൈകുന്നേരം അഞ്ചര വരെയാണ്, ഓഫീസ് ടൈമെങ്കിലും, ഓഫീസിലെ പണിയും ചായകുടികളുമെല്ലാം കഴിയുമ്പോളേക്കും മിക്കവാറും ഡിന്നറിനുള്ള സമയം ആകും. അങ്ങനെയുള്ള ദിവസങ്ങളിലെല്ലാം കഴക്കൂട്ടത്തുനിന്ന് കഴിച്ചിട്ടാണ് വീട്ടിലേക്ക് പോരാറുള്ളു.

പതിവുപോലെ അന്നും വൈകി. ഷൈംസിനെ ഫോണില്‍ വിളിച്ചു.

"എടാ നീ എവിടെയാ?"

"ഞാന്‍ വീട്ടിലെത്തി. നീ ഇറങ്ങാറായില്ലെ?"

"ഇറങ്ങുവാ"

"എങ്കില്‍ വേഗം വാ, ഒരുമിച്ചു കഴിക്കാനിറങ്ങാം..ഇവിടെ എല്ലാരും എത്തി."

"നിങ്ങള്‍ കഴിച്ചോളു. ഞാന്‍ കഴിച്ചിട്ടെ ഇനി വരുന്നുള്ളൂ. കട്ട വിശപ്പ്"

"ഓ.കെ"

"ഓ.കെ.ഡാ. വന്നിട്ടുകാണാം"

ടെക്നൊപാര്‍ക്ക് ഗെയ്റ്റ് കടന്ന് കഴക്കൂട്ടത്തേക്കു നടക്കുമ്പോള്‍ ആലോചന ഇന്നെന്തു കഴിക്കും, എവിടെനിന്നും കഴിക്കും എന്നതായിരുന്നു.

"അല്‍ മദീനയില്‍ പോയി മട്ടന്‍ബിരിയാണി കഴിച്ചാലൊ? അല്ലെങ്കില്‍ വേണ്ട, ഗീതാഞ്ജലിയില്‍ പോയി ചൂടു ഗീറോസ്റ്റും ചായയും അടിക്കാം" അങ്ങനെ ഗീതാഞ്ജലിയുടെ മുന്‍പില്‍ എത്താറയപ്പോളാണ് മാളൂസ് കണ്ടത്.

"ഓ മാളൂസിന്‍റെ കാര്യം മറന്നു. ഇന്നു ഫ്രൈഡെ ആണല്ലൊ. പോയി ലാവിഷ് ആക്കിയേക്കാം" നേരെ മാളൂസിലേക്ക് നടന്നു. അടുത്തെത്താറയപ്പോളേക്കും പൊരിച്ചകോഴിയുടെയും ബീഫ് ഫ്രൈയുടെയും ഒക്കെ മണമടിക്കാന്‍ തുടങ്ങി.

ഒരുവിധം ടെക്കികളെല്ലാം ഓഫീസ് കഴിഞ്ഞാല്‍ കഴക്കൂട്ടത്തു നിന്നാണ് കഴിക്കുന്നത്. കൂടുതല്‍പേരും മിക്കവാറും മാളൂസില്‍ നിന്നു തന്നെയായിരിക്കും നോണ്‍വെജ് അടിക്കാന്‍ വരുന്നത്.

"മൂന്നു പൊറൊട്ടയും ചിക്കന്‍ ഫ്രൈയും അടിക്കാം" മനസ്സിലോര്‍ത്തു.

കൈകഴുകി പോയിരുന്നു. അപ്പോഴാണ്, അപ്പുറത്തെ സീറ്റിലിരിക്കുന്നയാള്‍ കഴിക്കുന്ന ചിക്കന്‍മസാലയില്‍ കണ്ണുടക്കിയത്. നല്ല നല്ല ചിക്കന്‍പീസുകള്‍ ഗ്രീന്‍പീസും കറിവേപ്പിലെയുമൊക്കെയായി പകുതി ഗ്രേവിസ്റ്റൈലില്‍ വരട്ടിയെടുത്തിരിക്കുന്നു. അതുകണ്ടപ്പോളെ മനസ്സിനൊരു ചാഞ്ചാട്ടം. ചിക്കന്‍ ഫ്രൈ മേടിച്ചാല്‍ കുടെകിട്ടുന്ന ഗ്രേവി എന്തെങ്കിലും കൂറ സാധനമായിരിക്കും. ചിക്കന്‍ മസാലയാണെങ്കില്‍ ഗ്രേവി സെപ്പെറേറ്റ് മേടുക്കുകയും വേണ്ട.

"ആ, ഇവിടെ എന്താ വേണ്ടെ?"

"ചേട്ടാ ഒരു മൂന്നു പൊറൊട്ടയും ഒരു ചിക്കന്‍ മസാലയും"

അഞ്ചുമിനിട്ടിനുള്ളില്‍ ആവിപറക്കുന്ന ചിക്കന്‍മസാലയും പൊറൊട്ടയും മേശയിലെത്തി. പൊറോട്ട കഴിക്കരുതെന്ന് അമ്മയുടെ വിലക്കുണ്ട്. പൊറോട്ട ദഹിക്കില്ലെന്നു ഏതൊ ഒരു ഡോക്ടറുടെ സെമിനാറിനിടയില്‍ കേട്ടതുമുതല്‍ പൊറോട്ട കഴിക്കരുതെന്ന് അമ്മ ചട്ടംകെട്ടിയിട്ടുള്ളതാണ്. എന്നാലും ചിക്കന്‍ കഴിക്കുമ്പോള്‍ പൊറോട്ടയില്ലെങ്കില്‍ എന്തൊ ഒന്നു മിസ്സായ ഒരു ഫീലിംഗാണ്. ഇന്നും അമ്മയോട് കള്ളം പറയണമെന്നോര്‍ത്താണ്, ആദ്യത്തെ പീസ് പൊറോട്ട ചിക്കന്‍മസാലയുമായി കഴിക്കാനെടുത്തത്.

"വൌ, എന്താ ടേയ്സ്റ്റ്." കുറ്റബോധമെല്ലാം ആ നിമിഷം മറന്നു.പൊറോട്ടയും ചിക്കന്‍ മസാലയും തീര്‍ന്ന സമയം അറിഞ്ഞില്ല. ഒരു ഓറഞ്ച് ജ്യൂസുകൂടെ തട്ടിയേക്കാം.

"ചേട്ടാ ഒരു ഓറഞ്ച് ജ്യൂസുടെ." വെയിറ്റര്‍ ചേട്ടന്‍ പാത്രത്തിലേക്കൊന്നു നോക്കി. പൊറോട്ടയും ചിക്കന്‍മസ്സാലയും കൊണ്ടു വച്ചിട്ട് അപ്പുറത്തൊന്നു പോയിവന്ന സമയമെ ആയൊളു, സംഗതി കാലിയായി. ഇവനേതു ജയിലില്‍നിന്നും ഇറങ്ങിയവനാണെടാ എന്ന ലെവലില്‍ എന്നെയൊന്നു നോക്കി. ഞാന്‍ പതിവുപോലെ മൈന്‍റ് ചെയ്യാന്‍ പോയില്ല. പിന്നല്ല.

ഓറഞ്ചു ജ്യൂസുകഴിച്ചു ബില്ലും പേയ് ചെയ്തു നേരെ ബസ്സ് സ്റ്റോപ്പിലേക്കു നടന്നു. മനോരമയിലെ 'നിങ്ങളുടെ ഇന്ന്' എഴുതുന്ന ബ്രഹ്മദത്തന്‍ തിരുമേനി തിരുവോണം നാളുകാര്‍ക്ക് ഇന്ന് ഇഷ്ടഭക്ഷണയോഗം എഴുതിയപ്പോള്‍ ഇത്രക്കങ്ങട് വിചാരിച്ചില്ല. തിരുമേനിയുടെ ഒരു കാര്യം. കിട്ടിയത് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സായതുകൊണ്ട് പെട്ടെന്നു തന്നെ ശ്രീകാര്യത്തെത്തി. വീട്ടിലെത്തിയപ്പോള്‍ അവിടെ എല്ലാവരും ഇരുന്നു ടി.വി. കാണുന്നുണ്ടായിരുന്നു.ഞാന്‍ ചെന്നിട്ട് അവന്മാര്‍ക്ക് കാര്യമായ മൈന്‍ഡൊന്നുമില്ല. എല്ലാവരും ചിരിക്കും തളിക കണ്ടോണ്ടിരിക്കുവാണ്. ഞാന്‍ പോയി ഡ്രെസ്സ് മാറി വന്ന് അവരുടെ ഒപ്പമിരിന്നു. എല്ലാവരും ചിരിക്കും തളികയില്‍ മുങ്ങി ഇരിക്കുവാണ്.

