Wednesday, May 16, 2007

നിരപരാധി

ഞങ്ങള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്, അട്ടപ്പാടി, തോമ, ആശു, ഗണപതി, ചരക്ക്, കൊഞ്ഞാണി മാണി, തടിയന്‍, ടിനു, രാഹുല്‍ എന്ന ഞങ്ങളുള്‍പ്പെടുന്ന ആ വര്‍ഷത്തെ ബാച്ച് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഫസ്റ്റ് ഇയര്‍ ക്ലാസ്സുകള്‍ തുടങ്ങിയതെ ഉള്ളു. ഫസ്റ്റ് ഗ്രൂപ്പില്‍ അഡ്മിഷണ്‍ കിട്ടിയതു കൊണ്ട് ഞങ്ങളെല്ലാം ഹാപ്പി ആയിരുന്നു.

പെണ്‍കുട്ടികളോട് മിണ്ടാന്‍ പാടില്ലാത്ത, ഒരു ക്ലാസ്സ് പോലും കട്ട് ചെയ്യാന്‍ പാടില്ലാത്ത, അഥവാ കട്ട് ചെയ്തു പോയാല്‍ ലീവ് ലെറ്റര്‍ കൊടുത്ത് ഇമ്പോസിഷനും എഴുതേണ്ട സ്കൂളില്‍ നിന്നും ആര്‍ട്സ് കോളേജില്‍ എത്തിയ ഞങ്ങളെല്ലാം ജയിലില്‍ നിന്നും വിടുതല്‍ കിട്ടിയവരെപ്പോലെ ആയിരുന്നു. യൂണിഫോമില്ലാതെ കളര്‍ ഡ്രസ്സില്‍ 'കളറു'കളെ കണ്ട് ഞങ്ങളെല്ലാം ആദ്യം, കോഴി പുന്നല്ലു കണ്ടതുപോലെ എവിടെ കൊത്തണം എവിടെ കൊത്തണം എന്ന അവസ്ഥയില്‍ ആയിരുന്നു.

ടൌണില്‍ നിന്നും വിട്ട്, ഒരു ചെറിയ കുന്നിന്‍റെ ചെരുവില്‍ വലിയ ഗ്രൌണ്ടും ലൈബ്രറിയും, ചായയും ഉഴുന്നുവടയും പരിപ്പുവടയും എപ്പോഴും കിട്ടുന്ന അപ്പാപ്പന്‍സും ക്ലാസ്സ് കട്ട് ചെയ്ത് ഇഷ്ടം പോലെ ചെന്നിരിക്കാന്‍ ഇടവുമുള്ള റബ്ബര്‍ തോട്ടവും സ്വന്തമായുള്ള കോളേജില്‍, പക്ഷിസങ്കേതത്തില്‍ വന്ന വേടന്മരെപ്പോലെ വലയും വിരിച്ച്, വേട്ടയും നടത്തി വരുമ്പോളാണ്‌ ഞങ്ങള്‍ - മേല്‍പ്പറഞ്ഞ അതേ ഞങ്ങള്‍ പരിചയപ്പെടുന്നത്.

ക്ലാസ്സിലെ കിളികളെ എല്ലാം കൂട്ടിലാക്കിയിട്ടു മതി പുറത്തെ വേട്ട എന്ന് ഞങ്ങള്‍ ഐക്യകണ്ഠേന തീരുമാനമെടുത്തു. ഞങ്ങളുടെ ആ കുഞ്ഞു ക്ലാസ്സില്‍ 91 പേരാണ്‌ ഉണ്ടായിരുന്നത്. ഫസ്റ്റ് ഗ്രൂപ്പായതു കൊണ്ട് അതില്‍ വെറും 37 പെണ്‍പ്രജകളെ ഉണ്ടായിരുന്നുള്ളു. സെക്കന്‍ര്‍ ഗ്രൂപ്പുകള്‍ 3 എണ്ണം ഉണ്ടായിരുന്നു. അതില്‍ ഓരോന്നിലും 90 പേരും. ഞങ്ങളെ അസൂയാലുക്കള്‍ ആക്കിയത് അതിലോരൊന്നിലും 12 ആണ്‍പ്രജകളും ബാക്കി മുഴുവനും പെണ്‍ പ്രജകളും ആയിരുന്നു എന്നുള്ളതാണ്‌. എങ്കിലും ഉള്ളതുകൊണ്ട് വീട്ടിലെ ഓണമുണ്ടിട്ട് അയല്‍വക്കത്തുപോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും അടുത്ത ദിവസം മുതല്‍ ഞങ്ങളുടെ ഗ്യാങ്ങ് പെണ്‍പ്രജകളെ പരിചയപ്പെടാന്‍ തീരുമാനിച്ചു.