"നിങ്ങളു കഴിച്ചോടാ?"

"ആ. നീ കഴിച്ചില്ലേ?" ലെനിന്‍ ചോദിച്ചു.

"ഞാന്‍ കഴിച്ചു. നിങ്ങളെന്താ കഴിച്ചെ?"

"ജോസേട്ടന്റെ കടയില്‍ നിന്നും കഴിച്ചു. ഞാനും ഷൈംസും കഞ്ഞി കുടിച്ചു. ജിബിനും സുനിലും തട്ടുദോശയും ഓംലെറ്റുമടിച്ചു. നീ എവിടെ എന്നു ജോസേട്ടന്‍ ചോദിച്ചു."

"ഓ, അങ്ങേരുടെ ഒരു ഉണക്ക കഞ്ഞി. ആര്‍ക്ക് വേണം?" അവന്മാരെല്ലാം എന്നെ നോക്കി.

"ഡാ നിങ്ങളൊക്കെ എന്‍ജിനീയേഴ്സല്ലെ? കാശെത്ര ഉണ്ടാക്കുന്നതാ. നല്ല ഫുഡ് വല്ലതുമൊക്കെ മേടിച്ചു കഴിച്ചൂടെ? ഒരു കഞ്ഞി, തട്ടുദോശ..ഛെ..ഛെ"

"നിങ്ങളെന്നെ കണ്ടു പടിക്ക്.ഞാനിന്ന് പൊറോട്ടയും ചിക്കന്‍ മസ്സാലയും കഴിച്ചു. പിന്നെ ഒരു ഓറഞ്ചു ജ്യൂസും. അതും ഫ്രെഷ്. ഡാ ഇങ്ങനെ ഭാവികാലത്ത് സുഖമായി ജീവിക്കാന്‍ കാശു സേവ് ചെയ്ത് ജീവിച്ചിട്ടെന്തു കാര്യം? ലിവ് ഇന്‍ ദ പ്രസന്റ്. ഇവന്മാരുടെയൊക്കെ ഒരു കാര്യം." ഇന്നലെയുംകൂടെ ജോസേട്ടന്റെ കടയില്‍ നിന്നും കഞ്ഞി കുടിച്ചവനാണ് ഈ പറയുന്നത്. ഒരു ചിക്കന്‍ മസ്സാലയുടെ കാര്യമെ. അവന്മാരെല്ലാം കുടെ പരസ്പരം നോക്കി. എന്നിട്ടെന്നെ നോക്കി ഒരുമിച്ചു പറഞ്ഞു.

"ശരി രാജാവെ. അവിടുത്തെ കല്പന പോലെ." എന്നിട്ടു വീണ്ടും ചിരിക്കും തളിക കാണാന്‍ തുടങ്ങി.

ഞാനും ഒപ്പമിരുന്നു വയറൊക്കെ തടവി ജാഡയില്‍ ഇരുന്നു. ഒരു പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ വയറിനുള്ളില്‍ ഒരു ചെറിയ അനക്കം.

"ന്താ അത്......" ഞാന്‍ മനസ്സിലോര്‍ത്തു. അനക്കം ചെറുതായി കൂടിവരാന്‍ തുടങ്ങി. ഞാന്‍ പതിയെ എഴുന്നറ്റു.

"ആ നിങ്ങളു കാണ്.ഹെവി ഫുഡ് കഴിച്ചതോണ്ട് ഒരു ചെറിയ ക്ഷീണം. ഞാനൊന്നു കിടക്കട്ടെ." അതു പറഞ്ഞു നേരെ റൂമില്‍ ചെന്നു വാതില്‍ ചാരി നേരെ ടൊയ്‌ലറ്റിലേക്ക് കയറി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.കഴിഞ്ഞു പുറത്തിറക്കിയപ്പോള്‍ ഒരു ഡൌട്ട്.

"പണി കിട്ടിയൊ..." വീണ്ടും അനക്കം, നേരെ ടോയ്‌ലറ്റിലേക്ക്. നാലാമത്തെ തവണയിറങ്ങിയപ്പോള്‍ അവന്മാരെല്ലം ടോയ്‌ലറ്റിന്റെ മുന്നില്‍ മുറിയില്‍ നില്‍ക്കുന്നു.

"എന്തു പറ്റിയളിയാ?" സുനില്‍ ചോദിച്ചു.

"ഹേയ്, ഒന്നുമില്ലെടാ. എന്തെ?"

"ഒന്നുമില്ല.നിന്നെ കാണാത്തതുകൊണ്ടു വന്നതാ." ഷൈംസ് പറഞ്ഞു. എല്ലാവരുടെയും മുഖത്തൊരു ചെറിയ ചിരി ഉണ്ട്. വയറില്‍ പിന്നെയും ഒരനക്കം. ഞാന്‍ വീണ്ടും കയറി. അവന്മാര്‍ പുറത്തുനിന്ന് ചിരി തുടങ്ങി. തിരിച്ചിറങ്ങി വരുന്ന എന്റെ മുഖം കണ്ടപ്പോള്‍ പെട്ടെന്നു ചിരി നിര്‍ത്തി.

"അളിയാ ഫുഡ്‌പോയ്സണ്‍ അടിച്ചെന്നാ തോന്നുന്നെ" ഞാന്‍ ദയനീയമായി പറഞ്ഞു.

"അയ്യൊ അപ്പോള്‍ കഴിച്ചെതെല്ലാം പോയിക്കാണുമല്ലൊ? നമുക്കൊരു ചിക്കന്‍മസ്സാല കൂടെ മാളൂസില്‍നിന്നും പറഞ്ഞാലൊ?" ജിബിന്‍ ചോദിച്ചു. ലെനിനും സുനിലുമൊക്കെ കട്ടിലില്‍ കിടന്നു ചിരിയാണ്. ഡീ ഹൈഡ്രേഷന്‍ വല്ലാതായതുകൊണ്ട് വയറുചുരുങ്ങി നന്നായി വേദനിക്കാന്‍ തുടങ്ങി. ഞാന്‍ വയറില്‍ തിരുമ്മി തറയിലിരുന്നു.

"അളിയാ ജിബിനെ വണ്ടിയിറക്കിക്കൊ. " എല്ലാവരും റെഡിയായി പെട്ടെന്നു വന്നു. സുനിലും ഷൈംസുംകൂടെ എന്നെതാങ്ങി. ലെനിന്‍ ബാക്ക് സീറ്റിലിരുന്നു എന്നെ സീറ്റിലേക്ക് കിടത്തി. എല്ലാവരും കയറിയപ്പോള്‍ ജിബിന്‍ കാര്‍ നേരെ കിംസിലേക്ക് വിട്ടു. ഞാന്‍ കാറിനുള്ളില്‍ കയറുന്നതിനു മുന്‍പെ വേദന സഹിക്കാന്‍ വയ്യാതെ അയ്യൊപാവം നിലവിളി തുടങ്ങിയിരുന്നു. മിണ്ടാതിരിക്കാന്‍ എല്ലാവരും പറഞ്ഞെങ്കിലും കിംസിലെത്തി പെയ്‌ന്‍ ഇന്‍ജെക്ഷന്‍ തരുന്നതുവരെ നല്ല നിലവിളിയായിരുന്നു.