ഞങ്ങളെ ഒന്നിച്ചു കണ്ട് അവര്‍ പേടിക്കാതിരിക്കാന്‍ ഗ്രൂപ്പുകളായാണ്‌ അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അവരെപ്പരിചയപ്പെടാന്‍ ചെന്നത്. ഞാനും, ആശുവും, തോമയും, കൊഞ്ഞാണി മാണിയും, ടിനുവും ആയിരുന്നു അതിലൊരു ഗ്രൂപ്പ്.

ഞങ്ങളുടെ കൂട്ടത്തില്‍ തോമയുടെ കാര്യം അല്പം കഷ്ടത്തിലായിരുന്നു. അവന്‍റെ സ്വന്തം 'ഡാഡി' ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പല്‍ ആയി പിരിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്‌. അതുകൊണ്ടുതന്നെ പുതിയ പ്രിന്‍സിപ്പാളിനും കോളേജിലെ എല്ലാ ടിച്ചര്‍ക്കും തോമയെ അറിയാം എന്നു മാത്രമല്ല, അവന്‍ അവരുടെ എല്ലാം കണ്ണിലുണ്ണിയും ആയിരുന്നു. ആ പ്രത്യേക സ്നേഹത്തിന്‍റെ പുറത്താണ്‌ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറും തോമയുടെ വകയിലെ ഒരു ആന്‍റിയും ആയ ഏലിയാമ്മ മിസ്സ് അവനെ ഞങ്ങളുടെ ക്ലാസ്സ് റെപ് ആയി വഴിച്ചത്. അതൊന്നും പോരഞ്ഞതിന്‍ തോമയുടെ സ്വന്തം ചേച്ചി അവിടെ ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാം 'വേട്ടക്ക്' വരാന്‍ അവനു അല്പം പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടും വേട്ടയില്‍ നല്ല താത്പര്യം ഉണ്ടായിരുന്നതു കൊണ്ടും അവനും ഞങ്ങളുടെ ഒപ്പം കൂടാറുണ്ടായിരുന്നു.

അങ്ങനെ അമ്മു, അഞ്ചു, സജിത, ലിന്‍സി, ലിപ്സി, സൂര്യ തുടങ്ങിയ സുന്ദരിമാരെ പരിചയപ്പെട്ടു വരുമ്പോഴാണ്‌ ഞങ്ങള്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത് വളരെ ശാന്തമായി എന്തോ വായിച്ചു കൊണ്ടിരുന്ന താത്ത കുട്ടിയെക്കണ്ടത്. താത്തകുട്ടിയെ കണ്ട പാടെ ആശു വാലുപൊക്കാന്‍ തുടങ്ങി.

"അളിയാ, എന്തു ഭംഗിയാണല്ലെ."

പാവം ആശു, അവനെങ്ങനെ വാലുപൊക്കണ്ടിരിക്കും. അതുവരെ ഒരു കിളിയെപ്പോലും കാണാതെ ഡല്‍ഹിയിലെ ഒരു വലിയ ബോയ്സ് ഹൈ സ്കൂളില്‍ പഠിച്ച അവന്‍, ഒരു സൈഡിലൂടെ നോക്കുമ്പോള്‍ പ്രീതി സിന്‍റയുടെ കട്ടുള്ള താത്ത കുട്ടിയെ കണ്ടപ്പോള്‍ അറിയാതെ വാലുപൊക്കൊപ്പോയി. അങ്ങനെ ഞങ്ങള്‍ താത്ത കുട്ടിയെപ്പരിചയപ്പെട്ടു. അപ്പോഴേക്കും ഇന്‍റര്‍വെല്‍ രൂപത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ സമയം കഴിഞ്ഞു. ബെല്ലടിച്ച കുറുപ്പു ചേട്ടനെ തെറിപറഞ്ഞു കൊണ്ട് ആശു തിരിഞ്ഞു നടന്നപ്പോഴെ ഞങ്ങള്‍ക്കു മനസ്സിലായി പാവം താത്തകുട്ടിയില്‍ ആദ്യാനുരാഗ വിവശനായി എന്ന്. അവന്‍റെ ദയനീയമായ ഭൂതകാലം അറിയാവുന്നതു കൊണ്ട് , ഞങ്ങള്‍ - അവന്‍റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ - മസ്സിലു മത്തായിയുടെ ഇംഗ്ലീഷ് ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് തന്നെ താത്തകുട്ടിയെ ആശുവിന്‌ കരം തീര്‍ത്ത് പതിച്ചു കൊടുത്തു.