രണ്ടുദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഷൈംസ് എന്റെ ഒപ്പം ഹോസ്പിറ്റലില്‍ നിന്നു. ജിബിനും സുനിലും ലെനിനും തിരിച്ചു ചെന്ന് കാര്‍ കയറ്റിയിട്ടപ്പോള്‍ അടുത്തവീട്ടില്‍ നിന്നും പുതിയതായി താമസിക്കാന്‍ വന്ന ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ചേട്ടന്‍ അവരോടു ചോദിച്ചു.

"നിലവിളി കേട്ടു കാറില്‍ നിന്നും. പ്രസവിച്ചോ? ആണൊ, അതൊ പെണ്ണൊ?





വാല്‍ക്കഷണം: മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ റൂമിലെത്തി. പിന്നെ കഴക്കൂട്ടത്തേക്ക് താമസം മാറുന്നതുവരെ രാവിലെ ഞാന്‍ നേരത്തെ ഓഫീസില്‍ പോകുമായിരുന്നു. നേരം ഇരുട്ടിയിട്ടെ തിരിച്ചു വരാറുള്ളായിരുന്നു. ഓഫീസില്‍ ഒത്തിരി വര്‍ക്കുണ്ടായിരുന്നെ. അല്ലാതെ അയല്‍ക്കാരോട് വീട്ടില്‍ താമസിക്കുന്നവര്‍ ഉണ്ടായ കാര്യങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു എന്നറിഞ്ഞിട്ടൊ അയല്‍ക്കാരെ ഫേസ് ചെയ്യാനുള്ള മടികൊണ്ടൊ അല്ല..


സുഖമായി ഓഫീസില്‍ ചെന്നിട്ടുള്ള ആദ്യ വൈകുന്നേരം.

"ഹലൊ...ഷൈംസെ...."

"ആ എന്താടാ, ഇറങ്ങാറായില്ലെ?"

"ഡാ ഞാന്‍ ലേറ്റ് ആകും. പണിയുണ്ട്. എനിക്കൊരു പാഴ്സല്‍ മേടിച്ചേക്കാമൊ?"

"ആ, എന്താ വേണ്ടെ?"

"ജോസേട്ടന്റെ കടയില്‍ നിന്നുമൊരു കഞ്ഞി."

"അതെന്താടാ, നീ പ്രസന്റില്‍ ജീവിക്കുന്നത് നിര്‍ത്തിയൊ?"

"ഡാ, എന്നെ ഇവിടെ വിളിക്കുന്നു. വയ്ക്കട്ടെ. "

"ശരി ..ശരി"

Friday, July 8, 2011

മത്തായി മാപ്ല

ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍റെ നാടായ ഉഴവൂരായിരിനടുത്തായിരുന്നു ഞങ്ങളുടെ നാടായ മോനിപ്പള്ളിയും. അതുകൊണ്ടുതന്നെ അദ്ദേഹം ഉപരാഷ്ടപതിയായതിനു ശേഷം മോനിപ്പള്ളിക്കാരായ ഞങ്ങളും പിന്നീട് മറ്റു സ്ഥലങ്ങളിലെ പുതിയ ആളുകളെ പരിചയപ്പെടുമ്പോള്‍ ഉഴവൂരിനടുത്തെ സ്ഥലമെന്നു അതിന്‍റെ പേരില്‍ ഒന്നൂറ്റം കൊള്ളുകയും പതിവായിരുന്നു. വളരെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്നും വളര്‍ന്നു വലുതായി ഇന്ത്യയുടെ തന്നെ ഒന്നാംപൌരനായ അദ്ദേഹത്തിന്‍റെ പേരില്‍ മലയാളികള്‍ എല്ലാവരുംതന്നെ അഹങ്കരിച്ചിരുന്നു എന്നു തന്നെ വേണം പറയാന്‍.നമ്മുടെ നാട്ടിലെ ദുഷിച്ച സാമൂഹിക വ്യവസ്ത്ഥിതികള്‍ അദ്ദേഹത്തെ ഒരു താഴ്ന്ന ജാതിയില്‍ പെട്ട ആളായി കണ്ടിരുന്ന കാലവും ഉണ്ടായിരുന്നു.

നമ്മുടെ നാട്ടിലെ ഒരു പ്രമാണിയായിരുന്നു മത്തായി മാപ്ല. ഏക്കറുകണക്കിനു പാടങ്ങളും റബ്ബറും ഒരു വലിയ വീടും ഉണ്ടായിരുന്ന മത്തായി മാപ്ലയുടെ വീട്ടുകാര്‍ ഒരു കാലത്ത് ഉഴവൂര്‍ ഭാഗത്തെ നാട്ടുരാജാക്കന്മാര്‍ തന്നെയായിരുന്നു എന്നു വേണം പറയാന്‍. ഇപ്പോള്‍ അത്രയ്ക്കില്ലെങ്കിലും പ്രമാണിമാര്‍ തന്നെ. അതുകാണിക്കാനാണ്, മത്തായി മാപ്ല ആ വര്‍ഷത്തെ ഉഴവൂര്‍ പള്ളിപ്പെരുന്നാളും ആര്‍ഭാടമായി നടത്തിയത്. മിക്കവാറും വൈകുന്നേരങ്ങളില്‍ കസവുമുണ്ടും ഒരു മേല്‍മുണ്ടും ധരിച്ചു സ്വര്‍ണ്ണപിടിയുള്ള വടിയും പിടിച്ചു ഉഴവൂര്‍ പട്ടണത്തില്‍ ഒരു റൌണ്ടടുക്കുകയും അതിനു ശേഷം പള്ളിമുക്കിലുള്ള പരമുനായരുടെ ചായക്കടയിലിരിന്നു പൊങ്ങച്ചം പറയലും മത്തായി മാപ്ലയുടെ ഒരു ഹാബിറ്റായിരുന്നു.

നാട്ടിലാരെങ്കിലും കാര്‍ വാങ്ങിയാല്‍ എട്ടു വീലുള്ള കാര്‍ നമ്മുടെ വീട്ടിലുണ്ടെന്നും ഇതൊക്കെ ഒരു കാറാണൊ എന്നുമുള്ള ചോദ്യങ്ങളൊക്കെ മാപ്ലയുടെ പതിവായിരുന്നു.

"ഞങ്ങളുടെ വീട്ടില്‍ പത്താനയുണ്ടായിരുന്നു."

"കേരളത്തിലെ ആദ്യത്തെ ടി.വി. വാങ്ങിയത് ഞങ്ങളായിരുന്നു"

"ഏപ്രില്‍ മെയ് മാസ്സങ്ങളില്‍പ്പോലും എന്‍റെ പറമ്പില്‍ മഴ പെയ്യാറുണ്ട്" ഇതൊക്കെ മത്തായി മാപ്ലയുടെ സാമ്പിളുകള്‍ മാത്രമായിരുന്നു. അങ്ങിയെ ടിയാന്‍ നമ്മുടെ നാട്ടിലെ ഒരു പ്രസിദ്ധനായിരുന്നു എന്നു തന്നെ വേണം പറയാന്‍.

ബഹു.കെ.ആര്‍.നാരായണന്‍ ഉപരാഷ്ടപതിയായിരുന്ന കാലം. അദ്ദേഹം ആദ്യമായി കേരള സന്ദര്‍ശനത്തിനു പരിപാടിയിട്ടപ്പോള്‍തന്നെ ഉഴവൂരെ എല്ലാറോഡുകളും നന്നാക്കാന്‍ തുടങ്ങി. കേരളത്തില്‍ ഇങ്ങനെയൊക്കെ റോഡ് പണിയുമൊ എന്നു ഞങ്ങള്‍ വരെ അതിശയിച്ചുപോയ കാലമായിരുന്നു അത്. ഉഴവൂര്‍ പള്ളിമുക്കിനടുത്തുള്ള സ്കൂളിലും അദ്ദേഹത്തിനു സ്വീകരണം ഉണ്ടായിരുന്നു. വരുന്നതിനു പത്തുദിവസം മുന്‍പ് മുതലെ അവിടെ മുഴുവന്‍ പോലീസുകാരും ബ്ലാക്ക് ക്യാറ്റ്സുമായിരുന്നു. അദ്ദേഹത്തെ വരവേല്‍ക്കാന്‍ നാട്ടുകാരെല്ലം ഒരു പോലെ ഉത്സാഹിച്ചു.