പക്ഷെ ആശുവിന്‌ തീരെ ക്ഷമ ഉണ്ടായിരുന്നില്ല. അവന്‌ തന്‍റെ ഇഷ്ടം താത്തയെ എങ്ങനെയെങ്കിലും അറിയിച്ചെ പറ്റൂ. വേറെ ആരെങ്കിലും അടിച്ചെടുത്തൊണ്ടുപോയാല്‍ മാനസ്സ മൈന പാടി നടക്കാന്‍ ഞങ്ങളുടെ ഉഴവൂര്‍ ഒരു കടപ്പുറമില്ലാത്തതാണെന്നാണ്‌ ആദ്യം ഞങ്ങള്‍ കരുതിയത്‌. പിന്നെയല്ലെ മനസ്സിലായത് ആശുവിന്‌ താത്തക്കുട്ടിയോട് തീവ്രാനുരാഗം തന്നെയാണ്‌ എന്നു മനസ്സിലായത്. ഞങ്ങള്‍ അവനോട് പറഞ്ഞു,

" അളിയാ നീ വെയ്റ്റ് ചെയ്യ്, നമ്മുക്കു വഴിയുണ്ടാക്കാം".

പക്ഷെ വിശന്നിരിക്കുന്നവനെ വിശപ്പിന്‍റെ വിളി വിശക്കുന്നവനെ അറിയൂ, എന്നതുപോലെ ബോയ്സ് സ്കൂളില്‍ പഠിച്ച ആശുവിന്‍റെ 'വിശപ്പ്' അടുത്ത ദിവസം മാത്രമാണ്‌ ഞങ്ങളറിഞ്ഞത്.

ഉച്ചയൂണികഴിഞ്ഞ് ലൈബ്രറിയിലൂടെ ക്ലാസ്സിലേക്കു പോകുമ്പോഴാണ്‌ ഞങ്ങള്‍ക്കു ഒരു കാര്യം ബോധ്യമായത്, ആശു ഈസ് മിസ്സിംഗ്!!! ഞങ്ങള്‍ക്കു പേടിയായി,

"ദൈവമെ ഇനി ഞങ്ങള്‍ സഹായിക്കാത്തതിന്‍റെ പേരില്‍ അവന്‍ വല്ല കടുംകൈയും?"

ഞങ്ങള്‍ക്കു കുറ്റബോധമായി. സ്വപ്നക്കൂട് സിനിമയില്‍ കഷ്ടമൂര്‍ത്തി ദീപുവിനെ അന്വേഷിച്ചു നടന്നതുപോലെ ഞങ്ങളും ആശുമോനെയും വിളിച്ചു ആ ക്യാംപസ് മുഴുവനും അലഞ്ഞു. അവസാനം ആശുവിനെ ടെറസ്സില്‍ പുളിക്കന്‍റെ ഒപ്പം ഞങ്ങള്‍ കണ്ടുപിടിച്ചു. ഞങ്ങളെ കണ്ടപ്പോള്‍ അവരൊന്നു പരുങ്ങി.

സ്വന്തം കാര്യം നടക്കാന്‍ വേണ്ടി എന്തു തെണ്ടിത്തരവും കാണിക്കാന്‍ മടിയില്ലാത്ത പുളിക്കന്‍റെ കൂടെ ആശു നില്‍ക്കുന്നതുകണ്ടപ്പോഴെ ഞങ്ങള്‍ക്കു എന്തൊ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി. നോക്കിയപ്പോള്‍ ആശുവിന്‍റെ കൈയില്‍ ഒരു കടലാസ്സ്.

"എന്തുവാടാ ഇത്?"

"എടാ താത്തകുട്ടിക്ക് കൊടുക്കാന്‍.............."