പള്ളിയിലും സ്കൂളിലുമൊക്കെ കൊടിതോരണങ്ങളും വര്‍ണ്ണക്കടലാസുകൊണ്ടു ഉത്സവ പ്രതീതിയായിരുന്നു.

പക്ഷെ നമ്മുടെ കഥാനായകനു ഇതൊന്നും അത്രക്കങ്ങട് സുഖിക്കുന്നുണ്ടായിരുന്നില്ല. കുടുംബത്തില്‍ മന്ത്രിമാര്‍വരെയുള്ള മാപ്ലയ്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല ഇതൊന്നും.

അങ്ങനെ കെ.ആര്‍.നാരായണന്‍ വരുന്നതിനു രണ്ടു ദിവസം മുന്‍പ് വൈകുന്നേരത്തെ ഗീര്‍വാണത്തിനിടയില്‍ മാപ്ല തട്ടി.

"ഹും,നാട്ടുകാര്‍ക്കൊക്കെ എന്തിന്‍റെ അസുഖമാണ്? എന്തിനാണ് സര്‍ക്കാര്‍ ഇത്ര കാശുചെലവാക്കുന്നത്, ഇവന്‍റെ[ബഹു. ഉപരാഷ്ട്രപതിയെക്കുറിച്ചാണെന്നോര്‍ക്കണം] അപ്പനൊക്കെ എന്‍റെ പറമ്പില്‍ തേങ്ങയിടാന്‍ എത്ര തവണ വന്നിരിക്കുന്നു..."

ഒരു പത്തു മിനിട്ടുകഴിഞ്ഞുകാണും. രണ്ട് പോലീസുജീപ്പുകള്‍ പാഞ്ഞു വന്നു പരമുനായരുടെ ചായക്കടയ്ക്കു മുന്നെ സഡണ്‍ബ്രേക്കിട്ടു. മത്തായിമാപ്ലയെ പൊക്കിയെടുത്തു ജീപ്പിലിട്ടു അതുപോലെ പാഞ്ഞു പോയി.

കുടുംബത്തിലെ മന്ത്രിമാരും നേതാക്കളും മാറിമാറി ശ്രമിച്ചിട്ടും മത്തായി മാപ്ലയെ എവിടേക്കാണ് കൊണ്ടുപോയതെന്നു പോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഉപരാഷ്ടപതിയുടെ കേരളസന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസംകൂടെ കഴിഞ്ഞാണ് മത്തായി മാപ്ലയെ പോലീസ് വിട്ടയച്ചത്.

പാവം മാപ്ല പിന്നിട് വൈകുന്നേരങ്ങളില്‍ അങ്ങിനെ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടില്‍ ഒത്തിരി പണിയുണ്ടായിട്ടാ ഇറങ്ങാത്തെ എന്നു ചില സില്‍ബന്ധിക്കാര്‍ പറയാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് കുറെ നാളത്തേക്ക് ചിരിക്കാനുള്ള വകയായിരുന്നു പ്രസ്തുത സംഭവം.

കെ.ആര്‍. നാരായണന്‍ പിന്നീട് രാഷ്ട്രപതിയായപ്പോളും ഉഴവൂര്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വരുന്നതിനു പത്തു ദിവസം മുന്‍പെ വീട്ടിലെ കസേരയില്‍ കാറ്റുംകൊണ്ടിരുന്ന മത്തായി മാപ്ലായെ പോലീസ് പൊക്കി. രാഷ്ടപതിയുടെ കേരള സന്ദര്‍ശനം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞാണ് പതിവുപോലെ വിട്ടയച്ചതു.

അതിനുശേഷം മത്തായി മാപ്ലായെ ഉഴവൂര്‍കാരാരും തീരെ കണ്ടിട്ടില്ല, മരിക്കുന്നതുവരെ.

മിന്നല്‍ പ്രതാപന്‍

പ്രീഡിഗ്രിക്കാലം. മോനിപ്പള്ളിയില്‍[എന്‍റെ സ്വന്തം നാട്] നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ഉഴവൂരായിരുന്നു ഞാന്‍ പ്രിഡിഗ്രിക്കു പഠിച്ചിരുന്ന കോളേജ്. അന്നൊക്കെ കോളേജില്‍ പോകാനുള്ള ഏക ആശ്രയം പ്രൈവറ്റ് ബസുകളായിരുന്നു. രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3.20 വരെയാണ് കോളേജ് ഉണ്ടാവുക. വൈകുന്നേരം കോളേജ് 3.20നു കോളേജ് വിടുന്നത് ആ സമയം ഒരു വിധം എല്ലാ സ്ഥലത്തേക്കും കൂടുതല്‍ ബസുകള്‍ അടുത്തടുത്തുണ്ടെന്നുള്ളതാണ്. കുന്നിന്‍ ചെരുവിലുള്ള ഞങ്ങളുടെ മനോഹരമായ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ ആണ് ബസ്സ് സ്റ്റോപ്പില്‍ എത്തുക. അന്നും കോളേജുപിള്ളേരെക്കണ്ടാല്‍ ഇന്ത്യന്‍ ആര്‍മി പാക്കിസ്ഥാന്‍കാരെ കണ്ട ഒരു ഫീല്‍ ആണു ബസുകാര്‍ക്ക്.ബസുകാരുമായി മിക്ക ദിവസവും ഉടക്കേണ്ടി വരാറുമുണ്ട് ഞങ്ങള്‍ക്ക്.

ഉഴവൂര്‍, മോനിപ്പള്ളി, കുറവിലങ്ങാട് എന്നീ സ്ഥലങ്ങള്‍ കുറവിലങ്ങാട് സര്‍ക്കിളിലായിരുന്നു. മിന്നല്‍ പ്രതാപന്‍ എന്നൊരു സി.ഐ. ആയിരുന്നു മേധാവി. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം വളരെ മതിപ്പായിരുന്നു. കുറ്റവാളികള്‍ക്കെതിരെ മിന്നല്‍പ്പോലെ ആക്ഷന്‍ എടുക്കുന്നതുകൊണ്ട് നാട്ടുകാരദ്ദേഹത്തിനു ചാര്‍ത്തികൊടുത്തിരുന്ന പേരാണ്, മിന്നല്‍ പ്രതാപന്‍.

പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും സ്റ്റേഷന്‍ പരിതിയില്‍ പെടുന്ന ഈ മൂന്നു സ്ഥലങ്ങളിലും പ്രതാപന്‍ സാറിന്‍റെ സന്ദര്‍ശനം ഇടയ്ക്കിടയ്ക്കുണ്ടാവാറുണ്ട്.

കോളേജില്‍ പ്രധാനമായും മോനിപ്പള്ളി, പാല, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലില്‍ നിന്നാണ് കുട്ടികള്‍ എത്താറുണ്ടായിരുന്നത്. വൈകുന്നേരം മോനിപ്പള്ളിക്കാരായ ഞങ്ങള്‍ക്ക് 3.50നും 4നും ആണ് ബസ്സുകള്‍ ഉണ്ടായിരുന്നത്. പാല ഭാഗത്തേക്ക് 3.30നും 3.40നും ആണ് ബസ്സുകള്‍. ഞങ്ങള്‍ രണ്ടുകൂട്ടരുടെയും വഴിയും ബസ്സ് സ്റ്റോപ്പും എതിര്‍ദിശയിലാണ്.കോളേജില്‍ നിന്നും നടന്നെത്തുമ്പോഴേക്കും 3.30ന്‍റെ ബസ്സ് മിക്കവാറും പാല ഭാഗത്തേക്കുള്ളവര്‍ക്ക് നഷ്ടപ്പെടും. 3.40ന്‍റെ ബസ്സു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് 4.30നുള്ള ബസ്സെയുള്ളൂ. അതുകൊണ്ടുതന്നെ 3.40ന്‍റെ കിഴക്കേകരയ്ക്ക് എങ്ങനെയെങ്കില്‍ ഇടിച്ചു കയറി പോകാന്‍ അവര്‍ ശ്രമിക്കാറുമുണ്ടായിരുന്നു.

ബസ്സുകാരുടെ കൂട്ടത്തില്‍ കിഴക്കേകരക്കാരായിരുന്നു ഏറ്റവും ദുഷ്ടന്മാര്‍. രാവിലെ മോനിപ്പള്ളിക്കാരായ ഞങ്ങളും വൈകുന്നേരം പാലാഭാഗത്തേക്കുള്ളവരും ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഈ ബസ്സിനെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും വളരെ നന്നായി ഇവന്മാരുടെ സ്വഭാവം അറിയാമായിരുന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സുള്ള ദിവസം ഞങ്ങള്‍ക്കിവന്മാര്‍ എസ്ടി തരാറെ ഉണ്ടായിരുന്നില്ല.ക്ലാസ്സുള്ള ദിവസങ്ങളില്‍ ബസ്സില്‍ സീറ്റ് ഫ്രീ ഉണ്ടെങ്കില്‍ കൂടി ഞങ്ങളെ ഇരിക്കാന്‍ ചിലപ്പോള്‍ സമ്മതിക്കാറില്ലായിരുന്നു.

"ഇരുപത്തഞ്ചു പൈസയും അന്‍പതുപൈസയും കൊടുക്കുന്നവന്മാര്‍ അങ്ങനെ സുഖിച്ചിരിന്നു യാത്ര ചെയ്യേണ്ട" എന്നായിരിക്കും മറുപടി. 10-15 മിനിട്ടത്തെ യാത്രയെ ഉള്ളതുകൊണ്ടും നാണംകെടാന്‍ വയ്യാത്തകൊണ്ടും ഞങ്ങളും പലപ്പോഴും തര്‍ക്കിക്കാന്‍ പോകാറുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ കോളേജ് വിട്ട് പതിവുപോലെ ബസ്സ് സ്റ്റോപ്പിലെത്തി. 3.30ക്കു എത്തിയെങ്കിലും പാലാ ഭാഗത്തേക്കുള്ളവര്‍ക്ക് പതിവുപോലെ 3.30ക്കുള്ള ക്രിസ്തുരാജ് കിട്ടിയില്ല. കോളേജ് പിള്ളേരെ കയാറ്റാതിരിക്കാന്‍ അവന്മാര്‍ മാക്സിമം നേരത്തെയും പോകാറുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് പോകാനുള്ള സെന്‍റ്.ജോര്‍ജ്ജ് 3.50നെ ഉണ്ടാവാറുള്ളു. അതുകൊണ്ട് ഞാന്‍ എന്റെ കൂട്ടുകാരന്‍ രഘുവുവിനു ഒരു കമ്പനിക്കായി പാലയ്ക്കുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നിന്നു. കുടക്കച്ചിറക്കാരനായ രഘുവിന്, അവന്‍റെ വീടിനടുത്തുനിന്നുള്ള ഫിലിപ്പാണ് യാത്രയിലെ സുഹ്രുത്ത്. ഫിലിപ്പ് വരാത്ത ദിവസങ്ങളില്‍ ഞാനിങ്ങനെ അവനു കമ്പനി കൊടുക്കാറുണ്ട്.

3.40 ആയപ്പോളേക്കും കിഴക്കേകര ദൂരെ വളവില്‍ കണ്ടു. എല്ലാവരും ബസ്സില്‍ കയറാന്‍ റെഡിയായി. കിഴക്കേക്കര സ്റ്റോപ്പിനടുത്തേക്ക് പതുക്കെ വന്നു പെട്ടെന്നു സ്പീഡ് കൂട്ടി നിര്‍ത്താതെ പോയി. ബസ്സിലെ കിളികള്‍ സ്റ്റോപ്പില്‍ നിന്ന പിള്ളേരെ നോക്കി പല്ലിളിച്ചു കാണിച്ചു. എല്ലാവരും ആകെ ചമ്മി.രഘുവിന്‍റെ നില്പ് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും അവിടെ നിന്നു ചിരിച്ചാല്‍ ബസ്സുകാര്‍ക്കിട്ടുള്ള ദേഷ്യം എല്ലാവരും കൂടെ എനിക്കിട്ടു തീര്‍ക്കുമെന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ കണ്‍ട്രോള്‍ ചെയ്തു നിന്നു. കുറച്ചു ചേട്ടന്മാര്‍ അടുത്ത ഇലക്ഷനുള്ള വോട്ടും മുന്നില്‍ കണ്ടുകൊണ്ട് കിഴക്കേകരയുടെ പുറകേ ഓടി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

പെട്ടെന്നാണ്, ഞങ്ങളുടെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. സന്മനുസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന സ്റ്റൈലില്‍ മുന്‍സീറ്റില്‍ പ്രതാപന്‍ സാറുമുണ്ട്. സാറു ഞങ്ങളെ നോക്കി "ഇപ്പോള്‍ വരാം" എന്നു പറഞ്ഞു കിഴക്കേകര പോയ വഴിക്കു പോയി.

ഒരു പത്തുമിനിട്ട് കഴിഞ്ഞുകാണും. ദേ വരുന്നു കിഴക്കേകര. അങ്ങോട്ടേക്ക് പോയതിലും സ്പീഡിലാണ് തിരിച്ചു വരുന്നത്. എല്ലാവരും ചിരി തുടങ്ങി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പോയി തിരിച്ചു പാല ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുവന്നു ബസ്സ് നിര്‍ത്തി.

കിളികളാരും ഞങ്ങളുടെ മുഖത്തു നോക്കുന്നില്ല. പെണ്‍കുട്ടികളെക്കൊ ചിരി തുടങ്ങി. ഓപ്പോസിറ്റ് സൈഡില്‍ ജീപ്പ് നിര്‍ത്തിയിട്ട് പ്രതാപന്‍ സാര്‍ ഇറങ്ങി വന്നു. കിഴക്കേകരയുടെ ഡ്രൈവറോടു ഇറങ്ങി വരാന്‍ പറഞ്ഞു. അവന്‍ വിനയകുനയാനായി[വിനയം കൊണ്ടുകുനിഞ്ഞ് - ഞാനിപ്പോള്‍ കണ്ടുപിടിച്ച വാക്കാണ്] ഇറങ്ങിവന്നു.

"പ്‌ഠേ....."

പ്രതാപന്‍ സാര്‍ ഡ്രൈവറുടെ കരണം നോക്കി ഒന്നു കൊടുത്തു. എന്നിട്ട് 100 തവണ ഏത്തമിടാന്‍ പറഞ്ഞു. കിളികളോടും കണ്ടക്ടറിനോടും ഒപ്പം കൂടിക്കോളാന്‍ പറഞ്ഞു. ഉഴവൂര്‍ ജംഗ്ഷന്‍ മുഴുവന്‍ ചിരിയായി.

സാറിനോടു ഞങ്ങള്‍ എല്ലാവരും താങ്ക്സ് പറഞ്ഞു ബസ്സില്‍ കയറി. പിന്നീടൊരിക്കലും ഒരു ബസ്സുകാരും ഞങ്ങളെ കയറ്റാതെ പോകാനൊ മോശമായി പെരുമാറാനൊ ശ്രമിച്ചിട്ടില്ല. അടുത്തകോളേജ് ഡേയ്ക്ക് ഞങ്ങള്‍ പ്രതാപന്‍ സാറിനെ മുഖ്യാതിഥിയായി ക്ഷണിച്ച് നന്ദി രേഖപ്പെടുത്താനും മറന്നില്ല.


വാല്‍ക്കഷണം : അടുത്ത ദിവസം കിഴക്കേകര ഓടിയില്ല. അതിനടുത്തദിവസം മുതല്‍ ഡ്രൈവറും കണ്ടക്ടറുമൊക്കെ പുതിയതായിരുന്നു. പഴയ ആള്‍ക്കാരെ പിന്നീടൊരു ബസ്സിലും ഞങ്ങളുടെ റൂട്ടില്‍ കണ്ടിട്ടില്ല.