പാവം താത്തകുട്ടിയെ തന്‍റെ മനസ്സറിയിക്കാന്‍ ആശു പുളിക്കനെകൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചതായിരുന്നു. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന അവനു മലയാളം സംസാരിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളു. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്തതുകൊണ്ടും, ഞങ്ങള്‍ എന്തു പറയും എന്നു പേടിച്ചുമാണ്‌ അവന്‍ പുളിക്കനെയും കൂട്ടി ആ സാഹസം നടത്തിയത്. ഞാന്‍ ആ പ്രേമലേഖനം വാങ്ങി വായിച്ചു നോക്കി.

"പ്രായപ്പട്ട താത്തെ,
നിന്നെ ഞാന്‍ ഒത്തിരി സ്നാഹിക്കുന്നു. നിന്നെ എനിക്ക് കല്യണം കഴിക്കണം . നീ ഇല്ലാത്ത ജീവിതം വാല്‍ടൂബ് ഇല്ലാത്ത സെക്കിള്‍ പോലെയാണ്. എന്‍റെ സ്നേഹം നീ സ്വികരിക്കൂ താത്തെ.....
ഐ ലവ് യു.
എന്ന് സ്വന്തം അശു. "

"എടാ എന്തുവാ ഇത്, ഇതില്‍ മുഴുവന്‍ അക്ഷരതെറ്റാണല്ലൊ? പുളിക്കാ, അളിയാ നിനക്ക് മലയാളം പോലും എഴുതാന്‍ അറിയില്ലേടാ? "

"എടാ, ആശു, ഇതില്‍ മുഴുവന്‍ അക്ഷര തെറ്റാണെടാ, നിന്‍റെ പേരു പോലും, നിനക്കിങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളോട് പറഞ്ഞല്‍പ്പോരെ. അതിന്‌ ഈ മണ്ടനെ വിളിക്കണമായിരുന്നോ. ഈ കത്തെങ്ങാനും താത്തക്കു കൊടുത്തിരുന്നെങ്കില്‍ അപ്പൊഴെ അവള്‍ നിന്നെ ഡൈവോഴ്സ് ചെയ്തേനെ."

"നിന്‍റെ പേരു പോലും ഇവന്‍ അശു എന്നാണ്‌ എഴുതി വച്ചിരിക്കുന്നത്".

ആശു പുളിക്കനെ അടുത്തേക്ക് വിളിച്ചു. അവനെ കുനിച്ചു നിര്‍ത്തി, എന്നിട്ട് പുറത്തിനിട്ട് 3-4 ഇടി കൊടുത്തു.

"അയ്യോ, അമ്മേ..........." , പുളിക്കന്‍ കരഞ്ഞു.

"അളിയാ, നീ ക്ലാസ്സിലേക്ക് പൊയ്ക്കൊ, ബാക്കി വൈകുന്നേരം തരാം", ആശു അവനോട് പറഞ്ഞു.

യോദ്ധായില്‍ വടംവലി മത്സരത്തില്‍ തോറ്റ ജഗതി പോകുന്നതുപോലെയുള്ള പുളിക്കന്‍റെ പോക്കു കണ്ടു ഞങ്ങളെല്ലാവരും ചിരിച്ചു. പിന്നെ ഞങ്ങളുടെ ആശുവിനെ സഹായിക്കാന്‍, അവനുവേണ്ടി, ആശുവിന്‍റെ സ്വന്തം താത്തകുട്ടിക്ക്, എന്‍റെ ആദ്യത്തെ പ്രേമലേഖനം ഞാനെഴുതി.

പ്രിയപ്പെട്ട താത്തകുട്ടിക്ക്,

എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്‌. നിന്നെ കണ്ട അന്നു മുതല്‍ നിന്‍റെ മുഖം മാത്രമെ എന്‍റെ മനസ്സില്‍ ഉള്ളു. എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പഠിക്കുമ്പൊഴും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം എന്‍റെ മനസ്സു നിറയെ നീയാണ്‌. നീ ഇല്ലാതെ ജീവിക്കുന്ന കാര്യം എനിക്കിപ്പോള്‍ ചിന്തിക്കാനെ പറ്റുന്നില്ല. നേരില്‍ കണ്ട് പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടും, നിന്നെ ഒറ്റക്കു കിട്ടാത്തതും കൊണ്ടാണ്‌ ഞാന്‍ ഈ കത്തിലൂടെ എന്‍റെ ഹൃദയം തുറക്കുന്നത്. നീ ഇതു വെറും പ്രായത്തിന്‍റെ ചാപല്യം ആയിക്കാണരുത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ ഒത്തിരി പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അവരോടൊന്നും തോന്നാത്ത ഒരിഷ്ടം എനിക്ക് നിന്നോടു തോന്നി. എന്‍റെ ജീവിതം നിന്‍റെയൊപ്പം ചെലവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മറുപടി തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നാളെ നീ ആ മഞ്ഞ ചുരിദാര്‍ ഇട്ടു വന്നാല്‍ മതി. അതില്‍ നീ വളരെ സുന്ദരിയാണ്‌.