Thursday, July 7, 2011

ഫോട്ടോഗ്രാഫര്‍

ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത് അംഗോളയെക്കുറിച്ച് എഴുതിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവും അംഗോളയിലെ ഒരു കഥയുമായി ആവാം എന്നു കരുതി.

അംഗോളയില്‍ എത്തിയതിനു ശേഷമാണ്‍ ബ്ലോഗിങ്ങില്‍ എനിക്ക് താത്പര്യം വരുന്നതെന്നു പറഞ്ഞിരുന്നല്ലൊ. അങ്ങിനെയാണ് ബ്ലോഗിലെ ഫോട്ടൊബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും ഒരു ക്യാമറ വാങ്ങാനും തീരുമാനിച്ചത്. അംഗോളയിലേയ്ക്കുള്ള എന്ടെ അടുത്ത യാത്ര സോണിയുടെ [സോണി കമ്പനി - അല്ലാതെ നിങ്ങള്‍ പെട്ടെന്നു കരുതിയതു പോലെ എനിക്കറിയാവുന്ന ഏതെങ്കിലം സോണിയുടെ ക്യാമറ കടം മേടിച്ചതൊ അടിക്ചുമാറ്റിയതൊ അല്ല.] ഒരു പോക്കറ്റ് ക്യാമറയും ആയായിരുന്നു.

ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ള അറിവേ അംഗോളയെക്കുറിച്ചും മറ്റും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നോളു. അവരുടെ നിര്‍ബന്ധവും ഫോട്ടോസെടുത്തു ബ്ലോഗാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ ആദ്യം വന്ന അവധി ദിവസം തന്നെ ക്യാമറയും തൊപ്പിയുമായി [തൊപ്പി വച്ചാല്‍ കൂടുതല്‍ നല്ല ഫോട്ടോസെടുക്കാന്‍ പറ്റുമെന്നൊരു വിശ്വാസം അന്നെനിക്കുണ്ടായിരുന്നു. അല്ലാതെ വെറുതെ സ്റ്റൈലിനൊന്നുമല്ലായിരുന്നു] ഞാന്‍ അംഗോളയിലെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം ക്യാമറയില്‍ പകര്‍ത്താനായി ഇറങ്ങി.

ഞാന്‍ ജോലിചെയ്തിരുന്ന സ്ഥലം ക്യാംപ് എന്നാണറിയപ്പെടുന്നത്. നാലുചുറ്റം മതിലുകള്‍ തീര്‍ത്ത ഒരു വലിയ സ്ഥലമായിരുന്നത്. ഒരാവശ്യത്തിനും പുറത്തുപോകേണ്ട കാര്യം അവിടെ ഇല്ലായിരുന്നു. പുറത്തുപോയാല്‍ തിരിച്ചെത്താന്‍ പറ്റുമോ എന്നുറപ്പില്ലാത്തതിനാല്‍ നമ്മളാരും അതിനു ശ്രമിക്കാറുമില്ലായിരുന്നു.

അങ്ങിനെ ആദ്യം വന്ന അവധിദിവസം തന്നെ ഞാന്‍ ക്യാമറയുമായി മുറിക്കു പുറത്തിറങ്ങി. കൂടെ ആരെങ്കിലും വന്നാല്‍ വെറുതെ എന്റെ ഫ്രേയ്മുകളില്‍ കമന്റു പറഞ്ഞാലൊ എന്നു കരുതി ഞാന്‍ ആരേയും വിളിച്ചതുമില്ല.

നേരെ അവിടുത്തെ ഹെലിപാടില്‍ പോയി ക്യാംപില്‍ ഉണ്ടായിരുന്ന ഹെലികോപ്ടറുകളുടെയെല്ലാം ഫോട്ടോസ് എന്നെക്കൊണ്ടു പറ്റാവുന്ന എല്ലാ ആങ്കിളുകളിലും എടുത്തു. പിന്നെ അവിടെ നിന്ന ഒരു സെക്യൂരിറ്റി പയ്യന്‍ടെ ഫോട്ടൊ എടുത്തു.ഹെലികോപ്ടറിലാണ്‍ ഞാന്‍ ഇവിടെ യാത്ര ചെയ്യുന്നതെന്നും സെക്യൂരിറ്റി എന്ടെ ക്യാറ്റ് [അംഗോളയയതുകൊണ്ട് പ്രത്യേകം ബ്ലാക്ക് ക്യറ്റ് എന്നു പറയേണ്ടല്ലൊ] ആണെന്നുമൊക്കെ എല്ലാവരോടും പറഞ്ഞു ഞാനിവിടുത്തെ വി.ഐ.പി. ആണെന്നു പറയണമെന്നുമൊക്കെ മനസ്സിലുറപ്പിച്ചു.

ക്യാംപിന്ടെ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ആവശ്യങ്ങള്‍ക്കായി അവിടെ വലിയൊരു ഡിഷ് ആന്‍്‌ടിന ഉണ്ട്. ഹെലിപാടില്‍ നിന്നും നേരെ അവിടെപോയി അതിന്‍ടെ എല്ലാ ആങ്കിളുകളുകളിലുമുള്ള ഫോട്ടോസുമെടുത്തു. അവിടുന്നു പോര്‍ട്ടിന്‍ടെ ഫോട്ടൊസെടുക്കാന്‍ നേരെ പോര്‍ട്ടിലേക്ക് നടന്നു.

പോകുന്ന വഴി സെക്യൂരിറ്റി ലീഡ്സ് രണ്ടു പേര്‍ എന്ടെ അടുത്തേക്കു വന്നു. ഒരു ആറര അടിപൊക്കമുള്ള രണ്ടു കറുമ്പന്മാര്‍. അംഗോളയില്‍ വരുന്നതിനു മുന്‍പ് ഹോളിവുഡ് പടങ്ങളിലെ വില്ലന്മാരായെ ഞാന്‍ ഇങ്ങനെ ഉള്ളവരെ കണ്ടിട്ടുള്ളു.

"മോന്തിയാ" അവര്‍ എന്നോടു പറഞ്ഞു.
"മോന്തിയാ" ഞാനും പറഞ്ഞു. . [ഒന്നും മനസ്സിലായില്ല അല്ലേ? ഞെട്ടണ്ട. മൊന്തിയ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ സുപ്രഭാതം എന്നാണ്. അംഗോള ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു പണ്ട്.]

അടുത്തുവന്ന അവര്‍ എന്‍ടെ കൈയിലെ ക്യാമറ ചൂണ്ടി ചോദിച്ചു.

"ക്യാമറ അക്കീനൊ മക്കനൊ ടിക്കാ യൊ" [ഈ തവണ നിങ്ങളെപ്പോലെ തന്നെയാണ്‍ എന്‍ടെയും അവസ്ഥ. ക്യാമറ എന്നുള്ളതല്ലാതെ വേറെ ഒന്നും എനിക്കും മനസ്സിലായില്ല. അംഗോളൈസേഷന്‍ടെ ഭാഗമായി കൂടുതല്‍ അംഗോളകാര്‍ക്ക് ജോലി കൊടുക്കുന്നുണ്ടിപ്പോള്‍ ക്യംപില്‍. സെക്യൂരിറ്റ് ജോലി മിക്കവാറും അവര്‍ തന്നെ. വിദ്യാഭ്യാസത്തിനു ഒരേ ഒരു യൂണിവേഴ്സിറ്റി മാത്രമെ അംഗോളയിലുള്ളു. ക്യാംപിലെ അംഗോളകാര്‍ക്കിടയില്‍ വളരെ കുറച്ചാളുകള്‍ക്കെ ഇംഗ്ലീഷ് അറിയൂ].

ഫോട്ടോസ് കാണിക്കാനാകും പാവങ്ങള്‍ പറയുന്നത്. ക്യാമറപോലും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ അവരെ വിളിച്ചു ഞാനെടുത്ത ഫോട്ടോസ് കാണിക്കാന്‍ തുടങ്ങി. ഡിഷ് ആന്‍ടിന, സെക്യൂരിറ്റി ഗാര്‍ഡ്, ഹെലികോപ്ടറുകള്‍, ഹെലിപാട് അങ്ങനെയെല്ലാം. ഞാന്‍ പറഞ്ഞുകൊടുത്തു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റികാര്‍ക്കും തോന്നിക്കാണും, ഞാന്‍ അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന ആളും അവരെല്ലാം ഇന്നലെ വന്ന ഫോറിനേഴ്സുമാണെന്ന്.

ഫോട്ടോസ് കണ്ടു കഴിഞ്ഞപ്പോള്‍ അവരെന്‍ടെ കൈയില്‍ നിന്നും ക്യാമറ വാങ്ങി. ഞാന്‍ പെട്ടെന്നു തന്നെ കൊടുത്തു. "പാവങ്ങള്‍, ഇതൊന്നും കണ്ടുകാണില്ല." [ഞാന്‍ മനസ്സില്‍ കരുതി. അല്ലാതെ നിങ്ങള്‍ കരുതുന്നപോലെ അവരെക്കണ്ടു പേടിച്ചിട്ടൊന്നുമല്ല]

"നോ ഫോട്ടോസ്, നോ ഫോട്ടോസ്" അവരെന്നോട് പറഞ്ഞു. അവരുടെ ഫോട്ടൊ ഒന്നുമില്ലാത്തതു കൊണ്ട് വിഷമമായിട്ടുണ്ടാകും.

"ഐ വില്‍ ടേക്ക്, ഗിവ് മി ദ ക്യാമറ", ഞാന്‍ പറഞ്ഞു. എന്നിട്ട് അവരുടെ കൈയില്‍ നിന്നും ക്യാമറ വാങ്ങാനൊരുങ്ങി. അപ്പോള്‍ അതിലൊരുത്തന്‍ എന്ടെ കൈയ്ക്ക് കയറി പിടിച്ചു.

"അമ്മേ...." [വീട്ടില്‍ നിന്നും മാറി നിക്കുമ്പോള്‍ അമ്മയെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓറ്ക്കുന്ന പതിവുണ്ടെനിക്ക്. അല്ലാതെ ഛെ.. ഛെ.. ]

"ഫോട്ടോസ്, അക്കിയ നൊ നിക്കി ഒക്കെ പക്കൊ നിക്കാലിയ യ മക്ക" എനിക്കൊരു തേങ്ങയും മനസ്സിലായില്ല.

"വാട്ട്?" ഞാന്‍ ചോദിച്ചു.

"ക്യാമറ, ഓഫീസ്..ഓഫീസ്" എന്നുംപറഞ്ഞുകൊണ്ട് അവര്‍ ക്യാമറയും മേടിച്ചൊണ്ട് പോയി.

"ദൈവമേ, എന്‍ടെ ക്യാമറ"... അന്നു ഓഫീസെല്ലാം അവധിയായതുകൊണ്ട് പ്രൊജക്ട് മാനേജരെ കാണാന്‍ വഴിയില്ല. ഞാനുടനെ കൂടെയുള്ള ബിനുവിനെയും സതീഷിനെയും കാണാനോടി.

"ഞങ്ങളെ കൂട്ടാതെ ഫോട്ടൊ എടുക്കാന്‍ പോയതല്ലെ. അനുഭവിക്ക്."

"ഒരു ഫോട്ടോഗ്രാഫര്‍ വന്നിരിക്കുന്നു."

ബിനുവിനെയും സതീഷിനെയും കുറ്റം പറയാന്‍ പറ്റില്ല.

ഇന്നലെ അവരുടെ മുന്‍പില്‍ പുതിയ ക്യാമറ വച്ച് ഞാന്‍ കാണിച്ച ഡെമോസും ഫോട്ടൊ എടുക്കാമൊ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ കാണിച്ച ജാഡയൊന്നും ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.

"ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എവിടൊക്കെ പ്രളയവും ഭൂമികുലുക്കവും ഒക്കെയുണ്ടാകുന്നു. അതൊക്കെ തടയുന്നതിനു പകരും എനിക്കിട്ടു പണിതരാന്‍ ഇതെല്ലാം ഓര്‍ത്തിരിക്കുവാണൊ?" ഞാന്‍ മനസ്സില്‍ കരുതി.

അഹങ്കാരം ആപത്താണെന്ന് അങ്ങനെ വീണ്ടും ഞാന്‍ മനസ്സിലാക്കി. കുരു കളഞ്ഞുപോയ 'ICE AGE'ലെ 'Scrat'നെപ്പോലെയുള്ള എന്‍ടെ നില്‍പ്പു കണ്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നി നാളെ ഓഫീസില്‍ പോയി മേടിക്കാമെന്നു പറഞ്ഞു.

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു നേരെ പ്രോജക്ട് മാനേജറെ കാണാന്‍ പോയി. ബോബും മാറ്റും ഇല്ലാത്തതു കൊണ്ട് ഐ.ടി. മാനേജരുടെ അടുത്തേക്കാണ്‍ ഞാന്‍ പോയത്. എങ്ങിനെ അവതരിപ്പിക്കും എന്നു കരുതിയാണ്‍ ക്യാമ്പിനിലേക്ക് കയറിയത്.

"ഗുഡ് മോണിംഗ്, റേച്ചല്‍"

"ഹലൊ അനു. ഗുഡ് മോണിംഗ്..ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു"

"ദൈവമെ, ഗ്ലാമര്‍ ആയിപ്പോകുന്നതിന്‍ടെ ഓരോരൊ പ്രശ്നങ്ങളെ" എന്ന എന്‍റ്റ് ചിന്തയെ മാറ്റിമറിച്ചുകൊണ്ട് റേച്ചല്‍ പറഞ്ഞു.

"ഡിഡ് യു ടേക്ക് എനി ഫോട്ടോസ് ഇന്‍സൈഡ് ദ ക്യാംപ് യെസ്റ്റര്‍ഡെ?"

"യെസ് റേച്ചല്‍. ഐ വാസ് എബൌട്ടു ഡിസ്കസ് വിത്ത് യു ദാറ്റ്. ബട്ട് ഹൊ ഡു യു ക്നൊ ദാറ്റ്?"

പിന്നെ റേച്ചല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ബോധം പോയില്ലെന്നെ ഉള്ളൂ. ക്യാംപിനകത്ത് ഫോട്ടൊസെടുക്കുന്നത് അവിടെ കൊലപാതകം പോലുള്ള മാരക കുറ്റമാണെന്നും ഇതിപ്പോള്‍ വളരെ വലിയ പ്രശ്നമായിരിക്കുകയാണെന്നും റേച്ചല്‍ എന്നോട് പറഞ്ഞു.

"ദെ സ്റ്റാര്‍ട്ടഡ് ഇന്‍വെസ്റ്റിഗേഷന്‍. വി വില്‍ ഗെറ്റ് ദ ക്യാമറ അഫ്ടെര്‍ ദാറ്റ് ഒണ്‍ലി. ഐ വില്‍ ഇന്‍ഫോം യു."

"ഓകെ റേച്ചല്‍, ബൈ".

"ബൈ അനു. ഹാവ് എ ഗുഡ് ഡെ"

"ഇനി എന്തോന്ന് ഗുഡ് ഡെ. എല്ലാം പോയില്ലെ" അങ്ങനെ കരുതി ഞാന്‍ പുറത്തിറങ്ങി. ഹ്റുദയം ഇടിച്ചു പുറത്തു ചാടുമൊ എന്നെനിക്ക് തോന്നി. വൈകുന്നേരം ആണ്‍ സതീഷിനോടും ബിനുവിനോടും കാര്യം പറഞ്ഞത്. അപ്പോള്‍ ഫോട്ടെ എടുക്കുന്നത് വലിയ കുറ്റമാണെന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാവുന്ന ലെവലിലായി സംസാരം. അവിടെ കുറ്റം ചെയ്താല്‍ കടുത്ത ശിക്ഷയാണത്രെ.

"ഇവിടെ ജയിലില്‍ പച്ചമീനും ഉണക്കറൊട്ടിയും അല്ലേടാ?" ബിനു സതീഷിനോടു ചോദിച്ചു.

"മീന്‍ ചാളയാണെന്നാ കേട്ടെ."