നാളെ നീ മഞ്ഞ ചുരിദാറില്‍ വരും എന്ന പ്രതീക്ഷയുമായി സ്വന്തം ആശു.

അങ്ങനെ സംഗതി റെഡിയായി. പക്ഷെ ആശുവിന്‌ കൊണ്ടുകൊടുക്കാന്‍ വയ്യ. പേടി, ചമ്മല്‍ അങ്ങനെ എന്തൊക്കയൊ. അവസാനം കൊഞ്ഞാണി മാണി കൊണ്ടുകൊടുക്കാമെന്നേറ്റു.

"വേഗം വാടാ, ഇന്‍റര്‍വെല്‍ കഴിയാറായി", ഞങ്ങള്‍ ക്ലാസ്സിലേക്ക് ഓടി. ക്ലാസ്സില്‍ എല്ലാവരും വന്നു തുടങ്ങി. താത്ത അവിടെ ഇരിപ്പുണ്ട്. അപ്പോള്‍ കൊഞ്ഞാണി മാണിക്കും ഒരു ശങ്ക. പിന്നെ അവനെ ഞങ്ങള്‍ നിര്‍ബന്ധിച്ചു പറഞ്ഞയച്ചു. കൂടെ ആശു അപ്പാപ്പന്‍സില്‍ നിന്നും അവനൊരു പൊറട്ടയും ബീഫും ഓഫര്‍ ചെയ്തു. അങ്ങനെ സകല ധൈര്യങ്ങളും സംഭരിച്ചു കൊഞ്ഞാണി മാണി താത്തയുടെ മുന്നില്‍ ചെന്നു കത്തു നീട്ടിക്കൊണ്ടു പറഞ്ഞു,

"താത്തെ, ഇതു നിനക്കൊരാള്‍ തന്നതാ... മറുപടി കൊടുക്കണം"

അപ്പോള്‍ ബെല്ലടിച്ചു. താത്ത കത്തു വാങ്ങിയതുമില്ല, കൊഞ്ഞാണി മാണിയോടു ദേഷ്യപ്പെട്ടു കൊണ്ടു ഉച്ചത്തില്‍ പറഞ്ഞു.

"എനിക്കിതൊന്നും ഇഷ്ടമല്ല. ഞാനിവിടെ വന്നിരിക്കുന്നത് പഠിക്കനാണ്‌. മേലില്‍ ഇത്തരം പരിപാടിയുമായി എന്‍റെ അടുത്തു വന്നേക്കരുത്."

ക്ലാസ്സ് പെട്ടെന്നു നിശ്ചലമായി. എല്ലാവരും കൊഞ്ഞാണി മാണിയെ നോക്കി. അവനാണെങ്കില്‍ കത്തും നീട്ടിപ്പിടിച്ചു താത്തയുടെ നില്‍ക്കുകായാണ്‌. ഞാനും ആശുവും ഞങ്ങളീ ക്ലാസ്സിലെ പുതിയതാ എന്ന റോളില്‍ സീറ്റിലിരുന്നു. കൊഞ്ഞാണിമാണി ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ചു നടന്നു ക്ലാസ്സിന്‍റെ മുന്‍പില്‍ നിന്നിരുന്ന തോമയുടെ പോക്കറ്റില്‍ കത്തു കൊണ്ടുവന്നിട്ടിട്ട് സ്വന്തം സീറ്റില്‍ പോയിരുന്നു. എല്ലാവരും തോമയെ നോക്കാന്‍ തുടങ്ങി, താത്തയും.

പാവം തോമ.

ക്ലാസ് റെപ്പായിരുന്ന, ടീച്ചറുമ്മാരുടെ എല്ലാം കണ്ണിലുണ്ണിയായിരുന്ന പാവം തോമ!!!!.