സതീഷും ബിനുവും ഡിസ്കഷന്‍സായി. ആ സമയത്തെ എന്റെ മുഖം കണ്ടാല്‍ ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ ലാലെട്ടന്‍റെ അഭിനയം തോറ്റു പോകുമെന്നാണ്‍ പിന്നീടവര്‍ പറഞ്ഞത്.

അടുത്ത ദിവസം റേച്ചല്‍ എന്നെയും കൂട്ടി സെക്യുരിറ്റി ഹെഡിന്‍റെ ഓഫീസെലെത്തി. അവര്‍ എന്നെയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സെക്യൂരിറ്റി ഹെഡിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വീണ്ടും അമ്മയെ ഓര്‍ത്തു. ഇനി അംഗോള ജയിലില്‍ എത്രാമത്തെ മുറിയാണെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നായി.

അയാള്‍ ക്യാമറ മേശവലിപ്പില്‍ നിന്നെടുത്തു. കാണാതായ മകനെ കണ്ട സന്തോഷമായിരുന്നു എനിക്കു. അതിലെ ഫോട്ടോസ് കാണിച്ച് ഹെഡ് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ക്യാമറയുടെ രണ്ടാനമ്മയെന്ന ഫീലിംഗ് ആണുണ്ടായത്.

ഹെഡ് പറഞ്ഞതനുസരിച്ച് സെക്യൂരിറ്റിയുടെ ഫോട്ടൊ എടുത്തത് അങ്ങനത്തെ വേഷത്തില്‍ ഇവിടെ അതിക്രമിച്ച് കയറിയിട്ട് ഹെലിപാടും ഡിഷും ഒക്കെ നശിപ്പിക്കുകയായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ(ഞാനുള്‍പ്പെടുന്ന ഏതോ സംഘടനയുടെ) ലക്ഷ്യമെന്ന രീതിയിലാണ്‍ അന്വേഷണം നടക്കുന്നത്. ഉണക്കറൊട്ടിയും ചാളയും അന്നു തന്നെ തിന്ന് ശീലിക്കേണ്ടി വരുമെന്നു എനിക്ക് തോന്നി. എന്‍റെ പിന്നില്‍ നിന്ന റേച്ചല്‍ മുന്നിലും സെക്യൂരിറ്റി ഹെഡ് പിന്നിലും നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി.[ചെറുപ്പം മുതലെ ഇങ്ങനെയുള്ള സിറ്റുവേഷന്‍സില്‍ എനിക്കിങ്ങനെ വരാറുണ്ട്. വിവേകാനന്ദസ്വാമികള്‍ക്ക് ഉറങ്ങുന്നതിനു മുന്‍പ് ഒരു പ്രകാശം അടുത്തു വരുന്നതുപോലെ തോന്നാറുള്ളതുപോലെ എന്തോ ഒന്നാണിത്. ചില അലവലാതികള്‍ തലകറങ്ങുന്നതാണിതെന്നൊക്കെ പറയാറുണ്ട്. അസൂയ, അല്ലാതെ എന്ത് പറയാനാണ്].

അന്വേഷണത്തിന്‍ കൂടുതല്‍ സമയം ഹെഡ് ചോദിച്ചു. ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു.

പിറ്റേ ദിവസം മുതല്‍ ക്യാംപിലെ ഒരു വിധം എല്ലാ സെക്യൂരിറ്റികാരും എന്നെക്കാണുമ്പോള്‍ ലാലേട്ടന്‍ ചിത്രം സിനിമയില്‍ ഫോട്ടൊ എടുക്കുന്നതുപോലെ കാണിക്കാനും തുടങ്ങി.

"ഈ അലവലാതികളൊക്കെ ചിത്രം കണ്ടിട്ടുണ്ടൊ?"

രണ്ടു സെക്യൂരിറ്റികാര്‍ ഞാന്‍ പോകുന്നിടത്തൊക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ സതീഷും ബിനുവും അവരെ എന്നെ ഫോളൊ ചെയ്യാന്‍ വിട്ടിരിക്കുന്നതാണെന്ന് പറഞ്ഞു. അങ്ങനെയൊന്നുമല്ല, സെക്യൂരിറ്റി കൂട്ടിയതാണെന്ന് ഞാന്‍ തര്‍ക്കിച്ചെങ്കിലും മനസ്സില്‍ എനിക്കുമങ്ങനെ തന്നെയാണ്‍ തോന്നിയത്.

റൊട്ടേഷന്‍ കഴിഞ്ഞു തിരിച്ചു പോകാന്‍ രണ്ടു ദിവസം കൂടെയെ ഉള്ളപ്പോള്‍ ബിനുവും സതീഷും വീട്ടിലെന്തെങ്കിലും പറയണൊ എന്തെങ്കിലും വാങ്ങി കൊടുക്കണൊ എന്നൊക്കെ ചോദിച്ചു. അങ്ങനെ ഉറക്കത്തിലെല്ലാം അംഗോളന്‍ ജയില്‍ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതെനിക്കൊരു പതിവായി.

അങ്ങനെ പോകുന്നതിനു ഒരു ദിവസം മുന്‍പ് എന്നെ വീണ്ടും സെക്യൂരിറ്റി ഹെഡ് വിളിപ്പിച്ചു. ജയിലിലേക്ക് പോകാന്‍ ഞാന്‍ മാനസ്സികമായി തയ്യാറായി. അവിടെ ചെന്നപ്പോള്‍ ഹെഡ് എന്നോട് ഇനി ഒരിക്കലും ഫോട്ടൊ ക്യാംപില്‍ വച്ചെടുക്കരുതെന്നു പറഞ്ഞിട്ട് ക്യാമറയിലെ ഫോട്ടോസെല്ലാം ഡിലീറ്റ് ചെയ്യിച്ചു. കമ്പ്യൂട്ടറില്‍ ഉള്ള ഫോട്ടോസ് ഞാന്‍ നേരത്തെ ഡിലീറ്റ് ചെയ്ത വിവരം ഹെഡിനോട് പറഞ്ഞു.

"സീ, ഹി ഈസ് വെരി ഹോണസ്റ്റ്" റേച്ചല്‍ പറഞ്ഞു.

"അപ്രീഷിയേറ്റ് ദാറ്റ്" ഹെഡ് പറഞ്ഞു.

എന്നിട്ടെനിക്ക് ക്യാമറതിരിച്ചു തന്നിട്ട് പൊയ്ക്കോളാന്‍ പറഞ്ഞു. രണ്ടാംലോകമഹായുദ്ധം ജയിച്ചപ്പോള്‍ അമേരിക്കയ്ക് പോലും ഇത്ര സന്തോഷം ഉണ്ടായിക്കാണില്ല.

നാട്ടില്‍ ചെന്നപ്പോള്‍ സതീഷും ബിനുവും ഞാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലു പിടിച്ചെന്നും 200 തവണ ഏത്തമിട്ടെന്നും ഒക്കെ പറഞ്ഞു നടന്നു. തെണ്ടികള്‍. ഞാന്‍ പോരാന്‍ നേരം അനുഗ്രഹം മേടിക്കാന്‍ സെക്യൂരിറ്റി ഹെഡിന്‍റെ കാലില്‍ തൊട്ടു വണങ്ങിയതാണെന്നെ, സത്യം!.

വാല്‍ക്കഷണം : പിന്നീട് അംഗോളയില്‍ പോയപ്പോളെല്ലാം ലഗ്ഗേജ് വെയ്റ്റ് കൂടുതലായതിനാല്‍ ഞാന്‍ ക്യാമറ എടുത്തിരുന്നില്ല. വെയ്റ്റ് കൂടുതല്‍ കൊണ്ടുപോകുന്നതു മോശമല്ലെ.

അല്ലെങ്കിലും അംഗോളക്കാര്‍ക്കുണ്ടൊ ബുദ്ധി, കമ്പ്യൂട്ടറിലെ ഫോട്ടോസല്ലെ ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നോളു, പെന്‍ഡ്രൈവിലെ ഫോട്ടോസ് അപ്പോളും എന്‍റെ കൈയില്‍ ഉണ്ടല്ലൊ. എന്നോടാ കളി.